ADVERTISEMENT

മികച്ച വളർച്ചയെത്തിയ ഗിഫ്റ്റ് ഇനം തിലാപ്പിയ മത്സ്യങ്ങൾ ഇന്ന് ഒട്ടേറെ കർഷകരുടെ പക്കലുണ്ട്. മൂന്നു കിലോയ്ക്ക് മുകളിൽ തൂക്കമെത്തിയ മത്സ്യത്തെ ഏതാനും നാളുകൾക്ക് മുൻപ് കർഷകശ്രീ ഓൺലൈൻ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് വിൽപനപ്രതിസന്ധിയിലായ കർഷകരുടെ പക്കൽ 1 കിലോയ്ക്ക് മുകളിലുള്ള മത്സ്യങ്ങൾ ഇപ്പോൾ വിൽപനയ്ക്കുണ്ട്. എന്നാൽ, ഇടുക്കി തൊടുപുഴ ആനച്ചാലിൽ ജോളിയുടെ പക്കലുള്ള തിലാപ്പിയ മത്സ്യങ്ങൾക്ക് രണ്ടു കിലോയിലേറെ തൂക്കമുണ്ട്. വിൽക്കാൻ കഴിയാത്തതാണെന്നു തെറ്റിദ്ധരിക്കണ്ട. തിലാപ്പിയ മത്സ്യങ്ങൾക്ക് എത്ര വളർച്ച ലഭിക്കും, എത്ര വർഷംവരെ ജീവിക്കും എന്നൊക്കെ അറിയുന്നതിനായി സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങളാണ്. ഈ തിലാപ്പിയ മത്സ്യങ്ങൾക്ക് 5 വയസുണ്ടെന്നു ജോളി.

വീടിനോടു ചേർന്നു തയാറാക്കിയിരിക്കുന്ന അക്വാപോണിക്സ് സംവിധാനമുള്ള കുളത്തിൽ മുകളിൽപ്പറഞ്ഞ വലുപ്പത്തിലുള്ള 50ൽപ്പരം തിലാപ്പിയകൾ മാത്രമല്ല വലിയ വാള (പംഗേഷ്യസ്), ഒരു കിലോയോളം തൂക്കമുള്ള ജയന്റ് ഗൗരാമികൾ, കാർപ്പിനങ്ങൾ എന്നിവയുമുണ്ട്. ചുരുക്കത്തിൽ ഒരു ചെറിയ കുളത്തിൽ ഏതാണ്ട് 200 കിലോയോളം മത്സ്യങ്ങളെ സൂക്ഷിച്ചിരിക്കുന്നു. അക്വാപോണിക്സ് സംവിധാനത്തിൽ ആയതുകൊണ്ടുമാത്രമാണ് ഇത്രയേറെ മത്സ്യങ്ങളെ ഇതിൽ നിക്ഷേപിക്കാൻ കഴിഞ്ഞതെന്നും ജോളി.

jolly-varkey-3
ജോളിയുടെ കുളത്തിലെ വലിയ മത്സ്യങ്ങൾ

അക്വോപോണിക്സിൽ പച്ചക്കറിയില്ല

വീട്ടുമുറ്റത്ത് അക്വാപോണിക്സ് സംവിധാനം ഒരുക്കിയ കാലം മുതൽ പച്ചക്കറികളായിരുന്നു ചെയ്തുപോന്നിരുന്നതെങ്കിൽ ഇപ്പോൾ അവിടെ പൂച്ചെടികൾ സ്ഥാനം പിടിച്ചിരിക്കുന്നു. തേനീച്ചക്കൃഷിയുള്ളതിനാൽ അവയ്ക്ക് ആവശ്യമായ തേനും പൂമ്പൊടിയും പ്രകൃതിയിൽത്തന്നെ ഒരുക്കിക്കൊടുക്കുന്നതിനുവേണ്ടിയാണ് തന്റെ ഈ ശ്രമമെന്ന് ജോളി (മഴമറയിലെ പച്ചക്കറിക്കൃഷി അവസാനിപ്പിച്ച് പത്തുമണിപ്പൂക്കൃഷി). അക്വാപോണിക്സ് സംവിധാനത്തിലെ ഗ്രോബെഡ്ഡിലും ടെറസിലെ മഴമറയിലും തേനീച്ചകൾക്കുവേണ്ടി മികച്ച പൂച്ചെടികളുടെ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഔഷധസസ്യങ്ങളുടെ വലിയൊരു ശേഖരവും ഇവിടെയുണ്ട്. ഗ്രോബെഡ്ഡിൽ വളരുന്ന കറ്റാർവാഴ ഔഷധകമ്പനികൾക്കു നൽകുന്നതിലൂടെ വരുമാനം ലഭിക്കുന്നു.

jolly-varkey-4
വരാൽ മത്സ്യങ്ങൾ

ഡിസംബറിൽ വരാൽ

വർഷങ്ങളോളം തിലാപ്പിയ മത്സ്യങ്ങളെ വളർത്തിയിരുന്ന ജോളി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വരാലിലാണ്. റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (റാസ്) ഒരുക്കിയിരിക്കുന്ന ടാങ്കിലാണ് വരാലുകളെ നിക്ഷേപിച്ചിട്ടുള്ളത്. കുളത്തിൽനിന്ന് പുറത്തു ചാടുന്ന സ്വഭാവം ഉള്ളതിനാൽ ചുറ്റും വലകെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. ഒരു നേരം മാത്രം പെല്ലെറ്റ് തീറ്റ നൽകുന്നതാണ് രീതി. കൂടാതെ പ്രകൃതിയിൽനിന്നുള്ള പ്രാണികളെയും മറ്റും ആകർഷിച്ച് കുളത്തിലേക്കെത്തിക്കുന്നതിനായി മുകളിൽ ഒരു എൽഇഡി ബൾബും ഉറപ്പിച്ചിട്ടുണ്ട്. പ്രകൃതിയിൽനിന്നുതന്നെ മികച്ച ഭക്ഷണം മത്സ്യങ്ങൾക്കു ലഭ്യമാക്കാൻ കഴിയുന്നതിലൂടെ തീറ്റച്ചെലവ് കുറയ്ക്കാൻ കഴിയുന്നുവെന്നും ജോളി. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടാണ് മത്സ്യങ്ങളെ വളർത്തിയിരിക്കുന്നത്. കൂടാതെ മറ്റൊരു ടാങ്കിൽ വലിയ വരാലുകളെയും വളർത്തുന്നുണ്ട്. തിലാപ്പിയകളെ സൂക്ഷിച്ചിരിക്കുന്നതുപോലെതന്നെയാണ് ഇവരെയും സൂക്ഷിച്ചിരിക്കുന്നത്.

വരാലിന് തീറ്റ തിലാപ്പിയ

ഇരപിടിയൻ മത്സ്യമായ വരാലിന് ഏറെ പ്രിയം ചെറു മത്സ്യങ്ങളെയാണ്. ഒരു കുളത്തിൽ വരാലുകൾക്ക് തീറ്റയാകുന്നത് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളാണ്. വരാലുകളെ നിക്ഷേപിച്ച കുളത്തിൽ വലക്കൂട് നിർമിച്ച് അതിൽ 300–400 ഗ്രാം തൂക്കമുള്ള വലിയ തിലാപ്പിയ മത്സ്യങ്ങളെ വളർത്തുന്നു. വലിയ മത്സ്യങ്ങളായതിനാൽ കുഞ്ഞുങ്ങൾ ഉണ്ടാകും. ഈ കുഞ്ഞുങ്ങൾ വലക്കൂടിന്റെ കണ്ണികൾക്കിടയിൽ പുറത്തേക്കെത്തും. അവയെ വരാലുകൾ ഭക്ഷണമാക്കുകയും ചെയ്യും. ഇത്തരത്തിൽ വളരുന്ന വരാലുകൾക്ക് മികച്ച വളർച്ചയുണ്ടെന്നും ജോളി.

jolly-varkey-2
ജോളിയും കുടുംബവും

മികച്ച ജലസംരക്ഷണം

തട്ടുകളായുള്ള പുരയിടത്തിലെ വെള്ളം പാഴാകാതെ സംരക്ഷിക്കാൻ ജോളി ശ്രദ്ധിക്കുന്നുണ്ട്. ടെറസിൽ വീഴുന്ന മഴവെള്ളം പ്രത്യേകം കുഴലിലൂടെ മത്സ്യക്കുളങ്ങളിലെത്തും. പുതിയ വെള്ളം വരുന്നത് അനുസരിച്ച് ടാങ്കിൽ അടിഞ്ഞിട്ടുള്ള മത്സ്യങ്ങളുടെ കാഷ്ഠവും മറ്റ് അവശിഷ്ടങ്ങളും പുറത്തേക്കു തള്ളും. ഇത് അരിച്ച് മാറ്റാൻ ഡ്രം വച്ചിട്ടുണ്ട്. അതിൽ പണം മുടക്കിയുള്ള ബയോ സ്പോഞ്ചും കല്ലുകളുമൊന്നും ഇടാതെ പ്ലാസ്റ്റിക് ചാക്ക് ഇട്ടിരിക്കുന്നു. കാഷ്ഠവും മറ്റും ഇതിൽ അടിയും. ഇത്തരത്തിൽ വെള്ളം എല്ലാ കുളങ്ങളിലൂടെയും സഞ്ചരിച്ച് വീണ്ടും ആദ്യ കുളത്തിൽത്തന്നെയെത്തും. അതുകൊണ്ട് മത്സ്യങ്ങൾക്ക് ആരോഗ്യവുമുണ്ടെന്ന് ജോളി. മത്സ്യക്കൃഷിക്ക് ഫിഷറീസ് വകുപ്പിന്റെ സഹായവും ജോളിക്ക് ലഭിക്കുന്നുണ്ട്. 

ഫോൺ: 9447613494

English summary: Jolly's tilapia fishes weigh 2 kg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com