ADVERTISEMENT

ഇനി ചക്കയുടെ കാലമാണ്. കേരളത്തിലെ പലേടങ്ങളിലും ചക്ക മൂത്തുതുടങ്ങിയിരിക്കുന്നു. പലരും ചക്ക കഴിക്കുകയും ചെയ്തു. കച്ചവടക്കാരും വിപണിയിൽ സജീവമായി. ഇടിച്ചക്ക വാങ്ങാൻ കർഷകരേത്തേടി അവർ എത്തിത്തുടങ്ങി. വിയറ്റ്നാം ഏർളി പോലുള്ള പുതു ചക്കയിനങ്ങൾ വിപണിയിൽ പ്രചാരത്തിലുണ്ടെങ്കിലും പലർക്കും പ്രിയം നാടൻ എന്നു വിളിക്കുന്ന വലിയ പ്ലാവുകളും അതിലെ ചക്കകളുമാണ്.

കൃഷിയിടത്തിൽനിന്ന് ചക്ക വീട്ടിലെത്തിച്ചാൽ സാധാരണ കോടാലി ഉപയോഗിച്ചായിരിക്കും മുറിക്കുക. അതിനുശേഷമേ കത്തിയുടെ ഉപയോഗം ഉണ്ടാകൂ. കോടാലിയേക്കാൾ ആയാസരഹിതമായി ചക്കമുറിക്കാൻ സഹായിക്കുന്ന ചെറു ഉപകരണം കർഷകശ്രീ പരിചയപ്പെടുത്താം. ഉരുക്കു പ്ലേറ്റ് ഉപയോഗിച്ച് നിർമിച്ച്, ഫ്രെയിമിൽ ഘടിപ്പിച്ച മൂർച്ചയേറിയ ‘ചക്കക്കത്തി’. ഒരു ഉരുക്കു പ്ലേറ്റ് എങ്ങനെ കത്തിയായി മാറുന്നു എന്നു കാണാം.

കർഷകർ ഉപയോഗിക്കുന്ന പണിയായുധങ്ങൾ എങ്ങനെയാണ് നിർമിക്കുന്നതെന്ന് ചിത്രീകരിക്കുന്നതിനാണ് കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപം കുറുമണ്ണിലുള്ള പറങ്കിമാവിളയിൽ ബിജു ശങ്കരന്റെ ആലയിൽ എത്തിയത്. കാർഷികോപകരണങ്ങൾ നിർമിച്ച് വിൽക്കുന്ന ഇരുമ്പുപണിക്കാരനാണ് ബിജു. ചക്കയുടെ സീസൺ അടുത്തതിനാൽ ചക്ക മുറിക്കുന്നതിനുള്ള കത്തിയായിരുന്നു അദ്ദേഹം നിർമിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ അത് നിർമിക്കുന്ന രീതി ചിത്രീകരിക്കാനും കഴിഞ്ഞു.

വാഹനങ്ങളുടെ പ്ലേറ്റ് എത്തിച്ച് ആവശ്യാനുസരണം മുറിച്ചെടുത്താണ് കാർഷികോപകരണങ്ങൾ നിർമിക്കുന്നത്. വലിയ ഉരുക്ക് പ്ലേറ്റ് കട്ടർ ഉപയോഗിച്ച് ചെറുതായി മുറിച്ചെടുത്തശേഷം ഉലയിൽ വച്ച് പഴുപ്പിക്കുന്നു. കാലം മാറിയതിനാൽ കൈകൊണ്ടു പ്രവർത്തിക്കുന്ന ബ്ലോവർ ആലകളിൽനിന്ന് പോയ്‌മറഞ്ഞു. ഇലക്ട്രിക് ബ്ലോവറാണ് ബിജു ഇവിടെ ഉപയോഗിക്കുന്നത്. അതിലേക്ക് മരക്കരിയും കൽക്കരിയും വച്ച് കത്തിച്ച് പ്ലേറ്റ് പഴുപ്പിക്കുന്നു. 

biju-jackfruit-cutter-1
പ്ലേറ്റിന്റെ കനം കുറയ്ക്കാൻ ഉപയോഗിക്കുന്ന റോളർ

നന്നായി പഴുത്ത പ്ലേറ്റ് ചുറ്റിക ഉപയോഗിച്ച് അടിച്ചുപരത്തുന്ന രീതിയും ഇല്ല. അതിനായി റോളറുകളാണ് ഇപ്പോൾ ഉപയോഗിക്കുക. താൻ സ്വന്തമായി നിർമിച്ച റോളറിലാണ് ബിജു പ്ലേറ്റ് പരത്തുക. നന്നായി പഴുത്ത പ്ലേറ്റ് റോളറിലേക്ക് കടത്തിവിട്ട് വലിച്ചെടുക്കുന്നു (റബർഷീറ്റ് അടിക്കുന്നതുപോലെ). ആവശ്യമായ നീളം എത്തിയാൽ പുളവ് നിവർത്തി തണുക്കാൻ വയ്ക്കും. തണുത്തശേഷം 20 ഇഞ്ച് നീളത്തിൽ വായ്ത്തല വരത്തക്കവണ്ണം മുറിക്കും. ഒപ്പം പിടിയുടെ ഭാഗവും മുറിച്ച് ക്രമീകരിക്കും. അതിനുശേഷം വീണ്ടും ഉലയിലേക്ക്.

biju-jackfruit-cutter-2
കത്തിക്ക് പിടിയിടുന്നു

രണ്ടാം ഘട്ടത്തിൽ ഉലയിൽവച്ച് പഴുപ്പിച്ച ഇരുമ്പുപാളി റോളറിലെ മറ്റൊരു ഭാഗത്തൂടെ കടത്തിവിട്ട് വായ്ത്തല വയ്ക്കും. തണുത്തശേഷം പിടിയിട്ട് വായ്ത്തലയ്ക്ക് മൂച്ച കൂട്ടും. ഏകദേശം 5–6 ഇഞ്ച് വലുപ്പത്തിലാണ് കത്തിയുടെ പിടിയിടുക. ഇതിനായി റൗണ്ട് പൈപ്പ് ഉപയോഗിക്കുന്നു. ഒപ്പം ഫ്രെയിമിൽ ഉറപ്പിക്കുന്നതിന് ദ്വാരവും ഇടും. കത്തിയിൽ പൈപ്പ് വെൽഡ് ചെയ്തു പിടിപ്പിച്ചശേഷമാണ് ഗ്രൈൻഡ് ചെയ്ത് മൂച്ച കൂട്ടുക. മെഷീൻ ഉപയോഗിച്ച് ഗ്രൈൻഡ് ചെയ്തശേഷം അരം ഉപയോഗിച്ച് രാകി മിനുക്കും. ഇതിനുശേഷമാണ് ഹാർഡനിങ്. അതായത് കത്തി വീണ്ടും പഴുപ്പിച്ചശേഷം വെള്ളത്തിൽ മുക്കിയെടുക്കുന്നു. ഇരുമ്പിന് കൂടുതൽ ദൃഢത ലഭിക്കാനാണിത് ചെയ്യുന്നത്. 

ഹാർഡനിങ് ചെയ്യുമ്പോൾ വീണ്ടും വായിത്തലയുടെ നിറം മാറും. അതിനാൽ ഒരിക്കൽക്കൂടി രാകിമിനുക്കി പൈപ്പ് ഉപയോഗിച്ച് നിർമിച്ച ഫ്രെയിമിലേക്ക് നട്ടും ബോൾട്ടും ഉപയോഗിച്ച് ഘടിപ്പിക്കും. ചക്ക, കരിക്ക് പോലുള്ളവ ഇതുപയോഗിച്ച് അനായാസം മുറിക്കാമെന്ന് ബിജു. ഉപയോഗം കഴിഞ്ഞ് വൃത്തിയാക്കിയശേഷം എണ്ണ പുരട്ടി സൂക്ഷിക്കണം.

വിവിധതരം കത്തികൾ, വാക്കത്തി, അരിവാൾ, കൈത വെട്ടാനുള്ള വാക്കത്തി, റബർക്കത്തി, റബർ ചുരണ്ടി, ചെറുതും വലുതമായ തൂമ്പകൾ, കോടാലി, തൂമ്പക്കൈകൾ എന്നിങ്ങനെ കർഷകർക്കാവശ്യമുള്ള എല്ലാവിധ പണിയായുധങ്ങളും ബിജു നിർമിക്കുന്നുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലെ കടകളിലൂടെയാണ് ഇവയുടെ വിപണനം.

ഫോൺ: 9745352478

English summary: Making of Jackfruit Cutting Knife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com