ADVERTISEMENT

എന്താണ് ബഫർസോൺ, എന്താണ് അതിന്റെ ഭവിഷ്യത്തുകള്‍? നമുക്കൊന്നു പരിശോധിക്കാം.

ബഫർസോണിലുള്ളവർക്ക് അവിടെ താമസിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ല. പക്ഷേ, സാധാരണ ജീവിതം അസാധ്യമാക്കുന്ന നിയന്ത്രണങ്ങള്‍   നേരിടേണ്ടിവരും. വന്യജീവികൾക്കു സ്വൈരവിഹാരം നടത്താന്‍  കൂടുതൽ സ്ഥലം കൃഷിയിടങ്ങളിൽ കണ്ടെത്തുകയാണ് ബഫർസോണിന്റെ  ലക്ഷ്യം. സോണിനുള്ളിൽ വന്യജീവികളെ തടയുന്ന സോളർവേലികളും മറ്റും പാടില്ലെന്ന് കൃത്യമായി പറയുന്നു. അങ്ങനെയെങ്കിൽ  ആനമതിൽ അടക്കം വന്യജീവികളെ തടയാനായി സ്ഥാപിച്ച മതിലുകളും വേലികളും, കിടങ്ങുകളും മറ്റു പ്രതിരോധനിര്‍മാണങ്ങളും ബഫർസോണിൽനിന്നു നീക്കം ചെയ്യേണ്ടിവരും. സോളര്‍ വേലിയുടെയും ആനമതിലിന്റെയും മാത്രം ബലത്തിൽ സ്വന്തം വീട്ടിൽ സമാധാനമായി കിടന്നുറങ്ങുന്ന ഒട്ടേറെ കുടുംബങ്ങൾ കേരളത്തിലുണ്ട്. അവരോടു സോളർ വേലിപോലും പാടില്ലെന്നു പറയുന്നത്  മനുഷ്യാവകാശലംഘനമാണ്. 

ഈ വിജ്ഞാപനത്തിലെ സെക്‌ഷന്‍ 4 പ്രകാരം, നിലവിൽ റവന്യു നിയമങ്ങൾ മാത്രം ബാധകമായ കൃഷി സ്ഥലങ്ങളിലും ജനവാസകേന്ദ്രങ്ങളിലും 1980 ലെ വനസംരക്ഷണനിയമം, 1927 ലെ ഇന്ത്യൻ വനനിയമം,1972 ലെ വന്യജീവിസംരക്ഷണനിയമം എന്നിവ അടിച്ചേല്‍പിക്കപ്പെടും. ക്രമേണ കൃഷിയിടങ്ങൾ വനസമാനമായി മാറുകയും അവിടെ വനംവകുപ്പിന്റെ സമാന്തരഭരണം നടക്കുകയും ചെയ്യും. രേഖാമൂലം ഉടമസ്ഥരായ കർഷകർക്ക് സ്വന്തം ഭൂമിയിൽ  അവകാശമില്ലാത്ത അവസ്ഥയുണ്ടാകും. ഇതുതന്നെയാണ്  ബഫർസോൺ ഉയര്‍ത്തുന്ന പ്രധാന പ്രശ്നം. വിജ്ഞാപനത്തില്‍ പറയുന്ന നിയന്ത്രണങ്ങളും അവയെക്കുറിച്ചു കര്‍ഷകര്‍ക്കുള്ള സംശയവും ഭീതിയും പങ്കുവയ്ക്കട്ടെ.

നിയന്ത്രണങ്ങളും  ആശങ്കയും 

  • നിലവിലുള്ള കൃഷി ഉപാധികളോടെ തുടരാം. “പ്രാദേശികസമൂഹങ്ങളുടെ നിലവിലുള്ള കൃഷി , പഴം പച്ചക്കറിക്കൃഷി, കാലിവളർത്തൽ , ജലക്കൃഷി, മത്സ്യക്കൃഷി എന്നിവ നിലവിലുള്ള നിയമമനുസരിച്ചു തദ്ദേശീയ ജനങ്ങൾക്ക് അവരുടെ ഉപയോഗത്തിനു വേണ്ടി അനുവദിച്ചിരിക്കുന്നു" എന്നാണ് വിജ്ഞാപനത്തിലുള്ളത്.  അതായത് ബഫർ സോണിൽ  പ്രാദേശിക ഉപയോഗത്തിനുവേണ്ടി  മാത്രമേ കൃഷി ചെയ്യാൻ പാടുള്ളൂ. ഏതൊക്കെ കൃഷി എങ്ങനെയൊക്കെ നിയന്ത്രിക്കണമെന്ന് വൈൽഡ്‌ ലൈഫ് വാർഡൻ /ഡിഎഫ്ഒ അധികാരിയായ മോണിറ്ററിങ് കമ്മിറ്റിയാണ്  തീരുമാനിക്കുന്നത്.  
  • ചുമതലപ്പെട്ട അധികാരിയുടെ മുൻ‌കൂർ അനുമതി ഇല്ലാതെ റവന്യൂ ഭൂമിയിൽനിന്നോ സ്വകാര്യ കൈവശ സ്‌ഥലത്തുനിന്നോ മരം മുറിക്കല്‍ പാടില്ല. നിലവിൽ ചന്ദനം, ഈട്ടി, തേക്ക് മുതലായ മരങ്ങൾക്കു മാത്രമേ പാസ് എടുക്കേണ്ടതുള്ളൂ. ഇനി കർഷകരുടെ ഭൂമിയിലെ എല്ലാ മരങ്ങൾക്കും പാസ് ബാധകമാകും. സ്വന്തം പറമ്പിലെ റബറും തെങ്ങും  മുറിച്ചു മാറ്റി മറ്റു കൃഷികൾ ചെയ്യുന്നതിനുപോലും ഫോറസ്റ്റുകാരുടെ അനുവാദം വാങ്ങേണ്ടി വരും. 
  • കിണറുകൾ, കുഴൽകിണറുകൾ എന്നിവ കാർഷികേതര ആവശ്യത്തിന്  ഉപയോഗിക്കുന്നത്  അധികാരികളുടെ കർശന മേൽനോട്ടത്തിലായിരിക്കും. ആരാണ് ഈ അധികാരികൾ? ആവശ്യം കാർഷി കമാണോ അല്ലയോ എന്ന് എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ തീരുമാനിക്കുന്നത്? കൃഷിക്കു മാത്രമേ വെള്ളം ഉപയോഗിക്കാൻ പറ്റൂ എന്നു പറഞ്ഞ് വീട്ടാവശ്യത്തിനുപോലും വെള്ളം എടുക്കുന്നത്  തടഞ്ഞാലോ?
  • കൃഷി ചെയ്യാത്ത ഭൂമികളും അതിന്റെ ആവാസവ്യവസ്ഥകളും വീണ്ടെടുക്കുമെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. വന്യമൃഗശല്യവും  വിലത്തകർച്ചയും  കാരണം കൃഷി ഇല്ലാതായ ഇടങ്ങൾ ബഫർ സോണിൽ  ഉൾപ്പെട്ടാൽ 2003 ലെ പരിസ്ഥിതിലോല പ്രദേശ നിയമപ്രകാരം ഒരു രൂപപോലും നഷ്ടപരിഹാരം നൽകാതെ പിടിച്ചെടുക്കാനും വനമായി മാറ്റാനും കഴിയും. 
  • ബഫര്‍സോണില്‍ നിലവിലുള്ള വനം നിയമങ്ങൾ ബാധകമാണ്. കേരള വനംവകുപ്പ് അഡ്മിനിസ്ട്രേറ്റീവ് റിപ്പോർട്ട് 2018 പ്രകാരം 36 നിയമങ്ങളും ചട്ടങ്ങളുമാണ്  കേരള വനം വകുപ്പ് നടപ്പാക്കുന്നത്. ഈ നിയമങ്ങളിൽ ഏതു വേണമെങ്കിലും ബഫർസോണിലെ ജനങ്ങൾക്കെതിരെ എടുത്തു പ്രയോഗിക്കപ്പെടാം. അതായത് ബഫർസോണുകളിൽ  വനത്തിലേതിനു സമാനമായ നിയന്ത്രണങ്ങൾ  വരും.
  • മലഞ്ചെരുവുകളിലെ കാർഷികപ്രവൃത്തികൾ നിയന്ത്രണവിധേയമാണ്. എന്നാല്‍ നിയന്ത്രണങ്ങൾ എന്തെന്ന് വ്യക്തമായി പറയുന്നില്ല. കപ്പയും, ചേനയും, ഇഞ്ചിയും അടക്കം എല്ലാ തന്നാണ്ടുകൃഷികളും നിരോധിക്കപ്പെടാം.

വികസന നിയന്ത്രണങ്ങൾ

അടിസ്ഥാന സൗകര്യ വികസനം പൂർണമായും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങള്‍ ഈ മേഖലയിൽ ഇനി അനുവദിക്കില്ല. അതായത്, ബഫർസോണിൽ വരുന്ന സ്ഥലങ്ങളിൽ  കടമുറിപോലും പണിയാനാവാതെ വരും. ജൂൺ 3 നു വന്ന സുപ്രീം കോടതിവിധി പ്രകാരം വാണിജ്യ  കെട്ടിടങ്ങൾ മാത്രമല്ല, താമസത്തിനുള്ള വീടു പോലും നിര്‍മിക്കാന്‍ ഇനി അനുവദിക്കില്ല.

പരിസ്ഥിതിസൗഹൃദ യാത്രാമാർഗങ്ങൾ ഉപയോഗിക്കണമെന്ന നിർദേശത്തിന്റെ മറവിൽ ഡീസൽ, പെട്രോൾ വാഹനങ്ങൾ മുഴുവനും നിരോധിക്കാം. പുതിയ റോഡ് നിർമാണവും നിലവിലുള്ളവയുടെ വീതി കൂട്ടലും ബലപ്പെടുത്തലും  നിയന്ത്രിക്കപ്പെടും. ‌നിലവിലുള്ള റോഡ് റീടാറിങ്‌ ചെയ്യണമെങ്കിൽപോലും വനം വകുപ്പ് കനിയേണ്ടിവരും. വൈദ്യുതി, ടെലികമ്യൂണിക്കേഷൻ  നിയന്ത്രിക്കപ്പെടും. പുതിയ വൈദ്യുതി ലൈനുകൾ വലിക്കുന്നതും പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതും നിരോധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യും. എല്ലാ തരത്തിലുള്ള  ഉച്ചഭാഷിണി ഉപയോഗവും നിരോധിക്കപ്പെടും. 

പുതിയ വ്യവസായ യൂണിറ്റുകൾ ഒന്നുംതന്നെ (ചെറുതായാലും വലുതായാലും) അനുവദിക്കുന്നതല്ല. എന്തൊക്കെയാണ് വ്യവസായങ്ങളുടെ ലിസ്റ്റിൽ വരുന്നത് എന്ന് വ്യക്തമല്ല.  വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം നിയന്ത്രണവിധേയമാണ്. ബസ്, ഓട്ടോ, ലോറി, ടാക്സി ജീപ്പ്, ടാക്സി കാർ എന്നിവയും  നിയന്ത്രണവിധേയം (എന്നുവച്ചാൽ ഇതൊക്കെ ഓടണോ വേണ്ടയോ എന്ന് ഡിഎഫ്ഒ തീരുമാനിക്കും). ഈ   നിബന്ധനകൾ  പാലിക്കാത്തവർക്കെതിരെ കേസ് എടുക്കാൻ വനംവകുപ്പിന് അധികാരം ഉണ്ടായിരിക്കും.

പരിധി അവ്യക്തം 

ഏതൊക്കെ സ്ഥലങ്ങൾ ബഫർസോൺ പരിധിയിൽ വരുന്നുണ്ടെന്ന് ഇപ്പോൾ നൽകിയ മാപ്പിൽ  വ്യക്തമല്ല. സോണിന്റെ അതിരുകൾ ഗ്രൗണ്ടിൽ അടയാളപ്പെടുത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. അന്തിമ വിജ്ഞാപനത്തിനു മുൻപുപോലും  അതിരുകൾ കൃത്യമായി അടയാളപ്പെടുത്തി ജനങ്ങളെ ബോധ്യപ്പെടുത്തിയില്ല എന്നതുതന്നെ ഇതിനു പിന്നിലുള്ള ഗൂഢാലോചനയ്ക്ക് ഏറ്റവും വലിയ തെളിവാണ്. 

ബാധകമായ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ഒരു ചർച്ചയും നടത്തിയില്ലെന്നത് പഞ്ചായത്തീരാജ് നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള മോണിറ്ററിങ് കമ്മിറ്റിയിൽ പഞ്ചായത്തുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയില്ലെന്നതും  ഗൗരവത്തോടെ കാണേണ്ടതുണ്ട്.സ്വന്തം അനുഭവത്തിൽനിന്നു പഠിക്കുന്നതു നല്ല കാര്യമാണ്. അതിലും നല്ലതാണ് മറ്റുള്ളവരുടെ അനുഭവത്തിൽനിന്നു പഠിക്കുന്നത്. 10 വര്‍ഷം  മുൻപ് ബഫർ സോൺ നടപ്പാക്കിയ തമിഴ്‌നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലെ അവസ്ഥ അറിയുക. 

നിർമാണ പ്രവൃത്തികൾക്ക് കടുത്ത നിയന്ത്രണം.  വീട് നിർമാണത്തിന് അനുമതിയില്ല. റജിസ്ട്രേഷൻ നിറുത്തിവച്ചതിനാൽ സ്ഥലം വില്‍പന നടക്കുന്നില്ല. വന്യജീവി ആക്രമണമുണ്ടായാൽ (കൃഷിനാശം, പരിക്ക്, മരണം) ഒരു നടപടിയുമില്ല. വിദ്യാഭ്യാസവായ്പ കിട്ടുന്നില്ല.  മരം മുറിക്കാൻ അനുമതി നൽകുന്നില്ല, ചോല വെട്ടുന്നതിനുള്ള അനുമതിപോലും വലിയ ബുദ്ധിമുട്ടാണ്. കിണർ കുഴിക്കാൻ അനുമതിയില്ല. റോഡ് അറ്റകുറ്റപ്പണികൾക്ക് തടസം. വൈദ്യുതി കണക്‌ഷൻ കിട്ടാൻ പ്രയാസം. ടൗണിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങൾ  വിഹരിക്കുന്നു. മണ്ണ് നീക്കം ചെയ്യാൻ അനുമതിയില്ല. ഈ വിഷയങ്ങളിൽ ജനപ്രതിനിധികൾക്ക് അധികാരമില്ല. നിസ്സാര കാര്യങ്ങൾക്കുപോലും അനുമതി തേടി ജില്ല ആസ്ഥാനമായ ഊട്ടിയിൽ പോകേണ്ടി വരുന്നു. ബഫർ സോണിൽ മാത്രമല്ല, നീലഗിരി ജില്ലയിലാകെ സ്ഥലം വാങ്ങാൻ ആളുകൾക്കു ഭീതി. ബഫർ സോൺ  കേരളത്തിലെ മലയോര കർഷകന്റെ കഴുത്തിലെ കുരുക്കാകും, സംശയം വേണ്ട. 

English summary: Disadvantages of Buffer Zones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com