1.75 ലക്ഷം കോഴികളുടെ ഫാം, ഒരു കൂട്ടിൽ എണ്ണം 28000: പരിചരിക്കാൻ വെറും 9 പേർ
Mail This Article
മണലാരണ്യത്തിലെ കോഴിവ്യവസായം - രണ്ട്
റിയാദിൽനിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയാണ് ‘മറാത്ത്’ എന്ന പട്ടണം. മരുഭൂമിയിലെ പുരാതനമായ ഒരു ജനവാസകേന്ദ്രമാണ് മറാത്ത്. സുപ്രീം ഫുഡ് കമ്പനിയുടെ ഫാമുകളിൽ ഒന്ന് അവിടെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഞങ്ങൾ പിറ്റേദിവസം രാവിലെ മറാത്ത് ഫാമിലേക്കു തിരിച്ചു. മരുഭൂമിക്കു നടുവിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഇടയ്ക്കിടയ്ക്ക് ചെറിയ കടകളും പെട്രോൾ സ്റ്റേഷനുമൊക്കെ കാണാൻ കഴിയും. കിലോമീറ്ററുകളോളം നീണ്ടു നിവർന്നു കിടക്കുന്ന റോഡ്. റോഡിനിരുവശവും മണൽക്കുന്നുകളും അങ്ങിങ്ങ് ചില പച്ചപ്പുകളും കാണാൻ കഴിയും.
1.75 ലക്ഷം കോഴികൾ വളരുന്ന ഫാമിലേക്കാണ് പോകുന്നതെന്നറിഞ്ഞപ്പോൾ, കാണാനുള്ള ആകാംക്ഷ വർധിച്ചു. ഏക്കറു കണക്കിന് സ്ഥലത്ത് എണ്ണമറ്റ ഷെഡുകൾ നിരന്നു നിൽക്കുന്നത് ഞാൻ മനസ്സിൽ കണ്ടു. ഓരോ ഷെഡിലും 5000 കോഴികളെങ്കിലും കാണുമായിരിക്കും. അങ്ങനെയെങ്കിൽ 35 ഷെഡുകൾ? അപ്പോൾ എത്ര തൊഴിലാളികൾ? അറിയാനുള്ള ആകാംക്ഷ കൊണ്ട് ഞങ്ങളോടൊപ്പമുള്ള സീനിയർ മാനേജർ റിച്ചാർഡിനോട് ഞാൻ ചോദിച്ചു. ഈ ഫാമിൽ എത്ര തൊഴിലാളികളുണ്ടാവും. അദ്ദേഹം എന്നോട് തിരിച്ച് ഒരു ചോദ്യമാണ് മറുപടിയായി ചോദിച്ചത്. ‘എത്രകാണുമെന്ന് സങ്കൽപിച്ചു നോക്കൂ?’ ഞാൻ മനസ്സിൽ കൂട്ടി 35 ഷെഡ് കാണുമായിരിക്കും. ഓരോ ഷെഡിനും രണ്ട് പേരെങ്കിൽ ആകെ 70 പേർ വേണം. ഞാൻ പറഞ്ഞു 70.
റിച്ചാർഡ് സായിപ്പ് ചെറുതായൊന്ന് ചിരിച്ചിട്ട് പറഞ്ഞു. ‘ഒൻപതു’ പേരെ ഉള്ളൂ.
എന്റെ അറിവില്ലായ്മയെ കളിയാക്കിയതായിരിക്കും എന്ന് കരുതി ഞാൻ ഒന്നും മിണ്ടാതെ ‘മൗനം വിദ്വാനു ഭൂഷണം’ എന്ന മട്ടിലിരുന്നു. പിന്നീട് ഫാമിലെത്തുന്നതു വരെ ഞാൻ ഒന്നും മിണ്ടിയില്ല. ഗേറ്റ് കടന്ന് വാഹനം ഉള്ളിലേക്കു പോകുന്ന സ്ഥലത്ത് ‘വെഹിക്കിൾ ഡിപ്പ്’ എന്ന സംവിധാനമുണ്ട് അതിലെ വെള്ളത്തിൽ ടയറുകൾ മുങ്ങി കയറിയിറങ്ങിയാണ് വണ്ടി ഉള്ളിലേക്ക് പ്രവേശിക്കുന്നത്. പുറത്തുനിന്നുള്ള അണുബാധ വാഹനം മുഖേന അകത്തു കടക്കാതിരിക്കാനുള്ള ഒരു പ്രതിരോധ സംവിധാനമാണിത്.
ഫാമിന്റെ പാർക്കിങ് ഏരിയായിൽ, വാഹനം പാർക്ക് ചെയ്ത് വണ്ടിയിൽ നിന്നിറങ്ങി ചുറ്റും നോക്കി എവിടെ കോഴി ഷെഡുകൾ? ഒരു തൊഴിലാളിയെ പോലും പുറത്തു കാണുന്നില്ല. കോഴിയുടെ ശബ്ദകോലാഹലങ്ങളോ, അമോണിയ ഗന്ധമോ ഒന്നും തന്നെ അനുഭവപ്പെടുന്നില്ല. ഏകദേശം 100 മീറ്ററോളം നീളം വരുന്ന ദീർഘ ചതുരാകൃതിയിലുള്ള ആറു നിർമിതികൾ കാണാം കൂടാതെ ഒരു വാട്ടർ ടാങ്കും. കൂടുതലൊന്നും ചോദിച്ച് മോശക്കാരനാകാതെ ഞാൻ മറ്റുള്ളവരോടൊപ്പം സന്ദർശക റൂമിലേക്കു കയറി.
ഒരു പാകിസ്ഥാനി ആയിരുന്നു ആ ഫാമിന്റെ മാനേജർ. സൗഹൃദസംഭാഷണങ്ങൾക്ക് ശേഷം, വസ്ത്രം മാറി ഫാമിലെ വസ്ത്രങ്ങളും, ഷൂവും ധരിച്ച് ഞങ്ങൾ ഷെഡ് കാണാനായി തിരിച്ചു. 104 മീറ്റർ നീളവും 14 മീറ്റർ വീതിയുമുള്ള ദീർഘ ചതുരാകൃതിയിൽ കണ്ട നിർമിതിയാണ് ഒരു ഷെഡ്. അത്തരത്തിലുള്ള 6 ഷെഡുകളാണ് ആ ഫാമിലുള്ളത്. ഓരോ ഷെഡും ഇൻസുലേറ്റഡ് ആണ് പുറമേ നിന്നുള്ള വെളിച്ചവും, പൊടിപടലങ്ങളും ഒന്നും തന്നെ അകത്ത് കയറില്ല. നാല് വശങ്ങളും അടച്ചുറപ്പുള്ളതാണ് ഷെഡ്. അതിനാൽ പുറമേനിന്ന് അകം കാണാൻ കഴിയില്ല.
പുറത്ത് കത്തുന്ന വെയിലാണ്. മരുഭൂമിയിലെ വെയിൽ ആദ്യമായി അനുഭവപ്പെട്ട സമയം. ഏകദേശം 40 ഡിഗ്രിയെങ്കിലും ഊഷ്മാവുണ്ടായിരുന്നിരിക്കണം.
ഞങ്ങൾ ദീർഘ ചതുരാകൃതിയിലുള്ള ഷെഡിന്റെ കതകു തുറന്ന് ഉള്ളിൽ പ്രവേശിച്ചു. എസി റൂമിനുള്ളിൽ കയറിയ പ്രതീതി. ഷെഡിനുള്ളിലെ മോണിറ്ററിൽ താപനില 24 ഡിഗ്രിയെന്ന് തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
104 മീറ്റർ നീളമുള്ള ഷെഡിന്റെ ആദ്യത്തെ 4 മീറ്റർ ഒരു സർവീസ് റൂമാണ്. ശേഷിക്കുന്ന 100 മീറ്റർ സ്ഥലത്താണ് കോഴി വളരുന്നത്. സർവീസ് റൂമിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് കൺട്രോൾ പാനലാണ് ഷെഡിനുള്ളിലെ താപനില, വായു സഞ്ചാരം, ഹ്യുമിഡിറ്റി, തീറ്റ, വെള്ളം, മരുന്നു നൽകൽ തുടങ്ങിയവ നിയന്ത്രിക്കുന്നത്.
1400 ചതുരശ്ര മീറ്റർ വിസ്തീർണമാണ് ഓരോ ഷെഡിനുമുള്ളത്. ഒരു ചതുരശ്രമീറ്ററിൽ 20 കോഴികൾ എന്ന കണക്കിൽ 28,000 കോഴികളാണ് ഒരു ഷെഡിലുള്ളത്. ഷെഡിനുള്ളിലെ താപനില ക്രമീകരിച്ചിട്ടുള്ളതിനാൽ കോഴികൾ തിങ്ങി നിന്നുള്ള ഉഷ്ണം അനുഭവപ്പെടില്ല. നമ്മുടെ നാട്ടിൽ 2.5 കിലോയും 3 കിലോയുമൊക്കെയുള്ള കോഴികളാണ് ജനങ്ങൾക്കിഷ്ടം. എന്നാൽ ഇത്തരം കോഴികളുടെ മാംസത്തിന് ഒട്ടും തന്നെ മാർദവമുണ്ടാവില്ല. നാര് പോലിരിക്കും. രുചികരവുമല്ല. എന്നാൽ ഗൾഫു നാടുകളിൽ 1.4 കിലോ ജീവനോടുള്ള തൂക്കം വരുന്ന കോഴിക്കാണു ഡിമാന്റ് ഇത്തരം കോഴികളെ പ്രോസസ് ചെയ്താൽ ഒരു കിലോ ഇറച്ചി ലഭിക്കും. മാർദവമേറിയതും, നാരു രൂപത്തിലല്ലാത്തതുമായ ഇറച്ചിയാണിത്. ഏകദേശം 32–33 ദിവസമാകുമ്പോൾ 1.4 കിലോ തൂക്കം ആകും. ഈ കോഴികളെയാണ് പ്രോസസിങ് പ്ലാന്റിൽ പ്രോസസ് ചെയ്യുന്നത് കണ്ടത്.
സുപ്രീം ഫുഡ് കമ്പനിയിൽ തന്നെ ഉൽപാദിപ്പിക്കുന്ന തീറ്റയാണ് നൽകുന്നത്. 7, 14, 21 ദിവസങ്ങളിൽ വിവിധ അസുഖങ്ങൾക്കെതിരെ പ്രതിരോധ വാക്സീന്‍ നൽകും. പ്രത്യേകിച്ച് എന്തെങ്കിലും അസുഖം കണ്ടാൽ അതിനുള്ള ആന്റിബയോട്ടിക്കുകൾ നൽകും.
സൗദി അറേബ്യയിൽ നിയമം കർക്കശമാണ്. അവിടത്തെ തീറ്റ നൽകി 32–33 ദിവസം കൊണ്ട് 1.4 കിലോയും 40 ദിവസം കൊണ്ട് ഏകദേശം 2 കിലോ തൂക്കവും വയ്ക്കുന്നുണ്ട്. ഹോർമോൺ നൽകിയാണ് കോഴി വളരുന്നതെന്ന് പറയുന്നവർക്കുള്ള മറുപടിയാണിത്. ജർമനിയിലെ ‘ബിഗ് ഡച്ച് മാന്‍’ എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന ഓട്ടോമാറ്റിക് പാൻ ഫീഡിങ് സിസ്റ്റം, വെള്ളം കുടിക്കാനുള്ള നിപ്പിൾ സിസ്റ്റം, തെര്‍മോ റഗുലേറ്റർ സിസ്റ്റം എന്നിവയാണ് ഷെഡിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ളത്. എല്ലാ പ്രവർത്തനങ്ങളും യന്ത്രവൽകൃതമാണ്. ഈ ഫാമില്‍ ഇത്തരത്തിലുള്ള 6 ഷെഡുകളുണ്ട്. ആറ് ഷെഡിനും കൂടി പകല്‍ സമയത്ത് 6 തൊഴിലാളി രാത്രിയിൽ രണ്ട് അങ്ങനെ ആകെ 8 തൊഴിലാളികളും ഒരു മാനേജരും.
ഷെഡിനുള്ളിൽ യാതൊരുവിധ ദുർഗന്ധമോ, പൊടിപടലങ്ങളോ ഉണ്ടാവില്ല. ശക്തിയേറിയ ഫാനുകൾ സെൻസറുകളുടെ സഹായത്താൽ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ 24 മണിക്കൂറും ശുദ്ധവായു ഷെഡിനുള്ളിൽ ലഭിക്കും. ഉദ്ദേശം 6–7 ഏക്കറിനുള്ളിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. ഷെഡ്ഡുകൾ തമ്മിലുള്ള അകലം 50 മീറ്ററോളം വരും.
ഇത്തരത്തിലുള്ള 6 മുതൽ 8 വരെ ഷെഡുകളുള്ള 15ൽപ്പരം ഫാമുകൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കമ്പനിക്ക് സ്വന്തമായുണ്ടായിരുന്നു. ഈ ഫാമുകളിലായി ആകെ 110 ഷെഡുകൾ. ഏകദേശം ഒരു കോടി 85 ലക്ഷം കോഴികളെ പ്രതിവർഷം ഉൽപാദിപ്പിച്ചിരുന്നു. ഇപ്പോൾ എല്ലാ ഗൾഫ് രാഷ്ട്രങ്ങളിലും, പടർന്നു പന്തലിച്ചു നിൽക്കുന്ന കമ്പനിയാണിത്.
നമ്മളിപ്പോഴും 5000 കോഴി വളർത്തുന്നതിനുള്ള ഒരു കമ്പിക്കൂടും ഒരു നിപ്പിൾ സിസ്റ്റവും വെച്ചിട്ട് ‘ഹൈടെക്’ എന്ന് തിളങ്ങുന്ന ബോർഡും വെച്ച് കാടിളക്കി മന്ത്രി വന്ന് ഉദ്ഘാടനം ചെയ്യുന്ന രീതിയിൽ നിന്നും മാറിയിട്ടില്ല.
തുടരും
ഫോൺ: 94462 90897 (whatsapp only)
നാളെ: മരുഭൂമിയിലെ കോഴിക്കുഞ്ഞുങ്ങൾ
ഭാഗം - 1
ചെന്നെത്തിയത് മണിക്കൂറിൽ 4000 കോഴികളെ കശാപ്പ് ചെയ്യുന്ന പ്ലാന്റിൽ: അതും 27 വർഷങ്ങൾക്കു മുൻപ്
English summary: Amazing High-Tech Poultry Farm Produce - Part 2