1500 ചെടികൾ, കിലോയ്ക്ക് 5000 രൂപ വില: പ്രമേഹ രോഗികൾ തേടിയെത്തുന്ന ഇടുക്കിയിലെ കൃഷിയിടം
Mail This Article
ജാതിയും കുരുമുളകും പന്നിയുമെല്ലാമുള്ള ദാമോദരന്റെ കൃഷിയിടത്തിൽ ഇപ്പോൾ താരം ഒരു ഇന്തോനേഷ്യൻ ഔഷധ വിളയാണ്. ഏഷ്യൻ പാരമ്പര്യവൈദ്യത്തിൽ വലിയ പ്രചാരമുള്ള മക്കോട്ടദേവയാണ് ആ താരം. മൂന്നു വർഷം മുൻപ് സഹോദരിയുടെ വീട്ടിൽനിന്ന് ഔഷധപ്രാധാന്യം തിരിച്ചറിഞ്ഞ് വിത്തു കൊണ്ടുവന്നു നട്ടായിരുന്നു തുടക്കം. ക്രമേണ തൈകളുടെ എണ്ണം വർധിപ്പിച്ച് 1500 ചെടികളിൽ എത്തി നിൽക്കുന്നു. നേരിട്ട് ഭക്ഷ്യയോഗ്യമല്ല മക്കോട്ടദേവയുടെ പഴം. അതുകൊണ്ടുതന്നെ ചുരുക്കം ചിലരുടെ തോട്ടങ്ങളിൽ ഒന്നോ രണ്ടോ ചെടികൾ മാത്രമാണ് സംരക്ഷിച്ചുപോരുന്നത്. എന്നാൽ മക്കോട്ട ദേവയുടെ വാണിജ്യക്കൃഷി ഇടുക്കി കഞ്ഞിക്കുഴിയിലെ വി.കെ.ദാമോദരന്റെ കൃഷിയിടത്തിൽ കാണാം. കൃഷി മാത്രമല്ല പഴം സംസ്കരിച്ച് ഇന്ത്യയിലുടനീളം കുറിയർ ചെയ്തു കൊടുക്കുന്നു ഈ കർഷകൻ. കിലോയ്ക്ക് 5000 രൂപ വിലയുള്ള ഉൽപന്നമെന്നു കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഗുണം തിരിച്ചറിഞ്ഞ് ദാമോദരനെ വിളിക്കുന്നവരാണ് ഏറിയ പങ്കും.
ജാതിയും കുരുമുളകും പ്രധാന വിള
ഏതാനും വർഷങ്ങളായി മക്കോട്ടദേവ മികച്ച വരുമാനം ദാമോദരനു നേടിക്കൊടുക്കുന്നുണ്ടെങ്കിലും തന്റെ ഇഷ്ട വിളകൾ കുരുമുളകും ജാതിയുമാണെന്ന് ഈ കൃഷകൻ പറയും. മികച്ച വിളവേകുന്ന 200 ജാതിമരങ്ങളും ആയിരത്തോളം കുരുമുളകു ചുവടുകളുമുണ്ട്. ഒരു ജാതിയിനിന്ന് ശരാശരി മൂന്നു കിലോ കായ വർഷം ലഭിക്കുന്നുണ്ട്. ഇവയ്ക്കൊപ്പം കൊക്കോ, തെങ്ങ്, വാഴ തുടങ്ങിയ വിളകളും വളരുന്നു. വളത്തിനായി മൂന്നു വെച്ചൂർപ്പശുക്കളെയും വളർത്തുന്നുണ്ട്.
മക്കോട്ടദേവയെന്ന വരുമാനം
യാദൃശ്ചികമായാണ് മക്കോട്ടദേവയുടെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞ് മുന്നിട്ടിറങ്ങിയതെന്ന് ദാമോദരൻ. നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന വിള അല്ല എന്നതുകൊണ്ടുതന്നെ സംസ്കരിച്ചാൽ മാത്രമേ വിപണിയിൽ ഡിമാൻഡ് ഉള്ളൂ. പൂവിട്ട് രണ്ടു മാസംകൊണ്ട് കായ പഴുത്ത് വിളവെടുക്കാൻ പ്രായമാകും. ഇങ്ങനെ വിളവെടുത്ത കായ്കൾ മഞ്ഞൾപ്പൊടി ചേർത്ത് കഴുകി ഉണങ്ങിയശേഷം ചെറുതായി അരിഞ്ഞ് വെയിലിൽ ഉണക്കുന്നു. മഴക്കാലത്ത് ഉണങ്ങുന്നതിന് ഡ്രയർ ഉപയോഗിക്കും. ഒരു കായ 15 കഷണങ്ങളായിട്ടാണ് മുറിക്കുക. ഒരു വ്യക്തിക്ക് ഇത് മൂന്നു ദിവസം ഉപയോഗിക്കാം. ഉപയോഗിച്ച് ഫലം ലഭിച്ചവരിലൂടെയാണ് തന്റെ വിപണി വളർന്നതെന്ന് ദാമോദരൻ. 100 ഗ്രാം മുതൽ ആവശ്യമനുസരിച്ച് കുറിയറായി അയച്ചു നൽകും. നേരിട്ടെത്തിയും വാങ്ങാൻ അവസരമുണ്ട്. കേരളത്തിന് പുറത്തുനിന്ന് പോലും വലിയ ഓർഡറുകൾ എത്തുന്നുണ്ടെങ്കിലും തനിക്ക് നൽകാൻ തികയാത്ത സ്ഥിതിയാണുള്ളതെന്നും ദാമോദരൻ.
നട്ടു പത്താം മാസം വിളവ്
അധിക പരിചരണമില്ലാതെ വീട്ടുമുറ്റത്തുതന്നെ വളർത്താൻ കഴിയുന്ന ചെറു മരമാണ് മക്കോട്ടദേവ. ഒന്നരയടി വലുപ്പമുള്ള കുളിയെടുത്ത് ഒരു കുട്ട ചാണകപ്പൊടി മണ്ണുമായി ചേർത്ത് തൈ നടാം. നട്ട് പത്താം മാസം വിളവ് ലഭിക്കുമെന്ന് ദാമോദരൻ. എല്ലാവരുടെയും വീട്ടുമുറ്റത്ത് ഒരു ചെടിയെങ്കിലും ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.
ഉപയോഗക്രമം
മക്കോട്ടദേവ പഴം അരിഞ്ഞുണങ്ങിയതിൽ 5 കഷണം 5 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് 4 ഗ്ലാസ് ആയി വറ്റിക്കണം. ഇതിൽനിന്ന് ഒരു ഗ്ലാസ് രാവിലെ വെറുംവയറ്റിൽ കുടിക്കണമെന്ന് ദാമോദരൻ. ബാക്കിയുള്ള മൂന്നു ഗ്ലാസ് വെള്ളം പല തവണകളായി കുടിക്കാം. 100 ഗ്രാം മക്കോട്ടദേവ 50 ദിവസത്തേക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, നെഞ്ചെരിച്ചിൽ, കൈകാൽമുട്ടുവേദന, യൂറിക് ആസിഡ് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് പ്രതിവിധിയാണ്. ഷുഗർ കുറയുമെന്നതിനാൽ ഗർഭിണികൾ, കുട്ടികൾ എന്നിവർ ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളമായി ജീവാമൃതം
ഔഷധവിളയായതുകൊണ്ടുതന്നെ യാതൊരുവിധ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാറില്ലെന്ന് ദാമോദരൻ. ജീവാമൃതമാണ് പ്രധാന വളം. കൃഷിയിടത്തിന്റെ പല ഭാഗങ്ങളിലായി 100 ലീറ്ററിന്റെ വീപ്പയിൽ 10 കിലോ ചാണകം, 10 ലീറ്റർ മൂത്രം, 2 കിലോ ശർക്കര, 2 കിലോ പയറുപൊടി, 2 കിലോ മണ്ണ് എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് നാലു ദിവസം സൂക്ഷിച്ചശേഷം വെയിൽ ഇല്ലാത്ത സമയത്ത് ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
പന്നിവളർത്തലും മികച്ച വരുമാനം
മൂന്നു പതിറ്റാണ്ടായി ദാമോദരന് പന്നിക്കൃഷിയുമുണ്ട്. അദ്യ കാലത്ത് അറുപതോളം മാതൃ-പിതൃ ശേഖരമുണ്ടായിരുന്നു. എന്നാൽ, സമയക്കുറവുള്ളതിനാൽ ഇന്ന് 30ൽ താഴെ മാത്രം വലിയ പന്നികളെയും അവയുടെ കുഞ്ഞുങ്ങളെയുമാണ് പരിപാലിച്ചുപോരുന്നത്. പന്നിയിറച്ചിവില ഉയർന്നതിനാൽ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ മികച്ച വില ലഭിക്കുന്നുണ്ട്.
വീപ്പയിൽ കപ്പക്കൃഷി, എലിയെ പേടിക്കണ്ട, വളവും വേണ്ട
പല കർഷകരും എലിയെയും കാട്ടുപന്നിയെയുമൊക്കെ പേടിച്ച് കപ്പക്കൃഷി ചെയ്യുമ്പോൾ യാതൊരു ശ്രദ്ധയുമില്ലാത്ത കപ്പക്കൃഷി ഈ കൃഷിയിടത്തിൽ കാണാം. ഉപയോഗശൂന്യമായ 50 ലീറ്ററിന്റെ ചെറു ബാരലുകളിൽ മണ്ണു മാത്രം നിറച്ചാണ് കപ്പക്കൃഷി. ഇത്തരത്തിൽ 50 ബാരലുകളിൽ കപ്പ കൃഷി ചെയ്യുന്നു. വിൽപന ലക്ഷ്യമിട്ടല്ല ഈ കൃഷി. അതുകൊണ്ടുതന്നെ വീട്ടാവശ്യത്തിനുള്ളതും വാട്ടുന്നതിനും ഇതു ധാരാളമെന്ന് ദാമോദരൻ. 5 വർഷമായി ഈ ബാരലുകളിലാണ് കപ്പക്കൃഷി.
ഫോൺ: 9496237962
കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക