ആഴ്ചയിൽ പത്തുലക്ഷം കൊത്തുമുട്ടകൾ ഉൽപാദിപ്പിക്കുന്ന ‘ഫാക്ടറി’: മരുഭൂമിയിലെ ഇണക്കോഴികൾ
Mail This Article
മണലാരണ്യത്തിലെ കോഴിവ്യവസായം – ഭാഗം 3
സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലെ ഒരു ചെറു പട്ടണമാണ് അൽഘർജ്. അതിനടുത്തുള്ള സ്ഥലമാണ് ‘ഹരദ്’. ഇവിടെയാണ് കമ്പനിയുടെ ബ്രീഡർ ഫാമും, ഹാച്ചറിയും സ്ഥിതിചെയ്യുന്നത്.
ബ്രീഡർ ഫാമിൽനിന്നാണ് വിരിയിക്കാൻ ആവശ്യമുള്ള മുട്ട ഉൽപാദിപ്പിക്കുന്നത്. ‘റോസ്’ എന്ന ഇനം ഇറച്ചിക്കോഴിയുടെ പേരന്റ് സ്റ്റോക്കാണ് ബ്രീഡർ ഫാമിൽ ഉണ്ടായിരുന്നത്. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ബ്രീഡാണ് റോസ്. സൗദി അറേബ്യയിൽ റോസ് ബ്രീഡ് വളർത്തുന്നത് ഈ കമ്പനി മാത്രമാണ്. കോബ്, ഹബ്ബാർഡ്, ആർബറേക്കർ തുടങ്ങിയ ഇറച്ചിക്കോഴി ബ്രീഡുകളുണ്ടെങ്കിലും പ്രോസസ് ചെയ്ത് വിൽക്കുന്നതിന് കൂടുതൽ അനുയോജ്യം റോസ് ഇനമാണ്. ഇന്ത്യയിൽ ‘സുഗുണ’ കമ്പനി റോസ് ഇനത്തിലുള്ള ബ്രോയിലർ കോഴിയെയാണ് വളർത്തുന്നത്. എന്നാൽ പൂന ആസ്ഥാനമായ ‘വെങ്കിടേശ്വര’ കമ്പനി ‘കോബ്’ ഇനത്തിനെയും വളർത്തുന്നു.
കേരളം കോഴിവളർത്തൽ മേഖലയിൽ ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല!!!
ബ്രോയിലർ ഫാം പോലെ തന്നെയാണ് ബ്രീഡർ ഫാമിന്റെയും നിർമിതി. വശങ്ങളും, മുകൾ ഭാഗവും പൂർണമായും അടച്ചതും ഇൻസുലേറ്റഡും ആയിരിക്കും. ഇതിനായി ഇരുവശങ്ങളിലും അലുമിനിയം ഷീറ്റും നടുക്ക് 10 സെ.മീ. കനത്തിൽ ‘ഗ്ലാസ് വൂൾ’ അല്ലെങ്കിൽ ‘റോക് വൂൾ’ എന്ന മെറ്റീരിയലും ഉപയോഗിക്കും. ഈ മെറ്റീരിയലാണ് തണുപ്പും ചൂടും പുറമേനിന്ന് അകത്ത് കടക്കുന്നതും അകത്ത് നിന്ന് ചൂടു പുറമേക്കു കടക്കുന്നതും തടയുന്നത്. 104 മീറ്റർ നീളവും 14 മീറ്റർ വീതിയുമാണ് അളവുകൾ.
ഷെഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തായി ‘കൂൾ സെല്‍പാഡ്’ ഘടിപ്പിച്ചിട്ടുണ്ട്. ഓരോ വശത്തും 25 മീറ്റർ നീളവും ഒരു മീറ്റർ ഉയരത്തിലുമാണ് ഈ ‘കൂൾ സെൽപാഡുകൾ’. ഇതിന് 10 സെ.മീ. കനമുണ്ട്. കട്ടികൂടിയ പ്രത്യേകതരം പേപ്പർ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.
വായു ഉള്ളിലേക്ക് കടക്കുന്നത് ഈ ‘കൂൾ സെൽപാഡ്’ വഴിയാണ്. ഷെഡിനുള്ളിൽ താപനില ഉയരുമ്പോൾ സെൻസറുകൾ സെൻസ് ചെയ്യുകയും, വാട്ടർ പമ്പിലേക്ക് സിഗ്നൽ എത്തുകയും തുടർന്ന് പമ്പ് പ്രവർത്തിക്കുകയും, കൂൾ സെൽപാഡിന്റെ മുകളിലുള്ള സുഷിരങ്ങളുള്ള പൈപ്പിലൂടെ വെള്ളം ശക്തിയായി താഴേക്ക് ഒഴുകുകയും ചെയ്യും. ഈ പ്രവർത്തനത്തോടൊപ്പം ഷെഡിന്റെ വശങ്ങളിലുള്ള വലുപ്പം കൂടിയ എക്സോസ്റ്റ് ഫാനുകൾ പ്രവർത്തിക്കും. ഇതും സെൻസറുകൾ നൽകുന്ന സിഗ്നലുകൾക്കനുസരിച്ചാണ്. കൂൾ സെല്‍പാഡിലൂടെ തണുത്തവായു ശക്തിയേറിയ എക്സോസ്റ്റ് ഫാനുകളുടെ സഹായത്തോടെ ഷെഡുകൾക്കുള്ളിൽ കടക്കുന്നതു വഴിയാണ് ഉള്ളിലെ ചൂട് കുറയ്ക്കുന്നത്.
മരുഭൂമിയിൽ രാത്രികാലങ്ങളിൽ ചില മാസങ്ങളിൽ അതിശൈത്യമാണ്. അങ്ങനെയുള്ളപ്പോൾ ഷെഡിനുള്ളിൽ തണുപ്പനുഭവപ്പെടാതിരിക്കാൻ ഡീസൽ ഹീറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതും സെൻസറുകളുടെ സഹായത്താലാണ് പ്രവർത്തിക്കുന്നത്. ഓട്ടോമാറ്റിക് പാൻ ഫീഡിങ് സിസ്റ്റമാണ് ഫാമിലുള്ളത്. തീറ്റപ്പാത്രത്തിൽ തീറ്റ കുറയുന്നതിനനുസരിച്ച്, യാന്ത്രികമായി തീറ്റ വന്നു നിറഞ്ഞുകൊണ്ടിരിക്കും. ബ്രീഡർ ഫാമിൽ പൂവൻ കോഴിക്കും, പിടക്കോഴിക്കും പ്രത്യേകതരം പാൻ ഫീഡറുകളാണുള്ളത്. പിടക്കോഴിക്ക് നൽകുന്ന തീറ്റ പൂവൻ കോഴിക്കും, പൂവൻകോഴിക്ക് നൽകുന്ന തീറ്റ പിടക്കോഴിക്കും കഴിക്കാൻ ലഭിക്കില്ല. പാനിന്റെ നിർമിതിയുടേയും ഉയരത്തിന്റെയും പ്രത്യേകത കൊണ്ടാണിത്. ഫാമിന്റെ എല്ലാ ഷെഡുകളുടെയും പ്രവർത്തനം ഓഫീസിലെ കംപ്യൂട്ടർ വഴി നിയന്ത്രിക്കാൻ കഴിയും. യൂറോപ്യൻ കമ്പനികളാണ് ഇത്തരം പൗൾട്രി ഫാമുകളും, അനുബന്ധ ഉപകരണങ്ങളും നിര്‍മിച്ച് വിപണനം നടത്തുന്നത്. ഈ മേഖലയിലെ അറിയപ്പെടുന്ന ബ്രാൻഡുകളാണ് ബിഗ് ഡെച്ച്മാൻ, റോക്സൽ, ഫാക്കോ തുടങ്ങിയവ.
അണുബാധ തടയുന്നതിന് പ്രത്യേകം ക്രമീകരണങ്ങളുണ്ട്. അണുനാശിനി കലർന്ന ഫുട്ട് ഡിപ്പിൽ കാൽമുക്കിയതിനു ശേഷം, പ്രത്യേകം തയാറാക്കിയ റൂമിൽ വസ്ത്രങ്ങൾ മാറി, ഫാമിന്റെ വസ്ത്രങ്ങളും പാദരക്ഷകളും ധരിച്ച് ഫാമിലെ വാഹനത്തിൽ മാത്രമേ ഷെഡുകള്‍ നിൽക്കുന്ന സ്ഥലത്ത് എത്താൻ കഴിയൂ. ഓരോ ഷെഡിലേക്കും കടക്കുന്നതിന് മുൻപും ഫൂട്ട് ഡിപ്പിൽ കാൽ മുക്കണം. ബ്രീഡർ ഫാമിന്റെ പരിപാലനമുറകൾ, കൃത്യവും ശാസ്ത്രീയവുമാകണം. ബ്രീഡർ ഫാമിലെ പേരന്റ് സ്റ്റോക്കിന് ഏതെങ്കിലും അസുഖമുണ്ടായാൽ, കുഞ്ഞുങ്ങൾ വഴി ബ്രോയിലർ ഫാമിൽ എത്തുകയും തുടർന്ന് കമ്പനിയുടെ പ്രവർത്തനത്തെ തന്നെ അതു ബാധിക്കുകയും ചെയ്യും.
കൃത്യമായ ഇടവേളകളിൽ രക്തപരിശോധന, വാക്സീനേഷൻ, കോഴികളുടെ തൂക്കം തിട്ടപ്പെടുത്തൽ, തൂക്കത്തിനനുസരിച്ച് തീറ്റ ക്രമീകരണം, വാക്സീനേഷന്റെ ഫലപ്രാപ്തി ലബോറട്ടറിയുടെ സഹായത്തോടെ നിയന്ത്രിക്കൽ തുടങ്ങിയവ ബ്രീഡർ ഫാമിൽ സൂക്ഷ്മമായി ചെയ്യേണ്ട ജോലികളാണ്.
ഇവിടത്തെ ഓരോ ഷെഡിലും 12,000 കോഴികളെയാണ് പാർപ്പിച്ചിട്ടുള്ളത്. രണ്ട് ചതുരശ്ര അടിക്ക് മുകളിൽ സ്ഥലസൗകര്യം ഓരോ കോഴിക്കും നൽകുന്നുണ്ട്. 10 പിടക്ക് ഒരു പൂവൻ എന്ന തോതിൽ നിലത്ത് അറക്കപ്പൊടി വിതറിയാണ് വളർത്തുന്നത്. ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. കൂടുകളിൽ കേജ് സിസ്റ്റത്തിലേക്കു ചില കമ്പനികൾ മാറി.
അക്കാലത്ത് ആഴ്ചയിൽ ഏകദേശം 5 ലക്ഷം കോഴിക്കുഞ്ഞുങ്ങളെയാണ് കമ്പനിയുടെ ഫാമിലേക്കാവശ്യം. അത്രതന്നെ കോഴിക്കുഞ്ഞുങ്ങളെ മറ്റ് ഇടത്തരം ഫാമുകളിലും വിലയ്ക്കു നൽകുന്നുണ്ട്. ഏകദേശം 10 ലക്ഷത്തിനു മുകളിൽ വിരിപ്പ് മുട്ടയാണ്. ഓരോ ആഴ്ചയിലും ഉൽപാദിപ്പിച്ചിരിക്കുന്നത്. ഏകദേശം 22 ആഴ്ച പ്രായമാകുമ്പോൾ കോഴികൾ മുട്ട ഇട്ടു തുടങ്ങും. തുടക്കത്തിൽ വലുപ്പം കുറവായിരിക്കും. 24 ആഴ്ച പ്രായമാകുമ്പോള്‍ മുതൽ മുട്ടകൾ കുഞ്ഞു വിരിയുന്നതിന് ഉപയോഗിക്കും. ഇതിന്റെ മുട്ടകൾ ബ്രൗൺ നിറത്തിലുള്ളതാണ്. വലുപ്പം കുറഞ്ഞതും, ശരിയായ ആകൃതി ഇല്ലാത്തതും, അമിതമായി വലുപ്പമുള്ളതുമായ മുട്ടകൾ വിരിക്കാനുപയോഗിക്കില്ല. അതൊക്കെ ‘ടേബിൾ എഗ്ഗ്’ അഥവാ ഭക്ഷണത്തിനുള്ള മുട്ടയായി വിപണനം നടത്തും (സ്വന്തമായി ഹാച്ചറിയുള്ള കേരളത്തിലെ ചില ബ്രോയിലർ ചിക്കൻ കമ്പനികൾ ഇങ്ങനെയുള്ള മുട്ടകൾ തുച്ഛമായ വിലയ്ക്ക് വിൽപന നടത്തുന്നുണ്ട്) . ഇത്തരം മുട്ടകൾ പൊട്ടിച്ചാൽ ചിലപ്പോൾ രക്തത്തിന്റെ അംശം കണ്ടേക്കാം. നമ്മുടെ നാട്ടിൽ ഈ മുട്ടകൾക്ക് തവിട്ട് നിറമുള്ളതിനാൽ ‘നാടൻ’ മുട്ട എന്ന ലേബലിൽ തമിഴ്നാട്ടിൽ നിന്ന് ഇവിടെയെത്തിച്ച് വിൽക്കുന്നവരുമുണ്ട്. ഇത്തരം ഫാമുകളിലെ തൊഴിലാളികൾ മുതൽ മാനേജർ വരെയുള്ളവർക്ക് വിവിധ തലത്തിലുള്ള ട്രെയിനിങ് കമ്പനി നൽകുന്നുണ്ട്.
ഇവിടെ ഉൽപാദിപ്പിക്കുന്ന മുട്ടകൾ തരംതിരിച്ച് കമ്പനിയുടെ വിവിധ ഹാച്ചറികളിൽ എത്തിക്കും. ഈ ഹാച്ചറികളിലാണ് മുട്ട വിരിയുന്നത്. 21 ദിവസം എടുക്കും മുട്ട വിരിയാൻ. 18 ദിവസം സെറ്റർ മെഷീനിലും 3 ദിവസം ഹാച്ചർ മെഷീനിലും സൂക്ഷിക്കണം. ‘പീറ്റർ സൈം’ എന്ന ബെൽജിയം കമ്പനിയുടെ മെഷീനുകളാണ് ഇവിടുള്ളത്. ‘തൻമിയ’ എന്ന ബ്രാൻഡിലാണ് ഇവിടുന്ന് ഉൽപാദിപ്പിക്കുന്ന കോഴിക്കുഞ്ഞങ്ങളെ മറ്റു ഫാമുകളിൽ വിപണനം നടത്തുന്നത്. ബയോസെക്യൂരിറ്റികളുടെയും, ശുചിത്വത്തിന്റെയും കാര്യത്തിൽ ഹാച്ചറിയിലും യാതൊരു വിട്ടുവീഴചയുമില്ല. താപനിയന്ത്രിത വാഹനങ്ങളിലാണ് കുഞ്ഞുങ്ങളെ ഫാമുകളിലേക്ക് കൊണ്ടുപോകുന്നത്.
ബ്രീഡർ ഫാമിലേയും, ബ്രോയിലർ ഫാമിലെയും കോഴികൾക്കാവശ്യമായതും മറ്റ് കമ്പനികൾക്കാവശ്യമായതുമായ കോഴിത്തീറ്റ ഉൽപാദിപ്പിക്കുന്ന ഫാക്ടറി സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഈ കമ്പനിക്കുണ്ട്.
ആഗോള ടെൻഡർ വിളിച്ച് വിവിധ രാജ്യങ്ങളിൽ നിന്നാണ് തീറ്റ ഉൽപാദിപ്പിക്കുന്നതിനാവശ്യമായ ചോളം, സോയാബീൻ തുടങ്ങിയവ വാങ്ങുന്നത്. ഇവ സൂക്ഷിക്കുന്നതിനായി വിശാലമായ ഗോഡൗണുകളും, സൈലോയുമുണ്ട്. അക്കാലത്ത് 1000 ടൺ തീറ്റ ഓരോ ആഴ്ചയിലും കമ്പനിയുടെ ഫാമുകൾക്കാവശ്യമുണ്ടായിരുന്നു. അത്രതന്നെ പുറമേയും വിൽക്കുന്നുണ്ടായിരുന്നു. തീറ്റയുടെ ഗുണനിലവാരം, ഫാമുകളിലെ കോഴി, മുട്ട, ഇറച്ചി എന്നിവ പരിശോധിക്കുന്നതിന് സുസജ്ജമായ ലബോറട്ടറി സംവിധാനം കമ്പനിയുടെ ഉടമസ്ഥതയിൽ റിയാദിലുണ്ട്. വെറ്ററിനറി പത്തോളജിയിൽ മാസ്റ്റർ ബിരുദവും ഡോക്ടറേറ്റും നേടിയ ബംഗലൂരുവിൽ നിന്നുള്ള ഡോ. റഹ്മത്തുള്ള ആയിരുന്നു ലാബിന്റെ മാനേജർ. കൃത്യമായ ഫലനിർണയമായിരുന്നു ലാബിന്റേത്. അതിനാൽ തന്നെ അസുഖങ്ങൾ മുൻകൂട്ടി നിർണയിക്കാനും ഉടൻ തന്നെ ചികിത്സയും പ്രതിരോധവും നടത്താനും കഴിഞ്ഞിരുന്നു. ഇത്തരം കോഴിവളർത്തൽ പ്രസ്ഥാനങ്ങളുടെ നെടുംതൂണാണ് ലബോറട്ടറികൾ.
നമ്മുടെ നാട്ടിൽ പക്ഷിപ്പനിപോലുള്ള ഒരു അസുഖം നിർണയിക്കണമെങ്കിൽ ആദ്യം സംസ്ഥാനത്ത് പരിശോധിക്കണം. തുടർന്ന് ഭോപ്പാലിൽ പരിശോധിക്കണം. അവിടന്ന് നമ്മുടെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയെ ഫലം അറിയിക്കും. ഇതിന് സമയമെടുക്കും. അപ്പോഴേക്ക് ഫാമിന്റെ അവസ്ഥ എന്താവും എന്ന് പറയേണ്ടതില്ലല്ലോ?
ഈ കമ്പനിയിൽനിന്നും ‘ഫ്രെഷ് ചിൽഡ് ചിക്കൻ, ഫ്രോസൺ ചിക്കൻ, ബോൺലെസ് ചിക്കൻ, ചിക്കൻ പാർട്ട്സ്, റെഡി ടു കുക്ക് ചിക്കൻ, ചിക്കൻ ഡ്രംസ്റ്റിക്ക്, മാരിനേറ്റഡ് ചിക്കൻ’ തുടങ്ങി വിവിധ ചിക്കൻ ഉൽപന്നങ്ങൾ സൂപ്പർ മാർക്കറ്റുകൾ വഴി എല്ലാ ഗൾഫു നാടുകളിലും വിപണനം നടത്തുന്നു. ബ്രിട്ടണിൽ നിന്നുള്ള കൺസൾട്ടന്റുമാരും മാനേജ്മെന്റ് പ്രതിനിധികളും മാസം തോറുമുള്ള ട്രെയിനിങ് സെഷനും അവലോകനവും, എനിക്ക് പൗൾട്രി മേഖലയിൽ വേറിട്ട തൊഴിൽ അനുഭവം തന്നു. ഫാം മാനേജര്‍ മുതൽ മുകളിലോട്ട് 7 വർഷക്കാലം ഈ കമ്പനിയിൽ പ്രവർത്തിച്ച പരിചയവുമായി 2002ൽ മറ്റൊരു കമ്പനിയിലേക്ക്.
ഫോൺ: 9446290897 (വാട്സാപ് മാത്രം)
നാളെ: സലാല–മരുഭൂമിയിലെ കേരളം
മുൻ ഭാഗങ്ങൾ വായിക്കാൻ
ഭാഗം 1: ചെന്നെത്തിയത് മണിക്കൂറിൽ 4000 കോഴികളെ കശാപ്പ് ചെയ്യുന്ന പ്ലാന്റിൽ: അതും 27 വർഷങ്ങൾക്കു മുൻപ്
ഭാഗം 2: 1.75 ലക്ഷം കോഴികളുടെ ഫാം, ഒരു കൂട്ടിൽ എണ്ണം 28000: പരിചരിക്കാൻ വെറും 9 പേർ
English summary: Amazing High-Tech Poultry Farm Produce - Part 3