നൂറ്റാണ്ടിന്റെ പഴമയിലൊരു നാട്ടുചന്ത: വെളുപ്പിന് നാലിന് ഉണരുന്ന ആലപ്പുഴയിലെ താമരക്കുളം ചന്ത
Mail This Article
ഓണാട്ടുകരയുടെ കാർഷികപ്പെരുമ വിളിച്ചോതുന്ന മാധവപുരം ചന്തയ്ക്കു നൂറ്റാണ്ടിന്റെ ചരിത്രം. ആലപ്പുഴ ജില്ലയില്‍ മാവേലിക്കര, താമരക്കുളം പഞ്ചായത്തിനു കീഴിൽ മാധവപുരം പൊതുവിപണിയിലാണ് ഈ പുലരിച്ചന്ത. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനു മധ്യത്തിലെ തുറന്ന സ്ഥലത്ത് ചൊവ്വ, വെള്ളി ദിവസങ്ങളിൽ വെളുപ്പിന് നാലര മുതൽ ഒൻപതു വരെയാണ് പ്രവർത്തനം. കൃഷിവകുപ്പിന്റെ പച്ചക്കറി വിപണി(ബുധൻ, ശനി ദിവസങ്ങളിൽ)യും ഇവിടെ പ്രവർത്തിക്കുന്നു.
നാടന്‍ വിഷരഹിത വിളകള്‍
നാടൻ കാർഷികോല്‍പന്നങ്ങൾ ധാരാളമെത്തുന്ന ചന്തയില്‍ പച്ചക്കറി, വാഴക്കുല, കിഴങ്ങുവിളകൾ എന്നിവയാണ് മുഖ്യം. വാട്ടുകപ്പ, ഉപ്പേരിക്കപ്പ, കൊണ്ടാട്ടം, വറ്റലുകൾ, പുളി തുടങ്ങി പരമ്പരാഗത ഉൽപന്നങ്ങളുടെ വന്‍നിരതന്നെയുണ്ട് വില്‍പനയ്ക്ക്. പഴമയുടെ പ്രതീകമായി തൂമ്പാ- കോടാലി-കൂന്താലിക്കൈകള്‍, തഴപ്പായ, പുൽപ്പായ, കറിക്കത്തി, വെട്ടുകത്തി, അരിവാൾ മുതല്‍ കന്നുകാലിമണിവരെ ഇവി ടെക്കിട്ടും. കൂടാതെ പച്ചമീൻ, ഉണക്കമീൻ സ്റ്റാളുകളും.
പഴമയുടെ ഗരിമ
തിരുവിതാംകൂർ ദിവാനായിരുന്ന(1857- 1872) ടി. മാധവ റാവു(മാധവരായർ) സ്ഥാപിച്ച ഈ ചന്ത ഒരു കാലത്ത് പ്രദേശത്തെ കാർഷിക വ്യാപാരത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഗതാഗത സൗകര്യം കുറവായിരുന്ന അക്കാലത്ത് കർഷകരും വ്യാപാരികളും തലേന്നുതന്നെ എത്തി ചന്തയ്ക്കു ചുറ്റും തമ്പടിക്കുമായിരുന്നു. തലച്ചുമടായാണ് കൃഷിക്കാർ സാധനങ്ങൾ എത്തിച്ചിരുന്നത്. വ്യാപാരികളുടെ ചരക്കുനീക്കം കാളവണ്ടിയിലും.
പണ്ട് നാളികേരം, കുരുമുളക്, കശുവണ്ടി എന്നിവയുടെ വൻവിപണിയായിരുന്നു മാധവപുരം ചന്ത. കാലികളും നാടൻ കോഴികളും, മുട്ടയും, കൊട്ട, വട്ടി, മുറം തുടങ്ങി കാർഷിക ഉപകരണങ്ങളും വില്‍പനയ്ക്കുണ്ടായിരുന്നു. ചന്ത ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകളെത്തുമായിരുന്നത്രെ.
പഞ്ചായത്തിന്റെ കൈകളിൽ
മാധവപുരം ചന്ത 1952 ലാണ് താമരക്കുളം പഞ്ചായത്ത് ഏറ്റെടുത്തത്. ഓരോ സാമ്പത്തികവർഷവും ചന്തയുടെ അവകാശം ലേലം ചെയ്യുന്നു. ലേലം കൊള്ളുന്ന കരാറുകാരനാണ് ചന്തയുടെ നടത്തിപ്പു ചുമതലയെന്നു പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു. ചത്തിയറ സ്വദേശി ബാലകൃഷ്ണപിള്ളയാണ് നിലവിൽ കരാര്‍ എടുത്തിരിക്കുന്നത്. കർഷകനായ ഇദ്ദേഹവും ചന്തയിൽ സാധനങ്ങൾ എത്തിക്കുന്നുണ്ട്. ചന്തയുടെ നടത്തിപ്പു ചെലവിലേക്കായി പഞ്ചായത്ത് നിശ്ചയിച്ച നിരക്കിൽ കർഷകരിൽനിന്നും വ്യാപാരികളിൽ നിന്നും കരാറുകാരന്‍ നിശ്ചിത തുക ചുങ്കമായി ഈടാക്കുന്നു. ചരക്കുനീക്കത്തിന്റെ സ്വഭാവം (തലച്ചുമട്, സൈക്കിൾ, ഓട്ടോറിക്ഷ, പിക്ക് അപ്പ്, ലോറി) അനുസരിച്ചാണ് ചുങ്കം.
കായംകുളം, ഹരിപ്പാട്, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽനിന്നുള്ള മൊത്തവ്യാപാരികളാണ് മുഖ്യമായും ഉൽപന്നങ്ങൾ വാങ്ങാനെത്തുന്നതെന്ന് ബാലകൃഷ്ണപിള്ള. പ്രദേശവാസികൾക്കായി ചില്ലറ വില്‍പനയുമുണ്ട്. ‘ആർക്കും ഇവിടെ സാധനങ്ങൾ കൊണ്ടുവരാം. ഒരു കിലോ മുതൽ 1000 കിലോ വരെ ഉൽപന്നങ്ങൾ എത്തിക്കുന്ന കർഷകരുണ്ട്.’
നാട്ടുചന്തയ്ക്കു പുറമേ, പപ്പടക്കട, വളക്കട, അങ്ങാടിക്കട, തേയിലക്കട തുടങ്ങി പരമ്പരാഗത കാർഷിക - വ്യാപാര സ്ഥാപനങ്ങളും, കുടുംബശ്രീ ജനകീയ ഹോട്ടലും, സപ്ലൈകോയും ഉൾപ്പെട്ടതാണ് മാധവപുരം പൊതുവിപണി. അല്‍പം മാറി വിഎഫ്പിസികെയുടെ സ്വാശ്രയ കര്‍ഷകവിപണിയുമുണ്ട്.
പൗരാണിക വെറ്റച്ചന്ത
ഓണാട്ടുകരയിൽ ഇന്നും വെറ്റിലക്കൃഷി(വെൺമണി വെറ്റില)യും കർഷകരും ഏറെയുണ്ട്. മാധവപുരം ചന്തയിൽ വെളുപ്പിന് മൂന്നരയോടെ കർഷകർ വെറ്റിലയും അടയ്ക്കയുമായി എത്തും. തരം തിരിച്ച് അടുക്കി നാലരയ്ക്കു ശേഷമാണ് കച്ചവടം. അഞ്ചു കഴിയുമ്പോൾ പഴം, പച്ചക്കറി വില്‍പനയും ആരംഭിക്കും. ഒൻപതോടെ മിക്ക ഉൽപന്നങ്ങളും വിറ്റു തീരും.
വെറ്റ കെട്ടിന് 60- 70 രൂപയാണ് ഇപ്പോഴത്തെ ശരാശരി വില(80 വെറ്റ-ഒരു കെട്ട്). മംഗലാപുരം, മേട്ടുപ്പാളയം, മറയൂർ എന്നിവിടങ്ങളിൽനിന്നാണ് അടയ്ക്ക വരുന്നത്. ചുണ്ണാമ്പു വില്‍പനയുമുണ്ട്. മുറുക്കുന്നതിനു മാത്രമല്ല, ക്ഷേത്രങ്ങളിൽ മാല ചാർത്തുന്നതിനും ദക്ഷിണയ്ക്കും വെറ്റില തേടി വരുന്നവരുണ്ടെന്ന് ബാലകൃഷ്ണപിള്ള. ‘മരുന്നുനിർമാണത്തിനായി മലപ്പുറത്തെ ആയുർവേദശാലയും കൊണ്ടുപോകുന്നു.’
ഫോൺ: 9446857655 (ജി.വേണു, പഞ്ചായത്ത് പ്രസിഡന്റ്), 9496792828 (ബാലകൃഷ്ണപിള്ള)
English summary: A century-old country market