ഓർമകളിൽ നൊമ്പരവും നടുക്കവുമായി രാമുവിന്റെ മരണം: അത് മരണങ്ങളിൽ ഏറ്റവും ഭയാനകമായിരുന്നു
Mail This Article
രഘു ആലുവയിൽ വക്കീൽപ്പണി നോക്കുകയാണ്. ബസ്സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് അയാൾ കൂട്ടുകാരനായ ഐസക്കിനെ കാണുന്നതും രക്തം ഉറഞ്ഞുപോകുമെന്ന തോന്നലുണ്ടാക്കിയ ആ വാർത്ത അറിയുന്നതും. രാമുവിനെ പേയിളകി ആസ്പത്രിയിൽ കൊണ്ടു പോയിരിക്കുന്നു. രഘുവിന്റെ സഹോദരിയുടെ മൂത്ത മകനാണ് രാമു. പതിനാലു വയസ്സുള്ള മിടുക്കൻ. മൂന്നു മാസം മുമ്പ് ലക്ഷ്മിയുടെ ഒരു കത്തു കിട്ടിയത് രഘു ഓർമിച്ചു. അതിൽ കവലയിൽവച്ചു രാമുവിനെ ഒരു പട്ടി കടിച്ചതായി സൂചിപ്പിച്ചിരുന്നു. കുറച്ചു തോലു പോയതല്ലാതെ കാര്യമായൊന്നും പറ്റിയില്ലായെന്ന ആശ്വാസം ലക്ഷ്മി പങ്കുവയ്ക്കുകയും ചെയ്തു. കത്തു വായിച്ച് പരിഭ്രാന്തനായ രഘുവിന്റെ മനസ്സിൽ ഒട്ടേറെ ചോദ്യങ്ങൾ അന്ന് ഉയർന്നിരുന്നു. പട്ടി ഏതാണ്, ആരു വളർത്തുന്നതാണ്, അതിപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ എന്നിങ്ങനെ. മറുപടിക്കത്തിൽ ഇക്കാര്യങ്ങൾ എഴുതിച്ചോദിക്കുകയും ചെയ്തു. അതേതോ തെണ്ടിപ്പട്ടിയാണെന്നും പിന്നീടതിനെ ആരും കണ്ടിട്ടില്ലായെന്നുമായിരുന്നു ലക്ഷ്മിയുടെ മറുപടി. ആ മറുപടിയിൽ ആശ്വാസം കൊള്ളാൻ രഘുവിന് ആകുമായിരുന്നില്ല. കടിച്ചത് പേപ്പട്ടിയാണെങ്കിലോ? ഭാഗ്യപരീക്ഷണം നടത്തുന്നത് ആപത്താണ്. മരണങ്ങളിൽവച്ച് ഏറ്റവും ഭയങ്കരം പേയിളകിയുള്ള മരണമാണെന്നു രഘു കേട്ടിട്ടുണ്ട്. പേയിളകിയാൽപ്പിന്നെ ചികിത്സയില്ല. ജീവിതത്തിന്റെ തിരശീല വീഴാനുള്ള ഏതാനും ദിവസങ്ങളുടെ കാത്തിരുപ്പ് മാത്രമേ വേണ്ടൂ. രാമുവിനെ കുത്തിവയ്പിക്കാൻ ഉടൻ ആലുവയിലെത്തിക്കാൻ പറഞ്ഞ് രഘു വീണ്ടും ലക്ഷ്മിക്ക് കത്തെഴുതുകയും ചെയ്തു.
പിതാവായ അമ്മാഞ്ചിയുമൊത്ത് രാമു ആലുവയ്ക്ക് അന്ന് പുറപ്പെട്ടതാണ്. പക്ഷേ വിധി സമ്മതിക്കുമോ? വഴിയിൽ കാലപാശവുമായി ഒരു 'വിദഗ്ധഡോക്ടർ' കാത്തുനിൽപ്പുണ്ടായിരുന്നു. വിദഗ്ധനാണെങ്കിലും മെഡിക്കൽ കോളജിന്റെ പടി കാണാത്തവനായിരുന്നു അയാൾ. പല നിറങ്ങളിലുള്ള മരുന്നുകൾ വിവിധാകൃതിയിലുള്ള കുപ്പികളിൽ സർവരോഗസംഹാരികളായി വിറ്റു കഴിയുന്ന ഒരു പാവം 'ഡോക്ടർ '. പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് ഇപ്പോൾ എടുക്കേണ്ട ആവശ്യമില്ലെന്നും ഒരു ബ്ലഡ് ടെസ്റ്റെടുത്താൽ കാര്യമറിയാമെന്നും കുഴപ്പമുണ്ടെങ്കിൽ മാത്രം കുത്തിവയ്പ് മതിയെന്നുമായിരുന്നു അയാൾ നൽകിയ വിദഗ്ധമതം. പാവം അമ്മാഞ്ചിയും രാമുവും. പരിശോധിക്കാൻ രക്തം നൽകി അഞ്ചു രൂപ ഫീസും കൊടുത്ത് അവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മൂന്നു ദിവസം കഴിഞ്ഞ് ഡോക്ടർ റിസൽട്ട് നൽകുകയും ചെയ്തു. രാമുവിന് ഒരു കുഴപ്പവുമില്ല. ഇക്കാര്യം ലക്ഷ്മി രഘുവിനെ വിശദമായി എഴുതി അറിയിച്ചിരുന്നു. ഡോക്ടറുടെ റിസൽട്ട് കിട്ടിയപ്പോൾ സമാധാനമായെന്നും, ചെറിയ കാര്യങ്ങൾ വലുതാക്കി രഘു പേടിപ്പിച്ചുകളഞ്ഞെന്നും ലക്ഷ്മി ആ കത്തിൽ എഴുതിയിരുന്നത് രഘു ഹൃദയം നുറുങ്ങുന്ന വേദനയോടെ അപ്പോൾ ഓർത്തു.
വീട്ടിലേക്ക് തിരക്കിട്ടുപോകുമ്പോൾ രഘു രാമുവിനെക്കുറിച്ചോർത്തു. അവനെപ്പറ്റി തനിക്കു വലിയ പ്രതീക്ഷകളാണുള്ളത്. എന്തൊരോർമ്മശക്തിയാണ് അവന്. ഒട്ടേറെ വായിച്ചു കൂട്ടും. പുസ്തകങ്ങൾ സംഭരിക്കാൻ എത്ര ദൂരം വേണമെങ്കിലും നടക്കും. നാട്ടിൻപുറത്തിന്റെ വേലിക്കെട്ടിനു വെളിയിൽ കടക്കാനും നല്ലനിലയിലെത്താനും രാമുവിനു കഴിയുമെന്ന് രഘുവിനുറപ്പാണ്. പക്ഷേ അവനാണിപ്പോൾ... വീട്ടിലെത്തിയപ്പോഴേക്കും രാമുവിനെ ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ലോക്കപ്പിലെ തടവുകാരെ കിടത്തി ചികിത്സ നൽകുന്ന ഇരുമ്പഴിയിട്ട ആസ്പത്രിമുറിയിൽ ഒരു ഇരുമ്പു കട്ടിലിലാണ് രാമുവിനെ കിടത്തിയിരുന്നത്. നിസഹായനായ അമ്മാഞ്ചി ഏങ്ങലടിച്ചുകൊണ്ട് മുറിയുടെ മൂലയിൽ നിൽക്കുന്നുണ്ട്. രഘുവിനെ തിരിച്ചറിയാത്തപോലെ രാമു തുറിച്ചുനോക്കിയപ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ വികസിച്ചിരുന്നു. അമ്മാഞ്ചിയെ തോളിൽത്തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ രാമുവിന് പെട്ടെന്ന് ബോധം വരികയും രഘുവിനെ തിരിച്ചറിയുകയും ചെയ്തു. ഇപ്പോഴെങ്കിലും തനിക്ക് കത്തിവയ്പ് നൽകാൻ പറയാൻ രാമു രഘുവിനോട് നിലവിളിച്ചു പറഞ്ഞു. അവന്റെ ആ നിലവിളി കേട്ട് അവിടെ നിൽക്കാനാവാതെ രഘു ഡോക്ടറെ തേടിയിറങ്ങി. ആസ്പത്രിയിൽ അപ്പോൾ ഡോക്ടർമാർ ഇല്ലായിരുന്നു. ഒന്നരമൈൽ അകലെയാണ് ഡോക്ടർ താമസിക്കുന്നത്.
ക്രിസ്മസ് ദിനമാണ്. ഡോക്ടറുടെ വീട്ടുമുറ്റത്ത് ദീപാലംകൃതമായ ഒരു ക്രിസ്മസ്മരം ഉണ്ടായിരുന്നു. എങ്ങും നിറപ്പകിട്ടുള്ള കടലാസ് വിളക്കുകൾ തൂക്കിയിരുന്നു. ഡോക്ടറെ രഘുവിന് പരിചയമുണ്ട്. രോഗം റേബീസാണെന്നും ഒന്നും ചെയ്യാനുമില്ല, രക്ഷയുമില്ലായെന്നായിരുന്നു ഡോക്ടറുടെ മറുപടി. മുൻപ് ബ്ലഡ്ടെസ്റ്റ് എടുത്തപ്പോൾ കുഴപ്പമില്ലായെന്ന് കണ്ടിരുന്നുവെന്ന് രഘു സൂചിപ്പിച്ചപ്പോൾ ഡോക്ടറുടെ സ്വരം അൽപം കനത്തു. റേബീസ് വൈറസ് രക്തത്തിലല്ല സ്പൈനൽ ദ്രാവകത്തിലാണ് കാണുകയെന്നും അതു പരിശോധിച്ചാലും കണ്ടുപിടിക്കാനാവുകയില്ലെന്നും ഡോക്ടർ പറഞ്ഞു. ബ്ലഡ് ടെസ്റ്റ് നടത്തി നിങ്ങളെ സമാധാനിപ്പിച്ചയാൾ തന്തയില്ലാത്തവനും കള്ളനും വ്യാജനുമാണെന്ന് ഡോക്ടർ വികാരവിക്ഷോഭത്തിൽ വിളിച്ചുപറഞ്ഞു.
യുക്തിയുക്തം ചിന്തിക്കാനുള്ള കഴിവു നഷ്ടപ്പെട്ട മാനസികാവസ്ഥയിലാണ് രഘു ആസ്പത്രിയിൽ തിരിച്ചെത്തിയത്. ഈ ക്രിസ്മസ് ദിനത്തിൽ ഒരദ്ഭുതം നടന്നൂകൂടേയെന്നു പോലും രഘു സ്വയം ചോദിച്ചു. മരണം ഇനിയും കൊണ്ടുപോകാനെത്താത്ത രാമു കട്ടിലിൽ കിടന്നുരുളുകയായിരുന്നു. വിഷാണുക്കളുടെ തീവ്രപ്രവർത്തനം നടക്കുകയാണ്. രാമുവിന്റെ മരണം ജയിലറയില്ല വീട്ടിലാകണമെന്ന് രഘു നിശ്ചയിച്ചു. ഒരു ടാക്സിയിൽ രാമുവിനെ അച്ഛനമ്മമാരോടൊപ്പം നാട്ടിലേക്കയക്കാൻ ഏർപ്പാട് ചെയ്യണം. മകനായ രാമു കടിക്കാതെ സൂക്ഷിക്കണമെന്ന ഉപദേശം അച്ഛനും അമ്മയ്ക്കും നൽകേണ്ട നിയോഗവും രഘു നിർവഹിക്കേണ്ടി വന്നു.
ഉടൻ വീട്ടിൽ എത്തിക്കോളാമെന്നു പറഞ്ഞ രഘു നേരെ പോയത് ഇടപ്പള്ളിക്കടുത്തുള്ള ഒരു സ്ഥലത്തേയ്ക്കായിരുന്നു. അവിടെയൊരു മുസ്ലീംവൈദ്യനുണ്ടെന്നു കേട്ടിട്ടുണ്ട്. ജിന്നിന്റെ സേവകനായ അയാൾ മന്ത്രംകൊണ്ടു വിഷമിറക്കുമത്രേ? മന്ത്രത്തിലും ജിന്നിലുമൊന്നും രഘുവിന് വിശ്വാസമില്ല. പക്ഷേ രാമുവിനെ ഓർക്കുമ്പോൾ ഏതു കച്ചിത്തുരുമ്പിലും പിടിക്കാവുന്ന മാനസികാവസ്ഥയിൽ രഘുവെത്തിയിരുന്നു. സംഗതി ശരിയാക്കാമെന്നേറ്റ വൈദ്യനുമായി നാട്ടിലെത്തുമ്പോൾ അർധരാത്രി കഴിഞ്ഞു. തെക്കുവശത്തെ ചായ്പ്പുമുറിയിൽ കൈകാലുകൾ കട്ടിലിനോടു ചേർത്തു വരിഞ്ഞുകെട്ടിയാണ് രാമുവിനെ കിടത്തിയിരിക്കുന്നത്. കെട്ടിയിട്ടില്ലെങ്കിൽ മുറിയിൽ ചാടിനടന്ന് ചുമരിൽ തല തല്ലിപ്പൊളിക്കുമെന്നും അടുത്തുള്ളവരെ പാഞ്ഞുകടിക്കുമെന്നും അയൽക്കാരൻ കിട്ടുനായർ അഭിപ്രായപ്പെട്ടു. വെളിച്ചം കണ്ടാൽ ശൗര്യം കൂടുമെന്നതിനാലാണ് വിളക്കു കത്തിക്കാത്തതെന്നും നായർ പറഞ്ഞു. ഇടപ്പള്ളിയിൽ നിന്നു വന്ന വൈദ്യൻ പറമ്പിൽനിന്നും ഒരു കുരുമുളകുകൊടി ഒടിച്ചെടുത്ത്, ഇലകൾ പിഴിഞ്ഞ് ചാറാക്കി രണ്ടു ഗുളികകൾ അരച്ചുചേർത്തു. മരുന്നു കൊടുക്കുന്നതിനു മുൻപ് പേവിഷബാധയാണോയെന്ന് ഉറപ്പിക്കണമെന്നു പറഞ്ഞ് വൈദ്യൻ ഒരു പാത്രം വെള്ളമെടുത്ത് രാമുവിന്റെ മുറിയിൽ കടന്നു. റാന്തലിന്റെ തിരി പൊന്തിച്ച് പ്രകാശമാനമാക്കി. വെള്ളം കണ്ടപ്പോൾ രാമുവിന്റെ മുഖം അതിവികൃതമാവുകയും കണ്ണുകൾ ഓളത്തിൽപ്പെട്ട ഒതളങ്ങപോലെ പൊങ്ങി ഉരുണ്ടു താഴുകയും ചെയ്തു. ചുണ്ടുകൾ ഒരുവശത്തേക്കു ചരിഞ്ഞുകയറുകയും കഴുത്തിലെ ഞരമ്പുകൾ തടിച്ചു പൊങ്ങുകയും ചെയ്തു. രാമു കെട്ടുകൾ പെട്ടിക്കാൻ ശ്രമിച്ചപ്പോൾ അവൻ കിടന്ന കട്ടിൽ ഭയങ്കരമായി ഞരങ്ങി. ഇത്രയുമായപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട രഘു വെള്ളപാത്രം വെളിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ലാടവൈദ്യനെ വീട്ടിൽ നിന്നും പിടിച്ചുപുറത്താക്കുകയും ചെയ്തു.
ജീവിതം എതാനും മണിക്കൂറുകൾ മാത്രം അവശേഷിച്ച രാമുവിന്റെ മരണം കഴിയുന്നത്ര ലഘുവാക്കണമെന്ന് രഘു ആഗ്രഹിച്ചു. കെട്ടിയിട്ട നിലയിൽ അവൻ മരിക്കുന്നത് എത്ര സങ്കടകരമാണ്. കെട്ടഴിക്കണമെങ്കിൽ നാലാളെങ്കിലും വേണം. ഈ അർധരാത്രിയിൽ ഭയമുളവാക്കുന്ന രോഗം ബാധിച്ചയാളെ തൊടാൻ ആരുവരാനാണ്. ഒടുവിൽ ആളുണ്ടായി. കോന്തിയും മുളയനും കൊച്ചാപ്പുവും കർത്താവും. രാമുവിന്റെ കെട്ടുകൾ അഴിച്ചു. കോന്തി രാമുവിന്റെ വലതുതോളും തലയും പിടിച്ചു. കൊച്ചാപ്പുവും കർത്താവും കാലുകൾ പിടിച്ചുനിന്നു. ക്ഷോഭവും സ്വബോധവും രാമുവിൽ മാറിമാറി പ്രത്യക്ഷപ്പെട്ടു. ബോധമുള്ളപ്പോൾ അവൻ എല്ലാവരോടും യാത്ര പറഞ്ഞു. അന്നു തന്നെ കുത്തിവയ്പ്പ് എടുക്കാമായിരുന്നുവെന്ന് രഘുവിനോട് കരഞ്ഞുപറഞ്ഞു. കോന്തിയോട് താൻ പട്ടിയാണെന്നും മാറി നിന്നില്ലെങ്കിൽ കടിക്കുമെന്നും മുന്നറിയിപ്പ് നൽകി. തന്റെ കൊച്ചുസ്വാമി തന്നെ കടിക്കില്ലെന്ന വിശ്വാസം പ്രകടിപ്പിച്ച കോന്തിയോട്, തനിക്കു ബോധമുണ്ടെങ്കിലതുണ്ടാവില്ലെന്നും ഇപ്പോൾ തനിക്കു ബോധമില്ലെന്നും നിസഹയാനായി രാമു പറഞ്ഞു കൊണ്ടിരുന്നു.
കോശി ഡോക്ടറുമായി ടാക്സിയെത്തിയപ്പോൾ പുലർച്ചെ നാലരമണിയായി. മരണം സുനിശ്ചിതമെങ്കിൽ വേഗം മരിക്കാൻ എന്തെങ്കിലും ചെയ്തു കൂടേയെന്നപേക്ഷിച്ച രഘുവിനോട് വക്കീലായ താങ്കൾക്ക് ദയാവധം പാടില്ലായെന്നറിഞ്ഞുകൂടേയെന്ന മറുചോദ്യമാണ് ഡോക്ടർ നൽകിയത്. ശാന്തനാവാൻ മോർഫിൻ കുത്തിവയ്പ് നൽകിയപ്പോൾ കുറച്ചുനേരം രാമു മയക്കിക്കിടന്നു. സമയം അഞ്ചുമണി കഴിഞ്ഞു. ഭയങ്കരമായ ഞരക്കത്തോടെ രാമു മയക്കം വിട്ടുണർന്നു. വീണ്ടും മോർഫിൻ. ഇത്തവണ ഫലമുണ്ടായില്ല. തുടരെത്തുടരെ വികൃതശബ്ദങ്ങൾ. സമയമടുത്തെന്ന് ഡോക്ടർ പറഞ്ഞു. നേരം പുലർന്നു തുടങ്ങി. സ്വാമീയെന്ന കർത്താവിന്റെ നിലവിളി. രാമു നിശ്ചലനായി. വായിൽനിന്നും ചോരയൊലിക്കുന്നു. തല ഒരു വശത്തേക്കു ചരിഞ്ഞു കിടക്കുന്നു. നെറ്റി നിറയെ വിയർപ്പിന്റെ മുത്തുകളാണ്. പുഴവക്കത്തുള്ള പുൽത്തകിടിയിലാണ് രാമുവിനെ ദഹിപ്പിച്ചത്. മുറ്റത്തുലാത്തിക്കൊണ്ടിരുന്ന രഘു ഒരു പുതിയ സിഗരറ്റ് പഴയതിൽ നിന്നും കത്തിച്ചു. ആ നശിച്ച പട്ടി അപ്പോഴും മോങ്ങിക്കൊണ്ടിരുന്നു.
മലയാറ്റൂർ രാമകൃഷ്ണന്റെ വേരുകൾ എന്ന നോവലിലെ ഒരു ചെറിയ ഭാഗത്തിന്റെ സംക്ഷിപ്ത രൂപമാണ് നിങ്ങൾ മുകളിൽ വായിച്ചത്. ഇതിൽ അനുഭവവും കൽപനയുമുണ്ടാകാം. ഐഎഎസ് ഉദ്യോഗസ്ഥനും സാഹിത്യകാരനുമായിരുന്ന മലയാറ്റൂർ രാമകൃഷ്ണന്റെ കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ ആത്മകഥാംശമുള്ള നോവലാണ് വേരുകൾ. 1966ലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. രാമുവിന്റെ ഈ കഥ പത്താം ക്ലാസിലെ ഞങ്ങളുടെ മലയാളം പുസ്തകത്തിലെ ഒരു പാഠമായിരുന്നു. മുപ്പതോളം വർഷങ്ങൾക്കു മുൻപ് ഞങ്ങൾ കേട്ടതും വായിച്ചതും പഠിച്ചതുമായ പാഠഭാഗം. ആ കഥയുടെ സംഗ്രഹമാണ് മേൽവിവരിച്ചത്. രാമുവിന്റെ നിസഹായവും അതിദാരുണവും സുനിശ്ചിതവുമായ മരണത്തിന്റഎ കഥ മലയാളം അധ്യാപകൻ വായിച്ചുതീർന്നപ്പോൾ ആ മരണം കൺമുൻപിൽ നടന്നതാണെന്നും തങ്ങൾ അനുഭവിച്ചതാണെന്നുമുള്ള മനോഭാവത്തോടെ ഒരു നിശബ്ദത ക്ലാസിൽ നിലനിന്നിരുന്നു. തൊണ്ണൂറുകളിൽ ഹൈസ്കൂൾ പഠനം നടത്തിയ വിദ്യാർഥികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പാഠഭാഗമായിരുന്നു അത്. പിൽക്കാലത്ത് റേബീസ് എന്ന രോഗത്തേക്കുറിച്ച് വിശദമായ പഠനം നടത്താൻ അവസരം കിട്ടിയവർ നിസംശയം തിരിച്ചറിഞ്ഞ ഒരു വസ്തുതയുണ്ടാകും. പേവിഷബാധയെന്ന ഭീകരരോഗത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് അന്നും ഇന്നും നിലനിൽക്കുന്ന അബദ്ധ ധാരണകളുമൊക്കെ എത്ര കൃത്യമായാണ് ഈ കഥയിൽ വിവരിക്കപ്പെട്ടതെന്ന്. വീണ്ടും ഈ കഥ വായിക്കുമ്പോൾ, ആ നശിച്ച പട്ടിയുടെ മോങ്ങൽ വീണ്ടും വീണ്ടും അതേ ഭയത്തിന്റെ അനുരണനങ്ങളുണ്ടാക്കുകയും ചെയ്യുന്നു
പിൻകുറിപ്പ്
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗ(Zoonotic diseases)ങ്ങൾക്ക് ക്ലാസിക്കൽ ഉദാഹരണമാണ് പേവിഷബാധ. വൈറസാണ് രോഗകാരണം. ചികിൽസയില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ മരണം നിശ്ചയം. രോഗം തടയാൻ വാക്സിനേഷനാണ് മാർഗം.
1885ൽ ലൂയി പാസ്ചർ പേവിഷബാധയ്ക്കെതിരെയുള്ള വാക്സീൻ വികസിപ്പിച്ചു. ഓരോ വർഷവും ലോകത്തിൽ ഏകദേശം 20,000 പേർ ഈ രോഗ ബാധ മൂലം മരണമടയുന്നു. 5 മുതൽ 10 വയസു വരെ പ്രായമുള്ള കുട്ടികളിൽ രോഗം താരതമ്യേന കൂടുതൽ വരുന്നതായാണ് കണക്കുകൾ പറയുന്നത്. വളർത്തുമൃഗങ്ങളായ പട്ടികളും പൂച്ചകളുമാണ് 99 ശതമാനം രോഗബാധകൾക്കും കാരണമാകുന്നത്.
(വേരുകൾ, പ്രണയവും ഭൂതാവേശവും - ഡിസി ബുക്സ് പ്രസിദ്ധീകരണം )