ഇലയാണ് കാര്യം, കുലയല്ല: ഈ കർഷകൻ ഇതുവരെ വിറ്റത് ഒരു ലക്ഷം വാഴയില
Mail This Article
ആലപ്പുഴ മുഹമ്മ കായിപ്പുറം കൂപ്ലിക്കാട്ട് വീട്ടിൽ കെ.എസ്.ചാക്കോ 5 വർഷമായി മൂന്നേക്കറിൽ ഇലവാഴക്കൃഷി ചെയ്യുന്നു. ഇതുവരെ നല്ല നേട്ടം. 3 പ്ലോട്ടുകളിലായി ഞാലിപ്പൂവനാണ് കൃഷി. തുടക്കത്തിൽ ഇലയൊന്നിന് മൂന്നര രൂപ കിട്ടിയെങ്കിൽ ഇപ്പോൾ 4 രൂപ കിട്ടും. വാഴയിലവിപണിയിൽ അയൽ സംസ്ഥാനങ്ങള്‍ നമുക്കു ഭീഷണിയേ അല്ലെന്നു ചാക്കോ. 4 രൂപയിൽ താഴ്ത്തി ഇവിടെ ഇല വിറ്റാൽ തമിഴ്നാടന്‍ കച്ചവടക്കാർക്കും മുതലാവില്ല. ഓണംപോലുള്ള സീസണുകളിൽ ഒരിലയ്ക്ക് 12 രൂപ വരെ അവർ ഈടാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ 4 രൂപയ്ക്ക് വിൽക്കുന്ന നാടൻ ഫ്രഷ് ഇലയ്ക്ക് നല്ല ഡിമാൻഡ് ഉണ്ടെന്നു ചാക്കോ.
വെജിറ്റേറിയൻ സദ്യകൾ കൂടുതൽ നടക്കുന്ന പ്രദേശമാണ് ആലപ്പുഴ. ക്ഷേത്രങ്ങളും ഒട്ടേറെ. അതുകൊണ്ടുതന്നെ അയൽസംസ്ഥാനത്തുനിന്ന് ആലപ്പുഴ, ചേർത്തല മാർക്കറ്റുകളിലേക്ക് നിത്യേന ഇലക്കെട്ടുകൾ എത്തുന്നുണ്ട്. ഈ കാഴ്ചതന്നെയാണ് ഇലവാഴക്കൃഷിക്കു പ്രേരിപ്പിച്ചതെന്നു ചാക്കോ. ആദ്യം 700 കന്നു വച്ചു. തുടർന്ന് 300 എണ്ണം കൂടി. ഇവയിൽനിന്ന് ഇല മുറിച്ചു തുടങ്ങുകയും ഡിമാൻഡ് വർധിക്കുകയും ചെയ്തതോടെ കൃഷി വിപുലമാക്കി. 10–12 രൂപ വില വരും ഒരു വാഴക്കന്നിന്. കുഴിയെടുത്ത് ചാണകവും ചാരവും അടിവളമിട്ടാണ് കന്നു നടുക. 2–3 ആഴ്ച കഴിഞ്ഞ് മുളച്ച് ഇല വിരിഞ്ഞു കഴിയുന്നതോടെ നന്നായൊരു വളപ്രയോഗം കൂടി. വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചാരവും ചാണകവും കോഴിക്കാഷ്ഠവും ചേരുന്ന മിശ്രിതം കുഴിയൊന്നിന് ഓരോ കുട്ട നൽകും.
ഒന്നര മാസമെത്തുന്നതോടെ ഇലവെട്ടൽ തുടങ്ങും. ഒരില വെട്ടി 5 ദിവസം കഴിയുന്നതോടെ അടുത്ത ഇല വിരിഞ്ഞ് വെട്ടാറാവും. 10 മാസം കഴിയുന്നതോടെ വാഴ കുലയ്ക്കും. അതോടെ ആ വാഴയിലെ ഇലവെട്ടു നിൽക്കും. അപ്പോഴേക്കും ചുവട്ടിൽനിന്നു മുളച്ചുയർന്ന പുതിയ തൈകളിൽനിന്നുള്ള ഇലയെടുക്കാൻ തുടങ്ങിയിരിക്കും. അതോടെ വരുമാനം 3 മടങ്ങാകും. തുടർച്ചയായി ഇല വെട്ടുന്നതുകൊണ്ട് കുല ചെറുതായിരിക്കുമെങ്കിലും ചെറുതല്ലാത്ത വരുമാനം കുലയും നൽകും.
വാഴയ്ക്കു കരുത്തും ഇലകൾക്കു തിളക്കവും കൂട്ടാൻ 3 മാസം കൂടുമ്പോൾ ജൈവവളം നൽകും. ചുരുങ്ങിയത് ഒരു ലക്ഷം ഇല ഇതുവരെ വിറ്റിട്ടുണ്ടെന്നു ചാക്കോ. സ്ഥിരമായി വാങ്ങുന്ന ഹോട്ടലുകളും കേറ്ററിങ് യൂണിറ്റുകളുമുണ്ട്. തുടച്ചു വൃത്തിയാക്കി 100 എണ്ണത്തിന്റെ കെട്ടുകളാക്കി നല്‍കുന്ന ജൈവ ഇലയോട് അവർക്കും പ്രിയം.
ഫോൺ: 9495034694
English summary: Banana leaf business