ADVERTISEMENT

മികച്ച പാലുല്‍പാദനമുള്ള പശുക്കളെ പരിപാലിക്കാന്‍ ബുദ്ധിമുട്ടാണെന്നും രോഗങ്ങള്‍ വേഗം പിടിപെടുമെന്നും ചിന്തിക്കുന്ന ഒട്ടേറെ കര്‍ഷകരുണ്ട്. എന്നാല്‍, കേരളത്തിലെ ഒട്ടേറെ ഫാമുകളില്‍ 30 ലീറ്ററിനുമേല്‍ പാലുള്ള പശുക്കള്‍ മികച്ച രീതിയില്‍ വളര്‍ന്നുവരുന്നുണ്ട്. വീടിനോടു ചേര്‍ന്നുള്ള കൊച്ചു തൊഴുത്തില്‍ ജനിച്ചു വളര്‍ന്ന പശു രണ്ടാം പ്രസവത്തില്‍ 42 ലീറ്റര്‍ പാല്‍ ചുരത്തിയതും ഈ കേരളത്തിലാണ്. അതുകൊണ്ടുതന്നെ ആ പശുവും ഉടമയും എന്‍ഡിഡിബി ഡെയറി സര്‍വീസസിന്റെ സെമന്‍ സ്റ്റേഷനുകളിലൊന്നായ അലമാദി സെമന്‍ സ്റ്റേഷൻ പുറത്തിറക്കിയ 2022ലെ ഡെയറിയില്‍ ഇടംപിടിക്കുകയും ചെയ്തു. കാരണം അലമാദി സെമന്‍ സ്‌റ്റേഷനിലെ കാളയുടെ കുട്ടിയാണ്  42 ലീറ്റര്‍ പാല്‍ ചുരത്തിയത്. 

Alamadhi-Semen-Station

ഡെന്‍മാര്‍ക്കില്‍നിന്ന് ഇറക്കുമതി ചെയ്ത 40116 എന്ന നമ്പരിലുള്ള എച്ച്എഫ് കാളയായ അറ്റ്‌ലസിന്റെ മകളാണ് ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ കല്ലുവേലില്‍ മേഴ്‌സിയുടെ അരുമയായ കറുമ്പിപ്പശു. അലമാദി സെമെന്‍ സ്റ്റേഷനിലെ ഇറക്കുമതി ചെയ്ത ഇരുപതില്‍പരം എച്ച്എഫ് കാളകളില്‍ ഇന്ത്യയൊട്ടാകെ ആരാധകരുള്ള കാളയാണ് അറ്റ്‌ലസ്. പ്രവര്‍ത്തനമാരംഭിച്ച് 8 വര്‍ഷം പിന്നിടുമ്പോള്‍ ക്ഷീരമേഖലയില്‍ ഒട്ടേറെ സാധ്യതകള്‍ കര്‍ഷകര്‍ക്കായി പങ്കുവയ്ക്കുന്നു തമിഴ്‌നാട് ചെന്നൈയ്ക്കു സമീപം റെഡ് ഹില്ലിലെ അലമാദി സെമന്‍ സ്റ്റേഷന്‍.

അലമാദി സെമന്‍ സ്റ്റേഷന്‍

നാഷനല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്‍ഡിഡിബി ഡെയറി സര്‍വീസസാണ്. അതിനു കീഴില്‍ 5 സെമന്‍ സ്റ്റേഷനുകളും 18 മിൽക്ക് പ്രൊഡ്യൂസർ കമ്പനികളും പ്രവർത്തിക്കുന്നു. 2015 മേയ് ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച അലമാദി സെമന്‍ സ്റ്റേഷനില്‍  ആദ്യ 11 മാസംകൊണ്ടുതന്നെ 21 ലക്ഷം ബീജ സ്‌ട്രോകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞെന്ന് ജനറല്‍ മാനേജര്‍ ഡോ. എസ്.ഹരിശങ്കര്‍. കോട്ടയം ചങ്ങനാശേരി സ്വദേശി ഡോ. ഹരിശങ്കര്‍ സെമന്‍ സ്‌റ്റേഷന്റെ തുടക്കം മുതല്‍ ഇവിടെയുണ്ട്. കെഎല്‍ഡി ബോര്‍ഡിലെ ജോലിപരിചയം തനിക്കിവിടെ  സഹായകരമായെന്നു ഹരിശങ്കര്‍. 358 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന അലമാദി സെമന്‍ സ്റ്റേഷനില്‍ 150 ഏക്കര്‍ പുല്‍കൃഷിയുണ്ട്. കാളകൾക്കായി സിഒ 4, സിഒ5, ഹമിൽ, സ്റ്റൈലോ, സുബാബുൾ, അഗത്തി, മുരിങ്ങ, കോഎഫ്എസ് 29, ചോളം എന്നിവയാണ് കൃഷി. മൂവർ ഉപയോഗിച്ച് മുറിച്ചെടുക്കുന്ന പുല്ല് വാഹനത്തിൽ സെമൻ സ്റ്റേഷനിലെത്തിച്ച് സാന്ദ്രിത തീറ്റയും ധാതുലവണങ്ങളും ചേർത്ത് ടിഎംആർ ആയാണ് നൽകുന്നത്. 

Alamadhi-Semen-Station-GM
തോറിനും അറ്റ്ലസിനുമൊപ്പം ഡോ. എസ്.ഹരിശങ്കർ

അതീവ സുരക്ഷാ മേഖല

കാളകള്‍ക്ക് മികച്ച പരിചരണവും ശ്രദ്ധയും നല്‍കുന്നതിനാല്‍ ജൈവസുരക്ഷാ മാനദണ്ഡങ്ങള്‍ ഇവിടെ കര്‍ശനം. സെമന്‍ സ്റ്റേഷന്റെ പരിസരം ഗ്രീന്‍, യെല്ലോ, റെഡ് എന്ന് 3 മൂന്നു സോണ്‍ ആയി തിരിച്ചിരിക്കുന്നു. ഏറ്റവും പുറമേയുള്ള ഗ്രീന്‍ സോണില്‍ മാര്‍ക്കറ്റിങ് സെന്റര്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, ഫോഡർ ഫീൽഡ് എന്നിവയാണ്. വാഹനങ്ങള്‍ക്ക് ഇവിടെവരെ മാത്രമാണ് പ്രവേശനാനുമതി. ഗ്രീനില്‍നിന്ന് യെല്ലോയിലേക്ക് പ്രവേശിക്കുമ്പോള്‍ പാദരക്ഷകള്‍ മാറ്റി കൈകള്‍ 4% സോഡിയം കാര്‍ബണേറ്റ് ലായനിയില്‍ അണുവിമുക്തമാക്കണം. ഓഫിസ്, കാറ്റില്‍ ഫീഡ് ഗോഡൗണ്‍ എന്നിവ യെല്ലോ സോണിലാണ്. 40 ഏക്കർ വിസ്തൃതിയുള്ള റെഡ് സോണിലാണ് ലബോറട്ടറിയും കാളകളെ പാര്‍പ്പിക്ക‍ുന്ന 7 ഷെഡ്ഡുകളും. സെമന്‍ ശേഖരണവും ഇവിടെത്തന്നെ. യെല്ലോ സോണില്‍നിന്ന് റെഡ് സോണിലേക്ക്, നിയോഗിക്കപ്പെട്ടവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. വസ്ത്രങ്ങള്‍ മാറി കുളിച്ച് ഫാമിനുള്ളില്‍ സേഫ്റ്റി ഏപ്രൺ ധരിച്ചാണ് പ്രവേശിക്കുന്നത്. 

Alamadhi-Semen-Station-filling-and-sealing
ബീജം സ്ട്രോകളിൽ നിറയ്ക്കുന്നു. ഫില്ലിങ്ങും സീലിങ്ങും ഒരേസമയം നടക്കുന്നു.

ഉല്‍പാദനവും വിപണനവും

മികച്ച കാളകളില്‍നിന്ന് ബീജം ശേഖരിച്ച് വിതരണം ചെയ്യുകയാണ് അലമാദി സെമന്‍ സ്റ്റേഷന്റെ പ്രധാന കര്‍ത്തവ്യം. 2021-’22 സാമ്പത്തികവര്‍ഷത്തില്‍ 87 ലക്ഷം സെമന്‍ സ്‌ട്രോകള്‍ ഉല്‍പാദിപ്പിക്കുകയും 89 ലക്ഷം സ്‌ട്രോകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഈ വര്‍ഷം 90 ലക്ഷം ഉല്‍പാദനവും 95 ലക്ഷം വിതരണവുമാണ് ലക്ഷ്യം. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, കര്‍ണാടക, കേരളം എന്നിവിടങ്ങളിലാണ് ദക്ഷിണേന്ത്യയില്‍ പ്രധാനമായും വിതരണം. പഞ്ചാബിലും ആവശ്യക്കാരേറെ.

Alamadhi-Semen-Station-collection-yard
കളക്ഷൻ യാർഡ്

ദേശിയും വിദേശിയും 

2015ല്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ വിദേശ ജനുസ്സുകളും അവയുടെ ക്രോസ് ബ്രീഡുകളും മാത്രമായിരുന്നു അലമാദി സെമന്‍ സ്‌റ്റേഷനില്‍. എന്നാല്‍, പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ ഇന്ത്യന്‍ ബ്രീഡ് നയത്തിന്റെ ഭാഗമായി ദേശി ഇനങ്ങളും എത്തി. 2017 മുതല്‍ നാടന്‍ ജനുസ്സുകളുടെ  ബീജശേഖരണവും തുടങ്ങി. കാളകളുടെ 7 സങ്കര ഇനങ്ങള്‍, 2 വിദേശ ഇനം (എച്ച്എഫ്, ജേഴ്സി), 15 ഇന്ത്യന്‍ ഇനങ്ങള്‍,  പോത്ത് 7 ഇനങ്ങള്‍ എന്നിങ്ങനെയാണ് എന്‍ഡിഡിബി ഡെയറി സര്‍വീസസിനുള്ളത്. ഇവയില്‍ 22 ഇനം കാളകളിലും മൂന്നിനം പോത്തുകളിലുമായി 287 ഉരുക്കള്‍ അലമാദിയിലുണ്ട്. ഏറ്റവുമധികം ഇന്ത്യന്‍ ഇനങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സെമന്‍ സ്‌റ്റേഷനും ഇതാണ്. കേരളത്തിന്റെ വെച്ചൂര്‍, തമിഴ്‌നാടിന്റെ കാങ്കയം, ആന്ധ്രയുടെ പുങ്കനൂര്‍, ഓങ്കോള്‍, കര്‍ണാടകയുടെ ഹള്ളിക്കര്‍ എന്നിങ്ങനെ ഓരോ സംസ്ഥാനങ്ങളുടെയും തനതിനങ്ങളെയും പരിരക്ഷിക്കുന്നു. കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് വെച്ചൂര്‍ കാളകളെ എത്തിച്ചത്.

Alamadhi-Semen-Station-tomcat-and-mig
ടോംക്യാറ്റ് (ഇടത്ത്), മിഗ് (വലത്ത്)

ഡിമാന്‍ഡ് ഏറെയുള്ള കാളകള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി ഈ സ്റ്റേഷനിലെ കാളകളുടെ ബീജം പോകുന്നുണ്ടെങ്കിലും പ്രീമിയം കാളകളുടെ ആവശ്യക്കാര്‍ പഞ്ചാബിലെ കര്‍ഷകരാണ്. അവിടെ വര്‍ഷാവര്‍ഷം നടക്കുന്ന പ്രോഗ്രസീവ് ഡെയറി ഫാർമേഴ്സ് അസോസിയേഷന്‍ മീറ്റുകളില്‍ മികച്ച പാലുല്‍പാദനമുള്ള പശുക്കളില്‍ ആദ്യ 10 സ്ഥാനങ്ങളിലെത്തുന്നത് അലമാദി സെമന്‍ സ്‌റ്റേഷനിലെ ഇറക്കുമതി ചെയ്ത എച്ച്എഫ്, ജേഴ്‌സി കാളകളുടെ കുട്ടികളാണ്. നിലവില്‍ ജേഴ്‌സിയില്‍ ഒന്നാം സ്ഥാനത്തുള്ളത് അലമാദിയിലെ 40146 (ടോം ക്യാറ്റ്) കാളയുടെ കുട്ടിയാണ്. അതു പോലെ 40116 (അറ്റ്‌ലസ്), 40120 (തോര്‍), 40138 (മിഗ്) എന്നീ കാളകളുടെ കുട്ടികള്‍ക്കുമുണ്ട്  മികച്ച പാലുല്‍പാദനം. ഈ കാളകളുടെയൊക്കെ ബീജത്തിന് വലിയ ഡിമാന്‍ഡുണ്ട്. ബീജശേഖരണത്തിനുശേഷം ഒരു മാസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് ദിവസങ്ങൾക്കകം അവ തീരുന്ന സ്ഥിതിയാണുള്ളത്.

Alamadhi-Semen-Station-atlas-and-thor
തോർ (ഇടത്ത്), അറ്റ്ലസ് (വലത്ത്)

അറ്റ്‌ലസിനും തോറിനും ശേഷം

ഇന്ത്യയില്‍ത്തന്നെ ഏറെ ആരാധകരുള്ള ഇംപോര്‍ട്ടഡ് എച്ച്എഫ് കാളകളാണ് അറ്റ്‌ലസും (40116) തോറും (40120). ഭ്രൂണമാറ്റം (എംബ്രിയോ ട്രാന്‍സ്ഫര്‍) വഴി ജനിച്ച ഇരുവരുടെയും അമ്മയ്ക്ക് ഒരുല്‍പാദന കാലത്ത് (305 ദിവസം) ലഭിച്ച പാല്‍ 18,162 കിലോയാണ്.  ഇവരുടെ മക്കള്‍ക്കും മികച്ച പാലുല്‍പാദനമുണ്ട്. അറ്റ്‌ലസിന്റെ മകള്‍ 62 ലീറ്റര്‍ പാല്‍ നല്‍കിയതായി പഞ്ചാബില്‍നിന്ന് റിപ്പോര്‍ട്ടുണ്ട്.

അറ്റ്‌ലസും തോറും 7 വയസ്സ് പിന്നിട്ടു. സെമന്‍ സ്റ്റേഷനുകളില്‍ സാധാരണ 10 വയസ്സിനു മുകളില്‍ കാളകളെ ഉല്‍പാദനത്തിനായി സൂക്ഷിക്കാറില്ല.  അറ്റ്‌ലസും തോറും അലമാദി സെമന്‍ സ്‌റ്റേഷനില്‍നിന്ന് മാറുമ്പോള്‍ അവരെക്കാള്‍ മികച്ചവര്‍ ഇല്ലാതെ പറ്റില്ലല്ലോ? ജര്‍മനിയില്‍നിന്ന് പുതുതായി എത്തിച്ച 2 കാളക്കുട്ടികള്‍ അറ്റ്‌ലസിനെയും തോറിനെയും കടത്തിവെട്ടാന്‍ പോന്നവരാണെന്ന് അധികൃതര്‍ പറയുന്നു. എംബ്രിയോ ട്രാന്‍സ്ഫര്‍ വഴിയാണ് ഇവയും പിറന്നത്.  40432 (മിഡ്‌നൈറ്റ്), 40433 (താനോസ്) എന്നിവരുടെ അമ്മയ്ക്ക് 19,548 കിലോ പാലാണ് ഒരു ഉല്‍പാദനകാലത്ത് ലഭിച്ചത്. രണ്ടരയും രണ്ടും വയസ്സുള്ള ഇരുവരുടെയും ബീജസ്‌ട്രോകള്‍ക്ക് പഞ്ചാബില്‍ മികച്ച പ്രതികരണമാണുള്ളതെന്നു ഡോ. ഹരിശങ്കര്‍.

Alamadhi-Semen-Station-midnight-and-thanos
താനോസ് (ഇടത്ത്), മിഡ്നൈറ്റ് (വലത്ത്)

ബീജശേഖരണം

ഇവിടെയുള്ള 287 കാളകളില്‍ ഏകദേശം 255 എണ്ണത്തില്‍നിന്ന് ബീജശേഖരണം നടക്കുന്നു. ആഴ്ചയില്‍ 2 ദിവസമാണ് ഒരു കാളയില്‍നിന്ന് ബീജം ശേഖരിക്കുക. ഒരു ദിവസം വിവിധ ഇനങ്ങളിലായി 80ലധികം കാളകൾ സെമൻ കളക്‌ഷൻ യാർഡിലെത്തുന്നു.

Alamadhi-Semen-Station-collection
കാളയെത്തന്നെ ഡമ്മിയായി നിർത്തി ഇണചേരാനുള്ള ത്വര സൃഷ്ടിച്ചശേഷമാണ് ബീജശേഖരണം

ഓരോ കാളയുടെയും ബീജം ശേഖരിച്ചു വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷം സ്റ്റിക്കര്‍ പതിപ്പിച്ച് ലബോറട്ടറിയിലേക്കു മാറ്റും. അവിടെ ബീജാണുക്കളുടെ ചലനം പരിശോധിച്ച് നേര്‍പ്പിച്ച് സ്‌ട്രോകളില്‍ നിറയ്ക്കും. ഇത്തരത്തില്‍ സ്‌ട്രോകളില്‍ നിറച്ച ബീജം വിവിധ ഘട്ടങ്ങളിലൂടെ കടന്ന് മൈനസ് 196 ഡിഗ്രി ദ്രവ നൈട്രജനില്‍ സൂക്ഷിക്കുന്നു. ശേഷം ഒരു മാസത്തെ ക്വാറന്റീന്‍ കഴിഞ്ഞു മാത്രം വിതരണക്കാര്‍ക്ക് കൈമാറുന്നു.

Alamadhi-Semen-Station-straw-and-semen
അറ്റ്ലസിന്റെ ബീജം നിറച്ച സ്ട്രോകൾ (ഇടത്ത്), സ്ട്രോകളിൽ നിറയ്ക്കുന്നതിനായി തയാറാക്കിയ ബീജം (വലത്ത്)

ഫ്‌ളൂറസെന്റ് സ്‌ട്രോ

ഇന്ത്യയിലെതന്നെ സെമന്‍ വിതരണത്തില്‍ 56 ശതമാനം വിപണിവിഹിതമുള്ള എന്‍ഡിഡിബി ഡെയറി സര്‍വീസസിന്റെ പേരില്‍ വ്യാജ സ്‌ട്രോകളും വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരു കമ്പനിക്കും അവകാശപ്പെടാനില്ലാത്ത ഇംപോര്‍ട്ടഡ് ഫ്‌ളൂറസെന്റ് സ്‌ട്രോകളാണ് ഇവിടെ ഉപയോഗിക്കുന്നത്. മാത്രമല്ല, സ്‌ട്രോയിലെ ആറക്ക നമ്പര്‍ 9900399000 എന്ന ഫോൺ നമ്പരിലേക്ക് മെസേജ് അയച്ചാൽ ആ സ്ട്രോ എൻഡിഡിബിയുടേതു തന്നെയാണോ എന്ന് ഉറപ്പുവരുത്താം. ഒരു സ്ട്രോയിലെ ആറക്ക നമ്പർ ഇത്തരത്തിൽ 2 തവണ മാത്രമേ പരിശോധിക്കാൻ കഴിയൂ.

Alamadhi-Semen-Station-liquid-nitrogen
ബയോഫ്രീസർ ഉപയോഗിച്ച് -196 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിച്ച ബീജസ്ട്രോകൾ ദ്രവനൈട്രജനിലേക്കു മാറ്റുന്നു

പ്രത്യേക പാര്‍പ്പിടം

52 പെന്നുകള്‍ അടങ്ങിയ വലിയ ഷെഡ്ഡുകളിലാണ് ഓരോ കാളയുടെയും താമസം. ഓരോ പെന്നിനും 8 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുണ്ടാകും. കോണ്‍ക്രീറ്റും മണലും വിരിച്ചതാണ് തറ. കാളകളുടെ കുളമ്പുകളുടെ ആരോഗ്യത്തിന് മണല്‍ വിരിച്ച തറയാണ് ഉത്തമം. വായു കയറി ഇറങ്ങുന്ന വിധത്തില്‍ ജിഐ പൈപ്പുകള്‍ ഉപയോഗിച്ചാണ് ഓരോ പെന്നിന്റെയും നിര്‍മാണം. ചൂട് കുറയ്ക്കാന്‍ ഫാനുകളും ഫോഗറുകളും ഷെഡ്ഡിലുണ്ട്. ടിഎംആര്‍ രീതിയില്‍ ഭക്ഷണം നല്‍കുന്നു. എപ്പോഴും ശുദ്ധജലം ലഭിക്കാന്‍ വാട്ടര്‍ ബൗളുകളുമുണ്ട്.

ഏറ്റവും മികച്ച വംശപാരമ്പര്യം ഏറ്റവും കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ക്ക് എത്തിക്കാന്‍ എന്‍ഡിഡിബി ഡെയറി സര്‍വീസസ് ശ്രദ്ധിക്കുന്നു. അലമാദി സെമന്‍ സ്റ്റേഷന് തമിഴ്‌നാട്ടില്‍ 14 വിതരണക്കാരുണ്ട്.   കോയമ്പത്തൂരിലെ   ടാൻജെൻ ലാബ്സും ഡബിൾ ബുള്ളുമാണ് കേരളത്തിൽ സെമെന്‍ സ്‌ട്രോകള്‍ വിതരണം ചെയ്യുന്നത്. 

പശുക്കളുടെ വില്‍പന

കര്‍ഷകര്‍ ആവശ്യപ്പെടുന്നതനുസരിച്ച് മികച്ച പശുക്കളെ എത്തിക്കാനും എൻഡിഡിബി ശ്രദ്ധിക്കുന്നുണ്ട്. അസം സര്‍ക്കാര്‍  200 ഗിര്‍ പശുക്കളെ ഈയിടെ വാങ്ങി. കേരളത്തിലെ 2 കര്‍ഷകര്‍ ഭ്രൂണമാറ്റം വഴി ഗര്‍ഭിണിക ളായ മികച്ച പശുക്കളെ സ്വന്തമാക്കിയിട്ടുണ്ട്.

Alamadhi-Semen-Station-mercy
മേഴ്സിയും കറുമ്പിപ്പശുവും (ഇടത്ത്), എൻഡിഡിബി ഡയറിയിൽ ഇടംപിടിച്ചപ്പോൾ (വലത്ത്)

മേഴ്സിയുടെ കറമ്പിപ്പശു

രണ്ടാം പ്രസവത്തിൽ 42 ലീറ്റർ ചുരത്തിയാണ് ഇടുക്കി വാത്തിക്കുടി കല്ലുവേലിൽ മേഴ്സിയുടെ കറുമ്പിപ്പശു ക്ഷീരകർഷകരുടെ മനസ്സിൽ ഇടം പിടിച്ചത്.  കറവയ്ക്കൊപ്പം ഒരു കാമ്പ് പൂർണമായും കുട്ടിക്കുള്ളതാണ്. കൂടാതെ അമ്മയുടെ പാൽ പല നേരങ്ങളി ലായി കുട്ടിക്കു നൽകും. ഇടവിട്ടിടവിട്ട് കുടിപ്പിക്കും. കുറഞ്ഞത് 6 മാസം അമ്മയുടെ പാൽ കുട്ടിക്ക് ലഭിക്കും. കന്നു കുട്ടികളാണ് ഭാവിയിലെ മുതൽക്കൂട്ട് എന്നതാണ് മേഴ്സിയുടെ പക്ഷം. പതിയെ കാഫ് സ്റ്റാർട്ടറും നൽകിത്തുടങ്ങും. കൃത്യമായ ഇടവേളകളിൽ വിരമരുന്നും നൽകും. നന്നായി പാൽ കുടിപ്പിക്കുന്നതുകൊണ്ട് തന്റെ വീട്ടിലുണ്ടാകുന്ന കുട്ടികളെല്ലാം ഏഴാം മാസം മദിലക്ഷണം കാണിക്കാറുണ്ടെന്ന് മേഴ്സി. എങ്കിലും ഒന്നര വയസ്സ് കഴിയാതെ ബീജാധാനം നടത്താറില്ല.

ഗർഭകാലത്തും നല്ല രീതിയിൽ പരിചരണം നൽകാറുണ്ട്. മൂന്നാം ചെനയിലാണ് കറമ്പി ഇപ്പോൾ. ഒരു വർഷത്തോളം പാൽ കറന്നതിനാൽ ചെനയുടെ അഞ്ചാം മാസത്തിൽ കറവ നിർത്തി. പ്രസവത്തിന് ഒരു മാസം മുൻപ് മുതൽ അകിടുനീര് ഉണ്ടാകാതിരിക്കാനുള്ള ഹോമിയോ മരുന്നു നൽകും. പ്രസവസമയത്ത് ചെറുപയർ നൽകാറുണ്ട്.  കൂടാതെ 50 മില്ലി കാത്സ്യം സപ്ലിമെന്റും ഒപ്പം സോഡാപ്പൊടിയും തീറ്റയ്ക്കൊപ്പം നിത്യേന നൽകും. പരുത്തിപ്പിണ്ണാക്ക്,  ഗോതമ്പുതവിട്, അരിത്തവിട്, പെല്ലറ്റ് എന്നിവയാണ് സാന്ദ്രിത തീറ്റ.  യഥേഷ്ടം പച്ചപ്പുല്ലും നൽകും.

പത്തു വർഷമായി എൻഡിഡിബി ബീജം

ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ പടമുഖം ക്ഷീരസംഘത്തിന്റെ പരിധിയിലുള്ള കർഷകർക്ക് 10 വർഷത്തിലേറെയായി എൻഡിഡിബി ബീജമാണ് ലഭ്യമാക്കുന്നതെന്ന് പ്രസിഡന്റ് ജോബി വയലിൽ. അത്തരത്തിൽ ജനിച്ച കുട്ടികൾ പ്രതിദിനം 25 ലീറ്റർ പാലിനു മുകളിൽ നൽകുന്നുണ്ട്. എൻഡിഡിബിയുടെ പ്ലാറ്റിനം, ഗോൾഡ് സീരീസുകളിൽപ്പെട്ട കാളകളുടെ ബീജമാണ് ഉപ യോഗിക്കുന്നത്. വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമായതിനാൽ കർഷകർ ആവശ്യപ്പെടുന്ന കാളകളുടെ ബീജമാണ് പ്രധാനമായും പശുക്കൾക്ക് കുത്തിവയ്ക്കുന്നതെന്ന് പടമുഖം ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് ഷിജോ സുകുമാരൻ പറഞ്ഞു. ഇടുക്കി ജില്ലയിലെ പല ക്ഷീരസംഘങ്ങളും ഇപ്പോൾ ഇത്തരത്തിൽ മികച്ച കാളകളുടെ ബീജം കർഷകരിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഷിജോ. 

ഫോണ്‍: അലമാദി സെമൻ സ്റ്റേഷൻ  7092922400, 7092922433. വെബ്സൈറ്റ്: www.alamadhisemenstation.com

എൻഡിഡിബി സെമൻ വിതരണം ചെയ്യുന്ന ഏജൻസികൾ

  • ടാൻജെൻ ലാബ്സ് (കോയമ്പത്തൂർ) - 98470 88731
  • ഡബിൾ ബുൾ (കോയമ്പത്തൂർ) - 98479 32207

English summary: All About Alamadhi Semen Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com