ADVERTISEMENT

കപ്പൽ ഗതാഗതത്തിലെ പ്രതിസന്ധികൾ സുഗന്ധവ്യഞ്ജന കയറ്റുമതി മേഖലയിൽ ആശങ്ക പരത്തുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ചെങ്കടലിൽ ചരക്കു കപ്പലുകൾക്ക്‌ നേരെയുള്ള ആക്രമണങ്ങൾ മുൻനിർത്തി കപ്പൽ കമ്പനികൾ കണ്ടെയ്‌നർ നീക്കത്തിനുള്ള തുക ഇരട്ടിപ്പിച്ചത്‌ കയറ്റുമതി രാജ്യങ്ങൾക്ക്‌ മുന്നിൽ പുതിയ വെല്ലുവിളി ഉയർത്തും. 

ഇന്ത്യൻ സുഗന്ധവ്യഞ്‌ജനങ്ങളുടെ വൻ വിപണി വിദേശ രാജ്യങ്ങൾ തന്നെയാണ്‌. കുരുമുളകിന്‌ വിദേശ ആവശ്യക്കാർ കുറവാണെങ്കിലും ഏലവും ചുക്കും ജാതിക്കയും കാപ്പിയും തേയിലയുമെല്ലാം ആഭ്യന്തര വിപണിയിൽ പിടിച്ചു നിൽക്കുന്നതിനു പിന്നിൽ വിദേശ ഡിമാൻഡിന്റെ കരുത്താണ്‌. കയറ്റുമതി ഓർഡറുകൾ മങ്ങിയാൽ ഇവയുടെ ആഭ്യന്തര വിലയിൽ തിരുത്തൽ സംഭവിക്കും.  

യുദ്ധ സാഹചര്യത്തിൽ ചെങ്കടൽ വഴിയുള്ള ചരക്കുനീക്കത്തിലെ പിരിമുറുക്കങ്ങൾ നിത്യേനയെന്നോണം ഉയർന്നതു മൂലം കപ്പൽ കമ്പനികൾ ചരക്കു കൂലിക്കൊപ്പം ഇൻഷുറൻസ്‌ തുകയിലും മാറ്റം വരുത്തിയത്‌ ഫലത്തിൽ കയറ്റുമതികളെ കാര്യമായി ബാധിക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളിലേയ്‌ക്കുള്ള ഷിപ്പ്‌മെന്റുകൾ ചുരുങ്ങിയതായാണ്‌ കയറ്റുമതി മേഖലയിൽ നിന്നുള്ള വിലയിരുത്തൽ. 

യൂറോപ്യൻ രാജ്യങ്ങളിലേക്കു നേരത്തെ 20 അടി കണ്ടെനറുകൾക്ക്‌ 450-500 ഡോളറായിരുന്ന കപ്പൽ കൂലി 3800 ഡോളറായും 40 അടി കണ്ടെയ്‌നറുകൾക്ക്‌ 600 ഡോളറിൽനിന്നും 4500 ഡോളറായും ഉയർന്നുവെന്ന്‌ കയറ്റുമതി മേഖല. ചരക്കുകൂലി കുത്തനെ ഉയർന്നത്‌ വാങ്ങലുകാരെ പിന്നോക്കം വലിക്കും. കേപ്പ്‌ ഓഫ്‌ ഗുഡ്‌ ഹോപ്പ്‌ വഴി കപ്പൽ ഗതാഗതം തിരിച്ചത്‌ ഉയർന്ന കൂലിച്ചെലവിനൊപ്പം കണ്ടെനറുകൾ യഥാസമയം എത്തുന്നതിനും കാലതാമസം സൃഷ്‌ടിക്കുന്നു. 

ഇതിനിടയിൽ തുറമുഖങ്ങളിൽ കണ്ടെയ്‌നർ ക്ഷാമം തലയുയർത്തിയത്‌ നിലവിലുള്ള ഓർഡറുകൾ പ്രകാരമുള്ള ഷിപ്പ്‌മെന്റുകൾ യഥാസമയം പൂർത്തിയാക്കാനാകുമോയെന്ന ആശങ്ക ഉളവാക്കുന്നു. ഈസ്റ്റർ വരെയുള്ള ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള വ്യാപാരങ്ങൾ പ്രകാരമുള്ള ഷിപ്പ്‌മെന്റുകളാണ്‌ മുഖ്യമായുള്ളത്‌. ചരക്കു കൂലിയിലെ ഭീമമായ വർധന കണക്കിലെടുത്താൽ അധിക നാൾ വിദേശ ഇടപാടുകൾ ഇത്തരത്തിൽ മുന്നോട്ട്‌ കൊണ്ടു പോകാനാവില്ലെന്നാണ്‌ കയറ്റുമതി മേഖലയുള്ളവരുടെ വിലയിരുത്തൽ. 

ഏപ്രിൽ രണ്ടാം വാരമാണ്‌ റംസാൻ, അറബ്‌ രാജ്യങ്ങളിൽ നിന്നും സുഗന്ധവ്യഞ്‌ജനങ്ങൾക്കുള്ള ഉയർന്ന ആവശ്യം വരുന്ന ഒരു മാസകാലയളവിൽ നിലനിൽക്കുമെന്നത്‌ ഉൽപ്പന്നങ്ങൾക്കും ഉൽപാദകർക്കും ആശ്വാസം പകരും. അതിനിടയിൽ പ്രതിസന്ധികൾക്ക്‌ അയവ്‌ കണ്ടുതുടങ്ങിയില്ലെങ്കിൽ ഇന്ത്യൻ സുഗന്ധവ്യഞ്‌ജനങ്ങൾക്ക്‌ മാത്രമല്ല, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുനീക്കത്തെയും അത്‌ ബാധിക്കും. 

ഉൽപാദകരാജ്യങ്ങളിൽ മുഖ്യ വിളകൾ കെട്ടിക്കിടക്കുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ നീങ്ങിയാൽ ഉൽപ്പന്നങ്ങൾക്ക്‌ തിരിച്ചടിയാകും. അടുത്ത മാസം വിയറ്റ്‌നാമിൽ കുരുമുളക്‌ സീസൺ തുടങ്ങുന്നതിനാൽ വിദേശ ഓർഡറുകൾ ആവശ്യാനുസരണം എത്തിയാൽ മാത്രമേ വിപണിക്ക്‌ പിടിച്ചു നിൽക്കാനാകൂ. ഇന്ത്യൻ കുരുമുളകിന്‌ വിദേശ ഡിമാൻഡ് നാമമാത്രമായതിനാൽ കയറ്റുമതി ഓർഡറുകളുടെ അഭാവം നമ്മുടെ ഉൽപ്പന്നവിലയെ കാര്യമായി സ്വാധീനിക്കില്ല. 

അതേസമയം രാജ്യാന്തര കുരുമുളകുവില കപ്പൽ കൂലി വിഷയത്തിൽ തളർന്നാൽ അത്‌ ഇന്ത്യൻ മാർക്കറ്റിനെ തളർത്താം. വില കുറച്ച്‌ ചരക്ക്‌ വിറ്റുമാറാൻ വിയറ്റ്‌നാം രംഗത്ത്‌ ഇറങ്ങുമെന്നത്‌ ശ്രീലങ്ക വഴി ഇന്ത്യൻ തുറമുഖങ്ങളിലേക്കുള്ള മുളക്‌ നീക്കം ശക്തിയാർജിക്കാൻ ഇടയാക്കും. കഴിഞ്ഞ വർഷം വിയറ്റ്‌നാം 12,000 ടൺ കുരുമുളക്‌ ഇന്ത്യയിലേക്ക്‌ കയറ്റുമതി നടത്തി.  

വെളിച്ചെണ്ണ

പ്രതീക്ഷിച്ച പോലെ തന്നെ നാളികേരോൽപ്പന്നങ്ങൾ അൽപ്പം മെച്ചപ്പെട്ട വിലയിലേക്ക് മാസാന്ത്യമെത്തി. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതിയിൽ സംഭവിച്ച കുറവ്‌ അവയുടെ വിലക്കയറ്റത്തിനു വഴിതെളിക്കുമെന്ന വിലയിരുത്തലും പ്രദേശിക തലത്തിൽ പാചകയെണ്ണകൾക്കുള്ള പതിവ്‌ മാസാരംഭ ഡിമാൻഡും പ്രതീക്ഷപകരുന്നു. പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായതും ചെങ്കടലിൽ എണ്ണക്കപ്പലുകൾക്ക്‌ നേരെയുളള ആക്രമണങ്ങളും സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ നീക്കത്തെയും ബാധിക്കുന്നുണ്ട്‌. 

ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കുമുള്ള പാചകയെണ്ണ കപ്പലുകളുടെ നീക്കം മന്ദഗതിയിലെന്ന സൂചനകൾക്ക്‌ ഇടയിൽ കപ്പൽ കൂലിയിലെ വർധന എണ്ണ വിലയിൽ പ്രതിഫലിക്കുമെന്നതിനാൽ സ്വാഭാവകമായും വ്യവസായികൾ നിരക്ക്‌ ഉയർത്താൻ നിർബന്ധിതരാകും. പാം ഓയിൽ ലോബിയുടെ നീക്കങ്ങളെ സസൂക്ഷ്‌മം വീക്ഷിക്കുന്ന സോയാ, സൂര്യകാന്തി എണ്ണ ഇറക്കുമതിക്കാരും ആഭ്യന്തര വില പരിഷ്‌കരിക്കാനുള്ള നീക്കങ്ങൾ അണിറയിൽ പുരോഗമിക്കുന്നു. 

ഇതിനിടയിൽ ബജറ്റ്‌ പ്രഖ്യാപനം നിർണായകമാണ്‌, വ്യവസായികൾക്ക്‌ അനുകൂല നിർദ്ദേശങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ്‌ ഭക്ഷ്യയെണ്ണ ഇറക്കുമതി ലോബി. കഴിഞ്ഞ ദിവസങ്ങളിൽ മികവ്‌ കാണിച്ച വെളിച്ചെണ്ണ ഈ അവസരത്തിൽ പ്രദേശിക ഡിമാൻഡിൽ കൂടുതൽ മുന്നേറാൻ ശ്രമം നടത്തുമെന്ന വിശ്വാസത്തിലാണ്‌ കൊപ്രയാട്ട്‌ വ്യവസായ രംഗം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com