ADVERTISEMENT

ഡെയറി ഡിപ്ലോമയും ഡെയറി ടെക്നോളജിയിൽ ബി. ടെക്ക് ബിരുദവും നേടി അതുവരെ പഠിച്ച കാര്യങ്ങൾ ഒന്നു പയറ്റിനോക്കാൻ സ്വന്തമായൊരു ഡെയറി ഫാം തന്നെ തുടങ്ങിയ യുവഎൻജിനീയറാണ് മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശിയായ പി.സി.ജംഷീർ. പഠനകാലത്ത് നേടിയ അറിവുകളും പ്രഫഷനലിസവും ഫാമിങിൽ പ്രയോഗിച്ചതോടെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ പണവും പാലും വേണ്ടുവോളം ചുരത്തി ജംഷീറിന്റെ ഡെയറി ഫാം ജയത്തിന്റെ ട്രാക്കിലെത്തി. പശുവളർത്തൽ ജീവിതത്തിന്റെ പാഷനും പ്രഫഷനുമാക്കിയ ഇരുപത്തിയേഴുകാരനായ ഈ യുവക്ഷീരകർഷകനെ തേടി ഒരു ഔദ്യോഗിക ചുമതല കൂടി വന്നുചേർന്നിരിക്കുകയാണിപ്പോൾ. സംസ്ഥാന ക്ഷീരവികസനവകുപ്പിൽ മലപ്പുറം കൊണ്ടോട്ടി ബ്ലോക്കിൽ ഡെയറി എക്സ്റ്റൻഷൻ ഓഫീസറായാണ് ജംഷീറിന് കഴിഞ്ഞ ദിവസം നിയമനം ലഭിച്ചത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരുന്നു തിരഞ്ഞെടുപ്പ്. തങ്ങളിൽ ഒരാൾകൂടിയായ ഒരു യുവക്ഷീരസംരംഭകനെ തേടി പുതിയ പദവിയെത്തുമ്പോൾ ആഹ്ലാദിക്കുന്ന ക്ഷീരകർഷകരേറെയുണ്ട്. ക്ഷീരകർഷകരുടെ വാട്സാപ് ഗ്രൂപ്പുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ജംഷീറിനെ തേടിയെത്തിയ അഭിനന്ദനസന്ദേശങ്ങൾ അതിനുതെളിവായിരുന്നു.

ജംഷീറിന്റെ പിസിഎം ഫാം ക്ഷീരസംരംഭകർക്കൊരു പാഠപുസ്തകം

ഡെയറി ഫാമിങ്ങിൽ അറിവിന്റെയും അനുഭവത്തിന്റെയും കരുത്തിൽ ഒരു എൻസൈക്ലോപീഡിയ തന്നെയാണ് ജംഷീർ. ഇപ്പോൾ പശുക്കളുടെയും കിടാക്കളുടെയും എണ്ണം അറുപതിൽ എത്തിനിൽക്കുന്ന ജംഷീറിന്റെ ഫാമിന്റെ തുടക്കം ഏഴു വർഷങ്ങൾക്ക് മുൻപ് രണ്ടു പശുക്കളിൽ നിന്നായിരുന്നു. വളരെ ചെറിയ രീതിയിൽ തന്റെ ഡിപ്ലോമ പഠനകാലത്ത് തുടക്കമിട്ട ക്ഷീരസംരംഭത്തെ ഘട്ടംഘട്ടമായി വിപുലികരിച്ച് ഇന്നു കാണുന്ന വിധം വിജയകരമായ ഒരു മിനി ഹൈടൈക് ഫാമാക്കി മാറ്റിയതിന് പിന്നിൽ ജംഷീറിന്റെ കഠിനാധ്വാനത്തിന്റെ കയ്യൊപ്പുണ്ട്. കൊണ്ടോട്ടി കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പിസിഎം എന്നു പേരിട്ട ഈ ഡെയറി ഫാമിൽനിന്നുള്ള പ്രതിദിന പാലുൽപ്പാദനം 300 ലീറ്ററോളമാണ്.

പശുവളർത്തൽ നടത്തുകയും നടത്താൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും പാഠപുസ്തകമാക്കി മാറ്റാവുന്ന ശാസ്ത്രീയ പരിപാലനമുറകളാണ് ഇന്ന് ജംഷീറിന്റെ ക്ഷീരസംരംഭത്തിന്റെ കരുത്ത്. തൊഴുത്തിന്റെ നിർമാണത്തിൽ തുടങ്ങി തൊഴുത്തിൽ നിന്നുള്ള മാലിന്യനിർമാർജ്ജനത്തിൽ വരെ പ്രഫഷനൽ സമീപനമുണ്ട്. തൊഴുത്തിനുള്ളിലെ ചൂടു കുറച്ച് പശുക്കൾക്ക് പാൽ ചുരത്താൻ ഏറ്റവും നല്ല അന്തരീക്ഷം ഉറപ്പാക്കുന്നതിനായി ഒത്തനടുക്ക് ആറു മീറ്റർ ഉയരത്തിലും വശങ്ങളിൽ നാലര മീറ്റർ ഉയരത്തിലും ഡബിൾ മോണിറ്റർ രീതിയിലാണ് ഇരട്ടവരി (ഹെഡ് റ്റു ഹെഡ് ) തൊഴുത്തിന്റെ രൂപകൽപ്പന.  ഫാം കെട്ടിടത്തിന്റെ നാലു വശങ്ങളിലും ഭിത്തിക്ക് മുക്കാൽ മീറ്റർ ഉയരം മാത്രമേ നൽകിയിട്ടുള്ളൂ. തടസ്സങ്ങൾ ഏതുമില്ലാതെ കാറ്റും വെളിച്ചവും ഫാമിൽ കയറിയിറങ്ങാൻ വേണ്ടിയാണ് ഈ ക്രമീകരണം. ഫാം ഡിസൈൻ ചെയ്ത ആശയങ്ങൾ എല്ലാം ജംഷീറിന്റേതു തന്നെ. പശുക്കളുടെ മേനി തണുപ്പിക്കാൻ മിസ്റ്റ്, ഫോഗ്ഗർ സംവിധാനങ്ങളും തറയിൽ റബർ മാറ്റും ഓട്ടോമാറ്റിക് ഡ്രിങ്കിങ് വാട്ടർ ബൗളുകളും തൊഴുത്തിലുണ്ട്. പശുക്കളുടെ വിശ്രമവേളകൾ ആനന്ദകരമാക്കാൻ മ്യൂസിക്ക് സിസ്റ്റവും ജംഷീർ തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്. ഇടവേളകളില്ലാത്ത മേൽനോട്ടം ക്ഷീരസംരംഭത്തെ സംബന്ധിച്ച് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്, മേൽനോട്ടത്തിന് തൊഴിലാളികൾ ഫാമിലുണ്ടെങ്കിലും തൊഴുത്തിനുള്ളിലും പുറത്തുമെല്ലാം സിസിടിവി ക്യാമറകൾ സജ്ജമാക്കി മേൽനോട്ടവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. 

jamsheer

മുടക്കമില്ലാതെ ഒരേ അളവിൽ പാലുൽപാദനം സാധ്യമാകണമെങ്കിൽ ഫാമിലെ ആകെ വലിയ പശുക്കളിൽ 75 ശതമാനം എപ്പോഴും കറവയിൽ ആയിരിക്കണം, ബാക്കി പശുക്കൾ വറ്റുകാലത്തിലായിരിക്കും. ഈയൊരു വിജയാനുപാതം ഉറപ്പാക്കുന്ന രീതിയിലാണ് പശുക്കളുടെ തിരഞ്ഞെടുപ്പ്, ഒഴിവാക്കൽ, കൃത്രിമ ബീജാധാനം ഉൾപ്പടെ ഫാമിലെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തീറ്റപ്പുൽ കൃഷി സ്വന്തമായുണ്ടെങ്കിൽ തീറ്റച്ചെലവിന്റെ അധികഭാരം കുറയ്ക്കാം. മാത്രമല്ല ഗുണമേന്മയുള്ള തീറ്റപ്പുല്ല് സുലഭമായി ലഭ്യമാണെങ്കിൽ അതിന്റെ നേട്ടം പാലുൽപാദനത്തിൽ പ്രതിഫലിക്കും എന്ന കാര്യം ജംഷീറിനറിയാം. ഫാമിന് സമീപത്തും, പാട്ടത്തിനെടുത്ത സ്ഥലത്തുമായി അഞ്ചേക്കറിലാണ് തീറ്റപ്പുൽക്കൃഷി. ഓരോ പശുവിനും ആണ്ടിലൊരു പശുക്കിടാവ് എന്നതാണ് ജംഷീറിന്‍റെ ഫാമിലെ ബ്രീഡിങ് പോളിസി. ഒരു പ്രസവം കഴിഞ്ഞ് രണ്ടു മാസം കഴിയുമ്പോൾ പശുക്കള്‍ക്ക് അടുത്ത കൃത്രിമ ബീജാധാനം നിര്‍ബന്ധമായും നടത്തും. ഈ രീതി സ്വീകരിച്ചാൽ ഉല്‍പ്പാദനക്ഷമമായ പത്തു മാസത്തെ കറവക്കാലവും രണ്ടു മാസം നീളുന്ന വറ്റുകാല വിശ്രമവും പശുക്കള്‍ക്ക് ഉറപ്പാക്കാം, ഒപ്പം വർഷത്തിൽ ഒരു കിടാവിനെയും. കൃത്രിമ ബീജാധാനത്തിനു ശേഷം രണ്ടു മാസം കഴിയുമ്പോൾ പശുക്കളുടെ ഗർഭപരിശോധന നടത്താൻ മറക്കാറില്ല.

ഡെയറി ഫാം സ്ഥിതിചെയ്യുന്ന വിശാലമായ രണ്ടേക്കർ പശുക്കളാൽ മാത്രമല്ല പഴം-പച്ചക്കറി കൃഷികളാലും സമൃദ്ധമാണ്. തണല്‍ വിരിച്ച് തെങ്ങുകളും കമുകുകളും ഫാമിന്റെ ചുറ്റുവട്ടത്തില്‍ തഴച്ചു വളരുന്നുണ്ട്.  ജൈവകൃഷിയിടത്തിന്റെ ഒത്ത നടുവില്‍ തന്നെ തൊഴുത്ത് ഒരുക്കിയതിനാല്‍ പശുക്കള്‍ക്ക് ജീവിതം സുഖം, സ്വസ്ഥം. പശുക്കള്‍ക്ക് കൂട്ടായി നാടന്‍ കോഴികളും താറാവുകളും ഈ ഫാമില്‍ തന്നെയുണ്ട്, കൂടെ താറാവുകള്‍ക്ക് നീന്തിത്തുടിക്കാന്‍ ചെറിയ കുളങ്ങളും. നാടന്‍ കോഴിക്കൊപ്പം മുട്ടയുല്‍പ്പാദന മികവേറിയ ബി.വി. 380 ഇനം മുട്ടക്കോഴികളും ഫാമിന്‍റെ ഭാഗമാണ്. ഒപ്പം പശുക്കള്‍ക്കും പറവകള്‍ക്കും കൂട്ടായി മലബാറി ആടുകളുടെ ചെറുതല്ലാത്ത ഒരു ശേഖരവുമുണ്ട്. പറമ്പിലെ ഒരു തരി മണ്ണുപോലും വെറുതെ കളയാത്ത രീതിയിലുള്ള മൃഗസംരക്ഷണവും, പഴം-പച്ചക്കറി കൃഷിയും ഒരുമിപ്പിച്ചുള്ള സമ്മിശ്ര കൃഷിരീതിയാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. ഡെയറി ഫാമില്‍ നിന്നുള്ള ചാണകവും മൂത്രവും സ്ലറിയും  ഉപയോഗിച്ച് പൂർണമായി ജൈവരീതിയിലാണ് കൃഷി. മണ്ണിന്റെ ഉര്‍വ്വരതയുടെയും കാര്‍ഷിക സമൃദ്ധിയുടെയുമെല്ലാം രഹസ്യം ഈ ജൈവവളപ്പെരുമായാണ്. മള്‍ച്ചിങ്ങും കംപോസ്റ്റിങ്ങുമെല്ലാം ഈ രണ്ടേക്കര്‍ കൃഷിയിടത്തില്‍ ജംഷീര്‍ പരീക്ഷിക്കുന്നുണ്ട്. 

jamsheer-2

കൃഷിയിൽ മാത്രം ഒതുങ്ങുന്നതല്ല ജംഷീറിന്റെ മികവ്. കർഷകർക്കും വിദ്യാർഥികൾക്കുമൊക്കെയായി തന്റെ  അറിവും അനുഭവങ്ങളും നിരന്തരം പങ്കുവെച്ച് വിജ്ഞാനവ്യാപനത്തിലും ജംഷീർ സജീവമാണ്. ഡെയറി ഫാം നടത്തുന്നവർക്കും ഈ മേഖലയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും തന്റെ അറിവും അനുഭവങ്ങളും പങ്കുവെച്ച് ഫാം കൺസൾട്ടൻസി സേവനവും ജംഷീർ നൽകുന്നുണ്ട്.

English summary:  Young Dairy Entrepreneur Now Dairy Development Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com