ലോകത്തിന്റെ വിശപ്പകറ്റാൻ മോദിയുടെ ‘മില്ലറ്റ് വിപ്ലവം’; വിത്തെറിഞ്ഞ് കേന്ദ്ര ബജറ്റ്
Mail This Article
കാഴ്ചയിൽ വ്യത്യസ്തമായ ആ രംഗോലി കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ തല ഉയർത്തി നിന്നു. ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിൽ വളരുന്ന ഒരു പിടി നാടൻ ചെറുധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയതായിരുന്നു ആ രംഗോലി. സാധാരണക്കാരിൽ സാധാരണക്കാർ കഴിക്കുന്ന ജോവർ, ബജ്റ, റാഗി, കുട്കി, സൻവ എന്നീ ചെറുധാന്യങ്ങൾ കൊണ്ടാണ് അഴകുള്ള ആ രംഗോലി തയ്യാറാക്കിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് ഒരുക്കിയ ആ രംഗോലിയിൽ നാളെ ലോകത്തിന് ഭക്ഷണം നൽകാനുള്ള വിത്തുകളുണ്ട്. കാലാവസ്ഥാ മാറ്റം കാർഷിക മേഖലയിൽ ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുണ്ട്. അതു കൊണ്ടാണ് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ഈ വർഷം ചെറുധാന്യങ്ങളുടെ വർഷമായി പ്രഖ്യാപിച്ചതും. ഈ ദൗത്യം മനസിലാക്കിയാണ് കേന്ദ്ര ബജറ്റിൽ മില്ലറ്റുകളുടെ വികസനത്തിന് ധന മന്ത്രി നിർമല സീതാരാമൻ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചതും. ചെറുധാന്യങ്ങളുടെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ മികവിന്റെ കേന്ദ്രമായും പ്രഖ്യാപിച്ചു. ഹരിത വിപ്ലവത്തിനു പിന്നാലെ ഇന്ത്യയിൽ മില്ലറ്റ് വിപ്ലവത്തിനു വഴിയൊരുങ്ങുന്നു. ഹരിത വിപ്ലവത്തിലൂടെ നെല്ലിന്റെയും ഗോതമ്പിന്റെയും ഉൽപാദനം വർധിപ്പിച്ച ഇന്ത്യ രണ്ടാം ഹരിത വിപ്ലവത്തിനു തയ്യാറാകുകയാണോ. ഇന്നലെകളിൽ അരിയും ഗോതമ്പും ലോകത്തിന്റെ വിശപ്പകറ്റി. നാളെ റാഗിയും തിനയും ഭക്ഷണമാകുന്നു. അരിയും ഗോതമ്പും തിനയ്ക്കും റാഗിക്കും വഴിമാറുന്നു. ആ തുടക്കമാണ് ഒരു വിഐപിയെപ്പോലെ ‘നാടൻ റാഗി ദോശ’ പാർലമെന്റ് കന്റീനിൽ എത്തിയത്. ഈ വർഷം നടക്കാൻ പോകുന്ന ജി 20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലെ തീൻമേശയിൽ അതിഥികൾക്ക് അതിഥേയരായ ഇന്ത്യ റാഗി ദോശയും ജോവർ ഉപ്പുമാവും വിളമ്പും. കാർഷിക മേഖലയിൽ കാലാവസ്ഥാ മാറ്റം ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ മില്ലറ്റുകൾ എന്ന ചെറുധാന്യങ്ങളുടെ അകക്കാമ്പിലുണ്ടോ ? ചെറുധാന്യങ്ങളിലേക്ക് ലോകം മാറുമ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങൾ സന്തോഷിക്കാൻ എന്താണ് കാരണം ? ഇനി വരാൻ പോകുന്നത് ചെറുധാന്യങ്ങളുടെ ലോകമാണോ ?