ADVERTISEMENT

നാടൻ വിത്തുകൾ സംരക്ഷിക്കുന്നവർ ഏറെയുണ്ട് നാട്ടിൽ. എന്നാൽ, സേവനമെന്നതിലപ്പുറം സുസ്ഥിര സാമ്പത്തികനേട്ടം അന്യമായതിനാല്‍ ഇത്തരം പ്രവർത്തനങ്ങൾക്ക് അകാലമൃത്യു സ്വാഭാവികം. എന്നാൽ നൂറിലേറെ നെല്ലിനങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നു ശേഖരിച്ചു സംരക്ഷിക്കുകയും അവ കൃഷി ചെയ്തുണ്ടാക്കുന്ന വിത്തും അരിയും വിറ്റ് ലക്ഷങ്ങൾ നേടുകയും ചെയ്യുകയാണ് വയനാട് നെന്മേനി മാത്തൂർകുളങ്ങര സുനിൽകുമാർ. വിത്തുസംരക്ഷണത്തെ ഒരു സംരംഭമാക്കിയും ജൈവ സാക്ഷ്യപത്രമുള്ള കൃഷിയിലൂടെയും മികച്ച വരുമാനം നേടുന്ന സുനില്‍, നെല്ല് കൂടാതെ പച്ചക്കറികൾ, ചെറുധാന്യങ്ങൾ, കാപ്പി, കുരുമുളക്, അടയ്ക്ക മുതല്‍ സൂര്യകാന്തിയും ചിയയും വരെ കൃഷി ചെയ്തു വിളവൈവിധ്യത്തിന്റെ വിസ്മയവുമൊരുക്കുന്നു.  

കൃഷിയിടം ഒറ്റനോട്ടത്തില്‍

കുടുംബസ്വത്ത്: 18 ഏക്കർ

പാട്ടം: 20 ഏക്കർ

പ്രധാന വിളകൾ

നെല്ല്, വാഴ, കമുക്, കാപ്പി, പച്ചക്കറികൾ, കപ്പ, ചെറുധാന്യങ്ങൾ

വരുമാനം: 74.76 ലക്ഷം

നാടൻ നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന പാടത്ത് സുനിൽ
നാടൻ നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന പാടത്ത് സുനിൽ

കൃഷിതന്നെ ജീവിതം 

പാലക്കാടുനിന്ന് മാത്തൂർകുളങ്ങര കുടുംബം വയനാട്ടിലെത്തിയതിനു പിന്നിൽ ഒരു കഥയുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്തെ പട്ടാള സേവനത്തിനു പ്രത്യുപകാരമായി സുനിലിന്റെ മുത്തച്ഛൻ ശങ്കരനു പതിച്ചുകിട്ടിയതാണ് നെന്മേനിയിലെ ഈ കൃഷിയിടം. അച്ഛ‌ൻ വേലായുധന്റെ മരണശേഷം സുനില്‍ തന്റെ സഹോദരങ്ങളായ സുരേന്ദ്രൻ, അനിൽ, ഉമേഷ് എന്നിവരുമായി ചേർന്നു കൃഷി തുടരുന്നു. കൂട്ടുകുടുംബത്തിൽ കൃഷിയുടെ മുഖ്യ ചുമതലക്കാരൻ സുനിലാണ്. എന്നാൽ, ജ്യേഷ്ഠനും അനുജന്മാരും അമ്മയും ഭാര്യയും മകളും ഏടത്തിയമ്മയുമൊക്കെ സുനിലിനു സർവപിന്തുണയുമായി കൂടെയുണ്ട്. കുടുംബാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇവിടെ ഓരോ വിളയുടെയും വളർച്ചയും വിളവും. നാടൻ വിത്തിനങ്ങളോടുള്ള ഇഷ്ടം മൂലം ഹോബിപോലെ അവ ശേഖരിച്ചു തുടങ്ങിയ സഹോദരങ്ങള്‍ക്ക് പിന്നീടതു ജീവിതം തന്നെയായി. 

sunil-3
വിവിധ നാടൻ നെല്ലിനങ്ങളുടെ സാംപ്ലിങ്

നെൽകൃഷി

പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനുള്ള  2020–21ലെ പ്ലാന്റ് ജീനോം സേവിയർ ദേശീയ അവാർഡ് ജേതാവാണ് സുനിൽ. കുടുംബസ്വത്തായുള്ള 18 ഏക്കറിൽ 10 ഏക്കർ വയലാണ്. ഈ വയലിൽ ഒരു സീസൺ കൃഷി നാടൻ നെൽവിത്തിന്റെ ഉൽപാദനത്തിനു മാത്രമാണ്. ഇവിടെ ഉൽപാദിപ്പിക്കുന്ന പരമ്പരാഗത നെല്ലിനങ്ങളുടെ ഒരു ഭാഗം അരിയാക്കി ഉപഭോക്താക്കള്‍ക്കു നേരിട്ടുവില്‍ക്കുന്നു. പാട്ടത്തിനെടുത്ത 9 ഏക്കറിലും നെൽകൃഷിയുണ്ട്. കൂടുതൽ ഉൽപാദനക്ഷമതയുള്ള നാടൻ നെല്ലിനങ്ങളായ വലിച്ചൂരിയും കുള്ളൻതൊണ്ടിയുമാണ് ഇവിടെ കൃഷി. സൽകൃഷിരീതിയിൽ ഉൽപാദിപ്പിക്കുന്ന ഈ നെല്ല് മുഴുവന്‍ സപ്ലൈകോയ്ക്കു നൽകുന്നു. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 28 രൂപ 20 പൈസ നിരക്കിൽ 20 ടൺ നെല്ല് നൽകി. 

sunil-4
കുടുംബാംഗങ്ങൾക്കൊപ്പം

ഓരോ സംസ്ഥാനത്തെയും നെല്ലിനങ്ങൾ തേടി ഒട്ടേറെ യാത്രകൾ നടത്തിയിട്ടുണ്ട് സുനിൽ. നല്ല വിത്തുകൾ നല്‍കാന്‍ ചില കർഷകർ മടിക്കും ചിലര്‍ നിലവാരം കുറഞ്ഞ വിത്തുകൾ നൽകി കബളിപ്പിച്ചിട്ടുമുണ്ട്. അതിനാൽ ഇപ്പോൾ കർണാടകയിലെ കാർഷിക സര്‍വകലാശാല, കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് വിത്തുകൾ ശേഖരിക്കുന്നത്. 

sunil-6
വളത്തിന് നാടൻ പശുക്കൾ

വിളവിന്റെ 40 ശതമാനവും വിത്തായി വിൽക്കുന്നു. ശേഷിക്കുന്നത് വീട്ടിലെ ചെറു മില്ലിൽ കുത്തി അരി യാക്കും. ആരോഗ്യസംരക്ഷണത്തിന് ഉതകുന്നവയായതിനാല്‍ ചില പരമ്പരാഗത ഇനങ്ങൾക്കു കേരളത്തിലും പുറത്തും ഏറെ ആവശ്യക്കാരുണ്ട്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഒരു കിലോ മുതൽ എത്ര വേണമെങ്കിലും അരി നൽകും. അതേസമയം, സൂക്ഷിപ്പുകാലം 2 മാസത്തിൽ താഴെയായതുകൊണ്ട്  വലിയ അളവിൽ ഇവ നല്‍കാറില്ല. താരതമ്യേന ഉൽപാദനം കൂടുതലുള്ള വലിച്ചൂരി ഇനത്തിന്റെ അരിക്കു കിലോയ്ക്ക് 70 രൂപയാണു വില. കിലോയ്ക്ക് 2000 രൂപ വിലയുള്ള കശ്മീരി അരിയാണ് കൂട്ടത്തിലെ താരം. 

sunil-5
കൃഷി ചെയ്യുന്നത് മഞ്ചേരി കുള്ളൻ ഇനം

വാഴക്കൃഷി

പ്രധാന വിള നെല്ല് ആണെങ്കിലും വാഴ, കപ്പ, ചെറുധാന്യങ്ങൾ, സീസൺ അനുസരിച്ച് പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നു. പാട്ടത്തിനെടുത്ത 6 ഏക്കറിൽ മലബാറിൽ ഈയിടെ ഏറെ പ്രചാരം ലഭിച്ച മഞ്ചേരി കുള്ളൻ നേന്ത്രനാണ് കൃഷി. ഉയരം കുറവായതുകൊണ്ട് ഇവയ്ക്കു കാറ്റുപിടിത്തം കുറവാണെന്നു സുനിൽ. രോഗങ്ങളും കുറവ്. ആറാം മാസം കുലയ്ക്കുന്നതിനാൽ പത്താം മാസത്തോടെ  വിളവെടുപ്പ് പൂർത്തിയാകും. 

പ്രകൃതിക്കൃഷി രീതിയിൽ കാപ്പി
പ്രകൃതിക്കൃഷി രീതിയിൽ കാപ്പി

പ്രകൃതിക്കൃഷി

പ്രകൃതിക്കൃഷിരീതിയായതിനാൽ ഫാമിനു വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്എസ്) മുഖാന്തിരം ജൈവ സർട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. കാപ്പി ഉൾപ്പെടെയുള്ള വിളകൾ 20–25% അധിക വില നൽകി ഡബ്ല്യുഎസ്എസ് തന്നെ വാങ്ങുന്നു. അതിനാൽ, വിൽപന പ്രശ്നമല്ല. ഭാരതീയ പ്രകൃതിക്കൃഷിയുടെ പ്രദർശനത്തോട്ടമാണ് സുനിൽകുമാറിന്റെ കൃഷിയിടം. സംസ്ഥാനത്തെ ഒട്ടേറെ കർഷകർ കൃഷിരീതികൾ പഠിക്കാൻ ഇവിടെയെത്തുന്നു. ജൈവകീടനിയന്ത്രണോപാധികളായ നീമാസ്ത്രം, വളർച്ച ത്വരകമായ ജീവാമൃതം തുടങ്ങിയവ നിർമിച്ച് ഭാരതീയ പ്രകൃതിക്കൃഷി ഗ്രൂപ്പിൽപെട്ട കർഷകർക്ക് സൗജന്യമായി നല്‍കുന്നുണ്ട്. 

sunil-2

വെല്ലുവിളി

ഒരേക്കർ സ്ഥലത്ത് തനിവിളയായി കമുക് കൃഷി ചെയ്തിരിക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കമുകിന് മഹാളിരോഗം കൂടുതലാണ്. അത് ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്. എങ്കിലും മഴക്കാലം തുടങ്ങിയപ്പോൾ ജീവാമൃതം നൽകിയതിലൂടെ ഒരു പരിധിവരെ രോഗം പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് സുനിൽ. ഒരു തവണ 5  ലീറ്റർ വീതം വർഷം 3 തവണയാണ് ജീവാമൃതം നൽകുന്നത്. 

ചേറിൽ കാൽ വയ്ക്കുന്ന കർഷകർക്ക് ചോറിൽ കൈ വയ്ക്കുന്ന സമൂഹം വേണ്ട പരിഗണന നൽകുന്നില്ലെന്ന പരാതി ഈ കുടുംബത്തിനുണ്ട്. എങ്കിലും കൃഷിപാരമ്പര്യം കൈവിട്ടു കളയാൻ ഇവർക്കു മനസ്സില്ല. അതുകൊണ്ടുതന്നെ മക്കളെയും ഇവര്‍ കൃഷിയിൽ പങ്കാളികളാക്കുന്നു. സാഹോദര്യത്തിന്റെയും  ഒത്തൊരുമയുടെയും കൂടി വിജയമാണ് ഈ കൃഷിയിടത്തിൽ വിളയുന്നത്.

ഫോൺ: 9447437285

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com