ADVERTISEMENT

കുറഞ്ഞത് 10 ലക്ഷം ഊണ്– മലപ്പുറം പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വി.സി.ജൈസൽ കഴിഞ്ഞ സീസണിൽ പാടത്തിറങ്ങിയതുകൊണ്ട് നാടിനുണ്ടായ നേട്ടം! അത്രയും ഊണിനുള്ള നാടൻ കുത്തരി റേഷൻകടകളിലെത്തിയത് സപ്ലൈകോയ്ക്ക് ജൈസൽ നല്‍കിയ 280 ടൺ നെല്ലിൽനിന്നാണ്. തരിശുകിടന്ന 140 ഏക്കർ പാടങ്ങളിൽനിന്ന് ഈ യുവകർഷകൻ കൊയ്തെടുത്തത് 2,80,000 കിലോ നെല്ല്, അതായത്, 168 ടൺ അരി! പഞ്ചായത്തു തോറും എതാനും ജൈസലുമാരെ വളർത്താനായാൽ എല്ലാവരും കൃഷി ചെയ്തില്ലെങ്കിലും ഭക്ഷ്യസുരക്ഷ ഉറപ്പ്. 

ജൈസൽ
ജൈസൽ

പോഷകസുരക്ഷയുടെ കാവലാൾ

അരി മാത്രമല്ല, പഴവും പച്ചക്കറികളും ടൺകണക്കിനു വിളയുന്നു ജൈസൽ പാട്ടത്തിനെടുത്ത പറമ്പുകളിൽ. നെൽകൃഷിക്കൊപ്പം 20 ഏക്കറോളം സ്ഥലത്ത് പച്ചക്കറി, വാഴക്കൃഷിയുമുണ്ട്. സീസണിൽ തണ്ണിമത്തൻ വേറെ. കഴിഞ്ഞ വർഷം 400 ടൺ പയറും പാവലും ചുരയ്ക്കയും വെണ്ടയ്ക്കയും തണ്ണിമത്തനുമൊക്കെ വിപണിയിലെത്തിച്ച ജൈസൽ ഭക്ഷ്യസുരക്ഷയെ പോഷകസുരക്ഷയുമാക്കി. വാഴക്കൃഷിയിലും ഇദ്ദേഹത്തിനു മികവേറെ. ഒരു വർഷം 360–400 ടൺ കുലയാണ് വിപണിയിലെത്തിക്കുന്നത്. ഊണിനുള്ള ചോറും കറിക്കുള്ള പച്ചക്കറിയും പ്രാതലിനുള്ള ഏത്തപ്പഴവും മാത്രമല്ല, ചായ കൂട്ടാനുളള പാലും സ്വന്തം ഫാമിൽ ഉല്‍പാദിപ്പിച്ചിരുന്നു ജൈസൽ. ഏതാനും മാസം മുന്‍പ് നിർഭാഗ്യം തൈലേറിയരോഗമായി വന്നു. അതുവരെ അന്നജത്തിനും ജീവകങ്ങൾക്കുമൊപ്പം ദിവസേന 300 ലീറ്റർ പാലിലൂടെ നാട്ടുകാർക്കു വേണ്ട പ്രോ‍ട്ടീനും ഈ കർഷകൻ വിപണിയില്‍ എത്തിച്ചിരുന്നു.

jaisal-5

തരിശില്ലാതാക്കിയ കർഷകൻ

നാടിനെ ഊട്ടുക മാത്രമല്ല, കൃഷിയിലൂടെ മികച്ച വരുമാനം നേടാനും കേരളത്തിലെ കൃഷിവികസനത്തിന് ബദൽ മാതൃക ഒരുക്കാനും കഴിഞ്ഞതാണ് ഈ ചെറുപ്പക്കാരനെ ശ്രദ്ധേയനാക്കുന്നത്. സാധാരണ കർഷകനല്ല തന്റെ ഭർത്താവെന്നു ഫാം സന്ദര്‍ശിച്ച പരിശോധകരോടു ജൈസലിന്റെ ഭാര്യ അഫീല പറഞ്ഞത് വെറുതെയല്ല– ഒറ്റ സീസണില്‍ 145 ഏക്കറിൽ ഭക്ഷ്യവിളകൾ കൃഷിചെയ്യുന്ന എത്ര പേരുണ്ടാവും കേരള ത്തിൽ! 1.62 കോടി രൂപയുടെ വിറ്റുവരവാണ് അതിലൂടെ ഇദ്ദേഹം നേടിയത്. സ്വന്തമായി 5 ഏക്കർ സ്ഥലം മാത്രമുള്ളപ്പോൾ പ്രതിവർഷം 21 ലക്ഷം രൂപ പാട്ടം നൽകിയാണ് ജൈസലിന്റെ കൃഷി. ഒട്ടേറെ നെൽപാടങ്ങൾ തരിശുകിടന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയെ മാത്രമല്ല, സമീപത്തെ 3 പഞ്ചായത്തുകളെക്കൂടി തരിശുരഹിതമാക്കാൻ തനിക്കു കഴിഞ്ഞെന്ന് ജൈസൽ അഭിമാനപൂർവം പറയുന്നു.

ജ്യേഷ്ഠസഹോദരന്മാർ ഗൾഫിലേക്കു പോയപ്പോള്‍ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനു നാട്ടിൽ തുടർന്നതാണ് ജൈസലിനെ കൃഷിക്കാരനാക്കിയിത്. പ്ലസ് ടു പഠനത്തിനുശേഷം പതിനേഴാം വയസ്സിൽ കൃഷി ഏറ്റെടുക്കുമ്പോൾ മുന്‍പ് ഉപ്പയോടൊപ്പം കൃഷി ചെയ്തുള്ള പരിചയസമ്പത്ത്  മുതൽക്കൂട്ടായി. കൃഷിയിൽനിന്നുള്ള വരുമാനം സമ്പാദ്യമായതോടെ സ്വന്തമായി സ്ഥലം വാങ്ങിത്തുടങ്ങി. കൃഷിയിലെ ലാഭം ഉപയോഗിച്ച് ഇതിനകം 5 ഏക്കർ സ്ഥലം വാങ്ങിക്കഴിഞ്ഞു.

jaisal-3
ജലസേചനത്തിന് സോള‍ർ സംവിധാനം

വെല്ലുവിളികളേറെ

പ്രളയജലം, ഓരുവെള്ളം, വൈദ്യുതികണക്‌ഷൻ– നെൽകൃഷിക്കിറങ്ങിയപ്പോൾ വെല്ലുവിളികളേറെ. വെള്ളം കയറുന്ന പ്രദേശമായതിനാൽ വർഷത്തിൽ ഒരു പൂവു(പുഞ്ച)മാത്രമാണ് കൃഷി. ഉമ, ജ്യോതി, പൊൻമണി ഇനങ്ങള്‍. ഏക്കറിന് 2 ടൺ നെല്ല് ശരാശരി വിളവ്.  ഉപ്പുവെള്ളം കയറുന്നതിനാൽ  നെൽകൃഷി സാധ്യമാകാത്ത പാടങ്ങളില്‍  കൃഷി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉപ്പുവെള്ളത്തിൽ  ഉമ ഇനം പരീക്ഷണക്കൃഷി നടത്തിയ ജൈസൽ തരക്കേടില്ലാത്ത വിളവും നേടി.  ഒഡീഷയിൽനിന്നു തൊഴിലാളികളെ എത്തിച്ചാണ് കൃഷിപ്പണികള്‍. കരാര്‍രീതിയായതിനാൽ മേൽനോട്ടം വേണ്ടാ.  പലയിടങ്ങളിലുള്ള പാടങ്ങളിൽ വൈദ്യുതി എത്തിക്കാന്‍ തുണയായത് ടെക്നോളജി. അവിടങ്ങളിലെല്ലാം കേവലം 25,000 രൂപ വിലയുള്ള സോളർ പമ്പ് വച്ചതോടെ പമ്പിങ് ചെലവും കുറഞ്ഞെന്ന് ജൈസൽ. സൂര്യോദയത്തോടെ താനേ പ്രവർത്തിച്ചു തുടങ്ങുന്ന സോളർ പമ്പ് അസ്തമയത്തോടെ താനേ നിലയ്ക്കുന്നു. പാടത്തു വെള്ളം ക്രമീകരിക്കാന്‍ ആള്‍സഹായം വേണ്ടെന്നു സാരം. 

വിപണനത്തിനു തനതു ശൈലി

പ്രാദേശിക ഡിമാൻഡ് അനുസരിച്ചാണ് പച്ചക്കറിക്കൃഷി. വിഎഫ്‌പിസികെ വിപണിയുടെ പ്രസിഡന്റ്കൂടി ആയതിനാല്‍ വിപണിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഡിമാന്‍ഡും വിലനിരക്കുമനുസരിച്ച് തന്റെ ഉൽപാദനവും വിപണനവും നിയന്ത്രിക്കുന്ന ജൈസല്‍ വില കുറയുമ്പോള്‍ വിളവെടുപ്പ് ചുരുക്കുന്ന തന്ത്രവും പയറ്റുന്നു. വിപണിയില്‍ സഹകർഷകര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുന്നുമുണ്ട്. പച്ചക്കറികൾ തരം തിരിച്ചു മികച്ച നിലവാരമുള്ളതു മാത്രം വിപണിയിലെത്തിക്കാൻ ശ്രദ്ധിക്കുന്നു. തരംതിരിക്കാതെ  വിറ്റാൽ  ഒന്നാം തരം ഉൽപന്നങ്ങൾക്കു പോലും രണ്ടാം ഗ്രേഡിന്റെ വിലയേ ലഭിക്കുകയുള്ളെന്നു ജൈസല്‍ പറയുന്നു. അത്യുൽപാദനശേഷിയുള്ള എഫ് 1 ഇനം ഹൈബ്രിഡ് പച്ചക്കറിവിത്തുകള്‍ മാത്രമാണ് കൃഷി ചെയ്യുക. വില കൂടുതലെങ്കിലും ഒരു വിത്തുപോലും നഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല, മികച്ച വിളവും ലഭിക്കും. സ്ഥലം പരമാവധി ഉപയോഗപ്പെടുത്തുന്ന വിളക്രമീകരണവും ഇവിടെ കാണാം. ലംബ രീതിയിൽ വളരു ന്ന പയറിന് ഇടവിളയായി ഒരു ചുവട്ടിൽ 2 എന്ന രീതിയിൽ വാഴ. ഇതു പരിപാലനച്ചെലവും അധ്വാനഭാരവും കുറയ്ക്കുമെന്ന് ജൈസൽ. 

jaisal-4
പയറിനൊപ്പം വാഴയും

മികവോടെ കൃഷി

പച്ചക്കറി നട്ട് വിളവിലേക്കെത്തുമ്പോൾ വാഴക്കന്ന് നടും. തുടർന്ന് പരിചരണം വാഴയ്ക്കാണ്. വർഷത്തിൽ 2 തവണയാണ് ഇത്തരത്തിൽ വാഴ കൃഷി ചെയ്യുന്നിടത്ത് പച്ചക്കറിക്കൃഷി. ആറ്റുനേന്ത്രൻ, റോബസ്റ്റ, മൈസൂർ ഇനങ്ങളിലായി 20,000 വാഴകള്‍. വാഴക്കൃഷി വലിയ നേട്ടമാണെന്നു ജൈസൽ. കാലാവസ്ഥ ചിലപ്പോള്‍ വെല്ലുവിളിയാകുമെങ്കിലും ഇൻഷുർ ചെയ്യുന്നതിനാൽ ആശങ്കയില്ല. വളവും മറ്റും മൊത്തമായി വാങ്ങുന്നതിനാൽ വിലയിൽ വലിയ കുറവുള്ളതു കൃഷിച്ചെലവ് കുറയ്ക്കും. വിത്തും കുമ്മായവും കൃഷിഭവൻ വഴി ലഭിക്കുന്നതും സഹായകം. ചാണകം, കോഴിക്കാഷ്ഠം തുടങ്ങിയവ അടിവളമായി ചേർത്ത് പൂട്ടിയൊരുക്കിയാണ് ഞാറു നടുക. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം.  20% മാത്രമാണ് രാസവള ഉപയോഗം. ബാക്കി  80 ശതമാനവും സ്വന്തം ഡെയറിഫാമിൽനിന്നുള്ള ചാണകമായിരുന്നു. എന്നാൽ, കുറെനാള്‍ തൈലേറിയ രോഗം കാരണം പശുക്കളെ പൂർണമായും ഒഴിവാക്കേണ്ടിവന്നു. വൈകാതെ തൊഴുത്ത് പുനരുജ്ജീവിപ്പിക്കും. 

നാടിന് ഉപകാരി

വിഎഫ്പിസികെ വിപണിയുടെ പ്രസിഡന്റായ ജൈസൽ മുന്‍പ് ക്ഷീരസംഘം വൈസ് പ്രസിഡന്റുമായിരുന്നു. എപിജെകെ ട്രസ്റ്റിന്റെ സന്നദ്ധപ്രവർത്തകനായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുന്നിലുണ്ട്.   

jaisal-2

അഗ്രിബിസിനസ് നാടിനു മാതൃക

നമ്മുടെ നാട്ടിലെ കൃഷിയും കൃഷിക്കാരും നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങളായ നാമമാത്ര വരുമാനം, തുച്ഛമായ ഉൽപാദനം,   മത്സരക്ഷമതക്കുറവ് , സാങ്കേതികവിദ്യകളോട് അകല്‍ച്ച എന്നിവയ്ക്കു മറുമരുന്നാണ് ജൈയ്സലിന്റെ കൃഷി. ലാഭം തീരെക്കുറവായ വിളകളാണ് നെല്ലും പച്ചക്കറിയും. ഒരു ക്വിന്റൽ ഉൽപാദിപ്പിച്ചാൽ ഒരു ദിവസത്തെ കൂലിക്കാശു പോലും അറ്റാദായം കിട്ടുണമെന്നില്ല. എന്നാൽ, നെല്ലും പച്ചക്കറിയും വാഴയും കൃഷി ചെയ്ത് ജൈസൽ പ്രതിവര്‍ഷം നേടുന്നത് ഒന്നരക്കോടി രൂപയിലധികമാണ്. പരപ്പനങ്ങാടി പട്ടണപരിധിയിൽ താമസിച്ചുകൊണ്ട് ഇത്ര വലിയ വിറ്റുവരവു നേടാൻ ഈ യുവാവിനെ സഹായിച്ചത് വിപുലമായ പാട്ടക്കൃഷി. 

ചെറിയ പറമ്പിൽ തൂമ്പയെടുത്ത് കിളയ്ക്കുന്നവനല്ല, പകരം വലിയ കൃഷിയിടത്തെ കൃത്യമായ ആസൂത്രണത്തോടെ മികച്ച  വിളനിലമാക്കുന്ന, കൃഷിയ ബിസിനസ് ആയി കാണുന്ന പ്രഫഷനല്‍ എന്നു ജൈസ ൽ സ്വയം പരിചയപ്പെടുത്തുന്നു.  ഈ മാതൃകതയുടെ കരുത്തു തിരിച്ചറിയേണ്ടത് കർഷകരല്ല, കാർഷികനയവിദഗ്ധരാണ്.

ഫോൺ: 9895242882

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com