വീണ്ടും ജീവനെടുത്ത് ചെള്ളുപനി; കരുതണം ഈ ജന്തുജന്യരോഗത്തെയും
Mail This Article
സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞ വാർത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. ചെള്ളുപനി ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്നാമത്തെ മരണമാണിത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇപ്പോൾ ചെള്ളുപനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഈ വർഷം ഇതുവരെ 259 പേർക്ക് ചെള്ളുപനി ബാധ സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നാണ് പിന്നീട് കൂടുതൽ ചെള്ളുപനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിൽ പിടിമുറുക്കുന്ന ജന്തുജന്യപകർച്ചവ്യാധി
2002ൽ തിരുവനന്തപുരം ജില്ലയിലാണ് കേരളത്തിൽ ആദ്യമായി ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2012ൽ 39 പേർക്കാണ് ചെള്ളുപനി ബാധിച്ചതെങ്കിൽ 2021ൽ എണ്ണം 438 ആയി ഉയർന്നു. ആയിരത്തിലധികം ചെള്ളുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വർഷങ്ങളും ഇതിനിടയിൽ ഉണ്ടായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ചെള്ളുപനി ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 68 ആണ്. താരതമ്യേന കുട്ടികളിലാണ് കൂടുതൽ ചെള്ളുപനി രോഗബാധയെന്ന് കണക്കുകൾ സൂചന നൽകുന്നു.
സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ ചെള്ളുപനി ബാധിച്ച് മരണപെട്ട രണ്ടുപേരും പന്ത്രണ്ടും പതിനഞ്ചും വയസ് മാത്രം പ്രായമുള്ള കുട്ടികളായിരുന്നു. കാടുകളോടു ചേർന്നുള്ള ഗ്രാമപ്രദേശങ്ങളിൽ നിന്നാണ് മുൻപ് പൊതുവെ ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് നഗരമേഖലകളിൽ നിന്നും രോഗം റിപ്പോർട്ട് ചെയ്യപെടുന്നുണ്ട്. ഇത് രോഗത്തിന്റെ പകർച്ചരീതിയിൽ വന്ന മാറ്റത്തിന്റെ സൂചനയാണെന്ന് അനുമാനിക്കാം. കേരളത്തിന്റെ ആരോഗ്യമേഖലയിൽ പിടിമുറുക്കുന്ന പുതിയ പകർച്ചവ്യാധികളുടെ പട്ടികയിൽ ചെള്ളുപനി മുൻപന്തിയിലാണന്നും കൂടുതൽ ജാഗ്രത വേണമെന്നും മേൽ സൂചിപ്പിച്ച കണക്കുകൾ ഓർമിപ്പിക്കുന്നു.
രോഗകാരി ബാക്ടീരിയ, രോഗം പരത്തുന്നത് ചിഗ്ഗർ മൈറ്റുകൾ
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളുടെ വിഭാഗത്തിൽപ്പെട്ട പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. ഓറിയൻഷ്യ സുസുഗാമുഷി എന്നയിനം ബാക്ടീരിയകളാണ് ചെള്ളുപനി രോഗമുണ്ടാക്കുന്നത്. എലിവർഗത്തിൽപ്പെട്ട ജീവികളുടെ ശരീരത്തിൽ കാണപ്പെടുന്ന ബാക്ടീരിയ അണുക്കളാണ് ഓറിയൻഷ്യ സുസുഗാമുഷി. രോഗം അറിയപ്പെടുന്നത് ചെള്ളുപനി എന്ന പേരിലാണങ്കിലും രോഗകാരണമായ ബാക്ടീരിയ അണുക്കളെ നേരിട്ട് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കുമെല്ലാം പടർത്തുന്നത് ചെറുപ്രാണികളായ മൈറ്റ് അഥവാ മണ്ഡരികളുടെ ലാർവദശയും സൂക്ഷ്മപ്രാണികളുമായ ചിഗ്ഗർ മൈറ്റുകളാണ്.
ട്രോമ്പികുലിഡെ വിഭാഗത്തിൽപ്പെട്ട ലാർവ ദശയിലുള്ള ചിഗ്ഗർ മൈറ്റുകൾ എലി, പെരുച്ചാഴി, അണ്ണാൻ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളുടെ ശരീരത്തിലും പുല്ലിലുമെല്ലാമാണ് പൊതുവെ കാണപ്പെടുന്നത്. അണുവാഹകരായ മൈറ്റുകളുടെ കടിയേൽക്കുമ്പോൾ എലിവർഗത്തിൽപ്പെട്ട ജീവികളിൽ ബാക്ടീരിയകൾ എത്തുകയും പെരുകുകയും ചെയ്യും. ക്രമേണ ചെള്ളുപനി ബാക്ടീരിയയുടെ സംഭരണിയായി മാറുന്ന എലികളിൽനിന്ന് അണുബാധയേറ്റിട്ടില്ലാത്ത പുതിയ മൈറ്റുകളിലേക്ക് ബാക്ടീരിയകൾ പകരും. അണുവാഹകരായ പെൺ മൈറ്റുകളിൽ നിന്ന് അവയിടുന്ന മുട്ടകളിലേക്കും മുട്ടകൾ വിരിഞ്ഞിറങ്ങുന്ന ലാർവകളിലേക്കും ലാർവകൾ വലുതായുണ്ടാകുന്ന മുതിർന്ന മൈറ്റുകളിലേക്കുമെല്ലാം ബാക്ടീരിയ അണുവിന്റെ സ്വാഭാവികവ്യാപനം നടക്കും.
അണുവാഹകരായ ഈ ചിഗ്ഗർ മൈറ്റുകളുടെ കടിയേൽക്കുമ്പോൾ രോഗകാരിയായ ഓറിയൻഷ്യ സുസുഗാമുഷി ബാക്ടീരിയകൾ മനുഷ്യരിലുമെത്തി രോഗമുണ്ടാക്കുന്നു. മഴക്കാലത്തെ നനവുള്ള സാഹചര്യത്തിൽ എലികളിൽ കൂടുതലായി ഇത്തരം മൈറ്റ് പരാദങ്ങൾ കാണുന്നതിനാൽ ചെള്ളുപനി രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. മൈറ്റ് അഥവാ മണ്ഡരി ലാർവകൾ വഴി പകരുന്നതിനാൽ മൈറ്റ് ഫീവർ എന്നും രോഗം അറിയപെടുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് കിഴക്കനേഷ്യയിൽ തമ്പടിച്ചിരുന്ന പട്ടാളക്കാർക്കിടയിൽ മാരകമായ രീതിയിൽ ചെള്ളുപനി പടർന്നു പിടിച്ചിരുന്നു. ഇന്നും തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളിലാണ് ചെള്ളുപനി കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയിൽ പശ്ചിമ ബംഗാൾ, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ചെള്ളുപനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് .
കർഷകർ, കാടുമായി ചേർന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവർ എന്നിവരിലായിരുന്നു മുൻപ് ചെള്ളുപനി പൊതുവെ കണ്ടിരുന്നതെങ്കിൽ കാടുമായി ഒരു ബന്ധവുമില്ലാതെ നഗരമേഖലകളിൽ ജീവിക്കുന്നവരിലും ചെള്ളുപനി ഇപ്പോൾ കാണുന്നുണ്ട്. ചെള്ളുപനിയുടെ വ്യാപന രീതിയിൽ വന്നിട്ടുണ്ടായേക്കാവുന്ന മാറ്റം ഇതിന്റെ കാരണമാണ്. പുല്ലിലും കുറ്റികാടുകളിലും എലികളിലുമെല്ലാം കാണുന്ന ചെള്ളുപനി ബാക്ടീരിയ വാഹകരായ ലാർവകൾ പട്ടി, പൂച്ച തുടങ്ങിയ അരുമമൃഗങ്ങളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയും ശരീരത്തിൽ കയറി കൂടി ക്രമേണ മനുഷ്യരിലെത്താനുള്ള സാധ്യത കൂടുതലാണ്. താരതമ്യേന മരണനിരക്ക് കുറഞ്ഞ അസുഖമാണ് ചെള്ളുപനി. രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കാൻ കഴിഞ്ഞാൽ ചെള്ളുപനിയെ ഫലപ്രദമായി തടയാൻ സാധിക്കും. വിദഗ്ധ ചികിത്സ വൈകുന്നതാണ് ചെള്ളുപനി മരണങ്ങളിലേക്കു നയിക്കുന്നത്.
ചെള്ളുപനി എങ്ങനെ തിരിച്ചറിയാം ?
ചിഗ്ഗർ മൈറ്റുകളുടെ കടിയേറ്റാൽ രണ്ടാഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. മെറ്റുകളുടെ കടിയേറ്റ ശരീരഭാഗത്ത് തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാട് കാണുകയും പിന്നീട് സിഗരറ്റുകൊണ്ട് പൊള്ളിച്ചതുപോലെ കറുത്ത വ്രണമായി മാറുകയും ചെയ്യുന്നതാണ് രോഗത്തിന്റെ പ്രധാന സൂചന. എന്നാൽ രോഗം ബാധിക്കുന്ന എല്ലാവരിലും ഈ ലക്ഷണം കാണണമെന്നുമില്ല. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് മറ്റു പ്രധാന രോഗലക്ഷണങ്ങള്‍. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി സമാന ലക്ഷണങ്ങളുള്ള രോഗങ്ങളിൽ നിന്നെല്ലാം ചെള്ളുപനിയെ വേർതിരിച്ചറിഞ്ഞ് ചികിത്സ നൽകേണ്ടതുണ്ട്. രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയും, മതിയായ ചികിത്സകള്‍ ഉറപ്പുവരുത്താതിരിക്കുകയും ചെയ്താല്‍ രോഗം തീവ്രമായി തീരും.
രോഗം ഗുരുതരമായാൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാവുകയും ജീവൻ അപകടത്തിലാവുകയും ചെയ്യും. അതിനാൽ വേഗത്തിലുള്ള രോഗനിർണയവും ചികിത്സയും ഏറെ പ്രധാനപെട്ടതാണ്. ഒരാഴ്ചയിൽ അധികം നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
വനപ്രദേശങ്ങളിലും പുൽമേടുകളിലുമെല്ലാം പോകേണ്ടിവരുമ്പോൾ മൈറ്റ് ലാർവകളുടെ കടിയേല്‍ക്കാതിരിക്കാന്‍ നീണ്ടവസ്ത്രങ്ങളും കൈയ്യുറയും ഗംബൂട്ടുകളും ധരിക്കണം. വസ്ത്രത്തിന് പുറമേയുള്ള ശരീര ഭാഗങ്ങളില്‍ മൈറ്റുകളെ അകറ്റി നിര്‍ത്തുന്ന ഒഡോമസ്, ബെൻസൈൽ ബെൻസോയേറ്റ് ( ബിബി എമൽഷ്യൻ) പോലുള്ള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത് ഉചിതമാണ്.
തിരിച്ച് വന്ന ഉടന്‍ ചൂടുവെള്ളത്തില്‍ കുളിക്കുകയും, വസ്ത്രങ്ങള്‍ കഴുകുകയും വേണം. വനപ്രദേശങ്ങളിൽ ജോലിക്കു പോകുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. അങ്ങനെ ഉപയോഗിക്കുമ്പോൾ അതിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ള ചെള്ളുകൾക്ക് കടിക്കാൻ ഉള്ള അവസരം കൂടുന്നു. വസ്ത്രങ്ങള്‍ നിലത്തോ പുല്ലിലോ ഉണക്കാനായി വിരിയ്ക്കുന്ന ശീലം ഒഴിവാക്കുകയും വേണം.
എലി നശീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ചെള്ളുപനി പ്രതിരോധത്തിൽ വലിയ പങ്കുണ്ട്. ജൈവമാലിന്യങ്ങള്‍, മൃഗങ്ങളുടെ തീറ്റ അവശിഷ്ടങ്ങള്‍, എന്നിവയെല്ലാം പരിസരങ്ങളിൽ കെട്ടിക്കിടന്നാൽ എലികള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂലസാഹചര്യമൊരുക്കും. ജൈവമാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കുന്നതിന് മുഖ്യപരിഗണന നല്‍കണം. വളർത്തുമൃഗങ്ങളുടെ തീറ്റകള്‍ സുരക്ഷിതമായി അടച്ചു സൂക്ഷിക്കണം. വീട്ടിലേയും പരിസരത്തേയും എലിമാളങ്ങളും പൊത്തുകളും അടയ്ക്കാന്‍ മറക്കരുത്. എലികൾ കയറാൻ സാധ്യതയുള്ളതിനാൽ വളർത്തുമൃഗങ്ങളുടെ കൂടുകളിൽ രാത്രികാലങ്ങളിൽ തീറ്റ അവശിഷ്ടങ്ങൾ ബാക്കി കിടക്കാതെ കൃത്യമായി നീക്കം ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കണം.
രോഗാണുക്കൾ വഹിക്കുന്ന ചിഗ്ഗർ മൈറ്റ് വളർത്തുമൃഗങ്ങളെ കടിക്കാമെങ്കിലും ഇവയിൽ രോഗബാധ പൊതുവെ കണ്ടുവരുന്നില്ല. എന്നാൽ എലികൾ ധാരാളമുള്ള പുൽമേടുകളിലും കാടുപിടിച്ച് കിടക്കുന്നപ്രദേശങ്ങളിലും മൃഗങ്ങളെ മേയാൻ വിടുമ്പോൾ ചിഗ്ഗർ മെറ്റുകൾ മൃഗങ്ങളുടെ ശരീരത്തിൽ കയറും. അവയിൽനിന്ന് മനുഷ്യരിലേക്കു കയറാൻ സാധ്യതയുണ്ട്. നായ, പൂച്ച തുടങ്ങി അരുമമൃഗങ്ങളുടെയും കന്നുകാലികളുടെയും മേനിയിൽ ചെള്ളുപനി വാഹകരായ മൈറ്റ് ലാർവകൾ കയറുന്നത് ഒഴിവാക്കാൻ ബാഹ്യപരാദങ്ങളെ തടയുന്ന മരുന്നുകൾ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കണം.
English summary: What is scrub typhus disease that took two lives in Kerala