കുളങ്ങളിൽ നീന്തിത്തുടിച്ച് ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങൾ; വിനോദത്തിനൊപ്പം വരുമാനവും നേടി ലൈസമ്മ ടീച്ചർ
Mail This Article
ഒരു പതിറ്റാണ്ടിനു മുൻപ് കൗതുകത്തിനായി വാങ്ങിയ ജയന്റ് ഗൗരാമി മത്സ്യങ്ങൾ ഇപ്പോൾ വിനോദത്തിനൊപ്പം മികച്ച വരുമാനവും നേടിത്തരുന്ന സന്തോഷത്തിലാണ് കോട്ടയം അതിരമ്പുഴ നേടുംചേരിൽ ലൈസമ്മ റോയി. സ്വകാര്യ സ്കൂളിൽ ഗണിതാധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ലൈസാമ്മ പിന്നീട് ബിസിനസിലേക്കും അതിനു ശേഷം കൃഷിയിലേക്കും എത്തിപ്പെടുകയായിരുന്നു. ഇപ്പോൾ വീട്ടുവളപ്പിലെ ചെറു കൃഷിക്കൊപ്പം മികച്ച പ്രാധാന്യം നൽകി മുൻപോട്ടു കൊണ്ടുപോകുകയാണ് ജയന്റ് ഗൗരാമി മത്സ്യങ്ങളുടെ പ്രജനനം.
വർഷങ്ങൾക്കു മുൻപ് ലൈസമ്മ ടീച്ചറുടെ മകൻ ജീവൻ വാങ്ങിക്കൊണ്ടുവന്നു വളർത്തിയ ഏതാനും ജയന്റ് ഗൗരാമികൾ മികച്ച രീതിയിൽ വളർന്നുവന്നു. എന്നാൽ, അവ സ്വാഭാവിക പ്രജനനം നടത്തുന്നവയാണെന്ന് അറിയാൻ വൈകി. ഒരു സുഹൃത്തിന്റെ നിർദേശപ്രകാരം ബ്രീഡ് ചെയ്യാൻ ശ്രമിച്ചത് വിജയമാവുകയും ചെയ്തു. കുഞ്ഞുങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി വിൽക്കാൻ കഴിഞ്ഞതോടെ ആത്മവിശ്വാസം കൂടി. അങ്ങനെ വീടിനോടു ചേർന്നുള്ള തെങ്ങും വാഴയും പ്ലാവുമൊക്കെ നിന്നിരുന്ന ഒരു ഭാഗം വൃത്തിയാക്കി കുളങ്ങൾ നിർമിച്ചു. ഒരു കുളത്തിൽനിന്ന് എണ്ണം ഇപ്പോൾ 11ലേക്ക് ഉയർന്നിരിക്കുന്നു.
തുറസായ സ്ഥലം, വലിയ കുളങ്ങൾ
നന്നായി സൂര്യപ്രകാശമേൽക്കുന്ന വിധത്തിലാണ് കുളങ്ങളുടെ നിർമാണം. നന്നായി സൂര്യപ്രകാശമേൽക്കുകയും വെള്ളത്തിന് അത്യാവശ്യം ചൂടുണ്ടാവുകയും ചെയ്യുന്നതാണ് കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുന്നതിന് നല്ലതെന്നാണ് ടീച്ചറുടെ അനുഭവം. കുളങ്ങൾക്കു ചുറ്റും വലകെട്ടി സുരക്ഷിമാക്കി. ഏകദേശം 20 അടി നീളവും 15 അടി വീതിയും 4 അടി താഴ്ചയുമാണ് ഓരോ കുളത്തിനുമുള്ളത്. ഇതിൽ പ്രജനനത്തിനായി 1:2 എന്ന അനുപാതത്തിൽ ആൺ–പെൺ മത്സ്യങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. ഓരോ തവണയും കുളം പൂർണമായും വറ്റിച്ച് വീണ്ടും മാതൃ–പിതൃ മത്സ്യങ്ങളെ നിക്ഷേപിക്കുകയാണ് രീതി. നിലവിൽ ജയന്റ് ഗൗരാമി ബ്ലാക്ക്, പിങ്ക്, ആൽബിനോ ഇനങ്ങളുടെ ബ്രീഡിങും അവയുടെ കുഞ്ഞുങ്ങളുടെ വിൽപനയും നടക്കുന്നു. കുളങ്ങളും അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്നതിനായി 4 ലക്ഷം രൂപയോളം ചെയലവായി. ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങളുടെ വിൽപനയിലൂടെ മാത്രം മുടക്കുമുതലിനു മുകളിൽ നേടാനായതായും ടീച്ചർ സന്തോഷത്തോടെ പറയുന്നു.
കൂടൊരുക്കാൻ പിവിസി ഫ്രെയിം
കൂട് നിർമിച്ച് മുട്ടയിടുന്നവരാണ് ജയന്റ് ഗൗരാമികൾ. അതുകൊണ്ടുതന്നെ കൃത്രിമക്കുളങ്ങളിൽ അവയ്ക്കു കൂടൊരുക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. നൈലോൺ ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കുളങ്ങളിൽ കൂട് നിർമിക്കാൻ സൗകര്യമുണ്ടാകില്ല. അതുകൊണ്ടുതന്നെ കൃത്രിമമായി നാം തന്നെ സംവിധാനം ഒരുക്കിക്കൊടുക്കണം. പിവിസി പൈപ്പ് ഉപയോഗിച്ച് നിർമിച്ച ഫ്രെയിമുകൾ ഓരോ കുളത്തിലും വച്ചു നൽകിയിരിക്കുന്നു. 2 പെൺമത്സ്യങ്ങളാണ് ഓരോ കുളത്തിലും ഉള്ളത്. അതുകൊണ്ടുതന്നെ ഒരു കുളത്തിൽ രണ്ടു ഫ്രെയിമുകൾ എതിർ വശങ്ങളിലായി ഉറപ്പിച്ചു നൽകിയിക്കുന്നു. ഒപ്പം ഫ്രെയിമിൽ ഉറപ്പിച്ച പ്ലാസ്റ്റിക് പാത്രത്തിൽ പുല്ല് നട്ടു വളർത്തിയിട്ടുമുണ്ട്. ഫ്രെയിമിനെ പൊതിഞ്ഞ് പുല്ല് വളരുന്നത് മാതൃ–പിതൃമത്സ്യങ്ങൾക്ക് സുരക്ഷിതത്വം തോന്നിക്കുമെന്നു മാത്രമല്ല മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് സംരക്ഷണവുമാകും. സവോളച്ചാക്ക്, കയർ തുടങ്ങിയവയുടെ നൂലും ഒപ്പം ഉണങ്ങിയ പുല്ലും കുളത്തിൽ ഇട്ടുകൊടുക്കും. ഇവ ഉപയോഗിച്ചാണ് മത്സ്യങ്ങളുടെ കൂടുനിർമാണം.
2 ഇഞ്ച് വലുപ്പത്തിൽ വിൽപന
നന്നായി നീന്തിത്തുടിക്കാറാകുമ്പോൾ കുഞ്ഞുങ്ങൾക്ക് പ്രിൻസ് വീൻ എന്ന പ്രോട്ടീൻ സമ്പുഷ്ടമായ തീറ്റയാണ് അദ്യഘട്ടത്തിൽ ലൈസമ്മ ടീച്ചർ നൽകുക. രണ്ടു മാസം പ്രായമെത്തുമ്പോൾ 0.6 മി.മി. വലുപ്പമുള്ള തീറ്റ പൊടിച്ചു നൽകും. അതിനുശേഷം 0.6 മി.മി. തീറ്റ നേരിട്ടും നൽകും. ഏകദേശം മൂന്നു മാസം പ്രായം പിന്നിടുമ്പോൾ കുഞ്ഞുങ്ങൾ 2 ഇഞ്ച് വലുപ്പത്തിലേക്ക് എത്തും. ആ വലുപ്പത്തിലാണ് വിൽപന. ബ്ലാക്ക് 30 രൂപ, പിങ്ക് 100 രൂപ, ആബിനോ 150 രൂപ എന്നിങ്ങനെയാണ് വില. ആവശ്യക്കാർക്ക് നേരിട്ട് വിൽക്കുന്നതിനൊപ്പം അയച്ചും നൽകാറുണ്ട്.
കുറഞ്ഞ പരിപാലനം, രുചിയിൽ മുൻപിൽ
കാര്യമായ പരിചരണമോ സന്നാഹങ്ങളോ ഇല്ലാതെ ജയന്റ് ഗൗരാമികളെ വളർത്താമെന്ന് ലൈസമ്മ ടീച്ചർ. പണ്ട് ഒരു കുളത്തിൽ തിലാപ്പിയ മത്സ്യങ്ങളെ വളർത്തിയത് പരാജയപ്പെട്ട അനുഭവം ഇവയിൽനിന്നുണ്ടാവില്ല. ഒരു മഴ പെയ്തപ്പോൾ കുളത്തിലുണ്ടായിരുന്ന തിലാപ്പിയ മത്സ്യങ്ങളിൽ 99 ശതമാനവും ചത്തുപൊങ്ങി. ജയന്റ് ഗൗരാമികളിൽനിന്ന് അത്തരത്തിലൊരു ബുദ്ധിമുട്ട് ഉണ്ടാവില്ല. ചേമ്പിലയാണ് പ്രധാന ഭക്ഷണം. കൃഷിയിടത്തിൽനിന്ന് ചീര, മൾബറിയില, പുല്ല് തുടങ്ങിയവയും നൽകാറുണ്ട്. ഇടയ്ക്ക് പെല്ലെറ്റ് തീറ്റയും നൽകും. അന്തരീക്ഷത്തിൽനിന്ന് നേരിട്ട് ശ്വസിക്കുന്ന മത്സ്യമായതുകൊണ്ടുതന്നെ കുളങ്ങളിൽ എയറേഷനോ ഫിൽട്രേഷനോ ആവശ്യമില്ല. ചുരുക്കത്തിൽ കാര്യമായ ചെലവില്ലാതെ രുചിയുള്ള മത്സ്യങ്ങളെ വളർത്താം. വളർത്തുമത്സ്യങ്ങളിൽ ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചികരമായ മാംസം ജയന്റ് ഗൗരാമിയുടേതാണെന്നും ടീച്ചർ. വീട്ടാവശ്യത്തിനുള്ള മത്സ്യങ്ങളെ പ്രത്യേകം കുളത്തിൽ വളർത്തുന്നുമുണ്ട്.
ഫോൺ: 9747292766 (ജീവൻ), 9495214052 (ലൈസമ്മ)