ADVERTISEMENT

ചായകുടി നിർത്തിയ ഒട്ടേറെപ്പേരുണ്ട് നമ്മുടെ നാട്ടിൽ. ഉന്മേഷത്തിനും ആരോഗ്യത്തിനും ദിവസം ഒന്നോ രണ്ടോ ചായ ഗുണം ചെയ്യുമെങ്കിലും എണ്ണം കൂടുന്നത് അത്ര നല്ലതല്ല എന്നു പഠനങ്ങൾ. തലവേദനയും ഉറക്കക്കുറവും മുതൽ ഗുരുതരമായ രോഗങ്ങൾക്കുവരെ കടുത്ത ചായപ്രേമം വഴിവച്ചേക്കാം. ഇതു മുന്നി ൽക്കണ്ട് ചെമ്പരത്തിച്ചായ, ശംഖുപുഷ്പം ചായ, മുരിങ്ങച്ചായ തുടങ്ങി ആരോഗ്യച്ചായകൾ പലതുണ്ട് വിപണിയിൽ. പലതും വൻകിട ബ്രാൻഡുകൾ വിപണിയിലെത്തിക്കുന്നവ. തേയിലച്ചായയുടെ രുചിയും മണവും ലഹരിയുമൊന്നും ഇത്തരം ബദൽ ചായകൾക്കു പ്രതീക്ഷിക്കരുത്. രുചിയും മണവുമല്ല ആരോഗ്യ സംരക്ഷണമാണ് ഇത്തരം ചായകളുടെ ലക്ഷ്യം. 

പാലക്കാട്ടെ ഒരു കൂട്ടം യുവകർഷകരുടെ പുതുപുത്തനൊരു ചായ കൂടി ഈ ഗണത്തിലേക്കു വരുന്നു; പേരച്ചായ. പാലക്കാട് പെരുമാട്ടി അഗ്രോ പ്രോസസിങ് സെന്ററിൽ പ്രവർത്തിക്കുന്ന കേരചിറ്റൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഭാഗമായ കർഷകരുടെ പേരത്തോട്ടത്തിലെ പേരയ്ക്കയുടെയും പേരയിലയുടെയും മൂല്യവർധിത ഉൽപന്നമാണ് ഈ ആരോഗ്യച്ചായ. പേരയിൽനിന്നുള്ള 2 ഉൽപന്നങ്ങള്‍ക്കും  ആരോഗ്യവിഭവവിപണിയിൽ മികച്ച സ്വീകാര്യത നേടുന്നുണ്ടെന്ന് കേരചിറ്റൂർ കമ്പനി സിഇഒ ഷനൂജ് ഷാഹുൽ പറയുന്നു.

നബാർഡിന്റെ പിൻതുണയോടെ കേന്ദ്ര സർക്കാരിന്റെ സെൻട്രൽ സെക്ടർ സ്കീമിൽ രൂപീകൃതമായ കർഷക കമ്പനിയാണ് കേരചിറ്റൂർ. കമ്പനി രൂപീകരണത്തിനുള്ള ആശയം വന്നത് സംസ്ഥാന വൈദ്യുതി മന്ത്രിയും പ്രദേശത്തെ എംഎൽഎയും  മികച്ച കർഷകനുമായ കെ.കൃഷ്ണൻകുട്ടിയിൽനിന്ന്. അദ്ദേഹത്തിന്റെ നിർലോപമായ പിൻതുണയും ആശയങ്ങളും തന്നെയാണ് കമ്പനിയുടെ കരുത്ത്. കമ്പനിയുടെ കീഴിലുള്ള മുന്നൂറോളം അംഗങ്ങളിൽ നല്ല പങ്കും യുവകർഷകരാണെന്ന സവിശേഷതയുമുണ്ട്. പേരച്ചായ പോലുള്ള നൂതന മൂല്യവർധിത ഉൽപന്നങ്ങൾ കമ്പനിയിലെ യുവത്വത്തിന്റെ ആശയം തന്നെ.

Read also: റമ്പുട്ടാൻ ഉൾപ്പെടെ 26 ഇനം പഴങ്ങൾ; അവധിക്കാലം ആഘോഷിക്കാൻ ഫാം ഹൗസ്: ഇത് ഓസ്ട്രേലിയൻ മലയാളിയുടെ ഏദൻതോട്ടം

പ്രദേശത്തെ പേരക്കർഷകരിൽ മുൻപന്തിയിലുള്ളത് കമ്പനി ചെയർമാൻ കൂടിയായ മീനാക്ഷിപുരം മൂലത്തറ ദീശൻ ഫാംസ് ഉടമ ജെ.ജ്ഞാനശരവണനാണ്. ഒരേക്കറിൽ അതിസാന്ദ്രത (high density)രീതിയിലാണ് ജ്ഞാനശരവണന്റെ പേരക്കൃഷി. അതായത്, ഒരേക്കറിൽ 8x8 അടി അകലത്തിൽ 860 തൈകൾ. മികച്ച രുചിയും പോഷകഗുണങ്ങളുമുള്ള ഐഐഎച്ച്ആർ ഇനം അർക്ക കിരൺ പിങ്ക് ഇനമാണ് ജ്ഞാനശ രവണൻ കൃഷി ചെയ്തിരിക്കുന്നത്.

തമിഴ്നാട്ടിൽ വിപുലമായി പേരക്കൃഷിയുള്ളതിനാൽ പാലക്കാടൻ മേഖലയിൽ വിപണിവില പലപ്പോഴും ഇടിയാറുണ്ട്. കിലോയ്ക്ക് 10 രൂപയിൽ താഴെയാകുന്ന സാഹചര്യങ്ങളുണ്ടെന്ന് കമ്പനി സിഇഒ ഷനൂജ് ഷാഹുൽ. ഈ  പ്രതിസന്ധി ഒഴിവാക്കാനാണ് ഉൽപാദനത്തിൽ ഒരു പങ്ക് മൂല്യവർധന നടത്താം എന്നു തീരുമാനിച്ചത്. അതിസാന്ദ്രതാരീതി അവലംബിക്കുന്ന പേരത്തോട്ടങ്ങളിൽ വർഷംതോറും കമ്പുകോതൽ(പ്രൂണിങ്) ആവശ്യമാണ്. ഇങ്ങനെ കമ്പുകോതി നിർത്തുമ്പോൾ പിന്നാലെ നിറയെ കായ്കളും തളിരി ലകളും ഉണ്ടാവുന്നു. ഈ തളിരാണ് പേരയിലച്ചായപ്പൊടി നിർമാണത്തിനെടുക്കുന്നത്. 

പഴങ്ങളും ഇലകളും സോളർ ഡ്രയറിൽ ഉണക്കുന്നതാണ് ആദ്യ ഘട്ടം. അടുത്ത ഘട്ടം പൾവറൈസറിൽ പൊടിക്കലാണ്. ഈ ഇലപ്പൊടിക്കൊപ്പം ഏലക്കായും ചുക്കും ചേർക്കുന്നു. 2 ചായപ്പൊടിയിലും ഒരുതരത്തിലുള്ള സംരക്ഷകവും ചേർക്കുന്നില്ലെന്ന് ഷനൂജ്. വൈറ്റമിൻ സി കൊണ്ട് സമ്പന്നമാണ് 2 ചായപ്പൊടികളും. കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രമേഹസാധ്യത കുറയ്ക്കാനും പേരച്ചായയ്ക്കു കഴിവുണ്ടെന്നു  ഷനൂജ്. ചായപ്പൊടിക്കൊപ്പം ജാതിക്കയിൽ നിന്നുൾപ്പെടെ ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങളും മികച്ച നടീ ൽവസ്തുക്കളും  വിപണിയിലെത്തിക്കുന്നുണ്ട് ഈ കർഷക കൂട്ടായ്മ.

ഫോൺ: (ഷനൂജ്) 9995565234

English summary: Value added products of guava

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com