കപ്പ കന്നുകാലികൾക്ക് ഉത്തമ തീറ്റ; പക്ഷേ, അപകടം ഒഴിവാക്കാൻ ചെയ്യേണ്ടത്
Mail This Article
തൊടുപുഴയിൽ കപ്പത്തൊണ്ട് കഴിച്ച് പശുക്കൾ കൂട്ടമായി മരണപ്പെട്ട വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ തീറ്റയുമായി ബന്ധപ്പെട്ടുള്ള നിരവധി സംശയങ്ങൾ ക്ഷീരകർഷകർ ഉന്നയിക്കുന്നുണ്ട്. കപ്പ കൊത്തിയരിഞ്ഞും കപ്പയുടെ പൊടിയും കപ്പ അവശിഷ്ടങ്ങൾ ചേർത്തുണ്ടാക്കിയ സൈലേജ് മിശ്രിതവും ഉണക്കിയ കപ്പയിലയും ഒക്കെ കാലങ്ങളായി ദൈനംദിന അടിസ്ഥാനത്തിൽ പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തുന്ന കർഷകരും ഉണ്ട്.
കപ്പയിൽ നിന്നുള്ള വിഷബാധയുടെ വാർത്ത പുറത്തുവന്നതോടെ അവർക്കും ആശങ്കകൾ ഉണ്ട്. ഇന്ന് ഒരു ക്ഷീരകർഷകൻ ഉന്നയിച്ച സംശയം പശുക്കൾക്ക് കപ്പ പുഴുങ്ങി കൊടുക്കാമോ എന്നതാണ്. കറവപ്പശുക്കൾക്ക് മാത്രമല്ല, ഇറച്ചിപ്പോത്തുകൾക്കും ആടുകൾക്കും പന്നികൾക്കും കോഴികൾക്കും വളർച്ചയുടെ തോത് വേഗത്തിലാക്കാനും തീറ്റയുടെ ചെലവ് കുറയ്ക്കാനും തീറ്റയായി കപ്പ നൽകുന്നത് പൊതുവെ കേരളത്തിൽ കർഷകർ പരമ്പരാഗതമായി ചെയ്ത് വരാറുണ്ട്. എന്നാൽ കപ്പ കന്നുകാലികൾക്ക് തീറ്റയാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
കപ്പ കാലിത്തീറ്റയാക്കുമ്പോൾ സൂക്ഷിക്കണം സയനൈഡും അസിഡോസിസും
പാരമ്പര്യേതര തീറ്റയിനങ്ങളിൽ ഉൾപ്പെടുന്ന, 75 ശതമാനം വരെ അന്നജം അടങ്ങിയ ഊർജസാന്ദ്രതയുയർന്ന തീറ്റയാണ് കപ്പ. എങ്കിലും പച്ചക്കപ്പയും തൊലിയും തൊണ്ടും ഇലയുമെല്ലാം പച്ചയ്ക്ക് കൊത്തിയരിഞ്ഞ് പശുക്കൾക്ക് തീറ്റയായി നൽകിയാൽ സയനൈഡ് വിഷബാധയേൽക്കാൻ സാധ്യത കൂടുതലാണ്. കപ്പയുടെ പുറംതൊലി പൂർണമായും കളയുന്നതിലൂടെ കപ്പയിലെ വിഷാംശം കുറയും. കപ്പ കൊത്തിയരിഞ്ഞ് തിളച്ചവെള്ളത്തിൽ വാട്ടിയോ, ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും നല്ല വെയിലില്‍ ഉണക്കിയോ, ഉണക്കിപൊടിച്ചോ നല്‍കുന്നതും സയനൈഡ് വിഷാംശം കുറയ്ക്കാന്‍ സഹായിക്കും. ചെറു ചീളുകളാക്കി അരിഞ്ഞ് ഉണക്കി ഈർപ്പമില്ലാത്ത ചാക്കുകളിൽ സൂക്ഷിക്കുന്നതിലൂടെ ദീർഘകാലം ഉപയോഗിക്കാനും കഴിയും.
കപ്പ പുറന്തോട് മാറ്റിയ ശേഷം കൊത്തിയരിഞ്ഞ് ഉണക്കിയും, ഉണക്കി പൊടിയാക്കിയും, വെള്ളത്തിൽ വേവിച്ചും നിയന്ത്രിതമായ അളവിൽ തീറ്റയില്‍ ഉള്‍പ്പെടുത്താമെങ്കിലും അമിതമായാല്‍ പശുവിന്റെ ആമാശയത്തിൽ അസിഡോസിസ് എന്ന രോഗാവസ്ഥക്ക് ഇടയാക്കും. എളുപ്പം ദഹിക്കുന്ന അന്നജം ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ പശുക്കളുടെ ആമാശയ അറയായ റൂമനിൽവച്ച് കപ്പ വേഗത്തിൽ ദഹിക്കും. സാധാരണയിൽ നിന്നും വ്യത്യസ്തമായി പെട്ടെന്ന് തന്നെ ദഹനം നടക്കുന്നതിനാൽ ഇത് ധാരാളമായി ലാക്ടിക് അമ്ലം (Lactic Acid) വയറ്റില്‍ ഉൽപാദിപ്പിക്കപ്പെടുന്നതിനും നിറയുന്നതിനും ഇടയാക്കും. ഇതാണ് അസിഡോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാവുന്നത്.
വയറുസ്തംഭനം, വയറുകമ്പനം / ബ്ലോട്ട്, വയറിളക്കം, അയവെട്ടാതിരിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആമാശയ അസിഡോസിസിന്റെ ആരംഭ ലക്ഷണങ്ങളാണ്. അമിതമായി അമ്ലം നിറഞ്ഞാൽ ക്രമേണ അത് രക്തത്തിലേക്ക് കലരുന്നതിനിടയാവും. ശരീരോഷ്മാവ് താഴുന്നതിനും, നിര്‍ജലീകരണത്തിനും ക്രമേണ പശു എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം വീണു പോവുന്നതും ഇത് വഴിയൊരുക്കും. വേഗം ചികിത്സ ഉറപ്പു വരുത്തിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. കപ്പ മാത്രമല്ല ഉയർന്ന അളവിൽ എളുപ്പം ദഹിക്കുന്ന അന്നജം അടങ്ങിയ കഞ്ഞി, ചക്ക, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയെല്ലാം പശുവിനും ആടിനുമെല്ലാം നൽകുമ്പോഴും സംഭവിക്കുന്നത് അസിഡോസിസ് തന്നെയാണ്.
അപകടം ഒഴിവാക്കി എങ്ങനെ കപ്പ കന്നുകാലി തീറ്റയാക്കാം ?
കപ്പ പശുക്കൾക്ക് നൽകുന്ന സാഹചര്യത്തിൽ സയനൈഡ് വിഷബാധ, അസിഡോസിസ് എന്നീ രണ്ട് അപകടങ്ങൾ ഒഴിവാക്കാൻ നിയന്ത്രിതമായ അളവിൽ മാത്രം കപ്പ പശുക്കൾക്ക് കൊടുക്കാൻ ശ്രദ്ധിക്കണം. കപ്പയുടെ തൊലിയോ പച്ചയിലയോ കപ്പ വാട്ടി ബാക്കിയായ വെള്ളമോ ഒരു കാരണവശാലും കാലിതീറ്റയായി നൽകരുത്.
ഒരു കിലോ സാന്ദ്രീകൃത കാലിത്തീറ്റയിൽ 300-350 ഗ്രാം (ആകെ തീറ്റയുടെ 30-35 ശതമാനം) എന്ന കണക്കിൽ പ്രതിദിനം പരമാവധി രണ്ട് - മൂന്ന് കിലോഗ്രാം വരെ കപ്പ അരിഞ്ഞുണക്കിയോ പൊടിച്ചോ കറവപ്പശുക്കൾക്ക് നൽകാവുന്നതാണ്. എന്നാൽ പൂർണ അളവിൽ നൽകുന്നതിന് മുൻപ് ആദ്യ മൂന്നോ നാലോ ദിവസം കുറഞ്ഞ അളവിൽ പശുവിന് നൽകി ശീലിപ്പിക്കണം. പിന്നീടുള്ള ദിവസങ്ങളിൽ ആകെ നൽകുന്ന കപ്പത്തീറ്റ ചെറിയ ഘഡുക്കളാക്കി മൂന്നോ നാലോ തവണകളായി നൽകണം. ഊർജത്തിന്റെ അളവ് ഉയർന്നതാണെങ്കിലും കപ്പയിൽ മാംസ്യത്തിന്റെ അളവ് രണ്ട് ശതമാനം മാത്രമാണ്. അതിനാൽ മാംസ്യസമൃദ്ധമായ പിണ്ണാക്കിനോ കാലിത്തീറ്റയ്ക്കോ ഒപ്പം ഊർജസമൃദ്ധമായ കപ്പ ചേർത്തുനൽകുന്നത് വഴി തീറ്റ സമീകൃതമാക്കാൻ കഴിയും. ലാക്ടിക് അമ്ലം കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ എന്നനിലയിൽ 100-150 ഗ്രാം വരെ അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്) കപ്പ നൽകുന്നതിനൊപ്പം നല്‍കാം.
ചോളപ്പൊടിക്ക് ബദലായി കപ്പയുടെ പൊടി നൽകാമോ ?
ചോളപ്പൊടി പോലെ തന്നെ ഊർജത്തിന്റെ അളവ് ഉയർന്ന സാന്ദ്രീകൃത തീറ്റയാണ് കപ്പയുടെ പൊടി. കറവയിലുള്ള പശുക്കൾക്കും ഗർഭിണികളായ പശുക്കൾക്ക് ഏഴു മാസത്തിനു ശേഷവും തീറ്റയിൽ മതിയായ ഊർജം ഉറപ്പാക്കുന്നതിനായി ചോളപ്പൊടിക്ക് ബദലായി ചില കർഷകർ കപ്പയുടെ പൊടിയും, കപ്പ ഉണക്കി ചീളുകളാക്കിയും നൽകാറുണ്ട്. തീറ്റച്ചെലവ് കുറയ്ക്കാവുന്ന ഒരു മാർഗ്ഗമാണിത് എന്നാൽ ആകെ നൽകുന്ന സാന്ദ്രീകൃത തീറ്റയുടെ 30 ശതമാനത്തിൽ കൂടുതൽ കപ്പയുടെ പൊടി നൽകാതിരിക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല ആകെ നൽകുന്ന കപ്പയുടെ പൊടി ഒറ്റയടിക്ക് നൽകാതെ പല തവണകളായി വേണം നൽകേണ്ടത്.
ചുരുക്കത്തിൽ കന്നുകാലികൾക്ക് തീറ്റയായി നൽകുന്നതിൽനിന്ന് പൂർണ്ണമായും ഒഴിവാക്കേണ്ട ഒന്നല്ല കപ്പ. തീറ്റയുടെ ചെലവ് കുറയ്ക്കാനും സാന്ദ്രീകൃത തീറ്റയിൽ ഊർജത്തിന്റെ അളവ് ഉയർത്താനും കപ്പ കാലിത്തീറ്റയിൽ ഉൾപ്പെടുത്താവുന്നതാണ്. വെറ്ററിനറി സർവകലാശാല കർഷകർക്കായി പുറത്തിറക്കിയ പാക്കേജ് ഓഫ് പ്രാക്ടീസ് മാർഗരേഖയിൽ കപ്പയുടെ സ്റ്റാർച്ച് 30 ശതമാനം വരെ തീറ്റയിൽ ഉൾപ്പെടുത്താമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കൊടുക്കേണ്ട രൂപത്തിൽ, കൊടുക്കേണ്ട ക്രമത്തിൽ, കൊടുക്കേണ്ട അളവിൽ കപ്പ കന്നുകാലികൾക്ക് കൊടുക്കണമെന്ന് മാത്രം.