ചിലയിടത്ത് വ്യാജചികിത്സകർ, ചിലയിടത്ത് അശാസ്ത്രീയ ചികിത്സ: നാഥനില്ലാക്കളരിയായി കേരളത്തിലെ മൃഗസംരക്ഷണം!!
Mail This Article
സംസ്ഥാനത്ത് മൃഗചികിത്സ നടത്തണമെങ്കിൽ വെറ്ററിനറി ബിരുദവും വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷനും നിർബന്ധമാണ്. ഈ രണ്ടു കാര്യങ്ങളുമില്ലാതെ ചെയ്യുന്ന എല്ലാ ചികിത്സകളും വ്യാജവും നിയമത്തിനു മുൻപിൽ ശിക്ഷാർഹവുമാണ്. വേണ്ടുന്ന യോഗ്യതയില്ലാതെ ചികിത്സിക്കുന്നത് മിണ്ടാപ്രാണികളോട് ചെയ്യുന്ന ക്രൂരതയാണ്. ആവശ്യമില്ലാത്ത മരുന്നുകളുടെ പാർശ്വഫലം അനുഭവിക്കേണ്ടി വരുന്നത് ഈ പാവം മൃഗങ്ങളും.
സംസ്ഥാനത്ത് പുതുതായി ധാരാളം സ്വകാര്യ മൃഗാശുപത്രികൾ തുടങ്ങുന്നുണ്ട്. അതിൽ ഭൂരിപക്ഷവും വെറ്ററിനറി ബിരുദധാരികൾ തന്നെയാണ് തുടങ്ങുന്നത്. എന്നാൽ, ഈ മേഖലയിലെ സാധ്യതകൾ മുതലെടുത്ത് വേണ്ടത്ര യോഗ്യതയില്ലാത്ത വ്യാജന്മാർ സ്വകാര്യ മൃഗാശുപത്രികൾ തുടങ്ങുന്നു, ഒപ്പം ചികിത്സയും. കെട്ടിലും മട്ടിലും ആഡംബരം തോന്നുന്ന രീതിയിൽ തുടങ്ങുന്ന ഇത്തരം സ്ഥാപനം കണ്ട് അരുമമൃഗങ്ങളുടെ ഉടമസ്ഥർ ചികിത്സയ്ക്കായി ഇത്തരം സ്ഥാപനങ്ങളിൽ എത്തിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
മനുഷ്യർക്കായുള്ള സ്വകാര്യ ആശുപത്രി, ദന്താശുപത്രി, എന്തിനേറെ മെഡിക്കൽ ഷോപ്പുകൾ വരെ തുടങ്ങണമെങ്കിൽ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പലതരത്തിലുള്ള പരിശോധനകളും NOCയും ആവശ്യമാണ്. എന്നാൽ, കേരളത്തിൽ മൃഗങ്ങളുടെ കാര്യത്തിൽ, ഏതു വ്യാജനും ചികിത്സിക്കാം എന്നതാണ് സ്ഥിതി. അതുകൊണ്ടുതന്നെ, ഇത്തരം ചികിത്സാകേന്ദ്രങ്ങൾക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഉണ്ടാകണം.
പശുക്കളുടെ കാര്യം ഇതിലും ദയനീയമാണ്. കേരളത്തിൽ സങ്കരയിനം പശുക്കളെ ഉൽപാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ബ്രീഡിങ് പോളിസി നിലവിലുണ്ട്. ഇതിൽ വ്യക്തമായി പറയുന്നുണ്ട് എത്ര ശതമാനം വരെ വിദേശ ജനുസിന്റെ ഗുണം നമ്മുടെ പശുക്കളിൽ ആകാമെന്ന്. ഇതിൽ കൂടുതലായാൽ നമ്മുടെ കാലാവസ്ഥയുമായി ചേരാതെ വരികയും പാലുൽപാദനത്തിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിയാതെയും വരും. നിലവിൽ മുന്തിയ കാളകളുടെ ശീതീകരിച്ച ബീജം കൊണ്ടുവന്ന് കൃത്രിമ ബീജസങ്കലനം നടത്താം. പാൽ സൊസൈറ്റികൾ വഴിയും സ്വകാര്യകൃത്രിമ ബീജാധാന കേന്ദ്രങ്ങൾ വഴിയും വിരമിച്ച ഉദ്യോഗസ്ഥർ വഴിയും ഇപ്പോൾ ഈ പ്രവൃത്തി നടക്കുന്നു. ഏതുതരം ബീജം ഏതു പശുവിനു കുത്തിവച്ചു എന്നോ അതിന്റെ ഉൽപാദനക്ഷമത എന്തെന്നോ ഒന്നും തന്നെ രേഖപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ മേൽ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം സർക്കാരിന് ലഭ്യവുമല്ല. അത്തരം വിവരങ്ങൾ ശേഖരിക്കാനും ക്രോഡീകരിക്കാനുമായി സ്വകാര്യ ആർട്ടിഫിഷൽ ഇൻസെമിനേറ്റർമാർക്കും ഒരു റജിസ്ട്രേഷൻ സംവിധാനമോ അവർ കുത്തിവയ്ക്കുന്ന പശുക്കളുടെയും കാളകളുടെയുമെല്ലാം വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു ഓൺലൈൻ സംവിധാനമോ കൊണ്ടുവന്നാൽ നല്ലതാണ്. അല്ലാത്തപക്ഷം, സംസ്ഥാനം പാൽ സ്വയം പര്യാപ്തമാകും, അയൽ സംസ്ഥാനത്തെ കന്നുകാലികളെ സബ്സിഡി നൽകി ഇവിടെ കൊണ്ടുവന്ന് പാലിന്റെ അളവ് കൂട്ടും എന്നൊക്കെ പറയുന്നത് ഈ മേഖലയിലെ സുസ്ഥിര വികസനമല്ല.
ഇവിടെ ഉൽപാദനം കൂടണമെങ്കിൽ ബ്രീഡിങ് പോളിസി പരിഷ്കരിക്കണം. കാരണം, സംസ്ഥാനത്ത് ബ്രീഡിങ് പോളിസി കൊണ്ടുവന്നപ്പോഴുള്ള സ്ഥിതിയും കാലഘട്ടവുമല്ല ഇന്നത്തേത്. മെച്ചപ്പെട്ട പാലുൽപാദനമുള്ള സങ്കരയിനം പശുക്കളുണ്ടെങ്കിൽ മാത്രമേ ഈ മേഖലയിൽ കർഷകർക്ക് നിലനിൽപ്പുള്ളൂ. അതിനോടൊപ്പം കൃത്രിമ ബീജസങ്കലനം, സ്വകാര്യചികിത്സ, സ്വകാര്യ മൃഗാശുപത്രി തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ശക്തമായ ഇടപെടലുകളും വ്യജന്മാർക്കെതിരെ ശക്തമായ ശിക്ഷണ നടപടിയുമുണ്ടാകണം.
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: The time has come to revise the animal breeding policy in Kerala