മഴ ആസ്വദിക്കാം, ഒപ്പം വീട്ടിലെ മീൻ ഉപയോഗിച്ച് വീട്ടിൽത്തന്നെ ഉണ്ടാക്കാം ഒരു കിടിലൻ മീൻ പലഹാരം
Mail This Article
മഴക്കാലമാണ്... ഇടവിട്ടിടവിട്ട് ശക്തമായ മഴയും... പോരാത്തതിന് ഇന്നും നാളെയും അവധിദിവസം... അപ്പോൾ മഴ ആസ്വദിച്ച് ഉഗ്രൻ മീൻ പലഹാരം വീട്ടിൽത്തന്നെ തയാറാക്കിയാലോ? സംഗതി പൊളിക്കും... ഇത് ട്രോളിങ് നിരോധന കാലമല്ലേ. അപ്പോൾ എങ്ങനെ നല്ല മത്സ്യം വാങ്ങും? നമ്മുടെ നാട്ടിൽ പല കർഷകരുടെയും വീട്ടിലെ കുളങ്ങളിൽ മികച്ച വളർച്ചയും രുചിയുള്ള വളർത്തുമത്സ്യങ്ങളുണ്ട്. തിലാപ്പിയ, റെഡ് ബെല്ലീഡ് പാക്കു, വാള എന്നിവയെല്ലാം ഫ്രഷ് ആയി ലഭിക്കുമെന്നതാണ് കർഷകരുടെ അടുത്തുനിന്ന് വാങ്ങുമ്പോഴുള്ള മേന്മ. അതായത്, സൂക്ഷിപ്പുകാലാവധി കൂട്ടാനായി അമോണിയ, ഫോർമലിൻ പോലുള്ള രാസപദാർഥങ്ങളൊന്നുമില്ലെന്ന ഉറപ്പുണ്ട്. തിലാപ്പിയ മത്സ്യം ഉപയോഗിച്ച് ഫിഷ് റോൾ ഉണ്ടാക്കാം.
ചേരുവകൾ
- മീൻ (തിലാപ്പിയ) – ½ കിലോ
- ക്യാരറ്റ് അരിഞ്ഞത് – 2 എണ്ണം
- തക്കാളി അരിഞ്ഞത് – 1 എണ്ണം
- സവാള – 4 എണ്ണം
- ഇഞ്ചി അരിഞ്ഞത് – 1 സ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – 1 സ്പൂൺ
- പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
- കുരുമുളക് പൊടി – 2 സ്പൂൺ
- മഞ്ഞൾപ്പൊടി – ½ സ്പൂൺ
- വിനാഗിരി – 1 സ്പൂൺ
- എണ്ണ – 4 സ്പൂൺ
- മുട്ട മിക്സിയിൽ അടിച്ചത് – 2 എണ്ണം
- റൊട്ടിപ്പൊടി – 1 കപ്പ്
- കറിവേപ്പില – 2 ഇതൾ അരിഞ്ഞത്
- ഉപ്പ് – ആവശ്യത്തിന്
- ആട്ടയും മൈദയും – 1 കപ്പ് വീതം (മിക്സിയിൽ മാവ് പരുവത്തിൽ അടിച്ചെടുക്കുക)
പാകം ചെയ്യുന്ന വിധം
കുരുമുളകു പൊടി, മഞ്ഞൾപ്പൊടി, വിനാഗിരി, ഉപ്പ് ഇവ മീനിൽ പുരട്ടി 10 മിനിറ്റ് നേരം വയ്ക്കുക. അതിനുശേഷം സ്റ്റീമറിൽ മീൻ പുഴുങ്ങി എടുക്കുക. പുഴുങ്ങിയ മീനിന്റെ മുള്ള് നീക്കം ചെയ്തു ദശ മാത്രം എടുത്തു വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റി അതിലേക്ക് ക്യാരറ്റ്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് ചെറുതായി വഴറ്റി ശേഷം മീൻ ഇട്ട് നന്നായി ഇളങ്ങിയെടുക്കുക. റോളിന്റെ ഉള്ളിലേക്കുള്ള കൂട്ട് റെഡി.
അപ്പച്ചട്ടിയിൽ ഗോതമ്പും മൈദയും മാവ് ആക്കിയത് കൊണ്ട് അപ്പം പോലെ ചുറ്റിച്ച് ഉണ്ടാക്കുക. അത് ഒരു പാത്രത്തിൽ വച്ച് അതിലേക്ക് ഒന്നര സ്പൂൺ നേരത്തേ വഴറ്റി വച്ചിരിക്കുന്ന കൂട്ട് ഇട്ട് രണ്ട് സൈഡിൽ നിന്നും മടക്കി റോൾ പോലെ ആക്കി എടുക്കുക. ഇതിനെ മുട്ട അടിച്ചു വച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് ഫ്രൈയിങ് പാനിൽ വറുത്ത് എടുക്കുക. തിലാപ്പിയ റോള്‍ റെഡി.
റെസിപ്പി: ലീലാമ്മ രാജു
തിലാപ്പിയ ഉപയോഗിച്ച് ഒട്ടേറെ വിഭവങ്ങൾ തയാറാക്കാം. അതിലൊന്ന് പരിചയപ്പെടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഒരു കിലോയുള്ള തിലാപ്പിയ ഗ്രില്‍ ചെയ്തു; ഇത് 10 രൂപയുടെ ഹോം മെയ്ഡ് ഫുഡിന്റെ വളര്‍ച്ച
English Summary: Fish Roll Recipe