ADVERTISEMENT

ഹൈദരാബാദ് നഗരാതിർത്തിയിൽ രാജേന്ദ്രനഗറിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച് (IIMR) ഇന്നു രാജ്യം ശ്രദ്ധിക്കുന്ന സ്ഥാപനമായി മാറിക്കഴിഞ്ഞു. ചെറുധാന്യക്കൃഷിയെയും സംരംഭകത്വത്തെയും സംബന്ധിച്ചുള്ള ആധികാരിക അറിവുകൾക്കും പരിശീലനങ്ങൾക്കും ആശ്രയിക്കാവുന്ന ‘ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസ് ഓൺ മില്ലറ്റ്സ്’ കൂടിയാണ് ഐഐഎംആർ. നമുക്കു പരിചിതമായ സർക്കാർ സംവിധാനത്തിന്റെ നൂലാമാലകൾ പരമാവധി ഒഴിവാക്കിയാണ് ഐഐഎംആറിന്റെ പ്രവർത്തനം. കൃഷി മുതൽ വിപണി വരെയുള്ള ഓരോ ഘട്ടവും കണ്ണിമുറിയാതെ പരിചയപ്പെടാൻ ആർക്കും അവസരം നൽകുന്നുമുണ്ട്. 

ചെറുധാന്യങ്ങളുടെ മൂല്യവർധന എത്ര മുന്നേറിക്കഴിഞ്ഞു എന്നതിന്റെ തെളിവ് ഐഐഎംആറിന്റെ പൂമുഖത്തു തന്നെ കാണാം. സ്ഥാപനവുമായി ചേർന്ന് വൻകിട ബ്രാൻഡുകളും സ്റ്റാർട്ടപ്പുകളും വിപണിയിലെത്തിക്കുന്ന ഉൽപന്നങ്ങൾ പൂമുഖത്തുതന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധയിനം ഫ്ലെയ്ക്സ്, ഹെൽത്ത് മിക്സ്, ചോക്‌ലേറ്റ്, കുക്കീസ്, പീത്‌സ എന്നു തുടങ്ങി ഒട്ടേറെ. ‘നറിഷ് യു’ ബ്രാൻഡ് വിപണിയിലെത്തിക്കുന്ന മില്ലറ്റ് മിൽക് പോലെ നൂതന മൂല്യവർധന സാധ്യതകളുടെ ഉറവിടവും ഐഐഎംആർ തന്നെ. മൃഗങ്ങളുടെ പാൽ അലർജിയുള്ളവർ (lactose intolerance) ആശ്രയിക്കുന്ന സോയ മിൽക്ക് പോലുള്ള സസ്യപ്രോട്ടീനുകൾ ഇന്നു വിപണിക്കു പരിചിതമാണ്. ഈ ഗണത്തിലേക്കാണ് മില്ലറ്റ് മിൽക്കിന്റെ വരവ്. ജന്തുജന്യമായ പാൽ മുതൽ കമ്പിളിപ്പുതപ്പുവരെ ബഹിഷ്കരിക്കുന്ന തീവ്ര വെജിറ്റേറിയൻ വിശ്വാസികളായ വീഗൻ വിഭാഗക്കാർക്കും പഥ്യമാണ് മില്ലറ്റ് മിൽക്ക്. ചുരുക്കത്തിൽ, പുതു കാലത്തിന്റെ വിപണിക്ക് അനുസൃതമായ ഒട്ടേറെ ഉൽപന്നങ്ങളാണ് ഐഐഎംആറിന്റെ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററായ ന്യൂട്രി ഹബ് വഴി സംരംഭകർ വിപണിയിലെത്തിക്കുന്നത്.

iimr-3
വിവിധ മില്ലറ്റ് ഉൽപന്നങ്ങൾ

സംരംഭകർക്ക് സന്നാഹങ്ങൾ

കഴിഞ്ഞ 2 വർഷത്തിനിടയിൽ, സംരംഭതാൽപര്യവുമായി കേരളത്തിൽനിന്നെത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടെന്ന് ഐഐഎംആറിലെ മലയാളി ശാസ്ത്രജ്ഞരായ ഡോ. ജിനു ജേക്കബും ഡോ. വി.എം.മാലതിയും പറയുന്നു. സംരംഭലക്ഷ്യമുള്ളവർക്ക് പ്രാഥമിക പാഠങ്ങൾ പറഞ്ഞുകൊടുക്കുന്ന ഒരു ദിവസത്തെ Start-up Ignition Programme എല്ലാ മാസവും ഐഐഎംആറിൽ നടക്കുന്നുണ്ട്. തുടർ പരിശീലനങ്ങൾക്കും അവസരമുണ്ട്. 

സംരംഭകർക്കായി, ചെറുധാന്യ മൂല്യവർധനയ്ക്കുള്ള എഴുപതോളം മികച്ച സാങ്കേതികവിദ്യകൾ ന്യൂട്രിഹബ് കൈമാറുന്നുണ്ട്. ചെറിയൊരു തുക ഈടാക്കിയാണു കൈമാറ്റം. സാങ്കേതികവിദ്യ മാത്രമല്ല ഉൽപന്നം നിർമിച്ച്, വിപണിയിൽ പരീക്ഷിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി പൂർണതയോടെ വിപണിയിലെത്തിക്കാനുള്ള പിന്തുണയും ബിസിനസ് ഇൻക്യുബേറ്ററിൽനിന്നു ലഭിക്കും. ഇനി, മൂല്യവർധനയ്ക്കായി നിങ്ങളുടെ കയ്യിൽ നൂതനമായൊരു ആശയമുണ്ടോ, അതിന്റെ പോരായ്മകൾ തിരുത്തി സംരംഭത്തിനു സജ്ജമാക്കിത്തരും ഇവിടത്തെ വിദഗ്ധർ. സംരംഭത്തിനു സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ആർകെവിവൈ അഫ്താർ പോലുള്ള കേന്ദ്ര പദ്ധതികളും പരിചയപ്പെടുത്തും. ചെറുധാന്യങ്ങളുടെ പ്രാഥമിക സംസ്കരണം മുതൽ പാക്കിങ് വരെയുള്ള യന്ത്രസന്നാഹങ്ങളെല്ലാം ഐഐഎംആറിൽ പരിചയപ്പെടാം. പ്രാഥമിക സംസ്കരണത്തിനുള്ള ക്ലീനിങ്, ഡീഹള്ളിങ്, ഡീസ്റ്റോണിങ്  യന്ത്രങ്ങൾ മുതൽ മൂല്യവർധിത ഉൽപന്നങ്ങൾക്കായുള്ള ഫ്ലെയ്ക്കിങ്, റോസ്റ്റിങ്, പഫ്ഫിങ്, എക്സ്ട്രൂഡർ, പായ്ക്കിങ് സന്നാഹങ്ങളെല്ലാം വിശദമായി പരിചയിക്കാം.

iimr-2

സംശയങ്ങൾ നീക്കാം

ചെറുധാന്യങ്ങൾ കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കായി സമീപിക്കുന്നവരും കുറവല്ലെന്ന് ഡോ. മാലതിയും ഡോ. ജിനുവും പറയുന്നു. എത്ര നേരം കഴിക്കാം, രണ്ടിനങ്ങൾ കൂട്ടി കഴിക്കാമോ തുടങ്ങിയ സംശയങ്ങൾ പലർക്കുമുണ്ടെന്ന് ഡോ. ജിനു. സംരംഭകരുടെ എണ്ണം വർധിക്കുകയും വിപണി സജീവമാകുകയും ചെയ്തതോടെ ഉപഭോക്താക്കളും ചെറുധാന്യങ്ങളെക്കുറിച്ചു വിശദമായി പഠിക്കാൻ താൽപര്യം കാണിക്കുന്നുണ്ട്. അരിയാണെങ്കിലും ഗോതമ്പാണെങ്കിലും തവിടു നീക്കിയാണു നാം കഴിക്കുന്നത്. ചെറുധാന്യങ്ങൾക്കു മേൽപറഞ്ഞ രണ്ടിനങ്ങളെക്കാൾ പോഷകമൂല്യമുണ്ടെന്നു മാത്രമല്ല, തവിടോടെ കഴിക്കുന്നതിനാൽ കൂടുതൽ ഗുണകരവുമാണ്. ഒറ്റയടിക്ക് മൂന്നു നേരവും ചെറുധാന്യവിഭവങ്ങൾതന്നെ കഴിക്കാം എന്നു കരുതരുത്. ഏതെങ്കിലും ഒരിനത്തിൽനിന്നുമാത്രം ശരീരത്തിനാവശ്യമായ മുഴുവൻ പോഷകങ്ങളും ലഭിക്കുമെന്നും കരുതരുത്. ഭക്ഷണത്തിൽ വൈവിധ്യം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഒരു നേരത്തെ ഭക്ഷണം ചെറുധാന്യവിഭവമാക്കി മാറ്റി ക്രമേണ ശരീരത്തിനു യോജിച്ച സമീകൃത അളവിലേക്ക് എത്തുന്നതാണ് ഉത്തമമെന്ന് ഡോ. മാലതി. രണ്ടിനം ചെറുധാന്യങ്ങൾ കൂട്ടിക്കഴിക്കരുതെന്നു ചിലർ പറയുന്നതിനും ശാസ്ത്രീയ അടിസ്ഥാനമില്ല. ഒട്ടേറെ മൾട്ടി മില്ലറ്റ് ഉൽപന്നങ്ങൾ ഇപ്പോൾത്തന്നെ വിപണിയിലുണ്ട്. ചെറുധാന്യങ്ങളുടെ ഹൈബ്രിഡ് ഇനങ്ങളോട് അകൽച്ച കാണിക്കുന്ന കടുത്ത പാരമ്പര്യവാദികളുണ്ട്. അതിലും കാര്യമില്ലെന്ന് ഈ ഗവേഷകർ പറയുന്നു. പോഷകഗുണത്തിൽ വ്യത്യാസങ്ങളൊന്നുമില്ല. ഓരോ പ്രദേശത്തെയും കൃഷിയോജ്യത നോക്കി ഇണങ്ങുന്ന ഇനം കൃഷി ചെയ്യുക എന്നതാണു കാര്യം.

കൃഷി ശാസ്ത്രീയമാക്കാം

 

‘‘കർഷകർക്കായി മികച്ച ഇനം ചെറുധാന്യ വിത്തുകൾ വികസിപ്പിക്കുക എന്നതാണ് ഐഐഎംആറിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഓരോ ചെറുധാന്യ വിഭാഗത്തിലും ഒട്ടേറെ വിത്തിനങ്ങളുണ്ട്. ഉൽപാദനക്ഷമതയിലും കൃഷിദൈർഘ്യത്തിലും വ്യത്യസ്തതയുള്ള ഇനങ്ങൾ. വിവിധ സംസ്ഥാനങ്ങളിൽ കൃഷിചെയ്യുന്ന ഇനങ്ങൾ വിലയിരുത്തി അവയിൽ അത്യുൽപാദനശേഷിയുള്ളവ തിരഞ്ഞെടുത്ത് ഓരോ പ്രദേശത്തിനും യോജിച്ചവ ഐഐഎംആർ കർഷകർക്കു നിർദേശിക്കുന്നു. സോർഗം, കമ്പം ഇനങ്ങളുടെ ഹൈബ്രിഡ് വിത്തുകളും ഐഐഎംആർ വികസിപ്പിച്ചിട്ടുണ്ട്. ഹൈബ്രിഡ് കമ്പത്തിന് കർഷകർക്കിടയിൽ വലിയ പ്രചാരം ലഭിക്കുന്നുമുണ്ട്. ഹൈബ്രിഡിന്റെ കാര്യത്തിൽ, ഓരോ തവണയും പുതിയ വിത്തുകൾക്കായി പണം മുടക്കേണ്ടിവരും. എല്ലാ കർഷകർക്കും അതിനു കഴിഞ്ഞെന്നു വരില്ല. ഉൽപാദനക്ഷമത കൂടിയ പാരമ്പര്യ ഇനങ്ങൾ അവർക്കു പ്രയോജനപ്പെടുത്താം.’’

സംരംഭകർക്കു സ്വാഗതം

ചെറുധാന്യങ്ങളുടെ മൂല്യവർധനയ്ക്കായി ഐഐഎംആർ വികസിപ്പിച്ച സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി രാജ്യത്ത് ഒട്ടേറെ സംരംഭകരെ സൃഷ്ടിച്ചതിനു പിന്നിൽ ന്യൂട്രി ഹബ് ഡയറക്ടർ & സിഇഒ ആയ ഡോ. ബി.ദയാകർ റാവുവിന്റെയും സംഘത്തിന്റെയും അധ്വാനമുണ്ട്. അടുത്ത കാലത്ത് നമ്മുടെ സംസ്ഥാനവും ചെറുധാന്യ സംരംഭങ്ങൾക്കായി അദ്ദേഹത്തിന്റെ സഹായം തേടുകയുണ്ടായി. ഈ രംഗത്ത് കേരളത്തിന്റെ സാധ്യതകൾ ആദ്ദേഹം കർഷകശ്രീയുമായി പങ്കുവയ്ക്കുകയുണ്ടായി. 

‘‘ചേർത്തലയിൽ മില്ലറ്റ് സംരംഭകർക്കായുള്ള ഇൻക്യുബേഷൻ സെന്റർ, മില്ലറ്റ് കഫേകൾ എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേരള സർക്കാരുമായി ചർച്ച നടന്നത്. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ചെറുധാന്യങ്ങളെ സംബന്ധിച്ച് കേരളമൊരു പ്രോഡക്‌ഷൻ ഹബ് അല്ല. നാമമാത്രമായി മാത്രമാണ് ഉൽപാദനം. അതേസമയം ഉപഭോഗം കാര്യമായി വർധിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ മൂല്യവർധനയിലും സംരംഭകത്വത്തിലുമാണ് കേരളം ശ്രദ്ധയൂന്നേണ്ടത്’’

‌‘‘ചെറുധാന്യസംസ്കരണത്തിന് ആവശ്യമായ യന്ത്രങ്ങൾ വികസിപ്പിക്കുക എന്നതായിരുന്നു മൂല്യവർധനയിലേക്കു തിരിയുന്ന കാലത്ത് ന്യൂട്രിഹബ് നേരിട്ട പ്രധാന വെല്ലുവിളി. മൈനർ മില്ലറ്റുകൾ മുറിഞ്ഞുപോകാതെ കുത്തിയെടുക്കുക എളുപ്പമായിരുന്നില്ല. ഗ്ലൂട്ടൻ രഹിത ഘടനയുള്ളതുകൊണ്ട് ഗോതമ്പുപോലെ പരത്തിയെടുക്കുകയും എളുപ്പമല്ല. എല്ലാറ്റിനും യോജിച്ച യന്ത്രസംവിധാനങ്ങൾ ഇന്നു ലഭ്യമായിക്കഴിഞ്ഞു. നാനൂറിലധികം സംരംഭങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ ന്യൂട്രീഹബിന്റെ പിന്തുണയോടെ വിപണിയിലെത്തിയത്. ഈറ്റ് റൈറ്റ് എന്ന സ്വന്തം ബ്രാൻഡിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഐഐഎംആർ തന്നെയും വിപണിയിലെത്തിക്കുന്നു. ഐടിസിയും ബ്രിട്ടാനിയായും പോലുള്ള വൻകിട കമ്പനികൾ ഇന്ന് ഭക്ഷ്യസംസ്കരണത്തിൽ ഐഐഎംആറുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. ചെറുധാന്യ സംരംഭങ്ങളുടെ ഭാവിയെക്കുറിച്ചു നിറയെ പ്രതീക്ഷകൾ തന്നെയാണുള്ളതെ’’ന്നും ദായാകർ റാവു. 

ഫോൺ: 040 24599300, 040 29884838 (ന്യൂട്രി ഹബ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com