കുറിയറിലെത്തും തേനട; ഒന്നും ചെയ്യാതെ മൂല്യവർധന, ഒപ്പം 24 ഉൽപന്നങ്ങളും: ഇത് റിവേഴ്സ് വാല്യു അഡിഷൻ
Mail This Article
തേനട രുചിച്ചിട്ടുണ്ടോ? തേൻ ഇറ്റുവീഴുന്ന ഒരു കഷണം വായിലേക്കിട്ട് ഹായ് എന്നു പറയാൻ ആർക്കാണ് കൊതിയില്ലാത്തത്. തേനീച്ചയുടെ കുത്തേൽക്കുന്നതോർക്കുമ്പോൾ ആ കൊതി പമ്പ കടക്കുമെന്നു മാത്രം. തേനീച്ചക്കോളനിയിൽ മോഷണത്തിനു തുനിയുമ്പോഴല്ലേ കുത്തേൽക്കേണ്ടിവരിക? ഒരു തേനീച്ച പോലും ആക്രമിക്കാത്തവിധം തേനട മാത്രമായി കിട്ടിയാലോ? തനിമയുള്ള തേൻമധുരത്തിനായി എന്തു വിലയും നൽകാൻ ആരും തയാറാകും. ആ സാധ്യതയാണ് പത്തനംതിട്ട ചിറ്റാർ സ്വദേശി അനൂപ് വാളി പ്ലാക്കൽ എന്ന യുവ എൻജിനീയർ പ്രയോജനപ്പെടുത്തുന്നത്.
തേനടകൾ സുതാര്യമായ പ്ലാസ്റ്റിക് പെട്ടികളിൽ സുന്ദരമായി പായ്ക്ക് ചെയ്ത് കേടാകാതെ എത്തിക്കുകയാണ് അനുപിന്റെ നിലയ്ക്കൽ ബീ ഗാർഡൻ. സംസ്കരിച്ചു കുപ്പികളിലാക്കിയ തേൻ നാട്ടിലെങ്ങും സുലഭമാണിപ്പോൾ. എന്നാൽ, പെട്ടികളിലെ തേനടകളിൽനിന്നു നേരിട്ട് തേൻ കുടിക്കാനായാലോ– പ്രകൃതി ദത്ത തേൻ പ്രകൃതിയിൽ കിട്ടുന്ന രൂപത്തിൽ കഴിക്കുന്നതിനൊരു പ്രത്യേക സുഖവും ത്രില്ലുമില്ലേ? തേൻ പ്രമികൾക്ക് ആ സന്തോഷം ഒരുക്കുകയാണ് നിലയ്ക്കൽ ബീ ഗാർഡന്‍.
ചെറിയ ചട്ടം
തേനീച്ചക്കൂട്ടിലെ ചട്ടത്തില്‍ തേനീച്ചകൾതന്നെ ചേർത്തൊട്ടിച്ച അറകളാണ് ഈച്ചകളെ നീക്കിയശേഷം പാക്കറ്റിലാക്കുന്നത്. തേനീച്ചക്കർഷകരുടെ കൊയ്ത്തുകാലമായ ഫെബ്രുവരി–മേയ് മാസങ്ങളിൽ മാത്രമേ ഇപ്രകാരം ചട്ടത്തോടു കൂടിയ തേനടകൾ ലഭ്യമാകുകയുള്ളൂ. പെട്ടികളുടെ സൂപ്പർ ബോക്സിൽ പായ്ക്കിങ്ങിനു യോജിച്ച വലുപ്പത്തിലുള്ള ചട്ടങ്ങള്‍ ക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പരമ്പരാഗത ചട്ടങ്ങളുടെ പാതി വലുപ്പമുള്ളവയാണ് പായ്ക്കിങ്ങിനായി അനൂപ് ഉപയോഗിക്കാറുള്ളത്. തേനട വിളവെടുക്കേണ്ട പെട്ടികളിൽ ഇത്തരം ചെറിയ ചട്ടങ്ങൾ മുൻകൂട്ടി ഘടിപ്പിച്ചാൽ അതതു വലുപ്പത്തിലുള്ള തേനറകൾ ഈച്ചകള്‍ തയാറാക്കിക്കൊള്ളും .
ഒന്നും ചെയ്യാതെ മൂല്യവർധന
ഏത് ഉൽപന്നവും മിതമായ തോതിലെങ്കിലും സംസ്കരണം നടത്തിയാണ് മൂല്യവർധന ചെയ്യുക. എന്നാൽ, അനൂപിന്റെ സംരംഭത്തിൽ പ്രാഥമിക സംസ്കരണം പോലും ഒഴിവാക്കിയുള്ള മൂല്യവർധനയാണ് നടക്കുന്നത്. റിവേഴ്സ് വാല്യു അഡിഷൻ എന്ന് ഇതിനെ വിശേഷിപ്പിക്കാം. കുപ്പികളിലാക്കിയ തേനിനേക്കാള്‍, ഉയർന്ന വിലയ്ക്കു തേനട വാങ്ങാൻ ആളുകൾ തയാറാണെന്നു അനൂപ് ചൂണ്ടിക്കാട്ടി. ഒരു കിലോ തേനിന് 350–400രൂപ വിലയുളളപ്പോൾ 300–500 ഗ്രാം തേൻ മാത്രം കിട്ടുന്ന തേനടയ്ക്ക് 650 രൂപയാണ് അനൂപ് ഈടാക്കുന്നത്. ഒരു തേനട പായ്ക്ക് ചെയ്യുമ്പോൾ സീസണിലെ ബാക്കി ദിവസങ്ങളിൽ ലഭിക്കേണ്ട തേൻ കൂടിയാണ് കർഷകനു നഷ്ടമാകുന്നതെന്ന് അനൂപ് ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ബോക്സുകളിൽ തേനട പായ്ക്ക് ചെയ്യുന്നതിനുള്ള ചെലവും പരിഗണിക്കണം.
ഈ വർഷം 5 ടൺ തേനാണ് നിലയ്ക്കൽ ബീ ഫാം വിവിധ കേന്ദ്രങ്ങളിലായി ഉൽപാദിപ്പിക്കുന്നത്. ഇതിൽ 3.5 ടൺ, തേനായി വിൽക്കുമ്പോൾ ബാക്കി തേനടകളായും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളായും വിപണിയിലെത്തുന്നു. ആകെ 24 തേൻ ഉൽപന്നങ്ങളാണ് ഇവിടെയുള്ളത്. ഫേസ് പാക്ക്, തേനും തേനടയും ഉപയോഗിച്ചുള്ള വിവിധ സോപ്പുകൾ, പെപ്പർ– തുളസി ഹണി, തേൻ നെല്ലിക്ക, ഹണി അംല അമൃത്, കാന്താരി തേൻ, വെളുത്തുള്ളി തേൻ, ഹണി ബനാന, ജിഞ്ചർ ഹണി, മൊയ്സ്ചറൈസിങ് ക്രീം എന്നിങ്ങനെ നീളുന്നു പട്ടിക. ഹോർട്ടികോർപ്പിന്റെ മാവേലിക്കര പരിശീലനകേന്ദ്രത്തിൽ ഒരാഴ്ച പരിശീലനം നേടിയ ശേഷമാണ് തേനുൽപന്നങ്ങളുടെ മൂല്യവർധനയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ തുടക്കം കുറിച്ച തെന്ന് അനൂപ് പറഞ്ഞു. അതുവരെ അപരിചിതമായിരുന്ന ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ പരിചയപ്പെടാനും ഉൽപാദിപ്പിക്കാനും ഈ പരിശീലനം സഹായകമായി.
ജോലിക്കു ചേരുന്ന സംരംഭം
വിശേഷിച്ചൊരു ജോലി ലഭിക്കാത്തവരാണ് പലപ്പോഴും സ്വന്തം സംരംഭം ആരംഭിക്കുകയെന്നൊരു പൊതു ധാരണയുണ്ട്. എന്നാൽ, വീടിനടുത്ത് മികച്ച ജോലി കിട്ടിയതുകൊണ്ടാണ് താന്‍ തേനീച്ചവളർത്തലുകാര നായതെന്ന് അനൂപ് പറയുന്നു. ചെറുപ്പം മുതലേ വീട്ടിൽ തേനീച്ചകളെ വളർത്തിയിരുന്ന അച്ഛനിൽ നിന്നാണ് പണി പഠിച്ചത്. ജോലിസ്ഥലത്തെ ഷിഫ്റ്റ് സമ്പ്രദായം മൂലം പകൽസമയത്ത് വീട്ടിലിരിക്കാൻ അവസരം കിട്ടിയപ്പോൾ ഈ അറിവ് പ്രയോജനപ്പെടുത്തിയെന്നു മാത്രം– അനൂപ് പറയുന്നു. തുടക്കം 10 പെട്ടികളിലായിരുന്നു. കനത്ത തിരിച്ചടിയാണ് ആദ്യം കിട്ടിയത്. ഒരു വർഷം കഴിഞ്ഞപ്പോൾ പെട്ടികളുടെ എണ്ണം മൂന്നായി ചുരുങ്ങി. എന്നാൽ തിരിച്ചടിയിൽ തളരാതെ ഖാദിബോർഡിലും പിന്നീട് ഹോർട്ടികോർപ്പിലും പരിശീലനം നേടിയതാണ് വാണിജ്യ തേൻ സംരംഭകനാകാൻ സഹായിച്ചതെന്ന് അനുപ്. ഇന്ന് വിവിധ ഇടങ്ങളിലായി 550 തേനീച്ചക്കോളനികളാണ് അനൂപിനുള്ളത്. ഓരോ പെട്ടിയിൽനിന്നും ശരാശരി 10 കിലോ തേൻ പ്രതീക്ഷിക്കാം. ഇരുനൂറോളം ചെറുതേനീച്ചക്കോളനികളുമുണ്ട്.
വിപണനം
വാണിജ്യാടിസ്ഥാനത്തില്‍ തേനുൽപാദനം തുടങ്ങിയപ്പോൾ വിപണനം പ്രശ്നമായി. പരമ്പരാഗത മാർഗങ്ങളിലൂടെയുള്ള തേൻവിൽപന അത്ര മെച്ചമല്ലെന്നു അനൂപ് തിരിച്ചറിഞ്ഞു. കടകളിൽ തേൻ വിൽപനയ്ക്കു വച്ചാൽ വലിയ കമ്മിഷൻ നൽകണമെന്നു മാത്രമല്ല, കാലതാമസവുമുണ്ടാകും. ഈ സാഹചര്യത്തി ലാണ് നിലയ്ക്കൽ ബീ ഗാർഡൻ എന്ന പേരിൽ ഒരു ഫെയ്സ് ബുക് പേജ് ആരംഭിച്ചത്. ഓൺലൈനായി നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാൻ കഴിഞ്ഞതോടെ വിൽപന തലവേദനയല്ലാതായി. എന്നാൽ തേൻമാത്രമായി വിൽക്കുമ്പോൾ നേടാവുന്ന വരുമാനത്തിനു പരിമിതിയുണ്ടായിരുന്നു– കിലോയ്ക്ക് 350–400 രൂപ എന്ന പരിധി ലംഘിച്ച് ഉയർന്ന വരുമാനത്തിലെത്താൻ മൂല്യവർധന മാത്രമായിരുന്നു മാർഗം.
ഫോൺ: 9605527123