ADVERTISEMENT

കൃഷിയുമായി വലിയ ബന്ധമുള്ള കുടുംബമാണ് എന്റേത്.  കുമരകത്ത്  തറവാട്ടിലായിരുന്നു എന്റെ ബാല്യകാലം. അച്ഛനു തിരുപ്പൂരിൽ ടെക്സ്റ്റൈൽ ബിസിനസ്. വെട്ടിക്കാട്ടിൽ ഞങ്ങൾക്ക് പൂർവിക സ്വത്തായി അമ്പതേക്കറോളം നിലമുണ്ടായിരുന്നു. തിരുപ്പൂരിലെ തിരക്കുകൾക്കിടയിലും അച്ഛൻ അവിടെ നെൽകൃഷി മുടങ്ങാതെ നടത്തിവന്നു. കൊയ്ത്തുകാലത്ത് അച്ഛനോടൊപ്പം മെതിക്കളത്തിനു കാവിലിരിക്കാൻ പോയതും മാടത്തിൽ ഉറങ്ങിയതുമൊക്കെ നല്ല ഓർമകളാണ്. കോട്ടയത്ത് മെഡിസിനു പഠിക്കുമ്പോൾപോലും കൊയ്ത്തുകൂടാനായി ഞാൻ കൂട്ടുകാരോടൊപ്പം വെട്ടിക്കാട്ടിനു പോയിരുന്നു. പണിക്കാരെല്ലാം ചേർന്ന്  രാത്രിയിൽ  പാട്ടും മേളവുമൊക്കെ നടത്തിയിരുന്നു. അല്‍പം പരിഹാസം കലർന്ന  പാട്ടുകളുടെ ചില വരികൾ പോലും ഞാൻ ഓർക്കുന്നു

‘തങ്കച്ചൻ വരമ്പത്ത് കറ്റ മെതിക്കുമ്പോൾ

തമ്പുരാനുണ്ട് മാടത്ത്

തങ്കച്ചൻ വൈകിട്ടു പുരയിൽ പോകുമ്പോഴും

തമ്പുരാനുണ്ട് മാടത്ത് ’

മാടത്തുനിന്ന് മണ്ണിലിറങ്ങാത്ത തമ്പുരാനോടുള്ള പരിഹാസമായിരുന്നു അത്. 

പിൽക്കാലത്ത് ഞാൻ ചികിത്സാരംഗത്തു വന്നപ്പോഴാണ് ഭക്ഷണവും ആരോഗ്യവും തമ്മിലുള്ള ബന്ധം ശ്രദ്ധിച്ചുതുടങ്ങിയത്. പുകയിലയും മദ്യവുമാണ് കാൻസറിനു പ്രധാന കാരണങ്ങള്‍. മറ്റു കാരണങ്ങളില്‍ മുഖ്യം ആഹാരരീതിയും വ്യായാമക്കുറവും.  ആഹാരപ്രശ്നങ്ങൾ  രണ്ടു തരമുണ്ട്– ആഹാരത്തിന്റെ നിലവാരക്കുറവും വികലമായ ആഹാരക്രമവും. പണ്ടത്തെ വിഭവങ്ങളൊന്നും ഇന്നു നമുക്കു വേണ്ടെന്നായിരിക്കുന്നു– അവിയലും ചോറുമൊക്കെ ഉപേക്ഷിച്ച് ഫാസ്റ്റ് ഫുഡിന്റെ പിന്നാലെയാണ് പുതിയ തലമുറ. ശരീരത്തിനു വേണ്ടതെല്ലാം ഒന്നിച്ചുകിട്ടുന്ന മികച്ച ഭക്ഷണമായിരുന്നു അവിയൽ. 

ശനിയാഴ്ചയും ഞായറാഴ്ചയും എല്ലാവരും റോഡിലാണ്. അന്ന് അടുക്കളകള്‍ക്ക് അവധി. വഴി നിറയെ ഹോട്ടലുകളാണിപ്പോൾ.  ഫാസ്റ്റ് ഫുഡ് ശൈലിയിലുള്ള ഹൈ കാലറി, ഹൈ കാർബോഹൈഡ്രോറ്റ് ഭക്ഷണമാണ് ഇവിടെയെല്ലാം വിളമ്പുന്നത്.  പോരാത്തതിന് ഫുഡ് കളർ,  ടേസ്റ്റ് മേക്കേഴ്സ്, സൂക്ഷിപ്പുകാലം വർധിപ്പിക്കാൻ സംരക്ഷകങ്ങൾ തുടങ്ങിയ കൃത്രിമ വസ്തുക്കളും ഇത്തരം ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നു. 

നമ്മുടെ ശരീരത്തിൽ കാൻസറായി മാറാൻ തയാറായി നിൽക്കുന്ന പല കോശങ്ങളുമുണ്ട്. ഭക്ഷണത്തിലെ  കൃത്രിമ വസ്തുക്കള്‍ പലപ്പോഴും ഈ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. കാർസിനോജൻസ് എന്നറിയപ്പെടുന്ന  ഈ ഘടകങ്ങൾ ശരീരത്തില്‍ കാൻസര്‍ സാധ്യത കൂട്ടുന്നു. ഘനലോഹങ്ങളും അപകടകാരികളാണ്. നഗരമാലിന്യങ്ങളിൽനിന്നുണ്ടാക്കുന്ന കംപോസ്റ്റിലും മറ്റും ഇവയുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇനിയും ഏറെ പഠനങ്ങൾ ആവശ്യമാണ്. തൽക്കാലം ചുറ്റുപാടുകളിൽനിന്ന് ഇവയെ പരമാവധി ഒഴിവാക്കുകയാണ് നല്ലത്.  

പരിസ്ഥിതി പ്ലസ് ജീൻ സമം കാൻസർ എന്നു ഞാൻ പറയാറുണ്ട്. ഒരിക്കൽ ഉത്തേജിപ്പിക്കപ്പെട്ടാൽ പിന്നെ മാലപ്പടക്കത്തിനു തീ കൊളുത്തിയതുപോലെയാണ് കാൻസറിന്റെ വളർച്ച.  പഴയ സ്ഥിതിയിലേക്കു കൊണ്ടുവരിക പ്രയാസം. പ്രകൃതിദത്തമല്ലാത്ത ചേരുവകൾ ഭക്ഷണത്തില്‍ വേണ്ടെന്നുവയ്ക്കുകയാണ് ഈ തിരികൊളുത്തൽ ഒഴിവാക്കാനുള്ള മാർഗം. അതായത്, ഫുഡ്കളറും  ടേസ്റ്റ് മേക്കേഴ്സും മറ്റു സിന്തറ്റിക് ചേരുവകളും ഭക്ഷണത്തിൽ ഇല്ലെന്ന് ഉറപ്പാക്കണം. രാസകീടനാശിനി അവക്ഷിപ്തവും ഇങ്ങനെ തന്നെയാണ് പ്രവർത്തിക്കുന്നത്. അവയുടെ സാന്നിധ്യം കോശങ്ങളിൽ കാൻസർ വളർച്ചയെ ഉത്തേജിപ്പിക്കാം.  രാസവളങ്ങളോടു പൂർണമായി നോ പറയേണ്ടതില്ല. എന്നാൽ  അമിതമായ രാസവളപ്രയോഗം ഒഴിവാക്കുക തന്നെ വേണം.   

വിഷരഹിത ഭക്ഷണം ഉൽപാദിപ്പിക്കാൻ നാം കർഷകരെ  പ്രേരിപ്പിക്കണം. ഉൽപാദനച്ചെലവിന് ആനുപാതികമായ വില നൽകുകയാണ് അതിനുള്ള മാർഗം. സമ്പൂർണ ജൈവകൃഷിക്കു കൃഷിക്കാരെ നിർബന്ധി ക്കാനാവില്ല. പഴയകാലത്തെ കൃഷിരീതികളുമായിരുന്നാൽ മികച്ച വിളവു കിട്ടുകയുമില്ല. എന്നാൽ ശരിയായ രീതിയിലും അളവിലും രാസവളങ്ങളും അത്യാവശ്യ സന്ദർഭങ്ങളിൽ നിയന്ത്രിതമായി  രാസകീടനാശിനികളും പ്രയോഗിക്കുന്ന സൽകൃഷിരീതി താരതമ്യേന അപകടരഹിതമാണ്. രാസവസ്തുക്കൾ ആരോഗ്യത്തിന് എത്ര മാത്രം ഹാനികരമാണെന്നും അവ പ്രയോഗിക്കുന്നവര്‍ക്കുപോലും ദോഷകരമാണെന്നും  കര്‍ഷകരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.  ഞാൻ ആശുപത്രിയിൽ മാത്രമിരിക്കാതെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് ഈ ബോധവൽക്കരണത്തിനു വേണ്ടിയാണ്. ജൈവകൃഷിയെയും കൃഷിക്കാരെയും പ്രോത്സാഹിപ്പിക്കുന്നതിനും ഞാൻ എന്നും  മുന്നിലുണ്ട്. കർഷകശ്രീ ഭുവനേശ്വരിയമ്മയെ എനിക്കു നേരിട്ടു പരിചയമുണ്ട്. അവരെപ്പോലുള്ള ജൈവകർഷകർ നാടിന്റെ ആരോഗ്യത്തിനു വലിയ സംഭാവനയാണ് നൽകുന്നത്. അവർ ഉൽപാദിപ്പിക്കുന്ന വിഷരഹിത ഭക്ഷ്യവസ്തുക്കളാണ് ഞങ്ങളുടെ ആശുപത്രിയിൽ രോഗികൾക്കു നൽകുന്നത്. എന്നാൽ സമീപത്തെ കൃഷിയിടങ്ങളിൽ വിഷപ്രയോഗം നടത്തുമ്പോൾ ഞങ്ങൾ എങ്ങനെ ജൈവകൃഷി നടത്തുമെന്നാണ് ഭുവനേശ്വരിയമ്മ ചോദിക്കുന്നത്. ജൈവകൃഷിക്കാരുമായി പങ്കുചേർന്ന് കൃഷിയിൽ മുതൽമുടക്കാൻപോലും എനിക്കു മടിയില്ല. ലാഭമൊന്നും എനിക്കു വേണ്ട, രോഗികള്‍ക്കായി നല്ല ഭക്ഷണം നല്‍കിയാൽ മതി. 

പലരും എന്നോട് ചോദിക്കാറുണ്ട്,  പച്ചക്കറികളിൽ എല്ലാം വിഷമല്ലേ. പിന്നെന്തിനാണ് അവ കഴിക്കാൻ നിർബന്ധിക്കുന്നതെന്ന്. എന്നാൽ പഴം– പച്ചക്കറികളിലെ വിഷാംശം മൂലമുണ്ടാകുന്ന ദോഷത്തെക്കാൾ കൂടുതലാണ് അവ കഴിക്കുന്നതുമൂലമുള്ള ഗുണങ്ങൾ.  കാൻസറിനെ ചെറുക്കുന്ന പല  ഘടകങ്ങളുമടങ്ങിയ സംരക്ഷക ഭക്ഷണങ്ങളായതിനാല്‍ പച്ചക്കറികളും പഴങ്ങളും പരമാവധി കഴിക്കുകതന്നെ വേണം. അതുകൊണ്ടുതന്നെ  വിഷരഹിത പഴം–പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്ന കർഷകർക്ക് കാൻസർ പ്രതിരോധത്തിൽ വലിയ സ്ഥാനമാണുള്ളത്.   

നമ്മളെക്കാൾ വളരെ കൂടുതൽ മാംസം കഴിക്കുന്ന യൂറോപ്യന്മാർക്ക് കോളൻ കാൻസര്‍ ഉണ്ടാകാത്തത് അവരുടെ ആഹാരരീതി മൂലമാണെന്നു  നാം തിരിച്ചറിയണം. മാംസത്തിനൊപ്പം അവര്‍ സാലഡും മറ്റു പഴവർഗങ്ങളും ധാരാളം കഴിക്കും. നല്ല അളവില്‍ പഴം–പച്ചക്കറികള്‍ കഴിച്ച ശേഷമേ അവർ മാംസഭക്ഷണം കഴിക്കാറുള്ളൂ. എന്നാൽ മലയാളിയോ, സാലഡ് തീരെ ഒഴിവാക്കുന്നു.  കഴിച്ചാല്‍തന്നെ തൊട്ടുകൂട്ടാന്‍പോലെ മാത്രം. വിദേശികളുടെ ശീലങ്ങളില്‍ നല്ലെതൊക്കെ ഒഴിവാക്കി നമുക്ക് ഇഷ്ടപ്പെട്ടതുമാത്രം പകർത്തുന്നതാണ് നമ്മുടെ പ്രശ്നം.   

English summary: Dr. V.P. Gangadharan Explaining the importance of good food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com