ADVERTISEMENT

ഡിസംബറിൽ സംസ്ഥാന കൃഷിവകുപ്പ് പുറത്തിറക്കിയ അറിയിപ്പിലൂടെയാണ് ഇസ്രയേൽ യാത്രയെക്കുറിച്ച് അറിയുന്നത്. ബിഎംഡബ്ലുവിലെ ജോലി മതിയാക്കി മുഴുവൻ സമയ കർഷകനായും കാർഷിക സംരംഭകനായും മാറിയപ്പോൾ ഇസ്രയേൽ കൃഷിരീതിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു. എന്നെങ്കിലും അവിടുത്തെ കൃഷിയിടങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചാൽ പോകണമെന്നും മനസിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സർക്കാർ അവസരമൊരുക്കിയപ്പോൾ അപേക്ഷ സമർപ്പിക്കാൻ ഞാനും തീരുമാനിച്ചു. എന്റെ പഞ്ചായത്തായ മരങ്ങാട്ടുപിള്ളിയിലെ കൃഷിഭവനുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശങ്ങൾ അനുസരിച്ച് എയിംസ് പോർട്ടലിലൂടെ അപേക്ഷ നൽകി.

കൃഷി പരിചയവും ഒരേക്കറിനു മുകളിൽ കൃഷിയിടവും 50 വയസിനു താഴെ പ്രായവുമുള്ള ഇന്നൊവേറ്റീവ് കർഷകരെയാണ് ഇതിനായി തിരഞ്ഞെടുക്കുക. എന്റെ കൃഷിയും കാർഷികാനുബന്ധ സംരംഭങ്ങളും ലഭിച്ച അവാർഡുകളുമെല്ലാം രേഖപ്പെടുത്തി ഡിസംബർ 29നു മുൻപുതന്നെ അപേക്ഷ സമർപ്പിച്ചു. തിരഞ്ഞെടുക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഒടുവിൽ ഇസ്രയേൽ യാത്രയ്ക്കുള്ള അവസരം ലഭിച്ചതായ അറിയിപ്പു ലഭിച്ചു. ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നത്.

യാത്രയ്ക്കു പോകുന്നതിനു മുൻപ് എന്റെ കൃഷിയിടത്തിന്റെയും മാംസ സംസ്കരണ ശാലയുടെയും അതുപോലെ പന്നിഫാം ഉൾപ്പെടെയുള്ള ഫാമുകളുടെയും മേൽനോട്ടം ഓരോരുത്തരെയും കൃത്യമായി പറഞ്ഞേൽപ്പിച്ചു. അങ്ങനെ ഫെബ്രുവരി 12ന് ഇവിടെനിന്ന് 27 അംഗ കർഷകരിൽ ഒരാളായി യാത്രതിരിച്ചു.

13ന് ഇസ്രയേലിലെ ഇന്ത്യൻ എംബസിയുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച. ഇസ്രയേലിലെ കൃഷിയും കൃഷിജീവിതവും വിപണനവും സാങ്കേതികവിദ്യകളുടെ ഉപയോഗവുമെല്ലാം എംബസി ഉദ്യോഗസ്ഥർ വിശദമായി പറഞ്ഞുതന്നു. അതിനുശേഷമായിരുന്നു കൃഷിയിട സന്ദർശനം.

ആദ്യമായി സന്ദർശിച്ചത് ഒരു അവ്ക്കാഡോ തോട്ടമാണ്. 2000 ഹെക്ടറോളം സ്ഥലത്തായി പരന്നുകിടക്കുന്ന ഫാമായിരുന്നു അത്. 100 ഹെക്ടർ സ്ഥലത്ത് ഒരു ജോലിക്കാരൻ എന്ന രീതിയിലാണ് അവിടെ ജോലിക്കാരുള്ളത്. അതായത് 2000 ഹെക്ടർ സ്ഥലം പരിപാലിക്കാൻ വെറും 20 പേർ മാത്രം. അതുപോലെ ദീർഘകാല വിളകൾ നടുന്നതിനു മുൻപ് അവർ ഇരപതോളം കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. വെള്ളത്തിന്റെ ലഭ്യത, വെയിലിന്റെ ലഭ്യത, പ്രൂൺ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്, മണ്ണിന്റെ ഘടന എന്നിങ്ങനെ ഇരുപതോളം കാര്യങ്ങൾ കുഴി എടുക്കുന്നതിനുമുൻപുതന്നെ പരിശോധിക്കുന്നു. അതുപോലെ 50 മരങ്ങൾക്കിടയിൽ ഒന്ന് എന്ന രീതിയിൽ ഡെൻഡ്രോമീറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ദിവസം അവിടുള്ള മരങ്ങൾക്ക് എത്രത്തോളം വെള്ളം ആവശ്യമാണെന്ന് പമ്പ് ഹൗസിലേക്ക് റിപ്പോർട്ട് കൊടുക്കുന്നത് ഈ സംവിധാനമാണ്. അതനുസരിച്ചാണ് നന. വളവും കാര്യങ്ങളുമെല്ലാം നൽകുന്നതും ഇതേ സംവിധാനത്തിലൂടെ.

ഇലവർഗച്ചെടികൾ കൃഷി ചെയ്യുന്ന പോളിഹൗസിലേക്കായിരുന്നു അടുത്ത യാത്ര. ലെറ്റ്യൂസ് മാത്രമായിരുന്നു എനിക്ക് അവിടെ പരിചയമുണ്ടായിരുന്ന ഇലവർഗം. ഹൈഡ്രോപോണിക്സ് രീതിയിൽ ഒരുക്കിയ ഈ പോളിഹൗസ് തോട്ടം കംപ്യൂട്ടർ നിയന്ത്രണത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. അകദേശം 25000 ച.അടി വിസ്തീർണമുള്ള ഈ കൃഷിയിടത്തിൽ ആകെയുള്ളത് ഒരു സഹായി മാത്രമാണ്. എല്ലാം കൃത്യതയോടെയും കംപ്യൂട്ടർ നിയന്ത്രണത്തിലൂടെയും ശാസ്ത്രീയമായി ചെയ്യുന്നതുകൊണ്ടുതന്നെയാണ് അവിടെ തൊഴിലാഴികളുടെ എണ്ണം പരിമിതപ്പെടുത്താൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ഉൽപന്നവിലയിലും ആ വ്യത്യാസം കാണാം.

ഹൈടെക് ഡെയറി ഫാം സന്ദർശനം വേറിട്ട ഒരു അനുഭവമായിരുന്നു. ആയിരത്തോളം പശുക്കളുള്ള ഒരു ഫാം. കഴുത്തിലോ മൂക്കിലോ കയറുകളില്ല. വലിയ ഷെഡ്ഡിലൂടെ അവർ ആവശ്യാനുസരണം നടക്കുന്നു ഓടുന്നു ചാടുന്നു. അതുപോലെ ചാണകം വാരുന്ന രീതിയും അവിടെയില്ല. വർഷത്തിൽ രണ്ടു തവണ മാത്രമാണ് ഷെഡ്ഡിലെ ചാണകം നീക്കം ചെയ്യുന്നത്. ഇടയ്ക്ക് യന്ത്രം ഉപയോഗിച്ചു നിലം പൂട്ടുന്നുണ്ട്. പശുവിന്റെ ഓരോ കാര്യങ്ങളും അറിയാൻ കാലിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ സഹായിക്കും. അതുപോലെ തീറ്റ ടിഎംആർ രീതിയിൽ നൽകുന്നത്. കുളിപ്പിക്കുന്ന രീതിയും അവിടെ കണ്ടില്ല. കറവ സമയത്ത് അകിട് വൃത്തിയാക്കി യന്ത്രം ഘടിപ്പിക്കുന്നു. 1000 പശുക്കളുള്ള ഫാമിലെ ജോലിക്കാരുടെ എണ്ണം വെറും 10 ആണ്.

ഡെയറി ഫാമിലെ പ്രവർത്തനങ്ങൾ പോലെ തന്നെയാണ് മുട്ടക്കോഴി ഫാമിലും. 10000 മുട്ടകളുൽപാദിപ്പിക്കുന്ന ഫാം. തീറ്റയും വെള്ളവുമെല്ലാം ഓട്ടോമാറ്റിക് ആയി കോഴികളുടെ മുൻപിലെത്തും. മുട്ടകളാവട്ടെ കൺവേയർ ബെൽറ്റിലൂടെ വന്ന് കൃത്യമായി തരംതിരിച്ച് ട്രേകളിൽ അടുക്കുന്നു. ഇവിടെ ജീവനക്കാരുടെ എണ്ണം 2 ആണ്. 

mathewkutty-3

സ്ട്രോബെറി ഫാമിലും പോയിരുന്നു. പോളിഹൗസിൽ ഹൈഡ്രോപോണിക്സ് രീതിയിലായിരുന്നു ട്രോബെറി കൃഷി. ഇവിടെ പരാഗണത്തിനായി ഉപയോഗിക്കുന്നത് തേനീച്ചകളെയാണ്. സാധാരണ തേൻശേഖരണമുള്ള തേനീച്ചകളെയാണ് നാം ഉപയോഗിക്കുന്നതെങ്കിൽ ഈ ഫാമിലെ തേനീച്ചകൾ അവരുടെ ആവശ്യങ്ങൾക്കു മാത്രമാണ് തേൻ ശേഖരിച്ചുവയ്ക്കൂ എന്ന പ്രത്യേകതയുണ്ട്. ഇതിലൂടെ പരാഗണം എന്ന ഗുണം മാത്രമാണ് കർഷകന് ലഭിക്കുക. 

mathewkutty-2

കിബുട്ട് കമ്മ്യൂണിറ്റിയുടെ വിപണന മാർക്കറ്റ് സന്ദർശിച്ചത് നല്ലൊരു അനുഭവമായിരുന്നു. സ്വന്തമായി ഉൽപാദിപ്പിക്കുന്നതെല്ലാം അവർ ആ മാർക്കറ്റിലൂടെ വിൽപന നടത്തുന്നു. കൃഷിയിടത്തിനും നഗരത്തിനും ഇടയിലാണ് ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിൽപനയ്ക്ക് ബുദ്ധിമുട്ടില്ല. നമ്മുടെ നാട്ടിൽ പലപ്പോഴും വിൽപനയ്ക്കാണ് കർഷകർ ബുദ്ധിമുട്ടുന്നത്. കൃഷിയിലേക്ക് ഇറങ്ങിയ കാലത്ത് ഞാനും അഭിമുഖീകരിച്ച പ്രധാന പ്രശ്നമായിരുന്നു. ഉൽപന്നവുമായി കച്ചവടക്കാരുടെ അടുത്തെത്തുമ്പോൾ വിലയില്ല. അവർ വിൽക്കുമ്പോൾ അവർക്ക് ലാഭത്തിൽ ഒരു കുറവുമില്ല. അതാണ് നേരിട്ടുള്ള വിൽപനകേന്ദ്രം തുടങ്ങാൻ എനിക്ക് പ്രചോദനമായത്. ഫാമിലെ ഇറച്ചിയും മുട്ടയും പച്ചക്കറികളും അരുമകളുമെല്ലാം സ്വന്തം ഔട്ട്ലെറ്റിലൂടെ വിൽപന നടത്തുന്നു. ഇനിയും അപ്ഡേറ്റ് ചെയ്യാനുണ്ടെന്ന് ഇസ്രയേലിലെ വിൽപനകേന്ദ്ര സന്ദർശനത്തിലൂടെ മനസിലായി.

mathewkutty-4
പച്ചക്കറിക്കൃഷിക്ക് നിലമൊരുക്കൽ

ഇസ്രയേലിൽനിന്ന് പഠിച്ചത്

ഏതു കൃഷിയാണെങ്കിലും പഠിച്ച് ചെയ്യുന്നതാണ് അവിടുത്തെ രീതി. അവിടെ ആവശ്യമുള്ള, വിപണിയുള്ള വിളകൾ മാത്രം ഉൽപാദിപ്പിച്ച് വിൽപന നടത്തുന്നു. അതുപോലെ യന്ത്രവൽക്കരണം എടുത്തു പറയേണ്ട ഒന്നാണ്. പ്രാരംഭച്ചെലവ് മാത്രം ഏറുമെങ്കിലും പിന്നീട് ആവർത്തനച്ചെലവ് വരുന്നില്ല. അതുപോലെ തൊഴിലാളി പ്രശ്നവും അവർക്ക് വരുന്നില്ല. പരിമിതമായ തൊഴിലാളികൾ എന്നതുകൊണ്ടുതന്നെ തൊഴിലാളികളുണ്ടാക്കുന്ന പ്രശ്നങ്ങളുമില്ല. 

നേരത്തെ പറഞ്ഞതുപോലെ സ്വന്തമായി ഉൽപാദിപ്പിക്കുന്നത് സ്വന്തമായി വിൽക്കാൻ ശ്രമിക്കുന്ന രീതിയാണ് എനിക്കുള്ളത്. അതിനൊപ്പം കൃഷി രീതികളിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ ഉൽപാദനം മെച്ചപ്പെടുത്താൻ കഴിയുമെന്ന വിശ്വാസം ഈ യാത്രയിലൂടെ ലഭിച്ചു. തിരിച്ചെത്തിയതു മുതൽ അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പരിചരണം ഏറെ വരുമെന്ന ചിന്തയിൽ പച്ചക്കറിക്കൃഷി പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാൽ, ഇനി പച്ചക്കറിക്കൃഷിയും വിപുലമാക്കാനുള്ള തീരുമാനത്തിൽ അതിനുള്ള പ്രാരംഭനടപടികൾ കൃഷിയിടത്തിൽ തുടങ്ങിക്കഴിഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com