ADVERTISEMENT

"ചെല്ലമ്മാ! ഈ മരച്ചീനി വേവുമോ?"- കള്ളുഷാപ്പിലെ ആവശ്യത്തിന് മരച്ചീനി വാങ്ങാൻ വന്ന ഷാപ്പു മുതലാളി ചോദിച്ചു.

"നല്ല ഒന്നാം തരം മരച്ചീനിയാ മുതലാളി! തീയിൽ വെച്ചാൽ നല്ല വെണ്ണ പോലുരുകും!' - ചെല്ലമ്മ പറഞ്ഞു.

"എനിക്ക് മുഴുവനും വേണം. എന്താണു വില?" 

"മൂന്നു വട്ടി മരച്ചീനിയുണ്ട്. എല്ലാത്തിനും കൂടി ഇരുപതു രൂപ വേണം!"

ഏറെ നേരത്തെ പേശലിനു ശേഷം മുതലാളി പതിനെട്ടു രൂപയ്ക്ക് വില പറഞ്ഞുറപ്പിച്ചു. ഇതിനിടയിൽ ചന്തയിലെ കോൺട്രാക്ടർ രണ്ടു രൂപ വേറെ നൽകി അവളെ സഹായിക്കാമെന്നു  പറഞ്ഞു നോക്കി.

"എനിക്ക് ആരുടെയും ഓശാരം വേണ്ട!" - ചെല്ലമ്മ കട്ടായം പറഞ്ഞു.

യുവ സുന്ദരിയും തന്റേടിയുമായ അവളുടെ ഉറച്ച ശബ്ദം മണക്കാട് ചന്തയിലെ തിരക്കുകളിൽ അലിഞ്ഞു പോയി.

ചട്ടിയും കലവും കോഴിയും തേങ്ങയും മരച്ചീനിയും വാഴക്കുലയുമൊക്കെ നിരന്നു നിറഞ്ഞ  ചന്തയിലെ ഒരു കോണിൽ മരച്ചീനി വട്ടികൾ ഒതുക്കി വച്ചുകൊണ്ട് അവൾ ആരോടെന്നില്ലാതെ പിന്നെയും ചീറി: "ഈ ചെല്ലമ്മയെ മരച്ചീനിക്കച്ചവടം ആരും പഠിപ്പിക്കേണ്ട!"

ചന്തപ്പറമ്പിൽ തനിക്കു നേരെ തിരിയുന്ന തീയാളുന്ന കണ്ണുകളിലെ തിളക്കം കെടുത്താനെന്നവണ്ണം അവ ളൊന്നു മുറുക്കിത്തുപ്പി.

കള്ളിച്ചെല്ലമ്മ! ജി.വിവേകാനന്ദന്റെ നോവലിലൂടെയും പി. ഭാസ്കരന്റെ സിനിമയിലൂടെയും അവൾ ഇന്നും ജീവിക്കുന്നു.

മരച്ചീനിയും  പെൺവഴികളും

വെങ്ങാനൂരിൽ നിന്നും വെള്ളായണിയിൽനിന്നുമൊക്കെ മരച്ചീനി വാങ്ങി തലയിലേറ്റി തിരുവനന്തപുരത്തെ ചന്തകളിൽ കൊണ്ടുപോയി വിറ്റ് വീടു പുലർത്തിയിരുന്ന എത്രയോ ചെല്ലമ്മമാർ കാലത്തിന്റെ കായൽത്തീരങ്ങളിൽ ഉദിച്ചസ്തമിച്ചു. കിഴക്കൻ മലയോര ഗ്രാമങ്ങളിലെ ‘കപ്പച്ചേടത്തി’മാരുടെ തലവിധിയും മറിച്ചായിരുന്നില്ല. 

ആണുങ്ങൾ ഉണ്ടും ഉറങ്ങിയും തെങ്ങിൻചുവടുകൾക്കു കീഴിൽ ചീട്ടു കളിച്ചും സമയം കളഞ്ഞിരുന്ന കാലത്ത് നാട്ടിന്‍പുറങ്ങളിലെ സ്ത്രീശാക്തീകരണത്തിൽ മരച്ചീനിക്കു വലിയ പങ്കുണ്ടായിരുന്നു. മരച്ചീനി വിളയുന്ന മലയോരം മലയാളിപ്പെണ്ണിന്റെ സാമ്രാജ്യമാണെന്ന ശ്രീകുമാരൻ തമ്പിയുടെ കാവ്യഭാവനയില്‍ ഈ തിരിച്ചറിവിന്റെ തിളക്കമുണ്ട്.

Read also: ഒരു കിലോയുള്ള തിലാപ്പിയ ഗ്രില്‍ ചെയ്തു; ഇത് 10 രൂപയുടെ ഹോം മെയ്ഡ് ഫുഡിന്റെ വളര്‍ച്ച 

കപ്പയ്ക്കു ഗ്രൂപ്പില്ല 

കപ്പയും മീനും കട്ടനും പണ്ടേ താരമായ കോംബോയാണ്. വിപ്ലവനായകനായിരുന്ന എകെജിയെ ചുട്ട കപ്പയും കാപ്പിയും നല്‍കിയായിരുന്നു സമരഭൂമികളിൽ വരവേറ്റിരുന്നത്. എത്ര തിരക്കുണ്ടെങ്കിലും കപ്പയും മുളകുചമ്മന്തിയും കണ്ടാൽ ഒന്നു സ്വാദു നോക്കാതെ പോകുമായിരുന്നില്ലത്രെ മുൻ മുഖ്യൻ ഉമ്മൻ ചാണ്ടി. വയനാട് സന്ദർശനത്തിനെത്തുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും ഇഷ്ട വിഭവം മരച്ചീനിയാണെന്നതിൽ ഗ്രൂപ്പു തർക്കമില്ല. 

മാനിഹോട്ട് എസ്കുലന്റ

'സാഹിത്യ വാരഫല'ത്തിലൂടെ  പ്രശസ്തനായ പ്രഫ.എം. കൃഷ്ണൻ നായർ കപ്പയെക്കുറിച്ചു പറഞ്ഞത് തനതു സ്റ്റൈലില്‍. കപ്പ നന്നായി വെന്തതെങ്കില്‍ ചമ്മന്തി കൂട്ടി തിന്നാൻ നല്ല രസം. വിദ്യാർഥിയായിരുന്ന കാലത്ത് ധാരാളം കഴിച്ചിട്ടുമുണ്ട്. അങ്ങനെയിരിക്കെ ബോട്ടണി അധ്യാപകൻ അതിന്റെ പേര് ‘മാനിഹോട്ട് എസ്കുലന്റ’ എന്നു പറഞ്ഞുകൊടുത്തു. അതിനു ശേഷം മരച്ചീനി കണ്ടാൽ ഛർദിക്കാൻ വരു മെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്!

നാഴിയരിയും കപ്പയും

സാമൂഹികവിപ്ലവത്തിന്റെയും നവോത്ഥാനത്തിന്റെയും  ചാലകശക്തിയായി കപ്പ വർത്തിച്ചിട്ടുണ്ട്. നേതാക്കളുടെ ഒളിവുജീവിതങ്ങൾക്ക് കപ്പയും ചാളയുമൊക്കെ കരുത്തു നൽകി. പുന്നപ്ര-വയലാർ സമരക്കാ‌രുടെ മുപ്പതോളം ക്യാമ്പുകളില്‍ വിശപ്പകറ്റിയത് കപ്പയും കഞ്ഞിയുമാണ്. അരയണ കൊടുത്തു നാഴിയരിയും നാലു ചക്രത്തിനു കപ്പയും വാങ്ങി കുടിലിലെത്തിയ കോര് ചിരുത അതു പാകം ചെയ്തു കൊടുക്കുന്ന കഥ ‘രണ്ടിടങ്ങഴി’യിലൂടെ തകഴി പറയുമ്പോൾ ഒരു യുഗ പരിവർത്തനത്തിന്റെ തുടക്കം നമ്മൾ അനുഭവിച്ചറിയുന്നു..

കപ്പയും എലികളും 

സക്കറിയ ആദ്യകാലത്ത് എഴുതിയ ‘ഒരു പറുദീസനഷ്ടം’ എന്ന കഥ കപ്പയും എലികളും സമൂഹവും തമ്മിലുള്ള രാഷ്ട്രീയ-സാംസ്കാരിക–ചരിത്രബന്ധങ്ങളെ തുറന്നു കാട്ടുന്നുണ്ട്. കപ്പക്കൃഷിയിലെ എലിശല്യത്തിന്റെ ഉത്ഭവത്തെപ്പറ്റി പാലാക്കാർക്കു വേണ്ടി ഒരു പഠനം എന്നതായിരുന്നു ആ കഥയുടെ ആമുഖ വാക്യം. ആദവും ഹവ്വയും എലികളും കർഷകരും രാഷ്ട്രീയകക്ഷികളും കപ്പക്കിഴങ്ങുമൊക്കെ ഇതിൽ കഥാപാത്രങ്ങളായി വരുന്നു. ഇന്നാണെങ്കില്‍ പന്നികളും വരുമായിരുന്നു. 

ആനക്കൊമ്പനും സുന്ദരിവെള്ളയും 

വിശാഖം തിരുനാൾ രാമവർമ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂറിൽ മരച്ചീനിക്കൃഷി ആരംഭിച്ചത്. ആദ്യമായി മരച്ചീനി നട്ട സ്ഥലം ‘മരച്ചീനിവിളാകം’ എന്ന പേരിൽ അറിയപ്പെട്ടു. അതാണ് ഇപ്പോഴ ത്തെ ജവഹർ നഗർ! മലബാറിലേക്ക് കപ്പ കൊണ്ടുവന്നത് പോർച്ചുഗീസുകാരാണെങ്കിലും കപ്പയുടെ ശക്തി മുഴുവനും അവിടത്തുകാർക്കു മനസ്സിലാക്കിക്കൊടുത്തത് തിരുവിതാംകൂറിൽ നിന്നെത്തിയ ചേട്ടന്മാരാണ്. ആമ്പക്കാടൻ, ആനമറവന്‍, ആനക്കൊമ്പൻ, മുളമൂടൻ, മലയൻഫോർ, സുമോ, ചേനക്കപ്പ, നീലക്കപ്പ, തോടലിമുള്ളൻ, കാരിമുള്ളൻ, നമ്പൂരിക്കപ്പ, മലബാർ കപ്പ, സിലോൺ കപ്പ, സുന്ദരിവെള്ള തുടങ്ങിയ പുതിയതും പഴയതുമായ അനേകം മരച്ചീനിയിനങ്ങൾ ഉണ്ടെങ്കിലും പ്രോട്ടോക്കോൾ അനുസരിച്ച് വിശാഖം തിരുനാളിന്റെ പേരിൽ പുറത്തിറക്കിയ ശ്രീവിശാഖിനു  നൽകണം രാജപദവി.

കപ്പയുടെ തലേവര തെളിഞ്ഞു

ഈ മാസം 28 ദേശീയ കപ്പ ദിനമാണ്. കപ്പയും മീനും കപ്പയും കാന്താരിയും കഞ്ഞിയും കപ്പയും കപ്പ നൂഡിൽസും ബിരിയാണിയും കട്‌ലറ്റുമൊക്കെ സ്റ്റാർ ഹോട്ടലിലെ തീന്‍മേശയില്‍ താരപദവി നേടുന്ന ഇക്കാലത്ത് കപ്പ ദിനം നമ്മള്‍ ആഘോഷിക്കേണ്ടേ? കപ്പച്ചാരായവും വൈകാതെ കുപ്പികളിൽ കിട്ടുന്ന മോഹന കാലം വിദൂരമല്ല. ക്ഷമയോടെ കാത്തിരിക്കുകതന്നെ!  

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Funny facts behind Kerala tapioca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com