ADVERTISEMENT

ഏറെ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ശംഖുപുഷ്പം. വീട്ടുമുറ്റത്തോ ഉദ്യാനത്തിലോ അലങ്കാരത്തിനൊപ്പം ഔഷധവുമായി മാറുന്ന ഒരു ശംഖുപുഷ്പ ചെടിയെങ്കിലും വയ്ക്കാം. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിനും മുടിക്കും ആരോഗ്യപ്രദമാണ് ശംഖുപുഷ്പം. ഓര്‍മശക്തി നിലനിര്‍ത്താനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഇതു ഗുണകരമാണ്. ഗ്ലൂക്കോസിന്റെ ആഗീരണം നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാനും ഇത് ഉത്തമമാണ്. പ്രമേഹരോഗികള്‍ക്ക് അണുബാധയുണ്ടാകുന്നത് തടയും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അലിയിച്ചുകളയും. മാനസികസമ്മര്‍ദം കുറയ്ക്കാനും ഇതു നല്ലതാണ്. രാവിലെ ഗ്രീന്‍ ടീ ഉപയോഗിക്കുന്നവര്‍ക്ക് വീട്ടുമുറ്റത്തുനിന്ന് ലഭിക്കുന്ന നീല ശംഖുപുഷ്പം കൊണ്ട് ഗുണമേന്മയുള്ള ഔഷധഗുണമുള്ള സുന്ദരമായ നീലച്ചായ ശ്രമിച്ചുനോക്കാവുന്നതാണ്. 

ഒരു കപ്പ് ചായയ്ക്കു വേണ്ടി രണ്ടോ മൂന്നോ നീല ശംഖുപുഷ്മാണ് വേണ്ടത്. ഒരു പാനില്‍ വെള്ളം വച്ച് അതു തിളച്ചുവരുമ്പോള്‍ അതിലേക്ക് ശംഖുപുഷ്പത്തിന്റെ ഇതളുകള്‍ അടര്‍ത്തി ഇട്ടു കൊടുക്കണം. തിളയ്ക്കുമ്പോള്‍ വെള്ളത്തിന്റെ നിറം നല്ല നീലയാകുന്നതു കാണാം. നല്ലപോലെ തിളച്ച ശേഷം ഒരു കപ്പിലേക്ക് പകര്‍ന്ന് തണുക്കാന്‍ വയ്ക്കുക. ചെറുതായി തണുത്ത ശേഷം അതിലേക്ക് നാരങ്ങാനീരു കൂടി പിഴിഞ്ഞ് ചെറുചൂടോടെ കുടിക്കാം. ഫ്രഷ് പൂക്കൾ മാത്രമല്ല ഉണങ്ങി സൂക്ഷിച്ച പൂക്കളും ചായയ്ക്കായി ഉപയോഗിക്കാം. ചായ മാത്രമല്ല സ്ക്വാഷ്, സോപ്പ്, ജാം, ശംഖുപുഷ്പം ഇൻഫ്യൂസ്ഡ് ഹണി തുടങ്ങിയവയും നിർമിക്കാം.

വീട്ടുമുറ്റത്തു വളർത്തിയ ശംഖുപുഷ്പ ചെടിയിലുണ്ടാകുന്ന പൂക്കൾ ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുകയാണ് കോട്ടയം മരങ്ങാട്ടുപിള്ളി ചെമ്പകമറ്റം ബീന ടോം. സ്വന്തം കൃഷിയിടത്തിലെ വിളകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിൽപന നടത്തി മികച്ച വരുമാനം നേടുന്ന വീട്ടമ്മയാണ് ബീന. ബീനയുടെ മാമ്പഴത്തെര നിർമാണത്തെക്കുറിച്ച് ഏതാനും നാളുകൾക്കു മുൻപ് കർഷകശ്രീ ഓൺലൈൻ പങ്കുവച്ചിരുന്നു.

വീട്ടുമുറ്റത്തെ മരങ്ങളിലും ചെറു കാലിലും വളരുന്ന ഏതാനും ശംഖുപുഷ്പ ചെടികളാണ് ബീനയ്ക്കുള്ളത്. ശംഖുപുഷ്പത്തിന്റെ ഗുണങ്ങൾ കേട്ടറിഞ്ഞപ്പോൾ തന്റെ മൂല്യവർധിത ഉൽപന്നങ്ങളുടെ ഗണത്തിലേക്ക് അതുകൂടെ ഉൾപ്പെടുത്തുകയായിരുന്നു ബീന. ദിവസവും ഏതാണ്ട് 200 പൂക്കളോളം ലഭിക്കും. ഇതു ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിച്ചശേഷം 1000 പൂക്കളെങ്കിലും ആകുമ്പോഴാണ് ഏതെങ്കിലുമൊരു ഉൽപന്നം നിർമിക്കുക. നിലവിൽ ശംഖുപുഷ്പം ഉപയോഗിച്ച് സ്ക്വാഷ്, ജാം, ഇൻഫ്യൂസ്ഡ് ഹണി എന്നിവയാണ് പ്രധാനമായും ഉണ്ടാക്കുന്നത്. ചായയ്ക്കുവേണ്ടി ഉണങ്ങിയും സൂക്ഷിക്കുന്നുണ്ട്. ഈ ശ്രേണിയിൽ ഏറ്റവും ഒടുവിൽ തയാറാക്കിയിരിക്കുന്നതാണ് ശംഖുപുഷ്പം സോപ്.

article01
ശംഖുപുഷ്പം ചായ

തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഉണങ്ങിയതോ ഫ്രഷോ ആയ 2–3 പൂക്കൾ ഇട്ടാൽ ചായ റെഡി. ഫ്രഷ് പൂവിന്റെ നിറം അതിവേഗം വെള്ളത്തിൽ ലയിക്കുമ്പോൾ ഉണങ്ങിയ പൂവിന്റെ നിറം വെള്ളത്തിലേക്ക് വ്യാപിക്കാൻ അൽപം സമയം എടുക്കും. ആവശ്യമെങ്കിൽ മധുരം ചേർക്കാം. 

article02
ശംഖുപുഷ്പം ഇൻഫ്യൂസ്ഡ് ഹണി

ശംഖുപുഷ്പത്തിനൊപ്പം പഞ്ചസാരയും ചേർത്താണ് സ്ക്വാഷ് തയാറാക്കിയിരിക്കുന്നത്. അൽപം സിറപ്പ് ഗ്ലാസിലെടുത്ത് അതിലേക്ക് സോഡ ചേർത്താൽ നല്ല നീല നിറത്തിലുള്ള സ്ക്വാഷ് റെഡി. സോഡയ്ക്കു പകരം വെള്ളവും ചേർക്കാം. ശംഖുപുഷ്പം പൂക്കളും പഞ്ചസാരയും നാരങ്ങാനീരുമാണ് ജാമിന്റെ അസംസ്കൃത വസുക്കൾ. വൻതേനിനൊപ്പം പൂക്കളും ചേർത്തതാണ് ഇൻഫ്യൂസ്ഡ് ഹണി. രക്തസമ്മർദ ബുദ്ധിമുട്ടുള്ളവർക്കുവേണ്ടിയാണ് ഈ ഉൽപന്നമെന്ന് ബീന. സ്വന്തം കൃഷിയിടത്തിലെ തേൻതന്നെയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ബീന പറയുന്നു. 

തേനിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനുള്ള അറിവ് ഹോർട്ടി കോർപ്പിലെ പ്രോഗ്രാം ഓഫീസറായ ബെന്നി ഡാനിയലിൽനിന്നാണ് ലഭിച്ചതെന്നും ബീന പറയുന്നു. മൂല്യവർധിത ഉൽപന്നങ്ങൾ ആവശ്യക്കാർക്ക് വിൽക്കാറുമുണ്ട്.

ഫോൺ: 9497326496 

English summary: Value Added Products from Asian pigeonwings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com