ADVERTISEMENT

പലവിധത്തിലുള്ള വെല്ലുവിളികളാണ് കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. വിലയിടിവ്, വില്‍പന പ്രതിസന്ധി, കാലാവസ്ഥാപ്രശ്‌നം എന്നിങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ കര്‍ഷകര്‍ക്കുണ്ട്. വലിയ നിക്ഷേപം നടത്തി പുതിയ കൃഷികളിലേക്കിറങ്ങി കടക്കെണിയിലായവരും ഒട്ടേറെ. കേരളത്തില്‍ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നായ വയനാട്ടില്‍ മത്സ്യക്കൃഷി നടത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ കര്‍ഷകശ്രീയുമായി പങ്കുവച്ചിരിക്കുകയാണ് കര്‍ഷകനായ എബി മാത്യു പനയ്ക്കല്‍. ജാതി, കൊക്കോ, കുരുമുളക് എന്നിവയെല്ലാം മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന എബി തന്റെ കൃഷിയിടത്തില്‍ ഏതാനും മത്സ്യങ്ങളെയും വളര്‍ത്തുന്നുണ്ട്. എന്നാല്‍, വയനാട്ടിലെ തണുപ്പ് തന്റെ മത്സ്യക്കൃഷിക്കു വലിയ വെല്ലുവിളി ചെറുതല്ലെന്ന് എബി പറയുന്നു. അധികം പരിചരണം ആവശ്യമില്ലാത്ത ജയന്റ് ഗൗരാമി മത്സ്യങ്ങളെയാണ് താന്‍ വളര്‍ത്തിയതെന്നും താപനില എട്ടു ഡിഗ്രി വരെ താഴ്ന്നിട്ടും മത്സ്യങ്ങള്‍ അതിജീവിച്ചെന്നും അത് വളര്‍ച്ചയെ ബാധിച്ചുവെന്നും എബി കര്‍ഷകശ്രീക്ക് അയച്ച കുറപ്പില്‍ പറയുന്നു. എബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ...

fish-farming-wayanad-2
ജയന്റ് ഗൗരാമി മത്സ്യം

പുല്‍പ്പള്ളിയിലെ ഗൗരാമി വിപ്ലവം

1983-84 കാലം മുതല്‍ മുറ്റം നിറയെ ചെറിയ ടാങ്കുകളില്‍ ഗോള്‍ഡ് ഫിഷ്, കിസ്സിങ് ഗൗരാമി, ബ്ലാക്ക്മൂര്‍, ഓസ്‌കാര്‍, കോയ് കാര്‍പ്... അങ്ങനെ ഒട്ടേറെ അലങ്കാരമത്സ്യങ്ങളെ വളര്‍ത്തി പരിപാലിച്ചുപോന്ന കാലത്താണ് സ്വന്തം വീട്ടാവശ്യത്തിനുള്ള ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ വളര്‍ത്തണം എന്ന ആഗ്രഹം തോന്നിയത്. പക്ഷേ കാര്‍പ് പോലുള്ള വലിയ മത്സ്യങ്ങളെ വളര്‍ത്താന്‍ വലിയ കുളങ്ങള്‍ വേണം എന്നതിനാല്‍ ആ മോഹം അങ്ങട് ചീറ്റിപ്പോയി. അങ്ങനെയാണ് ഒരിക്കല്‍ പുതിയ ഒരു ഇനം മത്സ്യത്തെപ്പറ്റി കേട്ടറിഞ്ഞത്... കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ എണ്ണത്തെയും, അന്തരീക്ഷവായു ശ്വസിക്കുന്നതിനാല്‍ വെള്ളം കുറച്ച് മോശം വന്നാലും അതിനെയൊക്കെ അതിജീവിച്ച് പക്ഷികളെപ്പോലെ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു മത്സ്യം, ജയന്റ് ഗൗരാമി. 

ജയന്റ് ഗൗരാമി മത്സ്യത്തെ വളര്‍ത്തണം എന്ന മോഹത്തോടെ ഇതിന്റെ കുഞ്ഞുങ്ങളെ എവിടെ കിട്ടും എന്ന അന്വേഷണം തുടങ്ങി. 2000ല്‍ തൃശൂര്‍ കറുകുറ്റിയില്‍ ദേശിയ പാതയോടു ചേര്‍ന്നുള്ള ഒരു ഫാമില്‍ കയറിയപ്പോള്‍ അവിടെ ഗ്ലാസ് ടാങ്കില്‍ രണ്ടിഞ്ച് നീളവും 100 രൂപ വിലയുമുള്ള ജയന്റ് ഗൗരാമിയുടെ ഒരു കുഞ്ഞ്. ജോഡി ആയി കുഞ്ഞിനെ കിട്ടാത്തതിനാല്‍ അതിനെ വേണ്ടാന്നുവച്ചു. ആ ഫാമില്‍ 4-5 കിലോയുള്ള 6-7 ഗൗരാമി മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. വലിയ മീനുകളെ ഇത്രയും ദൂരം കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് കാരണം ആ ശ്രമവും ഉപേക്ഷിച്ചു. 

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2009ല്‍ കോഴിക്കോടുനിന്ന് 10 ഗൗരാമിക്കുഞ്ഞുങ്ങളെ കിട്ടി. അതിനെ ടാങ്കില്‍ ഇട്ടപ്പോള്‍ വെള്ളത്തിന് തെളിച്ചം ഇല്ലാത്തതിനാല്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് നിറം കുറഞ്ഞ വെള്ളം മാറ്റി പുതിയ വെള്ളം ടാങ്കില്‍ നിറച്ചു. അതിലേക്ക് മീന്‍കുഞ്ഞുങ്ങളെ വിട്ട് രണ്ടു മിനിറ്റിനുള്ളില്‍ മീനുകള്‍ ചെരിഞ്ഞ് അര മണിക്കൂര്‍കൊണ്ട് എല്ലാം ചത്തു. പെട്ടന്നുള്ള വെള്ളത്തിന്റെ താപനിലമാറ്റം തരണം ചെയ്യാനുള്ള ശേഷി മത്സ്യങ്ങള്‍ക്ക് ഇല്ലെന്നത് അതോടെ മനസ്സിലായി. പിന്നീട് 2011ല്‍ കോഴിക്കോടുനിന്ന് തന്നെ 6 ഗൗരാമിക്കുഞ്ഞുങ്ങളെ കിട്ടി. ചെറിയ സിമന്റ് ടാങ്കില്‍ വളര്‍ന്നതു കൊണ്ടാവും 5 വര്‍ഷംകൊണ്ട് ഒന്ന്, ഒന്നര കിലോയൊക്കെ മീനുകള്‍ വളര്‍ന്നു. അതിനിടയ്ക്കുതന്നെ വയനാട്ടിലെ ഒരു ഷോപ്പില്‍നിന്ന് ഭൂമിയില്‍ ഒരിടത്തും ഇല്ലാത്ത വിലയായ 350 രൂപയ്ക്ക് 1 ഇഞ്ച് നീളമുള്ള പിങ്ക് നിറമുള്ള 4 ഗൗരാമികളെ കൂടി വാങ്ങി വളര്‍ത്താന്‍ തുടങ്ങിയിരുന്നു. പപ്പായ ഇല, ചേമ്പില എന്നിവയായിരുന്നു തീറ്റയായി നല്‍കിയിരുന്നത്. വെള്ളം വല്ലാതെ മോശമായിരുന്നതു ശ്രദ്ധിക്കാത്തതിനാല്‍ 2 ബ്ലാക്ക് ഗൗരാമി ഒഴിച്ച് ബാക്കി എല്ലാം ചത്തു. ബാക്കി വന്ന രണ്ടെണ്ണം ആണ്‍ മത്സ്യങ്ങള്‍ ആയിരുന്നതിനാല്‍ ടാങ്കില്‍ ഭയങ്കര ബഹളം തുടങ്ങി. ബഹളം അധികമാകാതിരിക്കാല്‍ അവന്മാരെ തീന്‍മേശയില്‍ എത്തിച്ചപ്പോഴാണ് ഇക്കൂട്ടരുടെ രുചി അറിഞ്ഞത്.

fish-farming-wayanad-3

വര്‍ഷങ്ങള്‍ക്കു ശേഷം പാലായില്‍വച്ച് ഒരു ജയന്റ് ഗൗരാമി ബ്രീഡറെ പരിചയപ്പെട്ടപ്പോഴാണ് വയനാട്ടിലെ തണുത്ത കാലാവസ്ഥയില്‍ ഗൗരാമിമത്സ്യങ്ങളുടെ വളര്‍ച്ച എങ്ങനെ എന്നറിയാനാണെന്നു പറഞ്ഞ് നാല്‍പതോളം കുഞ്ഞുങ്ങളെ എനിക്ക് ഫ്രീയായി തന്നത്. രണ്ടു വര്‍ഷം സിമന്റ് ടാങ്കില്‍ വളര്‍ത്തിയ മീനുകള്‍ വളര്‍ന്ന് തുടങ്ങിയപ്പോള്‍ ടാങ്ക് മതിയാവാതെ വന്നു. അങ്ങനെ 50,000 ലീറ്റര്‍ ശേഷിയുള്ള ചെറിയ ഒരു പടുതക്കുളത്തിലേക്ക് ഇവരെ മാറ്റാന്‍ പിടിക്കുമ്പോള്‍ 28 മീനുകള്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ആ ബ്രീഡറെത്തന്നെ ബന്ധപ്പെട്ട് കുളത്തിലേക്ക് 150 ബ്ലാക്ക് ഗൗരാമിയും, തൊട്ടടുത്തുനിന്ന് 12 പിങ്ക് ഗൗരാമിയെ കൂടിയും കൊണ്ടുവന്ന് കുളത്തില്‍ നിക്ഷേപിച്ചു. 

കുളത്തിന്റെ വിസ്തീര്‍ണം കൂടുതല്‍ ആയതിനാല്‍ അന്തരീക്ഷ താപനില കുളത്തിലെ വെള്ളത്തേയും ബാധിക്കുന്നതായി കണ്ടുതുടങ്ങി. ഡിസംബറില്‍ 17°C താഴെ താപനില എത്തിയതോടെ മീനുകള്‍ തീറ്റ എടുക്കാതെയായി. ഒന്നര - രണ്ട് മാസമൊക്കെ തീറ്റ ഒന്നുംതന്നെ എടുക്കാതെ മത്സ്യങ്ങള്‍ വെള്ളത്തില്‍ ജീവിച്ചു. താപനില 8°C വരെ താഴ്ന്നിട്ടും മീനുകള്‍ അതിനെ എല്ലാം അതിജീവിച്ചെങ്കിലും വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. നാലു വര്‍ഷം കൊണ്ട് മീനുകള്‍ വളര്‍ന്നത് 500 ഗ്രാം മുതല്‍ ഒന്നര കിലോ വരെ. 2020ല്‍ കൊണ്ടുവന്ന  ഒന്നര ഇഞ്ച് വലുപ്പം ഉണ്ടായിരുന്ന ഗൗരാമി കുഞ്ഞുങ്ങള്‍ ഇന്ന് പരമാവധി 250 ഗ്രാം ഉണ്ടാകും. 

fish-farming-wayanad-1
പിങ്ക് ജയന്റ് ഗൗരാമി മത്സ്യം

തണുപ്പ് കാലാവസ്ഥയ്‌ക്കൊപ്പം അവ തീറ്റ എടുക്കാത്തതാണ് വളര്‍ച്ചയെ ബാധിച്ചത്. രണ്ടു മാസം മുമ്പ് കുളത്തിലെ വെള്ളം മാറ്റി പുതിയത് നിറച്ചപ്പോഴും പ്രതിസന്ധി നേരിട്ടു. മോശം വെള്ളം പെട്ടന്ന് മാറി കിണറ്റിലെ തണുപ്പ് കൂടിയ വെള്ളം കുളത്തിലേക്ക് എത്തിയപ്പോള്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ആകാതെ മീനുകള്‍ ചെരിഞ്ഞ് കിടക്കുന്നത് കണ്ടിരുന്നു. വലുപ്പമുള്ള മത്സ്യങ്ങള്‍ ആയതുകൊണ്ട് വലിയ ഷീണം സംഭവിക്കാതെ പുതിയ വെള്ളത്തിന്റെ തണുപ്പിനെ അതിജീവിച്ചു.പായല്‍ ഇല്ലാത്ത തെളിഞ്ഞ വെള്ളം ആയതുകൊണ്ടാവാം രണ്ടു ദിവസം കൊണ്ട് മീനുകളുടെ ശരീരത്തില്‍ ഫംഗസ് ബാധ കണ്ടുതുടങ്ങി. കുളത്തിലേക്ക് കല്ലുപ്പ് ആവശ്യത്തിന് ഇട്ടു കൊടുത്തതോടെ ഫംഗസിന്റെ പ്രശ്‌നവും തീര്‍ന്ന്. ഇടയ്ക്ക് ചത്തുപോയ മീനുകള്‍ എല്ലാം കഴിഞ്ഞ് 165 മീനുകള്‍ വളന്ന് വരും എന്ന പ്രതീക്ഷയോടെ...

എബി മാത്യു പനയ്ക്കല്‍

കാര്‍ഷിക മേഖലയിലെ നിങ്ങളുടെ അനുഭവങ്ങളും കർഷകശ്രീയുമായി പങ്കുവയ്ക്കാം. നിങ്ങളുടെ അനുഭവക്കുറിപ്പുകള്‍ വിശദമായി എഴുതി ചിത്രങ്ങള്‍ സഹിതം 8714617871  എന്ന നമ്പറിലേക്ക് വാട്‌സാപ് ചെയ്യൂ. നല്ല അനുഭവക്കുറിപ്പുകള്‍ മനോരമ ഓണ്‍ലൈന്‍ കര്‍ഷകശ്രീയില്‍ പ്രസിദ്ധീകരിക്കും.

English summary: Effects of weather and climate on aquaculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com