ADVERTISEMENT

ആഴക്കടലിലെയും പുഴകളിലെയും മത്സ്യവിസ്മയം അനുഭവേദ്യമാക്കുന്ന ഓൾ ഇൻ വൺ സെന്ററാണ് ചെന്നൈയിലെ വിജിപി മറൈൻ കിങ്ഡം. വലിയ ചില്ലുടാങ്കുകളിൽ നീന്തിത്തുടിക്കുന്ന ഭീമാകാരന്മാരായ സ്രാവുകളും തിരണ്ടികളും അലിഗേറ്റർ ഗാറുകളും, മത്സ്യങ്ങളെ തൊട്ടറിയാൻ അവസരമൊരുക്കി എക്സീപിരിയൻസ് സോൺ തുടങ്ങി ജലമത്സ്യങ്ങളെ അടുത്തു കാണാനും അറിയാനുമുള്ള അവസരമാണ് മറൈൻ കിങ്ഡം ഒരുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാക്ക് ത്രൂ അക്വേറിയമെന്ന വിശേഷണത്തോടെ അഞ്ച് അക്വാട്ടിക് സോണുകളിലായി ഇരുന്നൂറിലധികം ഇനം ജലജീവികളെ ഇവിടെ പാർപ്പിച്ചിരിക്കുന്നു. 

മുതിർന്നവർക്ക് 695 രൂപയും കുട്ടികൾക്ക് അതായത് 90 മുതൽ 125 വരെ സെന്റീ മീറ്റർ ഉയരമുള്ളവർക്ക് 595 രൂപയുമാണ് മറൈൻ കിങ്ഡത്തിലേക്കുള്ള പ്രവേശന നിരക്ക്. ടിക്കറ്റ് എടുക്കുമ്പോൾ ലഭിക്കുന്ന കാർഡ് ഉപയോഗിച്ച് മത്സ്യക്കാഴ്ചകൾ കാണുന്നതിനായി ഉള്ളിലേക്കു പ്രവേശിക്കാം. മത്സ്യങ്ങളെ കാണുന്നതിനു മുൻപുതന്നെ സമുദ്രാടിത്തട്ടിലെ വിശേഷങ്ങൾ അടുത്തറിയാനുള്ള വെർച്വൽ റിയാലിറ്റി സംവിധാനം ഇവിടെയുണ്ട്. മികച്ച ദൃശ്യമികവോടെ ഒരു വാഹനത്തിൽ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി വിആർ സംവിധാനം നമുക്കു നൽകും. ആമയും ചെറു മത്സ്യങ്ങളും ജെല്ലി ഫിഷുമൊക്കെ കയ്യെത്തും ദൂരത്തായി നിന്തിത്തുടിക്കുന്നത് കാണാം. ഒപ്പം സ്രാവിന്റെ ആക്രമണവും നേരിടേണ്ടിവരും. ഒരാൾക്ക് 150 രൂപയാണ് ഇവിടെ ചാർജ് ചെയ്യുന്നത്. പ്രവേശന ടിക്കറ്റിൽ ഇത് ഉൾപ്പെടില്ല. 

marine-kingdom-alligator-gar
അലിഗേറ്റർ ഗാർ ഫിഷ്

വിആർ കാഴ്ചകൾ കണ്ട് നേരെ പ്രവേശിക്കുക മറൈൻ കിങ്ഡത്തിലെ ആദ്യ അക്വാട്ടിക് സോണായ റെയിൻഫോറസ്റ്റിലേക്കാണ്. നദികളിലും പുഴകളിലും കാണപ്പെടുന്ന ശുദ്ധജല മത്സ്യങ്ങളെയാണ് ഇവിടുത്തെ സിലഡ്രിക്കൽ അക്വേറിയങ്ങളിൽ പാർപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യങ്ങളിലൊന്നായ അലിഗേറ്റർ ഗാർ മുതൽ ചെറു മത്സ്യങ്ങളായ ബാർബുകളെ വരെ ഇവിടെ കാണാം. സിലിണ്ടർ രീതിയിലുള്ള അക്വേറിയങ്ങളായതുകൊണ്ടുതന്നെ കാഴ്ചകൾക്ക് ത്രിമാന ദൃശ്യചാരുതയും ലഭിക്കുന്നുണ്ട്. ചെറു അക്വേറിയങ്ങളും മത്സ്യങ്ങളും കണ്ടുമറന്നവർക്ക് നവ്യാനുഭവം നൽകാൻ ഇവിടുത്തെ കാഴ്ചകൾക്കു കഴിയും.

marine-kingdome
കോയി കാർപ്പ്

റെയിൻ ഫോറസ്റ്റിലെ കാഴ്ചകൾ കണ്ട് രണ്ടാമത്തെ അക്വാട്ടിക് സോണായ ഗോർജിലേക്കിറങ്ങിയപ്പോൾ ആദ്യം കാണുക കോയി കാർപ്പ് മത്സ്യങ്ങളെയാണ്. ഒപ്പം പാരറ്റ് ഫിഷ്, ജയന്റ് ഗൗരാമി, പാക്കു, ഫ്ലവർഹോൺ, ഓസ്കർ, ടിൻഫോയിൽ ബാർബ്, കട്‌ല ഉൾപ്പെടെയുള്ള കാർപ്പിനങ്ങൾ തുടങ്ങിയ മത്സ്യങ്ങളെയും കാണാൻ സാധിക്കും. ഗോർജ് എന്നാൽ വലിയ പാറക്കെട്ടുകൾക്കിടയിലെ ചെറിയ താഴ്വര എന്നാണ്. പാറക്കെട്ടുകൾക്കിടയിലെ ജലാശയങ്ങൾ എന്ന രീതിയിലാണ് ഇവിടുത്തെ ഓരോ മത്സ്യടാങ്കും രൂപകൽപന ചെയ്തിരിക്കുന്നത്. 

marine-kingdom-catla
കട്‌ല

ഗോർജിലെ കാഴ്ചകൾ കണ്ട് എത്തുന്നത് കണ്ടൽക്കാടുകളിലേക്കാണ്. കൃത്രിമമായി നിർമിച്ച കണ്ടൽക്കാടുകളിലൂടെ നടക്കുന്നതിനൊപ്പം കണ്ടൽച്ചെടികളുടെ വേരുകൾക്കിടയിലൂടെ നീന്തിത്തുടിക്കുന്ന മത്സ്യങ്ങളെയും കാണാം. ഇവിടെ കരിമീനെയും കാളാഞ്ചിയെയും ആർച്ചർ ഫിഷിനെയും പഫർ മത്സ്യങ്ങളെയുമൊക്കെയാണ് കാണാൻ സാധിക്കുക. 

marine-kingdom-lion-fish
ലയൺ ഫിഷ്

വർണവൈവിധ്യമുള്ള ഒട്ടേറെ ചെറു മത്സ്യങ്ങളെ നാലാം അക്വാട്ടിക് സോണിൽ കാണാം. തീരദേശ മത്സ്യങ്ങളാണ് ഇവിടെയുള്ളത്. ലയൺ ഫിഷ്, ഡോഗ് ഫേസ് പഫർഷിഫ്, ക്ലൗൺ ഫിഷുകൾ, നീരാളി, ഈൽ, തിരണ്ടി, നക്ഷത്രമത്സ്യം, ജെല്ലി ഫിഷ് തുടങ്ങിയവ പല ടാങ്കുകളിലായി ഇവിടെയുണ്ട്. സമുദ്രത്തിലെ നക്ഷത്രമത്സ്യങ്ങളെ തൊട്ടറിയാനും ഇവിടെ അവസരമുണ്ട്. 

marine-kingdom-clown-fish
ക്ലൗൺ ഫിഷ്

ആഴക്കടൽ മത്സ്യങ്ങളെ സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് കാണാൻ സാധിക്കുംവിധം ടണൽ അക്വേറിയമാണ് അഞ്ചാം സോണിൽ ഒരുക്കിയിരിക്കുന്നത്. തലയ്ക്കു മുകളിലൂടെ സ്രാവും തിരണ്ടിയും ഉൾപ്പെടെയുള്ള വലിയ മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നത് കാണാം. കുട്ടികൾക്കായി ചെറു വിനോദപരിപാടികളും മറൈൻ കിങ്ഡത്തിൽ ഒരുക്കിയിട്ടുണ്ട്. അതുപോലെ വലിയ ചില്ലുടാങ്കുകൾക്കുള്ളിലൂടെ പ്രവേശിക്കാനുള്ള കൊതുക ടാങ്കുകളും ഇവിടെയുണ്ട്.

അമ്യൂസ്മെന്റ് പാർക്കായ വിജിപി യൂണിവേഴ്സൽ കിങ്ഡത്തിന്റെയും വാർട്ടർ പാർക്കായ അക്വാ കിങ്ഡത്തിന്റെയും തൊട്ടടുത്തുതന്നെയാണ്  70,000 ചതുരശ്ര അടി വിസ്തീർണമുള്ള 200ൽപ്പരം സ്പീഷിസിൽപ്പെട്ട ജലജീവികളുടെ സങ്കേതമായ വിജിപി മറൈൻ കിങ്ഡം. അതുകൊണ്ടുതന്നെ ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻമാത്രമുള്ള വിനോദ വിജ്ഞാന കാഴ്ചവൈവിധ്യങ്ങൾ ഇവിടെയുണ്ട്.

English summary: India’s first underwater tunnel aquarium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com