കേരളത്തിലെ അപ്പർ ക്ലാസ് ഉപഭോക്താക്കൾക്കായി തെന്നീര; കേരളത്തിൽനിന്നല്ല തമിഴ്നാട്ടിൽനിന്ന്
Mail This Article
നീരയെക്കുറിച്ചും അതിന്റെ ആരോഗ്യമേന്മകളെക്കുറിച്ചും ആമുഖമാവശ്യമില്ല. അത്രയധികം ചർച്ച ചെയ്യപ്പെടുകയും പ്രതീക്ഷയുണർത്തുകയും ചെയ്ത കാർഷികോൽപന്നമാണ് നീര. എന്നാൽ നീരയുൽപാദനം ലക്ഷ്യമിട്ട് വർഷങ്ങൾ മുൻപേ സംസ്ഥാനത്തു രൂപംകൊണ്ട നാളികേരോൽപാദക കമ്പനികളിൽ നല്ല പങ്കും ഇന്നു കടക്കെണിയിലും തകർച്ചയിലുമാണ്. അതേസമയം 2 വർഷം മുൻപു മാത്രം തമിഴ്നാട് പല്ലടം കേന്ദ്രമാക്കി 1200 കർഷകർ ഓഹരി ഉടമകളായി ആരംഭിച്ച ഗ്ലോബൽ കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ‘തെന്നീര’ എന്ന ബ്രാൻഡിൽ നീര ടെട്ര പായ്ക്കിൽ വിപണിയിലെത്തിച്ചു കഴിഞ്ഞു. ഉൽപന്നത്തിന് ആഭ്യന്തരവിപണിയിലുള്ള സ്വീകാര്യതയും വിദേശവിപണിയിൽനിന്നുള്ള അന്വേഷണങ്ങളും വലിയ പ്രതീക്ഷ നൽകുന്നതായി കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടർ സ്കൈ വി. സുന്ദർരാജ് പറയുന്നു.
മികച്ച പായ്ക്കിങ്ങും ആകർഷകമായ ബ്രാൻഡിങ്ങുമായി വൻകിട ശീതളപാനീയ ബ്രാൻഡുകളോടു മത്സരിക്കാൻ തയാറെടുത്താണ് തെന്നീരയുടെ വരവ്. 180 മി.ലീറ്റർ ടെട്ര പായ്ക്കിന് 50 രൂപയാണ് വില. അതായത്, മുൻനിര ബ്രാൻഡ് ശീതളപാനീയങ്ങളുടെ മൂന്നിരട്ടി വില. അതുകൊണ്ടുതന്നെ സാധാരണ ഉപഭോക്താക്കളെ തൽക്കാലം കമ്പനി ലക്ഷ്യമിടുന്നതേയില്ല. ആരോഗ്യമേന്മകളുള്ള ഭക്ഷ്യോൽപന്നങ്ങൾ ആഗ്രഹിക്കുന്ന, വാങ്ങൽശേഷി കൂടിയ, കേരളമടക്കമുള്ള സ്ഥലങ്ങളിലെ അപ്പർ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് ഉപഭോക്താക്കളെയാണ് ആദ്യഘട്ടത്തിൽ തെന്നീര തേടുന്നത്.
മുൻപേ എത്തിയ കമ്പനികൾ നേരിട്ട തിരിച്ചടികളെക്കുറിച്ചുള്ള മുന്നറിവുകളാണ് 2വർഷം മുൻപു മാത്രം രൂപപ്പെട്ട തെന്നീര കമ്പനിയുടെ യഥാർഥ മൂലധനമെന്നു പറയാം. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും നീര വിപണിയിലെത്തിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പന്ത്രണ്ടോളം കമ്പനികളുണ്ടെന്ന് സ്കൈ സുന്ദർരാജ്. ചെത്തിയെടുത്ത നീര അതേപടി തെങ്ങിൽനിന്ന് കോൾഡ് ചെയിൻ സംവിധാനത്തിലൂടെ ഉപഭോക്താവുവരെ എത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പവർകട്ടും വൈദ്യുതി നിലയ്ക്കലും പതിവായ നമ്മുടെ നാട്ടിൽ ഈ ശീതീകരണശൃംഖല മിക്കപ്പോഴും മുറിയുകയും ചെയ്യും. അതോടെ നീരയുടെ രുചി മാറും, പുളിച്ചു നശിക്കും. ആദ്യഘട്ടത്തിൽ നീര കമ്പനികൾ നേരിട്ട തിരിച്ചടി അതായിരുന്നു.
അടുത്ത ഘട്ടം സംരക്ഷകം ചേർത്തുള്ള ബോട്ടിലിങ്ങായിരുന്നു. അതിനാകട്ടെ, പലർക്കും പല സാങ്കേതിക വിദ്യകൾ. ഭിന്ന രുചികളിൽ, ഏകീകൃത നിലവാരമില്ലാതെ, ഉപഭോക്താവിനെ ഒട്ടും ആകർഷിക്കാത്ത പായ്ക്കിങ്ങിൽ, അതും ഉയർന്ന വിലയോടെ വിപണിയിലെത്തിയ നീരയെയും ഒന്നോ രണ്ടോ തവണ രുചിച്ച് ഉപഭോക്താക്കൾ കൈവിടുകയായിരുന്നു. നീര വിജയിക്കണമെങ്കിൽ ദീർഘകാലം കേടാകാതിരിക്കുകയും ചെത്തിയെടുക്കുന്ന അതേ രുചി നിലനിർത്തുകയും ചെയ്യുന്ന ടെട്ര പായ്ക്കിങ് അനിവാര്യമെന്നു ബോധ്യപ്പെട്ടത് ഈ മുന്നറിവുകളുടെ പശ്ചാത്തലത്തിലാണെന്ന് സുന്ദർരാജ് പറയുന്നു. ഒപ്പം, ആരോഗ്യമേന്മകളും സൗഖ്യശേഷിയുമുള്ള ഉൽപന്നങ്ങളുമായി വൻ വളർച്ച നേടുന്ന ‘വെൽനസ്’ വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള വിപണനതന്ത്രങ്ങളും പ്രധാനം.
എന്നാൽ ഇക്കാര്യത്തിലും കമ്പനി കരുതൽ പുലർത്തി. 25 കോടി രൂപ വരും ടെട്ര പായ്ക്ക് യൂണിറ്റ് സ്ഥാപിക്കാൻ. തുടക്കത്തിൽ വൻ മുതൽമുടക്കിനു മുതിരാതെ ഈറോഡിലുള്ള ടെട്ര പായ്ക്കിങ് യൂണിറ്റിനെ ആശ്രയിക്കുകയാണു കമ്പനി ചെയ്യുന്നത്. വിപണി വളരുന്നതിന് അനുസരിച്ചു മാത്രമേ സ്വന്തം യൂണിറ്റ് ഉദ്ദേശിക്കുന്നുള്ളൂ എന്ന് കമ്പനി മാനേജർ പാ ഇളങ്കോ പറയുന്നു. നിലവിൽ ദിവസം1000 ലീറ്ററിന് അടുത്താണ് കമ്പനിയുടെ നീര ഉൽപാദനം. ചെത്തിയെടുത്ത് ആദ്യം മൈനസ് 40 ഡിഗ്രിയിലും തുടർന്ന് മൈനസ് 20 ഡിഗ്രിയിലും സൂക്ഷിക്കുന്ന നീര 10,000 ലീറ്റർ തികയുന്നതോടെ ടെട്ര പായ്ക്ക് യൂണിറ്റിലെത്തിക്കുന്നു.
ഗുണമേന്മയോടെ നീര ചെത്തിയെടുത്തു സൂക്ഷിക്കുന്ന കാര്യത്തിൽ കർശനമായ ചിട്ടകളും മാനദണ്ഡങ്ങളും സൗകര്യങ്ങളും ഈ കർഷക കമ്പനി ഒരുക്കുന്നുണ്ട്. 3 കോടിയോളം രൂപയാണ് മുതൽമുടക്ക്. നീര വീഴുന്ന, തെർമോക്കോളിൽ പൊതിഞ്ഞ സ്സ്റ്റെയ്ൻലെസ് കുടം മുതൽ, ഫാം തലത്തിൽ സൂക്ഷിക്കുന്ന ശീതീ കരണസംവിധാനം, അവിടെനിന്ന് അതതു ദിവസം തന്നെ ഡീപ് ഫ്രീസിങ് പ്ലാന്റിലേക്ക് എത്തിക്കാനുള്ള കോൾഡ് സ്സ്റ്റോറേജ് സൗകര്യമുള്ള വാഹനം എന്നിങ്ങനെ നീരയുടെ തനിമയെയും ഗുണമേന്മയെയും നിലനിർത്തുന്ന ഘടകങ്ങളിലൊന്നും തരിമ്പും വിട്ടുവീഴ്ചയ്ക്കു മുതിർന്നിട്ടില്ല കമ്പനി. ഓരോ ഫാമിനും പ്രത്യേകം സൂപ്പർവൈസറെയും സഹായിയെയും ഉൾപ്പെടെ നിയമിച്ച് പായ്ക്കിങ്ങിൽ എത്തുന്നതുവരെ കോൾഡ് ചെയിൻ സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്.
കാത്തിരുന്നാൽ നേട്ടം
നമ്മുടെ സംസ്ഥാനത്ത് നീരയുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളിലെല്ലാം ഉടനടിയുള്ള കർഷകക്ഷേമത്തിനാണ് ഊന്നൽ നൽകിയത്. നിന്ന നിൽപിൽ ലക്ഷങ്ങൾ നേടുന്ന കർഷകരെ ഉയർത്തിക്കാണിക്കാനുള്ള വ്യഗ്രതയിലായിരുന്നു നമ്മൾ. നീരയെന്ന ഉൽപന്നത്തിന്റെ സാധ്യതകൾ, അതിന് അനുസൃതമായ വിപണിപഠനങ്ങൾ, വിപണിവില എത്ര വരെ പോകാം എന്നീ കാര്യങ്ങളിലൊന്നും ഗൗരവമായ ചിന്തകളുണ്ടായില്ല. മറിച്ച്, ഒരു തെങ്ങിൽനിന്നു ദിവസം ശരാശരി 1.5 ലീറ്റർ നീര, ലീറ്ററിനു കർഷകന് 50 രൂപ വില, അതു പ്രകാരം തെങ്ങൊന്നിൽനിന്ന് മാസം 2250 രൂപ നേട്ടം, 10 തെങ്ങുകൾ നീര ചെത്താനായി വിട്ടുകൊടുക്കുന്ന കർഷകന്റെ മാസവരുമാനം 22,500 രൂപ എന്നിങ്ങനെയുള്ള സ്വപ്നക്കണക്കുകൾ അതിരുവിട്ട് ആ ഘോഷിക്കപ്പെടുകയും ചെയ്തു.
ഇക്കാര്യത്തിൽ കൂടുതൽ യാഥാർഥ്യബോധത്തോടെയാണ് തെന്നീരയുടെ ചുവടുവയ്പ്. നാളികേരക്കർഷകരുടെ ഉന്നമനംതന്നെയാണ് തങ്ങളുടെയും ആത്യന്തിക ലക്ഷ്യമെന്നും എന്നാൽ അതിലേക്കെത്താൻ കൂടുതൽ സമയം ആവശ്യമാണെന്നും ഇളങ്കോ പറയുന്നു. ആദ്യ ഘട്ടത്തിൽ കർഷകരിൽനിന്നു തെങ്ങ് പാട്ടത്തിനെടുക്കുന്ന രീതിയാണു കമ്പനിയുടേത്. മാസം 250 രൂപ കർഷകനു ലഭിക്കും. വർഷം 3000 രൂപ. നിലവിലെ തേങ്ങവില വച്ചു കണക്കുകൂട്ടുമ്പോൾ ഒരു തെങ്ങിൽനിന്ന് തേങ്ങ വിറ്റ് ഒരു വർഷം ലഭിക്കുന്ന തിന്റെ ഇരട്ടി വരും ഇതെന്ന് ഇളങ്കോ പറയുന്നു.
വിപുലമായ തോതിൽ തെങ്ങുകൃഷിയുള്ള തമിഴ്നാട്ടിലെ കർഷകര്‍ക്കു തോട്ടത്തിലെ പത്തോ ഇരുപതോ തെങ്ങ് നീര പരീക്ഷണത്തിനു വിട്ടുകൊടുക്കാൻ മടിയില്ല. മാത്രമല്ല, അതിനെപ്രതി അവകാശവാദങ്ങളോ അമിതപ്രതീക്ഷകളോ ഇല്ലതാനും. കമ്പനിയുടെ വളർച്ചയ്ക്കനുസൃതമായി വരുമാനം കൂടും എന്ന ചിന്തയാണ് കർഷകര്‍ക്കും. അതേസമയം നീര ടാപ്പർമാർക്ക് മുന്തിയ പരിഗണന നൽകുന്നുണ്ട് കമ്പനി. ലീറ്ററിന് 20 രൂപയാണ് അവർക്കു കൂലി. മാസം 40,000 രൂപ വരെ ലഭിക്കുന്നുവെന്നു ടാപ്പറായ മണികണ്ഠന്‍ സന്തോഷത്തോടെ പറയുന്നു. ചുരുക്കത്തിൽ, നിന്ന നിൽപിൽ കോടികൾ കൊയ്യാം എന്ന മോഹവുമായല്ല തെന്നീര വിപണിയിലെത്തുന്നത്. മറിച്ച്, യാഥാർഥ്യബോധവും ഭാവിസ്വപ്നങ്ങളും സന്തുലിതമാക്കിയുള്ള തീരുമാനങ്ങളാണ് ഈ കർഷക കമ്പനിയെ നയിക്കുന്നത്.
നമ്മുടെ നീര പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി. പ്രസാദ് കഴിഞ്ഞ സെപ്റ്റംബറിലും പറയുകയുണ്ടായി. നിലവിൽ പ്രതിസന്ധിയിലായ ഉൽപാദക യൂണിറ്റുകളെ സഹായിക്കുന്നതിനുള്ള നടപടികളാണു സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറയുന്നു. അതു കാത്തിരുന്നു കാണാം. ഏതായാലും നീര ഡിമാന്‍ഡു ള്ള ഉല്‍പന്നംതന്നെ എന്നാണ് ഈ തമിഴ്നാടന്‍ സംരംഭം നമുക്കു നല്‍കുന്ന പാഠം.
ഫോൺ: 9150099960,
വെബ്സൈറ്റ്: www.thenneera.com
English summary: Thenneera The Neera Coconut Drink