ധാതുക്കൾ മുതൽ കാൻസർ പ്രതിരോധം വരെ: മില്ലെറ്റുകൾ കഴിച്ചാൽ നേട്ടങ്ങളേറെ, വിശദമായി അറിയാം
Mail This Article
പ്രാചീനകാലം മുതൽ മനുഷ്യസമൂഹത്തിന്റെ പ്രധാന ഭക്ഷ്യവിഭവമാണ് ‘മില്ലെറ്റ്സ്’ അഥവാ ചെറുധാന്യങ്ങൾ. മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തിലും ചെറുധാന്യങ്ങൾ മുൻകാലങ്ങളിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ പിന്നീട് അരി, ഗോതമ്പ് തുടങ്ങിയ ധാന്യവിളകൾ നമ്മുടെ ഭക്ഷണക്രമത്തിൽ ആധിപത്യം നേടിയതോടെ ചെറുധാന്യങ്ങളുടെ ഉപഭോഗം കുറഞ്ഞു. പരിമിതമായി മാത്രം ജലം ആവശ്യമുള്ള വിളയായതിനാൽ ചെറുധാന്യകൃഷി വരണ്ട ഭൂപ്രദേശങ്ങളിലേക്കു മാത്രമായി ചുരുങ്ങി. എന്നാൽ, കാലാവസ്ഥ വ്യതിയാനവും പോഷകാഹാരക്കുറവും ആഗോള വെല്ലുവിളികളായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍, ചെറുധാന്യങ്ങൾ അവയുടെ പ്രാധാന്യം വീണ്ടെടുത്തിരിക്കുന്നു.
പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ കൗമാരക്കാർക്കിടയിൽപോലും പിടിമുറുക്കുന്ന കാലമാണിത്. ഈ രോഗങ്ങളെ നിയന്ത്രിക്കാനും ചെറുക്കാനും ചെറുധാന്യങ്ങൾ ചേർന്ന ഭക്ഷണക്രമത്തിനു കഴിയുമെന്നതിനാൽ ഇത്തരം ഭക്ഷ്യശീലങ്ങളിലേക്കു മാറുന്നവരുടെ എണ്ണവും വർധിച്ചു വരുന്നു. ഈ പൈതൃകധാന്യങ്ങളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഇവയുടെ ഉൽപാദനവും ഉപഭോഗവും വർധിപ്പിക്കാനുമായി ഇന്ത്യ ഉൾപ്പെടെ എഴുപതോളം രാജ്യങ്ങൾ സമർപ്പിച്ച പ്രമേയം അംഗീകരിച്ച് ഐക്യരാഷ്ട്രസഭ 2023 രാജ്യാന്തര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പുല്ല് വർഗത്തിൽപ്പെട്ട ഹ്രസ്വകാല വിളകളാണ് ചെറുധാന്യങ്ങൾ. നട്ട് 3-4 മാസത്തിനുള്ളിൽ വിളവെടുക്കാവുന്നവ. ചോളം, കമ്പ്, റാഗി / പഞ്ഞപ്പുല്ല്, തിന, വരക്, ചാമ, പനിവരക്, കവടപ്പുല്ല് തുടങ്ങിയവയാണ് പ്രധാന ചെറുധാന്യങ്ങൾ. ഫലഭൂയിഷ്ഠമല്ലാത്തതും ജലദൗർലഭ്യം അനുഭവപ്പെടുന്നതുമായ പ്രദേശങ്ങളിൽ പോലും സമൃദ്ധമായി വളരുന്ന ഈയിനങ്ങൾക്ക് കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുമുണ്ട്. നമ്മുടെ പ്രധാന ധാന്യഭക്ഷണങ്ങളായ അരി, ഗോതമ്പ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ പ്രോട്ടീൻ (മാംസ്യം), ധാതുക്കൾ, ബി ജീവകങ്ങൾ, ഭക്ഷ്യനാര് എന്നിവയിലെല്ലാം മുന്നിലാണ് ചെറുധാന്യങ്ങൾ.
വിവിധ ചെറുധാന്യങ്ങളുടെ പോഷകമൂല്യം (അരി, ഗോതമ്പ് എന്നിവയിലെ പോഷകങ്ങളുമായുള്ള താരതമ്യം സഹിതം) ചുവടെ ചേർത്തിരിക്കുന്നു.
ഭക്ഷ്യനാരിന്റെ കാര്യത്തിൽ (6.4 മുതൽ 12.6% വരെ) ചെറുധാന്യങ്ങൾ മുന്നിലാണ്. 7 മുതൽ 12.5% വരെ മാംസ്യം അടങ്ങിയ ചെറുധാന്യങ്ങൾ സസ്യമാംസ്യത്തിന്റെ മികച്ച സ്രോതസ്സാണ്. മാത്രമല്ല, മെഥിയോണിൻ, ല്യൂസിൻ മുതലായ അവശ്യ അമിനോ അമ്ലങ്ങളാൽ സമ്പുഷ്ടമാണ് ഇവയിലെ മാംസ്യം. ചെറുധാന്യങ്ങളിൽ 1.7 മുതൽ 5.4 % വരെയാണ് കൊഴുപ്പിന്റെ അളവ്. ശരീരം ഉൽപാദിപ്പിക്കാത്തതും ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുമായ ആവശ്യ ഫാറ്റി ആസിഡുകളായ ലിനോലിക് ആസിഡ്, ലിനോലെനിക് ആസിഡ് എന്നിവ ചെറുധാന്യങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. സൂക്ഷ്മ പോഷകങ്ങളായ ധാതുക്കൾ, ജീവകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് ചെറുധാന്യങ്ങൾ.
ആരോഗ്യമേന്മകൾ
ധാതുക്കളുടെ കലവറ: ചെറുധാന്യങ്ങൾ ധാതുസമ്പന്നമായതിനാൽ അവ കഴിക്കുന്നത് കാത്സ്യം (Ca), മഗ്നീഷ്യം (Mg), ഇരുമ്പ് (Fe), സിങ്ക് (Zn) മുതലായ സൂക്ഷ്മ പോഷകങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായിക്കുന്നു. കാത്സ്യത്തിന്റെ സമൃദ്ധമായ സ്രോതസ്സാണ് ചെറുധാന്യങ്ങൾ.
ഗ്ലൂട്ടൻരഹിത പ്രോട്ടീൻ: ഭക്ഷണത്തിലെ ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ ഘടകത്തിനോട് ചുരുക്കം മനുഷ്യരിൽ കാണപ്പെടുന്ന അലർജിയാണ് സീലിയാക് രോഗം. ഗോതമ്പ്, ബാർലി മുതലായ ഗ്ലൂട്ടനടങ്ങിയ ധാന്യങ്ങൾ ഭക്ഷിക്കുന്നത് സീലിയാക്ക് രോഗികളിൽ വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. എന്നാൽ ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത ചെറുധാന്യങ്ങൾ സീലിയാക് രോഗത്താൽ കഷ്ടപ്പെടുന്നവർക്ക് സുരക്ഷിതമായ ഭക്ഷ്യവിഭവമാണ്.
ആന്റി ഡയബറ്റിക്: ചെറു ധാന്യങ്ങളുടെ പതിവായുള്ള ഉപഭോഗം ടൈപ്പ് II പ്രമേഹത്തെ ചെറുക്കുമെന്ന് പഠനങ്ങൾ. ചെറുധാന്യങ്ങളിലെ ഭക്ഷ്യനാരും കാർബോഹൈഡ്രേറ്റ് ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. മാത്രമല്ല, ചെറുധാന്യങ്ങളിലെ ഫീനോളിക് ഘടകങ്ങൾ ഭക്ഷണശേഷമുണ്ടാകുന്ന അധികരിച്ച പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രമേഹാനുബന്ധ പ്രശ്നങ്ങളായ തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയെ നിയന്ത്രിക്കാനും ചെറുധാന്യങ്ങൾ ഫലപ്രദം.
കാൻസറിനെതിരെ പ്രതിരോധം: ചെറുധാന്യങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നിരോക്സീകാരികൾ (ആന്റി ഓക്സിഡന്റ്സ്) ശരീരത്തിലെ ഹാനികരമായ ഓക്സീകരണത്തെ ചെറുക്കുകയും കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ തടയുകയും ചെയ്യുന്നു. അതുവഴി കാൻസർപോലുള്ള മാരകരോഗങ്ങൾ തടയുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. ഉദാഹരണമായി, ചോളത്തിൽ കാണപ്പെടുന്ന ഫീനോളിക ഘടകങ്ങൾ ബ്രെസ്‌റ്റ് കാൻസർ, കോളൻ കാൻസർ എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നതായി പഠനങ്ങളുണ്ട്.
ഹൃദയാരോഗ്യത്തിന് ഉത്തമം: ചെറുധാന്യങ്ങളിൽ അധികമായി കാണുന്ന ഭക്ഷ്യനാരുകൾ ഭക്ഷണത്തിലെ കൊളസ്ട്രോൾ ആഗിരണം ചെറുക്കുന്നതു വഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. അമിത വണ്ണം തടയാനും ചെറുധാന്യങ്ങളുടെ ഉപഭോഗം ഗുണം ചെയ്യും.
അണുബാധ ഒഴിവാക്കാൻ: ബാക്ടീരിയ, ഫംഗസ് എന്നിവയാൽ ശരീരത്തിലുണ്ടാകുന്ന അണുബാധകളെ തടയാൻ ചെറുധാന്യങ്ങൾക്കു കഴിവുണ്ട്.
പ്രീബയോട്ടിക് ഗുണങ്ങൾ: ചെറുധാന്യങ്ങളിലുള്ള ഭക്ഷ്യനാരുകൾ വൻകുടലിൽ കാണപ്പെടുന്ന ഗുണകരമായ ബാക്ടീരിയകൾക്ക് ഭക്ഷണമാകുകയും അവയുടെ വളർച്ചയെ ത്വരിതപ്പെടുത്തി ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പഠനം, പരിശീലനം
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ കീഴിൽ ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ്സ് റിസർച്ച് (ഐസിഎആർ - ഐഐഎംആർ) ചെറുധാന്യമേഖലയിലെ ഗവേഷണങ്ങൾക്കായി പ്രവർത്തിച്ചു വരുന്നു. വ്യത്യസ്ത ഭൂപ്രകൃതികൾക്ക് ഇണങ്ങുന്ന ചെറുധാന്യ ഇനങ്ങളും നൂതന കൃഷിരീതികളും ഈ ഗവേഷണ സ്ഥാപനം വികസിപ്പിച്ചിട്ടുണ്ട്. ചെറുധാന്യങ്ങളുടെ ഉൽപാദനം, സംസ്കരണം എന്നിവയിൽ പരിശീലനവും നൽകുന്നു.
ചെറുധാന്യങ്ങൾകൊണ്ടുള്ള വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ ഇന്നു വിപണിയിലെത്തുന്നുണ്ട്. ഒട്ടേറെ യുവസംരംഭകർ ഈ രംഗത്തേക്ക് കടന്നുവരുന്നുമുണ്ട്. ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സാങ്കേതിക സഹായവും പരിശീലനവും നൽകുന്നതിനായി ശാസ്ത്ര സാങ്കേതികവകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ ആണ് ന്യൂട്രീ ഹബ് (www.nutrihubiimr.com). ചെറുധാന്യങ്ങളുടെ സംസ്കരണത്തിനുള്ള പരിശീലന പരിപാടികൾ ന്യൂട്രീ ഹബ് നൽകുന്നു. ഇവിടെ വികസിപ്പിച്ചെടുത്തിട്ടുള്ള അറുപതിലേറെ സാങ്കേതികവിദ്യകൾ ആവശ്യക്കാർക്കു കൈമാറ്റം ചെയ്യുന്നുമുണ്ട്.
തയാറാക്കിയത്:
ഡോ. വി.എം. മാലതി, ഡോ. ജിനു ജേക്കബ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച്, ഹൈദരാബാദ്.
ഇ–മെയിൽ: malathi@millets.res.in
English summary: Health Benefits of Millet