അന്ന് 1.65 രൂപ, ഇന്ന് 800: ഇത് കൊക്കോയുടെ ലാഭത്തിലൂടെ 100 ഏക്കർ ഏലത്തോട്ടമുണ്ടാക്കിയ കേരളത്തിലെ ആദ്യകാല കൊക്കോ കര്ഷകൻ
Mail This Article
കർഷകർക്കു മികച്ച നേട്ടം സമ്മാനിക്കുന്ന വിളയായി കൊക്കോ തിളങ്ങുമ്പോൾ ഈ കൃഷിക്കു കേരളത്തിൽ തുടക്കംകുറിച്ചവരിൽ ഒരാളെന്ന നിലയിൽ സന്തോഷിക്കുകയാണ് ജോർജ് കൈനടി. എഴുപതുകളുടെ ആദ്യപകുതിയിൽ കോഴിക്കോട് താമരശേരി ഈരൂടിലുള്ള കൈനടി എസ്റ്റേറ്റിൽ ഇദ്ദേഹം നട്ട കൊക്കോച്ചെടികൾ ഇപ്പോഴും ആദായമേകുന്നുണ്ട്. മറ്റൊരു പ്രമുഖ പ്ലാന്ററായിരുന്ന എം.സി. പോത്തനോടൊപ്പമാണ് താൻ കൊക്കോത്തൈകൾ വാങ്ങിയതെന്ന് അദ്ദേഹം ഓർമിക്കുന്നു. എന്നാൽ, 4–5 വർഷം മുന്‍പുതന്നെ ജോർജ് കൈനടിയുടെ പിതാവ് ജേക്കബ് കൈനടി ക്രിയോല ഇനം കൊക്കോ നട്ടിരുന്നു. ഒരുപക്ഷേ, കേരളത്തിൽ ആദ്യം കൊക്കോ നട്ട കർഷകൻ അദ്ദേഹമായിരിക്കണം. കാഡ്ബറി തന്നെയാണ് ഈയിനത്തിന്റെ തൈകൾ നല്‍കിയത്. എന്നാൽ, ക്രിയോല ഇവിടത്തെ സാഹചര്യങ്ങൾക്കു ചേരുന്നതല്ലാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു.
‘‘കാഡ്ബറി കമ്പനിക്ക് അക്കാലത്ത് കൽപറ്റയിൽ കൊക്കോക്കൃഷിയും സംസ്കരണകേന്ദ്രവുമുണ്ടായിരുന്നു. കൃഷി വ്യാപിപ്പിക്കണമെന്നു മനസ്സിലാക്കിയ കാഡ്ബറി കേരളത്തിലെ പ്രമുഖ കർഷകരുടെ സഹായം തേടി. അവരുടെ നിർദേശം മാനിച്ചാണ് നട്ടത്’’– ജോർജ് കൈനടി പറഞ്ഞു. ക്രിയോല പരാജയപ്പെട്ടപ്പോഴാണ് ഫോറസ്റ്റിയോ ഇനത്തെക്കുറിച്ച് അറിഞ്ഞത്. അന്നു പുതുപ്പാടിയിൽ തോട്ടമുണ്ടായിരുന്ന മണമേൽ ഗ്രൂപ്പിലെ എം.സി.പോത്തൻ കർണാടകയിലെ ക്ഷീരാടിയിൽനിന്ന് ഫോറസ്റ്റോ ഇനം വാങ്ങിയതായി അറിഞ്ഞു. ഇതേത്തുടർന്ന് കസിൻ പി.ജെ. ജോസഫ് കൈനടിയേയും കൂട്ടി ക്ഷീരാടിയിലെ വനംവകുപ്പ് നഴ്സറിയിൽ പോയി തൈകൾ വാങ്ങി. ഇരുവരും 2000 തൈകൾ വീതമുള്ള രണ്ട് ലോഡ് തൈകളാണു കൊണ്ടുവന്നത്. കർണാടകയിലെ തന്നെ സംപാജിയിൽനിന്ന് ഒരു ലോഡ് കൂടി വാങ്ങി.
കൊണ്ടുവന്നയുടൻ തെങ്ങിനും കമുകിനും ഇടവിളയായി നട്ടു. നട്ടതെല്ലാം കേടോ കീടശല്യമോ ഇല്ലാതെ വേരുപിടിച്ചു വളർന്നു. നാലു കൊല്ലത്തിനുശേഷം കൊക്കോ കായ്ച്ചതോടെ ആശങ്കയായി. എവിടെ വില്‍ക്കും? തൈകൾ നല്‍കിയ കാഡ്ബറി ഇക്കാര്യത്തിൽ ഉറപ്പു നൽകിയിരുന്നില്ല. ഊട്ടിയിൽ പഠിക്കുകയായിരുന്ന മക്കളെ കാണാൻ പോയപ്പോൾ ജോർജ് ഒരു ചാക്ക് കൊക്കോ കാറിന്റെ ഡിക്കിയിലിട്ടു. ചുണ്ടേലിലെ കാഡ്ബറി ഗോഡൗണിലെത്തി ചാക്കിറക്കി. താമരശേരിഭാഗത്ത് ഗുണമേന്മയുള്ള കൊക്കോ കിട്ടാനുണ്ടെന്നും എന്തുകൊണ്ടാണ് കാഡ്ബറി അതു വാങ്ങാത്തതെന്നും അദ്ദേഹം ചോദിച്ചു. കാഡ്ബറി ഉദ്യോഗസ്ഥർ കൊക്കോ വാങ്ങിവച്ചശേഷം വില പിന്നാലെ എത്തിക്കാമെന്നുപറഞ്ഞു. അല്‍പകാലത്തിനുശേഷം ഒരു ചെക്കും ബില്ലും കിട്ടി. ചാക്കിലുണ്ടായിരുന്ന കൊക്കോയുടെ പച്ചക്കുരു കിലോയ്ക്ക് 1.65 രൂപ നിരക്കില്‍ വാങ്ങിയതിന്റെ ബില്ലും തുകയും. ഒരുപക്ഷേ, കേരളത്തിലെ പ്രഥമ കൊക്കോവ്യാപാരം അതായിരുന്നിരിക്കണം.
കച്ചവടം മുന്നേറിയപ്പോൾ ജോർജ് കാഡ്ബറിയെ അടിവാരത്തേക്കു ക്ഷണിച്ചു. അവര്‍ താമരശേരിയിലെ പാണ്ട്യാലയ്ക്കൽ ബിൽഡിങ്ങിൽ കട തുറന്നു. എന്നാൽ, അതിനു മുന്‍പുതന്നെ കൽപറ്റയിൽ എൻആർ ഏജൻസീസ് കൊക്കോ വാങ്ങിത്തുടങ്ങിയിരുന്നു. കാഡ്ബറിയെക്കാൾ കിലോയ്ക്ക് 10 പൈസ കൂടുതൽ നൽകിയാണ് അവർ സംഭരിച്ചത്. അതോടെ വില കൂട്ടാൻ കാഡ്ബറി നിർബന്ധിതരായി. അവർ 15–20 പൈസ വർധിപ്പിച്ചു. മത്സരം തുടർന്നപ്പോൾ വില 5 രൂപയിലെത്തുമെന്ന് കൃഷിക്കാർ പ്രതീക്ഷിച്ചു. എന്നാൽ കൃഷിക്കാരുടെ പ്രതീക്ഷയ്ക്കും അപ്പുറം വില അഞ്ചും കടന്ന് 10 രൂപവരെയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 55 രൂപ വിലയുള്ള കാലമായിരുന്നു അത്. തൊഴിലാളിയുടെ കൂലി ഒരു രൂപയും. പച്ചക്കുരുവാണ് വിറ്റിരുന്നത്. കൃഷിക്കാർ കുരു ഉണങ്ങുന്ന ശീലം അന്നുണ്ടായിരുന്നില്ല.
കൊക്കോ പെരുമ നേടിയതോടെ കോട്ടയത്തുനിന്നും മറ്റു തെക്കൻ ജില്ലകളിൽനിന്നും അന്വേഷണങ്ങളെത്തി. ജോര്‍ജിന്റെ ബന്ധുക്കള്‍ പലരും താമരശേരിയിൽനിന്നു കൊക്കോക്കുരു കൊണ്ടുപോയി തൈകൾ കിളിർപ്പിച്ചു. ക്രമേണ കേരളമാകെ കൊക്കോ തരംഗമുണ്ടായി. അപ്പോള്‍ അപ്രതീക്ഷിതമായ ഒരു നീക്കം കാഡ്ബറിയുടെ ഭാഗത്തുനിന്നുണ്ടായി. അവർ കേരളത്തിൽനിന്നുള്ള കൊക്കോസംഭരണം പൂർണമായി നിര്‍ത്തിവച്ചു. കൃഷിക്കാരെ അതു നിരാശരാക്കി. പലരും കൊക്കോ വെട്ടിനശിപ്പിച്ചു. വിപുലമായി മുതൽ മുടക്കിയ ജോർജിനു വെട്ടിനശിപ്പിക്കാൻ മനസ്സുവന്നില്ല. സംസ്കരണരീതികൾ മനസ്സിലാക്കിയിരുന്ന അദ്ദേഹം അതേ മാതൃകയിൽ കുരു പുളിപ്പിച്ച് ഉണക്കാൻ ശ്രമിച്ചു. ഒരു മുറിയിൽ പലക നിരത്തിയശേഷം അടി ഭാഗത്തായി ഊട്ടിയിൽനിന്നെത്തിച്ച ഇലക്ട്രിക് റൂം ഹീറ്ററുകൾ സ്ഥാപിച്ചാണ് ഇതിനു സംവിധാനമൊരുക്കിയത്. ഇലക്ട്രിക് ഹീറ്ററുകൾ വൈദ്യുത ഉപഭോഗം കൂട്ടിയപ്പോൾ കൊപ്ര ഉണങ്ങുന്നതിനുള്ള ഡ്രയർ പരിഷ്കരിച്ച് കൊക്കോ ഉണങ്ങുന്നതിനായി പാകപ്പെടുത്തി (ഇപ്പോൾ പോളീഹൗസാണ് കായ്കൾ ഉണങ്ങുന്നതിന് ഉപയോഗിക്കുന്നത്). പുളിപ്പിച്ചുണങ്ങിയ കുരു ഗോഡൗണിൽ സൂക്ഷിച്ചു. കാഡ്ബറി വീണ്ടും കൊക്കൊ സംഭരിച്ചു തുടങ്ങിയപ്പോൾ അവർക്കുതന്നെ വിറ്റു. ന്യായവില ലഭിക്കുകയും ചെയ്തു. ഇതിനിടെ കുടകിൽ 160 ഏക്കർ സ്ഥലം വാങ്ങി. ഇതിൽ നൂറിലധികം ഏക്കറിൽ വഴിവെട്ടി ഏലത്തോട്ടം തയാറാക്കിയത് കൊക്കോയിൽനിന്നുള്ള ലാഭം ഉപയോഗിച്ചായിരുന്നു. അര നൂറ്റാണ്ട് പിന്നിട്ടെങ്കിലും കൈനടി എസ്റ്റേറ്റിലെ കൊക്കോക്കൃഷി ഇന്നും തുടരുന്നു, ഇപ്പോൾ വിലവർധനയുടെ തിളക്കവുമായി.
ഫോൺ: 6282211903