കേരളത്തിലെ ക്ഷീരമേഖലയെ വളർത്താൻ സുനന്ദിനിക്കു കഴിഞ്ഞില്ല, കേരളം ഇപ്പോഴും ഏറെ പിന്നിലാണ്
Mail This Article
കേരളത്തിലെ ധവളവിപ്ലവത്തിനു കാരണമായി എന്നു പറയപ്പെടുന്ന സുനന്ദിനി എന്ന ബ്രീഡ് വികസിപ്പിച്ച് കർഷകരിലേക്ക് എത്തിയിട്ട് 30 വർഷമാകുന്നുവെന്ന് കർഷകശ്രീ ഇന്നലെ പങ്കുവച്ച ലേഖനത്തിൽ കണ്ടു. സുനന്ദിനി കേരളത്തിലെ ക്ഷീരകർഷകർക്ക് എത്രമാത്രം ഗുണം ചെയ്‌തുവെന്നതിൽ ഒരു പുനർചിന്തനം അത്യാവശ്യമാണെന്ന് തോന്നുന്നു. അതല്ലെങ്കിൽ സുനന്ദിനി എന്ന ബ്രീഡ് കൊണ്ടുവന്നതുകൊണ്ട് കേരളത്തിൽ നല്ല ഉൽപാദനം സാധ്യമായോ എന്ന കാര്യത്തിൽ ഒരു ആലോചന നടത്തുന്നത് നല്ലതായിരിക്കും. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലൊരു കുറിപ്പ് എഴുതുന്നതും.
1963ൽ ആണ് ഇൻഡോ–സ്വിസ് പ്രൊജക്ട് (ഇന്നത്തെ KLDB) വഴി സുനന്ദിനി എന്ന ബ്രീഡിനെ ഉരുത്തിരിച്ചെടുത്ത്. ഇതൊരു സങ്കര ഇനമായിരുന്നു. എച്ച്എഫ്, ജേഴ്‌സി, ബ്രൗൺ സ്വിസ് മുതലായ വിദേശ ബ്രീഡുകളെയും കേരളത്തിലെ കാണപ്പെട്ടിരുന്ന നാടൻ ഇനങ്ങളെയും കൂട്ടിക്കലർത്തി വികസിപ്പിച്ചെടുത്ത സങ്കര ഇനം. ഈ പ്രൊജക്ടിൽ ഏകദേശം 2000ൽപ്പരം പശുക്കളെ പങ്കുചേർത്തിരുന്നുവെന്നാണ് എന്റെ അറിവ്. ഈ ബ്രീഡ് പൂർണമായും കർഷകരിലേക്ക് എത്തിത്തുടങ്ങിയിട്ട് ഇപ്പോൾ 30 വർഷം ആവുകയാണ്.
കേരളത്തിൽ സുനന്ദിനി എന്ന ബ്രീഡ് കൊണ്ടുവന്നത് ഒരു വിജയം ആയിരുന്നോ? സത്യത്തിൽ ഒരു പരാജയം തന്നെ അല്ലേ സുനിന്ദിനി? പാലുൽപാദനം നന്നേ കുറഞ്ഞ ആദ്യകാലങ്ങളിൽ വിജയം ആയിരുന്നിരിക്കാം. എന്നാൽ, ഇപ്പോൾ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ സ്ഥാനം എവിടെയാണ്?
സുനന്ദിനി കൊണ്ടു വന്ന തൊണ്ണൂറുകളുടെ തുടക്കം മുതൽ മറ്റു സംസ്ഥാനങ്ങളിലെ ഡെയറി മേഖല എത്ര മാത്രം വളർന്നിരിക്കുന്നു എന്നു നമ്മൾ ചിന്തിക്കേണ്ടത് അത്യാവശ്യം അല്ലേ?
മറ്റു സംസ്ഥാനങ്ങൾ സ്വന്തമായി ബീജം ഉൽപാദിപ്പിക്കുന്നതു കൂടാതെ തന്നെ മറ്റു കമ്പനികളുടെ ബീജവും കർഷകരിലേക്ക് എത്തിച്ചിരുന്നു എന്നു വേണം മനസിലാക്കാൻ. അതുകൊണ്ടായിരിക്കണം കർണാടക, പഞ്ചാബ്, ഹരിയാന, തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൽ ഉള്ളതിനേക്കാൾ മികച്ച പാലുൽപാദനമുള്ള പശുക്കളെ കാണാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ അവർ കേരളത്തേക്കാൾ വളരെയേറെ മുന്നിലാണെന്നു മനസിലാക്കാം.
സത്യത്തിൽ സുനന്ദിനിയിൽ മാത്രമാണ് ഈ അടുത്ത കാലം വരെയും കെഎൽഡി ബോർഡ് നടന്നിരുന്നത് എന്നത് വാസ്തവമല്ലേ? ശുദ്ധ ജനുസുകളെ മറ്റു രാജ്യങ്ങളിൽനിന്നും കൊണ്ടുവരുവാനോ അവയുടെ ബീജം കർഷകരിലേക്ക് എത്തിക്കാനോ കെഎൽഡിബി തയാറായിരുന്നില്ല എന്നത് വാസ്തവമല്ലേ? ഇനി അത്തരം വിദേശ ബ്രീഡുകൾ ഉണ്ടെങ്കിൽ കർഷകരിലേക്ക് എന്തുകൊണ്ട് എത്തിപ്പെടുന്നില്ല?
എച്ച്എഫ് പോലുള്ള ശുദ്ധജനുസുകൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതല്ലെന്നു ചിന്തിക്കുകയും അക്കാര്യം മൃഗസംരക്ഷണ വകുപ്പ് ഏറ്റുപിടിക്കുകയും അല്ലേ ഇത്രയും നാൾ ചെയ്തത്? കേരളത്തിൽ നല്ല ഉൽപാദനശേഷിയുള്ള പശുക്കൾ അനുയോജ്യമല്ലെങ്കിൽ പിന്നെ എന്തിനാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നും പശുവിനെ വാങ്ങാൻ നാളിതുവരെ MSDP പദ്ധതി വഴി കോടികൾ ചെലവാക്കുന്നത്?
കേരളത്തിലെ കന്നുകാലി സമ്പത്ത് വിപുലമാക്കാനായിരുന്നു എന്നത് ആണല്ലോ MSDP പദ്ധതിയുടെ പ്രധാന ഉദ്ദേശം. സത്യത്തിൽ കർഷകർ മറ്റു സംസ്ഥാങ്ങളിൽനിന്നു പശുക്കളെ കൊണ്ടുവന്നതു വഴി കാലിസമ്പത്തിന് ഉയർച്ച ഉണ്ടായോ? മാരക രോഗങ്ങൾ കൊണ്ടുവരിക മാത്രമല്ലേ ഈ പദ്ധതി വഴി സാധ്യമായുള്ളൂ? കർഷകർക്ക് സത്യത്തിൽ ഈ പദ്ധതി വഴി സ്ഥിരമായ ഒരു സഹായം കിട്ടി എന്നു കരുതാൻ പ്രയാസമാണ്.
കേരളത്തിലെ കന്നുകാലി സമ്പത്തിന് ഉണർവ് നൽകാൻ ഉരുത്തിരിച്ചെടുത്ത സുനന്ദിനി എന്ന ബ്രീഡിനു സാധിച്ചില്ല എന്നതല്ലേ മറ്റു സംസ്ഥാങ്ങളിൽ നിന്നും പശുക്കളെ വാങ്ങുന്നതിൽനിന്നു മനസ്സിലാക്കേണ്ടത്? സത്യത്തിൽ കേരളത്തിൽ സങ്കരയിനം മാത്രമാണ് അനുയോജ്യമെന്നു ചിന്തിക്കാതെ മുൻപേ തന്നെ മറ്റു സംസ്ഥാനങ്ങളുടെ പാത പിന്തുടർന്നിരുന്നുവെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഉണ്ടാകുമായിരുന്നോ? മറ്റു സംസ്ഥാനങ്ങൾ സ്വന്തമായി നല്ല കാളകളെ സംരക്ഷിക്കുകയും കർഷകർക്ക് എന്താണോ ആവശ്യം അത് എത്തിച്ചു നൽകുകയും ചെയ്തതുകൊണ്ടാണ് അവിടുത്തെ കന്നുകാലി സമ്പത്ത് വളർന്നത്. ഒപ്പം തന്നെ കൂടുതൽ ഉൽപാദന ശേഷിയുള്ള എച്ച്എഫ്, ജേഴ്സി ഇനങ്ങളെ വളർത്താൻ കർഷകരെ പ്രേരിപ്പിക്കുകയും ചെയ്തു. പഞ്ചാബിൽ വർഷാവർഷം നടക്കുന്ന പ്രോഗ്രസീവ് ഡെയറി ഫാർമേഴ്സ് അസോസിയേഷൻ മീറ്റുകൾ ശ്രദ്ധിച്ചാൽ മികച്ച പശുക്കളെ കാണാൻ സാധിക്കും. അവയുടെ അടുത്തു നിൽക്കാൻപോലും കഴിയുന്ന പശുക്കളെ ഇവിടെ എത്ര പേർക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ചിന്തിക്കണം.
2001ൽ മാത്രം സ്ഥാപിതമായ ഉത്തരാഖണ്ഡ് ഡെയറി ഡെവലപ്പ്മെന്റ് ബോർഡ് വഴി അവർ എത്ര നല്ല കളകളുടെ ബീജമാണ് കർഷകരിൽ എത്തിക്കുന്നതെന്നു മനസിലാക്കിയ എനിക്ക് സത്യത്തിൽ ആശ്ചര്യം തോന്നി. അമേരിക്ക, കാനഡ, ജർമനി, ഡെന്മാർക് തുടങ്ങിയ രാജ്യങ്ങളിൽനിന്നുമുള്ള മികച്ച കാളകളെ ഇറക്കുമതി ചെയ്ത് അവർ നാഷനൽ ഡെയറി ഡവല്മെന്റ് ബോർഡ്, അമേരിക്കൻ ബ്രീഡർ സൊസൈറ്റി പോലുള്ള കമ്പനികളുടെ കാളകളോടു കിടപിടിക്കുന്ന രീതിയിലുള്ള കാളകളുടെ ബീജം കർഷകരിൽ എത്തിക്കുന്നു. 6 പതിറ്റാണ്ടായ കേരളത്തിലെ കന്നുകാലി വികസനത്തിന്റെ ഭാഗമായി നമ്മുടെ KLDBയിൽ എത്ര കാളകളുണ്ട് മികച്ച ഇനം എന്നു പറയുവാൻ? അല്ലെങ്കിൽ കർഷകൻ ആവശ്യപ്പെടുന്ന കാളകളുടെ ബീജം അവന് ലഭിക്കുന്നുണ്ടോ?
സാധാരണഗതിയിൽ കേരളത്തിൽ കർഷകൻ വെറ്ററിനറി ഡിസ്‍പെൻസറിയിൽ വിളിച്ച് ബീജാധാനം ചെയ്യണം. ഒരു ജേഴ്‌സി അല്ലെങ്കിൽ ഒരു എച്ച്എഫ് പശു ആണെന്നു പറഞ്ഞാൽ ബീജാധാനത്തിനു വരുന്ന എൽഐ കൊണ്ടുവരുന്നത് 80% ക്രോസ്സ് ബ്രീഡ് ജേഴ്‌സി അല്ലെങ്കിൽ ക്രോസ്സ് ബ്രീഡ് എച്ച്എഫ് ആയിരിക്കും. അതായത് നീല സ്ട്രോയിൽ വരുന്ന നമ്മുടെ സുനന്ദിനി. കർഷകൻ ആവശ്യപ്പെടുന്നത് പോലും നൽകുന്നില്ലെന്ന് മാത്രമല്ല അത് ഇവിടെ പറ്റില്ല എന്ന് പറയുകയും ചെയ്യും. അപ്പോപ്പിന്നെ എങ്ങനെ വളരും ഇവിടുത്തെ കാലിസമ്പത്ത്? ഇന്നും പാലുൽപാദനം കുറഞ്ഞ ക്രോസ് ബ്രീഡ് ആണ് കേരളത്തിന് അഭികാമ്യം എന്നു കരുതുന്നതല്ലേ സത്യത്തിൽ തെറ്റ്?
ഈ അടുത്ത കാലത്തു കൂടുതൽ കർഷകർ മികച്ച ബീജം ലഭിക്കാൻ മറ്റു കമ്പനികളിലേക്ക് കൂടുമാറ്റം നടത്തിയപ്പോൾ കെഎൽഡിബിക്ക് ബോധോദയം ഉണ്ടായി എന്നു വേണം കരുതാൻ. ഏതാനും വർഷം മുന്നേ വിദേശത്തുനിന്നും മികച്ച എച്ച്എഫ്, ജേഴ്‌സി കാളകളെ ഇറക്കുമതി ചെയ്യുകയും, ഈ അടുത്ത കാലം മുതൽ വിദേശ കമ്പനികളുടെ ബീജസ്ട്രോകൾ ഉൾപ്പെടെ ഇറക്കുമതി ചെയ്ത ബീജം വാങ്ങി കർഷകരിലേക്ക് എത്തിക്കാൻ മനസ്സ് കാണിച്ചതിൽ സന്തോഷം. അത് സാധാരണക്കാർക്ക് ലഭിക്കണമെങ്കിൽ വെറ്ററിനറി ക്ലിനിക്കിൽ ചെന്ന് ബഹളം വയ്ക്കണം. ചില പ്രമുഖ കമ്പനികൾക്ക് ഇംപോർട്ടഡ് സെമെൻ നൽകുന്നത് ശ്രദ്ധയിൽപ്പെട്ട കർഷകർ തങ്ങൾക്ക് അത്തരത്തിലുള്ളത് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതൊന്നും ലഭ്യമല്ലെന്നായിരുന്നു പല ഡിസ്പെൻസറികളിലെയും മറുപടി. മികച്ച കാളകൾ ഏതെന്ന് കർഷകരും വെറ്ററിനറി ഡോക്ടർമാരും എൽഐമാരും അറിഞ്ഞിരിക്കണം. അതിനുള്ള അവസരം കെഎൽഡി ബോർഡ് ഒരുക്കുന്നത് നല്ലതാണ്.
ഇപ്പോൾ KLDBക്ക് ഉണ്ടായ മാറ്റം അല്ലെങ്കിൽ മനോഭാവം 10 വർഷം മുൻപെങ്കിലും കാണിച്ചിരുന്നുവെങ്കിൽ ഇപ്പോഴും നമ്മൾ മികച്ച പശുക്കളെ വാങ്ങാൻ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് ഉണ്ടാകുമായിരുന്നില്ല. കൂടാതെ എല്ലാ വർഷവും നേർച്ച പോലെ നടത്തുന്ന കോടികൾ ചെലവാക്കിയുള്ള MSDP പദ്ധതി തന്നെ വേണ്ടിയിരുന്നില്ല. ആ വലിയ തുക കേരളത്തിലെ കർഷകർക്കു മികച്ച ഇനം കുട്ടികളെ വളർത്തി എടുക്കാൻ ചെലവാക്കിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. കേരളവും ഒരു പഞ്ചാബ് അല്ലെങ്കിൽ തമിഴ്‌നാടോ കർണാടകയോ ആവുമായിരുന്നു.
ഇപ്പോൾ കേരളത്തിൽ KLDB സെക്സെഡ് ബീജം കർഷകരിൽ എത്തിക്കാൻ ശ്രമം തുടങ്ങിയത് നല്ല കാര്യം തന്നെ. എങ്കിലും ഇനിയുള്ള കാലവും സുനന്ദിനിയുടെ പിറകെ പോവാതെ, കർഷകരിൽ അടിച്ചേൽപ്പിക്കാതെ കൂടുതൽ പ്രായോഗികമായി ചിന്തിച്ചു മുന്നോട്ട് പോയാൽ കർഷകർക്ക് കുറച്ചെങ്കിലും ആശ്വാസം കിട്ടുമായിരുന്നു. നല്ല കുട്ടികളെ കേരളത്തിൽ തന്നെ ഉൽപാദിപ്പിച്ചു നല്ല രീതിയിൽ വളർത്തി എടുക്കുക വഴി കേരളത്തിലെ കാലിസമ്പത്ത് വളരും. നല്ല ഉൽപാദനശേഷിയുള്ള പശുക്കളെ മറ്റു സംസ്ഥാങ്ങളിൽ പോയി വങ്ങേണ്ടേ അവസ്ഥ ഒഴിവാക്കാനും സാധിക്കും.
English summary: Development of the Sunandini cattle breed and distribution