തൊഴുത്തിൽ തൂങ്ങിയാടി മരുന്നുകുപ്പികൾ: ഒരു ദിവസം മരുന്നിനു വേണ്ടിവന്നത് 16,000 രൂപ: കണ്ടത് വേദനിപ്പിക്കുന്ന കാഴ്ചകൾ
Mail This Article
മുന്നിലെത്തുന്ന രോഗിയെ എന്തു വിലകൊടുത്തും രക്ഷിക്കാൻ ശ്രമിക്കുന്നവരാണ് ഡോക്ടർമാർ. ഞങ്ങൾ വെറ്ററിനറി ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം രോഗവിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയാത്ത മിണ്ടാപ്രാണികളാണ് രോഗികൾ. അതുകൊണ്ടുതന്നെ പലപ്പോഴും ചികിത്സ വെല്ലുവിളിയാകാറുമുണ്ട്. എന്നാൽ, രോഗവിവരങ്ങൾ മനസിലാക്കി കൃത്യമായി ചികിത്സ നൽകി രോഗിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുമ്പോൾ അവയുടെയും കർഷകരുടെയും നിറഞ്ഞ മനസും സന്തോഷവും കാണുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം. കാരണം, ആ മിണ്ടാപ്രാണികളാണ് ആ കർഷകരുടെ അന്നദാതാവ്. ചുരുക്കത്തിൽ വളർത്തുമൃഗങ്ങളില്ലാതെ കർഷനും കർഷകനില്ലാതെ വളർത്തുമൃഗങ്ങളുമില്ലെന്നുതന്നെ പറയേണ്ടിവരും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോട്ടയം ജില്ലയിലെ ക്ഷീരകർഷകർ വലിയ ബുദ്ധിമുട്ടിലാണ്. കാലിത്തീറ്റയിൽനിന്നേറ്റ വിഷബാധയെത്തുടർന്ന് ഒട്ടേറെ കർഷകരുടെ പശുക്കൾ ക്ഷീണിതരാണ്. ഏതാനും ദിവസങ്ങളായി ഞാനും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ജനുവരി 29 ഞായറാഴ്ചയാണ് കോട്ടയം ജില്ലയിലെ വാഴൂർ നെടുങ്കുന്നം പഞ്ചായത്തിലെ വിനീത് എന്ന ക്ഷീരകർഷകൻ എന്നെ വിളിക്കുന്നത്. അന്നു രാവിലെ മുതൽ നാലു പശുക്കൾക്ക് തീറ്റമടുപ്പ്, അയവെട്ടാതിരിക്കൽ, ഒഴിച്ചിൽ എന്നിവ കാണിച്ചു. വെറ്ററിനറി സർജന്റെ നിർദേശപ്രകാരം മരുന്നുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ, വൈകുന്നേരമായിട്ടും കുറവുണ്ടായില്ലെന്നു മാത്രമല്ല ഒപ്പമുണ്ടായിരുന്ന മറ്റു പശുക്കളും ഇതേ പ്രശ്നം കാണിച്ചുതുടങ്ങി എന്നു പറഞ്ഞായിരുന്നു വാഴൂർ ബ്ലോക്കിലെ രാത്രികാല വെറ്ററിനറി ഡോക്ടറായ എന്നെ രാത്രി എട്ടുമണിയോടെ അദ്ദേഹം വിളിക്കുന്നത്.
എല്ലാ പശുക്കളും കാണിക്കുന്ന ലക്ഷണങ്ങൾ എല്ലാം ഒരുപോലെയായിരുന്നു. തീറ്റകഴിക്കുന്നില്ല, അയവെട്ടുന്നില്ല എന്നിവയ്ക്കൊപ്പം വലിയ തോതിൽ വയറിളക്കവും. എല്ലാ പശുക്കൾക്കും വയറിളക്കമുണ്ടായിരുന്നെങ്കിലും നാലു പശുക്കൾ വളരെ ക്ഷീണിതരായിരുന്നു. അവർക്ക് നല്ല രീതിയിൽ ഷൂട്ടിങ് ഡയറിയ ആയിരുന്നു. അതായത്, പൈപ്പിലൂടെ വെള്ളം ചീറ്റുന്നതുപോലെയായിരുന്നു ചാണകം പൊയ്ക്കൊണ്ടിരുന്നത്. പനിയുണ്ടോയെന്നു നോക്കുന്നതിനായി പശുവിന്റെ പിന്നിൽ നിൽക്കുമ്പോൾ പല തവണ ചാണകം വെള്ളം പോലെ ദേഹത്തേക്കു തെറിച്ചു. എന്നാൽ, അതൊന്നും വകവയ്ക്കാതെ എന്റെ കർത്തവ്യം തുടർന്നു. വയറ്റിൽനിന്നു പോകുന്നതിന് വളരെ ദുർഗന്ധവുമുണ്ടായിരുന്നു. അതുപോലെ അവശനിലയിലായ പശുക്കളുടെ വയറ്റിൽനിന്നു പോകുന്നത് തവിട്ടു നിറത്തിലും മറ്റുള്ളവയുടേത് പച്ച നിറത്തിലുമായിരുന്നു. അതുപോലെ നിർജലീകരണവുമുണ്ട്. ക്ഷീണിതരായതിനാൽ പാതി മയക്കം പോലെ തൂങ്ങിനിൽക്കുകയും കിടക്കുകയുമൊക്കെയായിരുന്നു അവർ.
കൈതപ്പോളയിൽനിന്നുള്ള വിഷബാധയായിരിക്കാമെന്നായിരുന്നു എന്റെ പ്രാഥമിക നിഗമനം. കാരണം, ഏതാനും ദിവസങ്ങൾക്കു മുൻപ് മഴ പെയ്തിരുന്നു. അത് കൈതപ്പോള ചീയുന്നതിനു കാരണമായി വിഷബാധയിലേക്ക് എത്തിയതാകാം എന്നാണ് വിചാരിച്ചത്.
നിർജലീകരണം എല്ലാവർക്കും ഉണ്ടായിരുന്നതിനാൽ അതിന് ഫ്ലൂയിഡ് ഡ്രിപ് ആയി നൽകി. തീരെ അവശത കാണിച്ചവർക്ക് ഒപ്പം ആന്റിബയോട്ടിക്കും സപ്ലിമെന്റുകളും കൊടുത്തശേഷം അവിടെനിന്ന് തിരികെ പോന്നു. ഇനി കൈതപ്പോള നൽകരുതെന്നു പറഞ്ഞശേഷമാണ് ഫാമിൽനിന്ന് പോന്നത്.
എന്നാൽ, അതിനുശേഷം രാത്രി പതിനൊന്നോടെ അടുത്ത കർഷകന്റെ വിളി എന്നെ തേടിയെത്തി. പാമ്പാടി ചേന്നംപിള്ളിയിലെ അശോക് എന്ന കർഷകനും പറയാനുണ്ടായിരുന്നത് പശുക്കൾ ക്ഷീണിതരാണെന്നായിരുന്നു. അഞ്ചു പശുക്കളാണ് അവിടെയുണ്ടായിരുന്നത്. ഇവിടെയും ഷൂട്ടിങ് ഡയറിയ ആയിരുന്നു പ്രധാന പ്രശ്നം. വയറ്റിൽനിന്നു പോകുന്നതിൽ വൈക്കോലന്റെ ചെറിയ ഭാഗങ്ങളും ലഭിച്ചു. അതായത് ദഹനം കൃത്യമായി നടക്കുന്നില്ലെന്നു മനസിലായി. വിനീതേട്ടന്റെ പശുക്കൾക്കു നൽകിയ അതേ മരുന്നുകൾ അശോകൻ ചേട്ടന്റെ പശുക്കൾക്കും നൽകി. ഇവിടുത്തെ പശുക്കൾക്ക് പുതുതായി വൈക്കോൽ നൽകിയിരുന്നു. അതാകാം പ്രശ്നമെന്ന് കരുതി തൽക്കാലം വൈക്കോൽ നൽകരുതെന്നു നിർദേശിച്ചു. അപ്പോഴും കാലിത്തീറ്റയിലൂടെ പ്രശ്നമുണ്ടാകാമെന്ന ചിന്ത വന്നില്ല.
പിറ്റേന്ന് അതായത് ജനുവരി 30ന് രാവിലെ ചമ്പക്കരയിൽ പശുക്കളെ വളർത്തുന്ന ജോജോ എന്ന കർഷകനും സമാനമായ പ്രശ്നങ്ങൾ പറഞ്ഞ് വിളിച്ചപ്പോഴാണ് കാര്യം ഗൗരവമുള്ളതാണെന്ന് മനസിലായത്. അദ്ദേഹത്തിന് ഏഴു പശുക്കളായിരുന്നു ഉണ്ടായിരുന്നത്. പശുക്കളുടെ കാര്യങ്ങൾ തിരക്കാൻ വിനീതേട്ടനെ വിളിച്ചപ്പോൾ കറവപ്പശുക്കൾ എല്ലാം രോഗലക്ഷണങ്ങൾ കാണിക്കുന്നതായി പറഞ്ഞു. അപ്പോഴാണ് കാലിത്തീറ്റയുടെ കാര്യം ചോദിച്ചത്. കറപ്പശുക്കൾക്ക് ഒരു കമ്പനിയുടെ തീറ്റയും കറവയില്ലാത്തവർക്ക് മറ്റൊരു കമ്പനിയുടെ തീറ്റയുമാണ് കൊടുക്കുന്നതെന്നു പറഞ്ഞു. കൈതപ്പോള എല്ലാവർക്കും കൊടുക്കുന്നുമുണ്ട്. അതോടെ ഒരു നിഗമനത്തിലെത്തി, കാലിത്തീറ്റയാകാം ഇവിടെ വില്ലൻ. അപ്പോൾത്തന്നെ അശോകൻ ചേട്ടനെയും ജോജോ ചേട്ടനെയും വിളിച്ച് കാലിത്തീറ്റയുടെ കാര്യം ചോദിച്ചു. മൂവരും കൊടുത്തിരുന്നത് ഒരേ കമ്പനിയുടെ കാലിത്തീറ്റതന്നെയായിരുന്നു. അപ്പോൾ പാമ്പാടിയിൽനിന്ന് മോളി തമ്പി എന്ന ആളുകൂടി വിളിച്ചു. അവിടെയും പ്രശ്നം ഇതുതന്നെ. മറ്റുള്ളവർ കൊടുത്തിരുന്ന കാലിത്തീറ്റതന്നെയാണ് അവിടെയും കൊടുത്തിരുന്നത്. നാലു പേരും പുതിയ ചാക്കുകളാണ് എടുത്തിരുന്നത്. എന്നാൽ, അന്നുതന്നെ മറ്റൊരു കർഷകന്റെ അടുത്ത് അകിടുവീക്ക ചികിത്സയ്ക്കു പോയി. മറ്റുള്ളവർ കൊടുത്ത കമ്പനിയുടെ തീറ്റതന്നെയായിരുന്നു അവിടെ നൽകിയിരുന്നത്. പക്ഷേ, പശുക്കൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ചാക്ക് പരിശോധിച്ചപ്പോൾ അത് പഴയ ചാക്കാണെന്ന് മനസിലായി. ചുരുക്കത്തിൽ പുതിയ ബാച്ച് കാലിത്തീറ്റ എടുത്തവർക്കാണ് പ്രശ്നങ്ങളുണ്ടായത്.
22,23,24 തീയതികളിൽ നിർമിച്ച കാലിത്തീറ്റ നൽകിയ കർഷകരുടെ പശുക്കളായിരുന്നു ക്ഷീണത്തിലായത്. അതേസമയം, അകിടുവീക്ക ചികിത്സയ്ക്കു പോയ വീട്ടിൽ ഉണ്ടായിരുന്നത് 14ന് നിർമിച്ച കാലിത്തീറ്റയായിരുന്നു. അങ്ങനെയാണ് കാലിത്തീറ്റയുടെ പ്രശ്നമാണെന്ന് ഉറപ്പിച്ചത്. അങ്ങനെ വന്നപ്പോൾ എനിക്കാകെ ടെൻഷനായി. ഒട്ടേറെ കർഷകർ ക്ഷീരസംഘത്തിൽനിന്ന് കാലിത്തീറ്റ കൊണ്ടുപോയിട്ടുണ്ടെന്ന് അശോകൻ ചേട്ടൻ പറയുകയും ചെയ്തു. രാവിലെ ഏഴു മണി ആയതേയുള്ളൂ. ഈ സമയത്ത് എങ്ങനെ ഡിഎച്ച്ഒയെ വിളിക്കുമെന്ന് ഓർത്ത് ആധി കൂടി. രണ്ടും കൽപ്പിച്ച് ഡിഎച്ച്ഒ ഡോ. ഷാജി പണിക്കശേറി സാറിനെ വിളിച്ച് കാര്യം പറഞ്ഞു. രാത്രിമുതൽ ഒരേ പ്രശ്നംമൂലം കേസുകളുടെ എണ്ണം കൂടുതലായി വരുന്നുവെന്ന കാര്യംധരിപ്പിച്ച് കാലിത്തീറ്റയുടെ ബാച്ച് നമ്പറുകളും പറഞ്ഞുകൊടുത്തു.
സാറിനെ വിളിച്ചുപഞ്ഞപ്പോൾ കർഷകരോട് പേടിക്കാതിരിക്കാൻ പറയണമെന്ന് എന്നോട് പറഞ്ഞു. അര മണിക്കൂറിനുശേഷം അദ്ദേഹം തിരിച്ചുവിളിച്ച് കാലിത്തീറ്റ പ്രശ്നമുണ്ടെന്ന് അറിയിച്ചു. അതുപോലെ കർഷകരോട് ധൈര്യമായിരിക്കാനും കൂടെയുണ്ടെന്നു പറയണമെന്നും പറഞ്ഞു. കാലിത്തീറ്റ കമ്പനിയുമായി സംസാരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പിറ്റേന്നുതന്നെ സിവിഒ വിഡിയോ കോൺഫറസൻസ് വിളിച്ചുകൂട്ടി. മാത്രമല്ല അദ്ദേഹം നേരിട്ട് കർഷകരുടെ ഫാമുകളിലെത്തി സാംപിൾ ശേഖരിക്കാൻ നേതൃത്വം നൽകി. കാലിത്തീറ്റ, ചാണനം, രക്തം എന്നിവയുടെ സാംപിളുകളാണ് ശേഖരിച്ചത്.
പശുക്കളെല്ലാം പതിയെ ആരോഗ്യം വീണ്ടെത്തുവരുന്നുണ്ട്. ഒറ്റയ്ക്കായിരുന്നു ശ്രമമെങ്കിലും എല്ലാ കാര്യങ്ങളും പറഞ്ഞുതന്നത് സീനിയർ ഡോക്ടർമാരായിരുന്നു. അവർ നൽകിയ നിർദേശങ്ങളും ആത്മവിശ്വാസവുമാണ് ചികിത്സ ഉറപ്പാക്കാൻ സഹായിച്ചത്. ആദ്യം ഫാമിൽ ചെല്ലുമ്പോൾ ഫേസ് ടു ഫേസ് രീതിയിലുള്ള തൊഴുത്തിന്റെ രണ്ടു വശങ്ങളിലും പശുക്കൾ വായ അനക്കാതെ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. കാണ്ടാൽ പേടി തോന്നുന്ന അന്തരീക്ഷം. എന്നാൽ, ആ കർഷകന്റെ വരുമാനമാർഗം ഇല്ലാതാവരുത് എന്നതായിരുന്നു ചിന്ത. കാരണം, അത്തരത്തിലൊരു ഫാം ചിട്ടപ്പെടുത്തിയെടുക്കാൻ അദ്ദേഹം എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടാകും! ഇന്നു നമ്മുടെ കർഷകർ എത്രത്തോളം ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും മുൻപോട്ടു കൊണ്ടുപോകുന്നത്! പാൽ കുറഞ്ഞാൽത്തന്നെ അവരുടെ കാര്യങ്ങൾ താളംതെറ്റും. അപ്പോൾപ്പിന്നെ പശുക്കൾ ഇല്ലാതായാലോ? വലിയ കടക്കെണിയിലേക്കായിരിക്കും അവർ പോകുക. അതുകൊണ്ടൊക്കെയാണ് കഴിയുംപോലെ പരിശ്രമിച്ചത്. വിനീതേട്ടനെ സംബന്ധിച്ചിടത്തോളം എല്ലാം മികച്ച പാലുൽപാദനമുള്ള പശുക്കളായിരുന്നു. ഒരു ദിവസം 90 ലീറ്റർ പാലിന്റെ കുറവായിരുന്നു അവിടെയുണ്ടായത്. അപ്പോൾത്തന്നെ ചിന്തിക്കാം എത്രത്തോളം നഷ്ടം വന്നിട്ടുണ്ടാകുമെന്ന്. അതുപോലെ ക്ഷീണം കണ്ടപ്പോൾത്തന്നെ ഡ്രിപ് നൽകാനും ശ്രദ്ധിച്ചു. പശുക്കൾക്കെല്ലാംകൂടി 16,000 രൂപയുടെ മരുന്നുകളാണ് ആദ്യ ദിവസം വാങ്ങിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കിലും പശുക്കൾക്ക് ഒന്നും സംഭവിക്കാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വിനീതേട്ടനും ഫാമിലെ എല്ലാവരും ഒത്തൊരമിച്ച് ഒരു ടീം വർക്ക് പോലെ പരിശ്രമിച്ചാണ് പശുക്കളെ ആരോഗ്യത്തിലേക്ക് തിരികെ എത്തിച്ചത്. ഇപ്പോൾ ഉൽപാദനനഷ്ടം 90 ലീറ്ററിൽനിന്ന് 30 ലീറ്ററാക്കി കുറയ്ക്കാൻ സാധിച്ചുവെന്നുള്ളത് സന്തോഷം നൽകുന്നു.
ചികിത്സയൊക്കെ ഏകദേശം പൂർത്തിയായി. കഴിഞ്ഞ ദിവസം ഫാമിൽ വീണ്ടും പോയിരുന്നു. പശുക്കളെല്ലാം ആരോഗ്യം വീണ്ടെടുത്ത് നന്നായി അയവെട്ടുന്നു. ചാണകം നല്ല രീതിയിൽ മുറുകി പോകുന്നു. ഇതൊക്കെ കാണുമ്പോൾ എന്റെ പ്രഫഷനോടുള്ള ഇഷ്ടം കൂടിവരികയാണ്. ആദ്യം പറഞ്ഞതുപോലെ കർഷകരുടെ സന്തോഷമാണ് എപ്പോഴും എന്റെ ഊർജം.
മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.
English summary: veterinary doctor writes her service experience and Cattle diarrhea