ADVERTISEMENT

കൊക്കോക്കൃഷിയിൽ ഇടുക്കി മിടുക്കിയാണെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലെവിടെയും നൽകുന്നതിനെക്കാൾ വില കൂടുതൽ നൽകി ഇടുക്കിയിൽനിന്ന് കൊക്കോ സംഭരിക്കാൻ ചോക്‌‌ലേറ്റ് കമ്പനികളും ഉത്സാഹം കാണിക്കാറുണ്ട്. എന്നിട്ടും കൊക്കോസംസ്കരണവും മൂല്യവർധനയുമായി ബന്ധപ്പെട്ടുള്ള സംരംഭങ്ങൾ ഇടുക്കിയിൽ വളർന്നില്ല. ഇക്കാര്യത്തിൽ ആദ്യ ചുവടുവയ്പാണ് തങ്ങളുടേതെന്നു പറയുന്നു ചെറുതോണിക്കടുത്ത് ചേലച്ചുവട് പ്രവർത്തിക്കുന്ന കാരമിൻ എക്സ്ട്രാക്സ് എന്ന യൂണിറ്റിന്റെ സ്ഥാപകരായ ടി.ടി.അജിത്, അരുൺ കമൽ എന്നിവർ. ഇരുവരും ചേലച്ചുവട് സ്വദേശികൾ, ബാല്യകാല സുഹൃത്തുക്കൾ. ഉന്നതവിദ്യാഭ്യാസം നേടി ദീർഘകാലം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷമാണ് ഇരുവരും കൊക്കോ സംസ്കരണ സംരംഭത്തിലേക്കു കടന്നത്. ഉന്നത ഗുണനിലവാരത്തോടെ കൊക്കോ സംസ്കരിച്ചെടുക്കാവുന്ന യന്ത്രങ്ങളാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് യൂണിറ്റിൽ സ്ഥാപിച്ചിരിക്കുന്നത്. എട്ടു മണിക്കൂർ ഷിഫ്റ്റിൽ ഒരു ടൺ കുരു സംസ്കരിക്കാൻ ശേഷിയുള്ള യൂണിറ്റാണിത്. 

ഇടുക്കിയിലെ കൊക്കോയുടെ മികവു തന്നെയാണ് സംരംഭത്തിന്റെ തുരുപ്പുചീട്ട് എന്ന് ഇരുവരും പറയുന്നു. എന്നാൽ ചോക്‌ലേറ്റു നിർമാണം നിലവിൽ ലക്ഷ്യമിടുന്നില്ല. കൊക്കോ പൗഡർ, കൊക്കോ ബട്ടർ എന്നിവയാണ് നിലവിൽ വിപണിയിലെത്തിക്കുന്ന ഉൽപന്നങ്ങൾ. നമ്മുടെ നാട്ടിൽ വൻകിട ഭക്ഷ്യ സംരംഭകരൊഴികെയുള്ളവർ ചോക്‌ലേറ്റ് നിർമാണത്തിന് പരിമിതമായി മാത്രമെ കൊക്കോ ബട്ടർ ഉപയോഗിക്കുന്നുള്ളൂ. വൻകിടക്കാർ കുറവാണു താനും. അതേസമയം കർണാടകയിലും തമിഴ്നാട്ടിലും വൻകിടഭക്ഷ്യ സംരംഭകരിൽനിന്ന് ബട്ടറിനു മികച്ച ആവശ്യകതയുണ്ട്. 

അതിലുപരി, ഉന്നത നിലവാരമുള്ള സൗന്ദര്യവർധക ഉൽപന്നങ്ങളുണ്ടാക്കാൻ ഇരു സംസ്ഥാനങ്ങളിലുമുള്ള കോസ്മെറ്റിക് സംരംഭകർ കൊക്കോ ബട്ടർ വാങ്ങുന്നുവെന്ന് അജിത്തും അരുണും പറയുന്നു. കൊക്കോ ബട്ടർ ചേർന്ന സൗന്ദര്യ ലേപനങ്ങൾക്ക് ആഗോളവിപണിയിൽ മികച്ച മൂല്യമാണുള്ളത്. ഈ സാധ്യതയുടെ ഗുണം ഇടുക്കിയിലെ കൊക്കോ കർഷകർക്കു കൂടി ലഭിക്കത്തക്ക വിധം കർഷക കൂട്ടായ്മകൾ രൂപീകരിച്ച്  കൊക്കോ സംഭരണം കൂടുതൽ ഊർജിതമാക്കാൻ തയാറെടുക്കുകയാണ് ഈ സംരംഭകർ.  

ഫോൺ: 9605111530, 9961145066

English summary: Cocoa products manufacturer from Idukki, Cocoa Butter for Cosmetic Industry, Cocoa Powder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com