‘കേരളത്തിൽ കർഷകരില്ല’, ‘കൃച്ചിക്കാരൻ’ എന്നു പറഞ്ഞ് ആക്ഷേപം; പ്രതികരണവുമായി യുവകർഷകൻ
Mail This Article
വന്യജീവി ആക്രമണം, ഉൽപാദനച്ചെലവ്, വിലയിടിവ് എന്നുതുടങ്ങി കേരളത്തിൽ കർഷകരഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. എന്നാൽ, ഇവയൊക്കെ തരണം ചെയ്ത് കാർഷികവൃത്തിയിലൂടെ ജീവിതം മുൻപോട്ടു കൊണ്ടുപോകുന്ന ഒട്ടേറെ കർഷകർ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. എന്നാൽ, ‘കേരളത്തിൽ കർഷകരില്ല, മല്ലൂസ് എന്തെങ്കിലും കഴിക്കണമെങ്കിൽ ആന്ധ്രയിൽനിന്നോ തമിഴ്നാട്ടിൽനിന്നോ ഉൽപന്നങ്ങൾ കൊണ്ടുവരണം അല്ലാതെ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന കുരുമുളകും ഏലവും റബറുമൊന്നും കൃഷിയല്ല’ എന്നിങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ കർഷകവിരുദ്ധ രീതിയിലുള്ള പ്രതികരണങ്ങൾ വരുന്നത്. കർഷകരെ ‘കൃച്ചിക്കാരൻ’ എന്നു പറഞ്ഞ് കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്തവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ യുവകർഷകനായ മാത്തുക്കുട്ടി ടോം.
ഏതാനും ദിവസങ്ങൾക്കു മുൻപ് വളർത്തുനായയെ കടുവ പിടിച്ചതുമായി ബന്ധപ്പെട്ട് ഒരു മലയോര കർഷകന്റെ പ്രതികരണം കർഷകശ്രീ പങ്കുവച്ചിരുന്നു. ആ വിഡിയോയ്ക്ക് അനുകൂലവും പ്രതികൂലവുമായി ഒട്ടേറെ അഭിപ്രായങ്ങളുമുണ്ടായിരുന്നു. 15 ലക്ഷത്തോളം പേർ കണ്ട ഫെയ്‌സ്ബുക്ക് ഹ്രസ്വ വീഡിയോയ്ക്ക് ഒട്ടേറെ കമന്റുകളും ലഭിച്ചിരുന്നു (വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക). ഇതിലാണ് കർഷകരെ കളിയാക്കുന്നതായും കുറ്റപ്പെടുത്തുന്നതായുമുള്ള കമന്റുകൾ ശ്രദ്ധയിൽപ്പെട്ടതെന്ന് മാത്തുക്കുട്ടി കർഷകശ്രീക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു.
‘‘മലയോര കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് വിഡിയോയിൽ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കേരളത്തിലെ കർഷകസമൂഹത്തിന്റെ നേർച്ചിത്രമാണത്. കേരളത്തിൽ കൃഷിയില്ല, മലയാളി ഭക്ഷണം കഴിക്കണമെങ്കിൽ ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നും വരണം എന്നു പറയുമ്പോൾ അവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. അവരൊരു മലയാളിയാണെങ്കിൽ ഓരോരുത്തരും ഉത്തരവാദിയാണ് അങ്ങനൊരവസ്ഥ ഉണ്ടായതിൽ. കാരണം, കാർഷിക സമൃദ്ധിയുള്ള നാടായിരുന്നു നമ്മുടേത്. ആ നാട് എന്തുകൊണ്ട് ഇങ്ങനെയായി എന്നുള്ളത് നമ്മളൊന്നു ചിന്തിക്കണം.
Read also: കേരളത്തിൽ എന്തെങ്കിലും നട്ടു നനച്ചു വളർത്തുന്നവൻ കൃച്ചിക്കാരൻ, മറ്റു സംസ്ഥാനത്തുള്ളവർ കൃഷിക്കാരൻ
ഞാൻ മാത്തുക്കുട്ടി. കഴിഞ്ഞ എട്ടു വർഷമായി മുഴുവൻസമയ കർഷകനാണ്. പഴം, പച്ചക്കറി, കോഴി, പന്നി, പോത്ത്, താറാവ്, കാട എന്നിവയെല്ലാം ഉൾപ്പെടുത്തി ഒരു സമ്മിശ്ര കർഷകനായി ജീവിക്കുന്നു. രണ്ട് ബിരുദാനന്തര ബിരുദം (എംബിഎ, എംകോം) നേടിയ ശേഷം ലോകത്തിലെ ഏറ്റവും മികച്ച രണ്ടു കമ്പനികളിൽ (ജാഗ്വാർ ആൻഡ് ലാൻഡ് റോവർ, ബിഎംഡബ്ല്യു) ജോലി ചെയ്തശേഷമാണ് 2015ൽ കൃഷിയിലേക്ക് ഇറങ്ങിയത്. കൃഷി പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ആളാണ്, കർഷകന്റെ മകനാണ്, കർഷകന്റെ കൊച്ചുമകനാണ്. അതുകൊണ്ടുതന്നെയാണ് കാർഷിക പാരമ്പര്യം വേരറ്റുപോകാതാരിക്കാൻ കൃഷിയിലേക്കിറങ്ങിയതാണ്. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ, അതിനെയൊക്കെ തരണം ചെയ്ത് ഇന്ന് കൃഷിയിലൂടെ മികച്ച വരുമാനം നേടുന്നു.
എന്റെ കൃഷിയിടത്തിൽ വിളയുന്നവ സ്വന്തം കടകളിലൂടെയാണ് വിൽപന. കച്ചവടക്കാരനല്ലേ എന്ന് ചോദിച്ചേക്കാം, നെഗറ്റീവ് കമന്റുകൾ വന്നേക്കാം... കേരളത്തിൽ കൃഷി ഇല്ല എന്നു പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല. കാലത്തിനൊത്തു മാറി കൃഷി ചെയ്താൽ നമുക്ക് മുൻപോട്ടു കൊണ്ടുപോകാൻ പറ്റും. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ 2 പുരസ്കാരങ്ങൾ എനിക്കു ലഭിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊരു വ്യക്തിയെന്ന നിലയിൽ ഇത്തരം കമന്റുകൾ കണ്ടപ്പോൾ വളരെ സങ്കടം തോന്നി. ഒരു മലയാളി എന്ന നിലയിൽ കർഷകരെ പിന്തുണയ്ക്കുന്നതിനു പകരം അവരെ പരമാവധി മ്ലേച്ഛമായ വാക്കുകൾ ഉപയോഗിച്ച് അവഹേളിക്കുന്നതാണ് കാണ്ടത്. ഈ അവഹേളിക്കുന്നവരെല്ലാം ഒരുപക്ഷേ, കേരളത്തിനു പുറത്തായിരിക്കാം. നമ്മൾ ഏതു നാട്ടിലെ ആളുകളെ എടുത്താലും ഒന്നോ രണ്ടോ തലമുറയ്ക്കപ്പുറം എല്ലാവരും കൃഷിക്കാരാണ്. അതായത്, ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം അവന്റെ പാരമ്പര്യം കൃഷിയിൽ അധിഷ്ഠിതമാണ്. കൃഷിയെ ഒരിക്കലും ഒരു പുച്ഛഭാവത്തോടെ കാണരുത്. ഇപ്പോഴും നല്ല കൃഷിക്കാരുണ്ട്. അതുകൊണ്ടുതന്നെ ഇവിടുത്തെ മൊത്തം സാധനങ്ങളും തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും വരുന്നുവെന്ന് പറയാൻ ഞാൻ സമ്മതിക്കില്ല. ഞാനുൾപ്പെടെയുള്ള ഒട്ടേറെ കർഷകർ കാർഷികോൽപന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുന്നുണ്ട്. ഒരു കാരണവശാലും സാമാന്യവൽകരിച്ച് പറയരുത്. കൃഷിയെന്നു പറഞ്ഞാൽ അത് ജോലിയോ ഉപജീവനമോ മാത്രമല്ല അതൊരു സംസ്കാരമാണ് പാരമ്പര്യവുമാണ്. അതില്ലെങ്കിൽ ഒന്നുമില്ല. അതിനെ കൈമുതലാക്കി മുറുകെ പിടിച്ചിരിക്കുന്ന ഒട്ടേറെ പേർ സമൂഹത്തിലുണ്ട്. നിങ്ങളിങ്ങനെ പറയുന്നത് അവർക്കൊരു വിഷമമായിരിക്കും.
നന്ദി’’
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: Cultivators were cursed; Response of the young farmer