കൂണുകളുടെ പൊടിയും വയനാട്ടിലെ കാപ്പിപ്പൊടിയും ചേർന്നപ്പോൾ മികച്ച പാനീയം; ഇനി കുടിക്കാം കൂൺ കാപ്പി
Mail This Article
പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയപ്പോൾ കൊല്ലം തലവൂർ സ്വദേശി ലാലു തോമസ് കൂൺകൃഷി തുടങ്ങി. കൊട്ടാരക്കര കെവികെയുടെയും മറ്റ് ഏജൻസികളുടെയും പരിശീലനത്തോടെ തുടങ്ങിയ കൂൺകൃഷി വൻ വിജയവുമായി. പക്ഷേ, ഉൽപാദനം ഉയർന്നപ്പോൾ കൂണിന്റെ കുറഞ്ഞ സൂക്ഷിപ്പുകാലം പ്രശ്നമായി. മൂല്യവർധന മാത്രമായിരുന്നു പരിഹാരം.
ഇത്തിഹാദ് എയർവേയ്സിൽ ഷെഫായിരുന്ന ലാലുവിന്റെ വൈദേശിക രുചിയോർമകളിൽ മഷ്റൂം കോഫിയുമുണ്ടായിരുന്നു. ലാലു രുചിച്ച മഷ്റൂം കോഫിക്കു പക്ഷേ, ചവർപ്പായിരുന്നു. ചവർപ്പു മാറ്റിയാൽ കൂൺകാപ്പി വിജയിക്കുമെന്നു തോന്നി. ലാലുവിനു സഹായവുമായി സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രവും തലവൂർ കൃഷിഭവനുമെത്തി. കൂൺ സത്തിൽനിന്നു കാപ്പി തയാറാക്കുന്നതാണ് ചവർപ്പിനു കാരണമെന്നു മനസ്സിലായി. സത്തിനു പകരം പോഷകമേന്മകളുള്ള 5 ഇനം കൂണുകളുടെ പൊടി തയാറാക്കി. പാൽക്കൂൺ, ചിപ്പിക്കൂൺ, മഹാരാഷ്ട്രയിൽ നിന്നെത്തിക്കുന്ന ലയൺസ്‌മാനേ, ചാഗ, ടർക്കി ടെയ്ൽ എന്നീ കൂണുകളുടെ പൊടിയും ഒപ്പം നിശ്ചിത അനുപാതത്തിൽ വയനാട്ടിലെ അറബിക്ക കാപ്പിപ്പൊടിയും ചേർത്തപ്പോൾ ചവർപ്പില്ലാത്ത കൂൺ കാപ്പി റെഡി.
കെവികെയിലെ ശാസ്ത്രജ്ഞരായ എ.എച്ച്. ഷംസിയ, ഡോ. ബിനി സാം എന്നിവരുടെ നേതൃത്വത്തിലാണ് ഉൽപന്നനിർമാണ സാങ്കേതികവിദ്യ വികസിപ്പിച്ചത്. 12 സാഷേയടങ്ങുന്ന 30 ഗ്രാം പാക്കറ്റാക്കി ലാബേ എന്ന ബ്രാൻഡിൽ ലാലു കൂൺ കാപ്പിപ്പൊടി വിപണിയിലെത്തിക്കുന്നു.
ഫോൺ: 7025420328 (ലാലു)