ഓണത്തിനു പൂക്കളും പച്ചക്കറിയും മാത്രമല്ല, തൂശനിലയും വരുന്നതു തമിഴ്നാട്ടില്‍നിന്ന്: കോടികളുടെ ബിസിനസ്
Mail This Article
അതിർത്തിക്കപ്പുറം സത്യമംഗലത്തും കോവൈപുതൂരിലും പേരൂരിലും തൂത്തുക്കുടിയിലും ശീലയംപട്ടിയിലും സുന്ദരപാണ്ഡ്യപുരത്തുമെല്ലാം എത്തിക്കഴിഞ്ഞു മലയാളിയുടെ ഓണം. പച്ചക്കറിയും പൂക്കളും ദിവസേന കയറ്റി അയയ്ക്കുന്നതിന്റെ പതിന്മടങ്ങു വേണ്ടിവരും ഓണക്കാലത്തെന്ന് ഇവിടെയുള്ള കർഷകർക്കറിയാം. ഈ ഡിമാൻഡ് കണ്ടു വിപുലമായ കൃഷി മാസങ്ങൾ മുൻപേ തുടങ്ങുന്നു. മലയാളിയുടെ ഓണസദ്യയ്ക്കുള്ള പച്ചക്കറിയുടെയും പൂക്കളുടെയും കുത്തക പണ്ടേ സ്വന്തമാക്കിയ ഈ തമിഴ് കർഷകർക്കുതന്നെയാണ് ഇവിടെ സദ്യ വിളമ്പാനുള്ള തൂശനിലയുടെ കൃഷിക്കുത്തകയും.
പച്ചക്കറികളുടെയും പഴങ്ങളുടെയും കാര്യത്തിലെ പരാശ്രയത്തില്‍ ഖേദിക്കുന്ന നമ്മൾ വാഴയിലയെക്കുറിച്ച് അത്ര ചിന്തിച്ചിട്ടില്ല. 10–15 കൊല്ലം മുൻപു വരെയും നമുക്കാവശ്യമുള്ള തൂശനില നമ്മുടെ തൊടികളിൽനിന്നു ലഭിച്ചിരുന്നു. പുരയിടങ്ങളിലെത്തി ഇല വെട്ടിക്കൊണ്ടു പോകുന്നവര്‍ പതിവു കാഴ്ചയായിരുന്നു. ഇന്നു വാഴക്കൃഷി വളരുന്നുണ്ടെങ്കിലും അതത്രയും നേന്ത്രനാണ്. സദ്യ വിളമ്പാനുള്ള നേർത്ത തളിരില ലഭിക്കുന്ന ഞാലിപ്പൂവൻ കൃഷി പരിമിതം.
ഇടക്കാലത്ത് പേപ്പര്‍ ഇല വന്നെങ്കിലും അതു വന്നപോലെ പോയി. ഹോട്ടലുകളും കേറ്ററിങ് യൂണിറ്റുകളും ഓണസദ്യ ഏറ്റെടുത്തതോടെ ഇലയുടെ ഡിമാൻഡ് പല മടങ്ങു വര്‍ധിച്ചു. ഗൾഫിലേക്ക് ഓണസദ്യ കയറ്റി അയയ്ക്കുന്നവർക്കും വേണം വൻതോതിൽ വാഴയില. ഫലത്തിൽ, കോടിക്കണക്കിനു രൂപയുടെ വാഴയിലക്കച്ചവടമാണ് ഓണക്കാലത്ത്. ഇലയിൽ ഭക്ഷണം വിളമ്പുന്ന വെജിറ്റേറിയൻ ഹോട്ടലുകളുടെ എണ്ണം കൂടിയതും ക്ഷേത്രങ്ങളിലും മറ്റും അന്നദാനം വ്യാപകമായതും കാരണം ഓണക്കാലത്തു മാത്രമല്ല, ആണ്ടുവട്ടം വാഴയിലയ്ക്കു ഡിമാന്‍ഡ് ഉണ്ട്. അതിന് അനുസൃതമായി അതിർത്തിക്കപ്പുറം ഇലവാഴക്കൃഷി വ്യാപിക്കുന്നു.
വാഴയില വരുന്ന വഴി
തൂത്തുക്കുടിയും കോയമ്പത്തൂരും മൈസൂരുവും പോലെ കേരളത്തിലേക്കു വാഴയില എത്തിക്കുന്ന അതിർത്തി വിപണികളേറെ. ഇവയുടെ ചുറ്റുവട്ടങ്ങളിലായി ഒട്ടേറെ ഇലവാഴക്കൃഷിക്കാരും ഇടനിലക്കാരും ഇലക്കടകളുമുണ്ട്. ‘കേരളത്തിലേക്കു തൂശനില വരുന്നതു മുഖ്യമായും തൂത്തുക്കുടിയിൽനിന്നാണ്. കോയമ്പത്തൂർ മാർക്കറ്റിൽ എത്തുന്നത് തൂശനിലയല്ല, മുഴുവൻ വാഴയിലയാണ്. ഒരിലയിൽനിന്ന് തൂശൻ ഉൾപ്പെടെ 5–7 ഇലച്ചീന്തുകൾ എടുക്കാം’, പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വാഴയിലക്കട നടത്തുന്ന ശിവപ്രകാശ് പറയുന്നു.
‘തമിഴ്നാടിന്റെ തെക്കന്‍ഭാഗങ്ങളിലാണ് ഇലവാഴക്കൃഷി വ്യാപകം. തൂത്തുക്കുടി ഭാഗത്തെ ഇലവാഴക്കൃഷിക്കാരുടെ മുഖ്യയിനം ഞാലിപ്പൂവനാണ്. കന്ന് നട്ട് 2 മാസം പ്രായമെത്തുമ്പോൾ തൈപ്രായത്തിൽത്തന്നെ ഇല മുറിച്ചു തുടങ്ങും. അതായത്, ഇല വലുതാകാൻ കാത്തു നിൽക്കാതെ വിരിഞ്ഞ് 5 ദിവസമെത്തുമ്പോൾതന്നെ തൂശനില മുറിക്കും. അതേസമയം കോയമ്പത്തൂർ, പേരൂർ പ്രദേശങ്ങളിലെ ഇലവാഴയിനം പാളയംകോടനാണ്. നട്ട് 5 മാസമാകുമ്പോഴാണ് പാളയംകോടന്റെ ഇലവെട്ടൽ തുടങ്ങുക’യെന്ന് ശിവപ്രകാശ്. 5–6 അടി നീളത്തിലും നല്ല വീതിയിലും വളർന്ന ഈ വാഴയില ശിവപ്രകാശിനെപ്പോലുള്ള കച്ചവടക്കാർ വാങ്ങി തൂശനിലയും ബാക്കി ചീന്തിലകളുമാക്കി തരം തിരിച്ച് ആവശ്യക്കാർക്കു നൽകുന്നു. സദ്യയ്ക്കാണല്ലോ തൂശനില ആവശ്യം. ക്ഷേത്രങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലൊക്കെ ചീന്തിലകൾ മതി. ഇതുതന്നെ പ്ലെയ്റ്റിനകത്തു വയ്ക്കാവുന്ന രീതിയിൽ വൃത്താകൃതിയിൽ മുറിച്ചും വിൽക്കുന്നുണ്ട്. വലുപ്പം കൂടിയ ഇലകള്‍ക്കു പാളയംകോടൻ തിരഞ്ഞെടുക്കുന്നു. തൂശനില മാത്രം മതിയെങ്കിൽ ഞാലിപ്പൂവനും.
കേരളത്തിലെക്കാൾ വാഴയിലയ്ക്കു ഡിമാൻഡുണ്ട് തമിഴ്നാട്ടിലെന്നു ശിവപ്രകാശ് പറയുന്നു. ‘വിവാഹസല്‍ക്കാരങ്ങള്‍ മിക്കതും വെജിറ്റേറിയൻ. ഒരു വിവാഹത്തിനുതന്നെ മൂന്നും നാലും നേരം സദ്യ. ഒരിടത്തു മാത്രം 2000–3000 ഇലകൾ വേണ്ടിവരും. പുറമേ നൂറുകണക്കിനു ക്ഷേത്രങ്ങളിലേക്കും. എന്തായാലും നിലവിൽ ഇലവാഴക്കൃഷിയും ഇലക്കച്ചവടവും ഏറെ ലാഭകരമെന്നു ശിവപ്രകാശ്.
English summary: Banana leaf market