ADVERTISEMENT

ഇറ്റലിയിലെ ഒരു വിവാഹ ചടങ്ങാണ് വേദി. ജ്യൂസ് ഗ്ലാസിനകത്ത് നല്ല ഭംഗിയുള്ള പുതിയ തരം സ്ട്രോകൾ കണ്ട് അതിഥികൾക്കു കൗതുകം. ജ്യൂസിനൊപ്പം പതിവുള്ള പ്ലാസ്റ്റിക് സ്ട്രോയോ പേപ്പർ സ്ട്രോയോ അല്ല അത്. ഇന്ത്യയിലെ കേരളമെന്ന കൊച്ചു നാട്ടിലെ തെങ്ങിൽനിന്ന് പറമ്പിൽ വീണ ഓലകൾ വെട്ടിയുണക്കി ഉണ്ടാക്കിയെടുത്ത ‘ഓർഗാനിക് സ്ട്രോ’കളുടെ വിശേഷം അതോടെ ആ ചടങ്ങിൽ ചർച്ചയായി. പുതിയ ഇനം സ്ട്രോയിൽ ജ്യൂസ് കുടിക്കുന്ന പടങ്ങൾ എടുത്ത് പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ഏതാനും ചിത്രങ്ങൾ ഈ സ്ട്രോയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ചെങ്ങന്നൂർ വെൺമണി സ്വദേശി സജി വർഗീസ് (51)നും ലഭിച്ചു. 

അതിനിടെ, മറ്റൊരു കാര്യവും നടന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ കാർഷിക മേഖയിലെ നൂതന സംരംഭങ്ങള്‍– സ്റ്റാർട്ടപ്പുകളെയും കർഷകരെയുമൊക്കെ അടുത്തിടെ ഡൽഹിയിലേക്ക് ക്ഷണിച്ചു. ഇക്കൂട്ടത്തിൽ‌ കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യുബേറ്ററിൽ വികസിപ്പിച്ച അഞ്ച് സംരംഭങ്ങളുമുണ്ടായിരുന്നു. ഈ മാസം 17, 18 തീയതികളിൽ കേന്ദ്ര കാർഷിക കർഷകക്ഷേമ വകുപ്പ് അഗ്രി സ്റ്റാർട്ടപ്പുകളെയും കർഷകരെയും ചേർത്ത് ഡൽഹിയിൽ നടത്തിയ സമ്മേളനത്തിലേക്കായിരുന്നു ഇവർക്ക് ക്ഷണം. ഇവരുടെ ഉൽപന്നങ്ങളുടെ പ്രദർശനവും ഇവിടെ സംഘടിപ്പിച്ചിരുന്നു. ഇങ്ങനെ കാർഷിക മേഖലയിൽ പുതിയ കാലത്തിന് അനുസൃതമായി ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നവരെയും അവരുടെ ഉൽപന്നങ്ങളെയും പരിചയപ്പെടേണ്ടതാണ്. 

startups-kerala-coconut-leaf-straw
സജി വർഗീസ് തെങ്ങോല സ്ട്രോയുമായി

ഇറ്റലിയിലും തിളങ്ങിയ മലയാളിയുടെ ‘തെങ്ങോല സ്ട്രോ’

ഇറ്റലിയിലെ വിവാഹ ചടങ്ങിൽ ‘ഓല സ്ട്രോ’ കണ്ട് അതിഥികൾ അദ്ഭുതപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് ശ്രദ്ധേയം. കാരണം, തെങ്ങോല കൊണ്ടു നിർമിച്ച 6,000 സ്ട്രോകൾ ഈ മലയാളിയുടെ നേതൃത്വത്തിൽ ദിവസവും വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്. ഇപ്പോൾ‌ ഇത്തരം സ്ട്രോകൾ ദിവസം 30,000 എണ്ണം കയറ്റി അയക്കാനുള്ള തയാറെടുപ്പിലാണ് ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കോളജിൽ ഇംഗ്ലിഷ് അധ്യാപകൻ കൂടിയായ സജി വർഗീസ്. 3 മാസം കഴിഞ്ഞാൽ ദിവസം ഒരു ലക്ഷം സ്ട്രോകൾ നിർമിക്കാനുള്ള സജ്ജീകരണവും പുരോഗമിക്കുന്നു.

സജി വർഗീസിന്റെ ജീവിതത്തിലേക്ക് തെങ്ങോലയുടെ രൂപത്തിൽ പുതിയ ആശയം വീണത് 2017 ഒക്ടോബർ 3നാണ്. അന്ന് കോളജിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. വീണു കിടക്കുന്ന തെങ്ങോലയുടെ ഭാഗങ്ങൾ ചുരുണ്ട് സ്ട്രോ രൂപത്തിൽ കണ്ടപ്പോൾ ഇത് വികസിപ്പിച്ചാൽ പ്ലാസ്റ്റിക് സ്ട്രോയുടെ ബദലാവുമെന്ന ചിന്ത‌ മിന്നി. അതെടുത്ത് ലാബിൽ കൊണ്ടുപോയി ചൂടാക്കിയപ്പോൾ‌ പ്ലാസ്റ്റിക് സ്ട്രോ പോലെ തന്നെ. പക്ഷേ പരീക്ഷണം അവിടെ നിന്നില്ല. ഭക്ഷ്യയോഗ്യമായ പശ ഉപയോഗിച്ച് അവ എങ്ങനെ ഒട്ടിക്കാമെന്നും പ്ലാസ്റ്റിക് സ്ട്രോ പോലെ തന്നെ എങ്ങനെ ഉറപ്പുള്ളതാക്കാമെന്നുമുള്ള അന്വേഷണങ്ങളായി. ഒടുവിൽ സ്വപ്രയത്നത്തിൽ 2018ൽ ആദ്യമായി പ്ലാസ്റ്റിക്കിനു ബദലായി തെങ്ങോല സ്ട്രോ വികസിപ്പിച്ചു.

തുടക്കത്തിൽ തൊഴിലാളികളെ നിർത്തി കൈ കൊണ്ടായിരുന്നു നിർമാണമെങ്കിലും പിന്നീട് ഇതിനനുയോജ്യമായ യന്ത്രം സ്വയം വികസിപ്പിച്ചു. ‘സൺബേർഡ്’ എന്ന ബ്രാൻഡിൽ തെങ്ങോല സ്ട്രോ പുറത്തിറക്കി. പല വഴി ഇതിന്റെ മേന്മ വിദേശ രാജ്യങ്ങളിലുമെത്തി. ഇന്ന് യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങി 25 രാജ്യങ്ങളിലേക്ക് തെങ്ങോല സ്ട്രോ കയറ്റി അയക്കുന്നു. ഇറ്റലിയിലെ ഒരു വിവാഹച്ചടങ്ങിൽ അദ്ഭുതപ്പെടുത്തിയ തെങ്ങോല സ്ട്രോയുടെ ചിത്രങ്ങൾ ഇറ്റലിക്കാർ ഫോട്ടോ എടുത്ത് സജി വർഗീസിന് അയച്ചുകൊടുത്തു. നെതർലൻഡ്സിൽനിന്ന് മൂന്നു മാസത്തിലൊരിക്കൽ ഒരു കോടി സ്ട്രോകൾ വേണമെന്നാണ് ആവശ്യം. പ്ലാസ്റ്റിക്കിനു ബദലായി യൂറോപ്യൻ രാജ്യങ്ങൾ പലതും തെങ്ങോല സ്ട്രോ സ്വീകരിച്ചു തുടങ്ങിയപ്പോൾ അതിനനുയോജ്യമായ ഉൽപാദനം വർധിപ്പിക്കേണ്ടി വന്നു. ചെലവു കുറച്ച് വേഗത്തിൽ കൂടുതൽ സ്ട്രോ ഉൽപാദിപ്പിക്കാനുള്ള യന്ത്രവും ഇതോടെ സജി വർഗീസ് ഒരുക്കി. 

5 എംഎം മുതൽ 12 എംഎം വരെ വ്യാസമുള്ള ട്യൂബുകളാക്കി 5 മുതൽ 8 വരെ ഇഞ്ച് നീളത്തിലാണ് വിവിധ തരം ചെങ്ങോല സ്ട്രോകൾ പുറത്തിറക്കുന്നത്. ജൈവികവും പൂപ്പൽ വരാത്തതും 12 മാസംവരെ കേടാവാതെ സൂക്ഷിക്കാവുന്നതുമാണ് ഇവ. ഒരു തെങ്ങോലയിൽനിന്ന് 200 സ്ട്രോകൾ വരെ ഉണ്ടാക്കാം. ഒരു  തൊഴിലാളിക്ക് ദിവസം 300 സ്ട്രോ വരെ നിർമിക്കാൻ സാധിക്കും. കാസർകോട്, മൈസൂരു, തൂത്തുകുടി, നാഗർകോവിൽ എന്നീ 4 സ്ഥലങ്ങളിലാണ് ഇപ്പോൾ തെങ്ങോല സ്ട്രോ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. 86 സ്ത്രീ തൊഴിലാളികളും പണിയെടുക്കുന്നു. ആന്ധ്രയിൽ നബാർഡിന്റെ സഹായത്തോടെ ആരംഭിക്കുന്ന യൂണിറ്റ് അടക്കം ആറ് പുതിയ ഉൽപാദന കേന്ദ്രങ്ങൾ കൂടി ഉടൻ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇതുവഴി മൊത്തം 500 തൊഴിലാളികൾ‌ക്ക് ജോലി നൽകുകയുമാണ് ലക്ഷ്യം. രാജ്യത്ത് ഒട്ടേറെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സൺബേർഡ് എന്ന ബ്രാൻഡിൽ തെങ്ങോല സ്ട്രോ ഉപയോഗിക്കുന്നുണ്ട്. 1.5 രൂപ മുതൽ 2.5 രൂപ വരെയാണ് സ്ട്രോകളുടെ വില. പേപ്പർ സ്ട്രോ ഒന്നിന് 70 പൈസ മാത്രമേ വരുന്നുള്ളു എങ്കിലും 10 മിനിറ്റുകൊണ്ട് അവ വെള്ളത്തിൽ അലിയും. എന്നാൽ തെങ്ങോല സ്ട്രോ ദീർഘനേരം അലിയാതെ നിലനിൽക്കും.

തെങ്ങോല സ്ട്രോ തയാറാക്കുന്ന അതേ സാങ്കേതിക വിദ്യ ഉപയോഗിച്ചു തന്നെ തെങ്ങോല പേനകളും പുറത്തിറക്കുന്നുണ്ട്. 30 കോർപറേറ്റ് സ്ഥാപനങ്ങളിലും കോളജുകളിലും ഈ തെങ്ങോല പേനകൾ ഇപ്പോൾ‌ തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് സജി വർഗീസ് പറയുന്നു. 2018ൽ പ്രാദേശിക സ്റ്റാർട്ടപ്പിനുള്ള ഡൽഹി ഐഐടിയുടെ പുുരസ്കാരവും സജി വർഗീസിനു ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിനു ബദലായി സജി വർഗീസ് അവതരിപ്പിച്ച തെങ്ങോല സ്ട്രോയും പേനയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അംഗീകാരം തേടിയെത്തുകയാണിപ്പോൾ.

startups-kerala-coconut-plate
കഴിക്കാവുന്ന പ്ലേറ്റുമായി വിനയകുമാർ

തവിടിൽ നിന്ന് ‘തൂശൻ’ ബ്രാൻഡ് പ്ലേറ്റുകൾ

എറണാകുളത്തു നിന്നുള്ള സംരംഭകൻ വിനയകുമാർ ബാലകൃഷ്ണനാണ് ആ അഞ്ചു പേരിലെ മറ്റൊരാൾ. പരിസ്ഥിതി സൗഹൃദവും ഭക്ഷ്യയോഗ്യവുമായ ‘തൂശൻ’ ബ്രാൻഡ് പ്ലേറ്റുകളാണ് വിനയകുമാർ അവതരിപ്പിച്ചത്. 

ഈ പ്ലേറ്റുകൾ നിർമിക്കുന്നത് ഗോതമ്പ് തവിടിൽ നിന്നാണ്. വെള്ളം തീരെ ഉപയോഗിക്കാതെ പ്ലേറ്റ് നിർമിക്കുന്നതിനാൽ മറ്റു തരത്തിലുള്ള മാലിന്യവുമില്ല. പൂർണമായും ഓട്ടോമാറ്റിക് റോബോട്ടിക് സാങ്കേതിക സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇവരുടെ പ്ലാന്റ് അങ്കമാലി ഇൻകൽ ബിസിനസ് പാർക്കിലാണു പ്രവർത്തിക്കുന്നത്; പ്രവർത്തിപ്പിക്കാൻ വേണ്ടത് ഒരാളും. കാർഷിക സർവകലാശാലയുടെയും സർക്കാരുകളുടെയും സാങ്കേതിക സഹകരണത്തിലാണ് പ്രവർത്തനം. ലോകത്തിൽ ഇത്തരത്തിൽ പ്ലേറ്റുകൾ നിർമിക്കുന്ന രണ്ടാമത്തെ കമ്പനിയാണിതെന്നും ഇത്തരം നിർമാണ സാങ്കേതികത അൽപം ബുദ്ധിമുട്ടുള്ളതിനാലാണ് മറ്റുള്ളവർ ഈ മേഖലയിലേക്കു കടക്കാത്തതെന്നും വിനയകുമാർ പറയുന്നു. മറ്റൊരു കമ്പനിയുള്ളത് പോളണ്ടിലാണ്. എന്നാൽ, യുക്രെയ്ൻ – റഷ്യ യുദ്ധം ആ മേഖലയിലെ തുറമുഖങ്ങളെയും ബാധിച്ചതിനാൽ പോളണ്ടിലെ സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. 

തവിടിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഇത്തരം പ്ലേറ്റുകൾ ഉപയോഗശേഷം കഴിക്കാം. അതിനു മടിയുള്ളവർക്കാണെങ്കിൽ കാലിത്തീറ്റയോ കോഴിത്തീറ്റയോ മീനുകൾക്കുള്ള തീറ്റയോ ആക്കാം. ഇതൊന്നുമല്ലെങ്കിൽ ചെടികളുടെ ചുവട്ടിലിട്ടു കുറച്ചു വെള്ളവും ഒഴിച്ചുകൊടുത്താൽ 30 ദിവസത്തിനകം പൂർണമായും മണ്ണിൽ അലിയും. പ്ലേറ്റ് നിർമാണത്തിന് ആവശ്യമായ ഗോതമ്പു തവിട് നിലവിൽ അങ്കമാലിയിൽ നിന്നുതന്നെ വാങ്ങിക്കുകയാണ്. അന്നന്നു പൊടിക്കുന്ന തവിടാണു ശേഖരിക്കുക. 

ഫോർക്ക്, സ്പൂൺ, കപ്പ് പോലുള്ള ഉൽപന്നങ്ങളും ഈ ഡിസംബറോടെ വിപണിയിലെത്തിക്കുന്നുണ്ട്. എന്നാൽ, അതിന്റെ ഉൽപാദനം അരിയുടെ തവിട് ഉപയോഗിച്ചാകും. ഗോതമ്പു തവിടിലെ ഗ്ലൂട്ടൻ ആണ് വെള്ളം ചേർക്കാതെ പ്ലേറ്റുകൾ നിർമിക്കാൻ ഉപയോഗപ്പെടുത്തുന്നത്. ദിവസം 1000 പ്ലേറ്റുകളാണ് ഇപ്പോൾ നിർമിക്കുന്നത്. അത് ഒരു ലക്ഷം എന്ന അളവിലെത്തിയാൽ ഉൽപാദനച്ചെലവും വിപണിയിൽ ലഭ്യമാകുന്ന വിലയും കാര്യമായി കുറയ്ക്കാം. ഉൽപാദിപ്പിക്കുന്ന തവിടു പ്ലേറ്റുകളുടെ പ്രധാന വിപണി നിലവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ്. 

മൊറീഷ്യസിൽ ഇൻഷുറൻസ് കമ്പനി സിഇഒ ആയിരുന്ന വിനയകുമാർ നാട്ടിലെത്തിയാണ് പുതിയ സംരംഭത്തിനു തുടക്കമിട്ടത്. കാക്കനാട് താമസിക്കുന്ന ഇദ്ദേഹം നാലു വർഷമായി പുതിയ സ്ഥാപനത്തിന്റെ പിന്നണിയിലാണു പൂർണമായും പ്രവർത്തനം. 

startups-kerala-jackfruit-seed

ചക്കക്കുരു കൊണ്ട് അദ്ഭുതം കാണിക്കുന്നവർ

പാഴാക്കിക്കളയുന്ന ചക്കക്കുരുവിൽനിന്ന് സ്റ്റാർട്ടപ് ബിസിനസ് ചെയ്യാമെന്ന് കണ്ടെത്തുന്നവരെ പ്രധാനമന്ത്രി തന്നെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചാലും അദ്ഭുതപ്പെടാനില്ല. അത്രയേറെ പുതിയതാണ് ഈ ആശയം. കേരളത്തിലൊരിടത്തും ചക്കക്കുരുവിന് മറ്റാരും കാണാത്ത വിപണിമൂല്യം കണ്ടെത്തി എന്നതാണ് വയനാട് നടവയലിലെ ഹോളിക്രോസ് ഇൻഡസ്ട്രീസ് എന്ന സംരംഭത്തിന്റെ വേറിട്ട വിജയം. വിലയില്ലെന്നു കരുതി വലിച്ചെറിഞ്ഞ ചക്കക്കുരു വൃത്തിയോടെ നടവയലിലെത്തിച്ചാൽ കിലോയ്ക്ക് 20 രൂപ കിട്ടുമെന്നറിഞ്ഞപ്പോൾ ചക്കക്കുരു ചാക്കിലാക്കി കർഷകരും അല്ലാത്തവരും വയനാട് ചുരംകയറി. തിരുവനന്തപുരം, ഇടുക്കി തുടങ്ങിയ ജില്ലകളിൽനിന്നും കേരളത്തിനു പുറത്തുനിന്നുപോലും ചക്കക്കുരു ഇവിടെയെത്തുന്നു.

ചക്കക്കുരു പൊടിയാക്കി മാറ്റുന്നതാണ് ഹോളിക്രോസിൽ നടക്കുന്ന പ്രധാന പ്രവൃത്തി. അതുപയോഗിച്ച് റെഡി ടു കുക്ക് പായസം തയാറാക്കി വിപണിയിലെത്തിച്ചതാണ് ഇതുവരെ നടത്തിയ മുന്നേറ്റങ്ങളിൽ ശ്രദ്ധേയമായതെന്ന് ഹോളിക്രോസിന്റെ സാരഥി ജെയ്മി സജി പറയുന്നു. വിപണിയിൽ കാര്യമായ മുന്നേറ്റം നടത്താൻ ഈ ഉൽപന്നത്തിനു സാധിച്ചു. 300 ഗ്രാമിന്റെ പാക്കിന് 150 രൂപയായിരുന്നു വില. വേറിട്ട മറ്റൊരു ഉൽപന്നം ചക്കപ്പൊടി ഉപയോഗിച്ചു നിർമിച്ച കാപ്പിപ്പൊടിയാണ്. കാപ്പി ചേർക്കാതെ തന്നെ കാപ്പിയുടെ രുചിയും മണവും ലഭിക്കുമെന്നതാണ് ‘ജാക്ക് കോഫി’യുടെ സവിശേഷത. കിലോയ്ക്ക് 200 രൂപയാണ് ഇതിന്റെ വില.

ചക്ക ഉണക്കിയത്, ചക്കപ്പൊടി, ചക്ക വരട്ടിയത്, ചക്ക പൾപ്പ് എന്നിവയാണ് നടവയലിൽനിന്ന് ഉൽപാദിപ്പിക്കുന്ന മറ്റു ചക്ക ഉൽപന്നങ്ങൾ. എല്ലാം വിപണിയിലെത്തുന്നത് ‘ജാക്ക് ഫ്രഷ്’ എന്ന ബ്രാൻഡ് നാമത്തിലും. ചക്കക്കുരു എത്രയുണ്ടെങ്കിലും തങ്ങൾ സ്വീകരിക്കുമെന്ന ഉറപ്പാണ് ഇപ്പോഴും ജെയ്മി കർഷകർക്കു നൽകുന്നത്. വിളിച്ചു നേരത്തെ ബുക്ക് ചെയ്യണമെന്നുമാത്രം. കൂടുതൽ കുരു സംസ്കരണത്തിനെത്തുന്ന അവസരങ്ങളിൽ 16 ജോലിക്കാർ വരെ ഹോളിക്രോസിൽ ജെയ്മിയെ സഹായിക്കാനുണ്ടാകും. ‘‘മറ്റാരും ചക്കക്കുരുവിന് ഈ മൂല്യം നൽകിയില്ല എന്നതാവാം നടവയലിലെ എന്റെ സംരംഭത്തിലേക്ക് ചക്കക്കുരുവുമായി ആളുകളെ എത്തിച്ചത്. 75 ലക്ഷം രൂപ മുതൽമുടക്കി ആരംഭിച്ച ഹോളിക്രോസ് ഒരു കോടി രൂപയുടെ വിപുലീകരണപദ്ധതിയുടെ പാതയിലാണ്. സൂക്ഷിക്കാൻ വിപുലമായ സൗകര്യങ്ങളുമായി കോൾഡ് സ്റ്റോറേജ് സംവിധാനവും ഒപ്പം പുതിയ ഡ്രയറുകളുമായി ഹോളിക്രോസ് പ്രവർത്തനപാതയിൽ അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്’’–ജെയ്മി സജി വ്യക്തമാക്കുന്നു.

English summary: Most Established Agri Startups in Kerala  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com