ADVERTISEMENT

എല്ലാവർക്കും എല്ലാ പച്ചക്കറിയോടും ഇഷ്ടമുണ്ടാവില്ല. എന്നാലിതേ പച്ചക്കറി വ്യത്യസ്തമായ രീതിയിലും രൂപത്തിലും പാകം ചെയ്താൽ അത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരേറെ; പ്രത്യേകിച്ചു കുഞ്ഞുങ്ങൾ. മുരിങ്ങയില കഴിക്കാൻ ഇഷ്ടമില്ലാത്ത കുഞ്ഞിന് അതിന്റെ തന്നെ മറ്റെന്തെങ്കിലും ഉൽപന്നമുണ്ടോ എന്ന ഒരു ഉപഭോക്താവിന്റെ ചോദ്യമാണ് മുരിങ്ങയില ചട്ണിപ്പൊടി നിർമിക്കാൻ കാരണമായത്. ഇന്നിത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഉൽപന്നമാണ്. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിനി ഉമ വാര്യരുടെ വിഭവങ്ങളോരോന്നും ഉണ്ടാകുന്നത് ഇത്തരം പരീക്ഷങ്ങളുടെയടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഇതേ രുചി വിപണിയിലെ ഉൽപന്നങ്ങളിൽനിന്നു ലഭിക്കില്ല. ചേരുവകൾ ചേർത്ത് സ്വന്തമായുണ്ടാക്കി കഴിച്ച് തൃപ്തി വന്നതിനു ശേഷം മാത്രം വിപണിയിലെത്തിക്കുന്നു എന്നതാണ് ഉമയുടെ രീതി. വീട്ടിൽ മുത്തശ്ശിമാരുടെയും അമ്മയുടെയും ഒപ്പം അടുക്കളയിൽനിന്ന് പഠിച്ചെടുത്ത കാര്യങ്ങളാണ് ഇന്ന് ഉമയുടെ മുതൽക്കൂട്ട്. അതുകൊണ്ടുതന്നെ പാരമ്പര്യമായി കിട്ടിയ അറിവുകൾ തന്റെ പരീക്ഷണങ്ങൾക്ക് അടിസ്ഥാനമാണെന്ന് ഉമ വിശ്വസിക്കുന്നു. പണ്ടുള്ളവരുടെ പരീക്ഷങ്ങളാണ് നാമിന്ന് കഴിക്കുന്ന വിഭവങ്ങൾ എന്നാണ് ഉമയുടെ അഭിപ്രായം.

വഴി മാറ്റിയ ചിന്തകൾ

സംഗീതമായിരുന്നു പാത. പാടാൻ പോയിരുന്നു, കൂട്ടികളെ സംഗീതം പഠിപ്പിച്ചിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിൽ സംഗീതത്തിൽ നിലനിൽക്കാൻ കഴിഞ്ഞില്ല. മകന്റെ ശസ്ത്രകിയയ്ക്കുശേഷം വീട്ടിൽനിന്ന് പുറത്തുപോകാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് ഇനിയെന്ത് എന്ന ചിന്ത വന്നത്. ആ ചിന്ത പാചകം എന്ന കല വഴി വരുമാനമാർഗമായി. പറഞ്ഞുതരാൻ അമ്മയുണ്ട്, ധൈര്യം പകരാൻ മറ്റു കുടുംബാംഗങ്ങളും. ഈ വിശ്വാസം 10 വർഷങ്ങൾക്കു മുൻപ് വി.വി.വാര്യേഴ്സ് ഹോം മേഡ്  ഫുഡ് പ്രോഡക്ട്സ് എന്ന സംരംഭത്തിനു തുടക്കം കുറിച്ചു. ഓർഡർ അനുസരിച്ചു മാത്രമാണ് വിൽപന. അതിനാൽ വലിയ വിപണിയല്ല ഉള്ളത്. ഗുണമേന്മ അറിഞ്ഞു വരുന്നവരാണ് എന്റെ ബലം– ഉമ പറഞ്ഞു. 

uma-1
കൂർക്ക അച്ചാറും വാഴച്ചുണ്ട് ചമ്മന്തിപ്പൊടിയും

പാഷനല്ല പകരം ആവശ്യം 

ഫെയ്സ്ബുക്കിലെ കൃഷി ഗ്രൂപ്പുകളിൽനിന്നാണ് ഈ വിപണനത്തിന്റെ തുടക്കം. വീട്ടിൽ അത്യാവശ്യം കൃഷിയുണ്ടായിരുന്നു. അതിൽ നിന്ന് അച്ചാറുണ്ടാക്കിയായിരുന്നു തുടക്കം. ഇപ്പോൾ ഇതെല്ലാം കൂടി ഒരുമിച്ചു ചെയ്യാൻ കഴിയാത്തതിനാൽ പരിചയമുള്ള ജൈവകർഷകരിൽനിന്നു പച്ചക്കറികൾ വാങ്ങാറുണ്ട്. 

പാഷനോ വ്യവസായമോ അല്ല പകരം ഇതൊരു ആവശ്യത്തിന്റെ ഭാഗമാണ്. വരുമാനം അത്യാവശ്യമാണ്. വിശ്വസിച്ചു വാങ്ങുന്നവർക്ക് തൻറെ ഉൽപന്നങ്ങളിൽ നിന്ന് ഒരു ദോഷവും വരരുതെന്ന നിർബന്ധം ഉമയ്ക്കുണ്ട്. അതിനാൽ രാസപദാർഥങ്ങളോ പ്രിസർവേറ്റിവുകളോ ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ ഉമയുടെ ഭക്ഷ്യവിഭവങ്ങൾ കടകളിൽ കിട്ടില്ല. വാട്സാപ് വഴി ഓർഡറെടുത്ത് ഉപഭോക്താക്കളിലെത്തിക്കുകയാണ് പതിവ്. 

kanthari-nellikka-achar

ശുചിത്വം പ്രധാനം 

നിർമാണ പ്രക്രിയയിൽ ആദ്യം ശ്രദ്ധിക്കുക വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ്. പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങളും മറ്റും വൃത്തി‌യായിരിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പച്ചക്കറികൾ തിരഞ്ഞെടുക്കുന്ന രീതിയാണ് പിന്നെ. വിലക്കുറവിൽ ലഭിക്കുന്നതും ഗുണമേന്മയില്ലാത്തതുമായ പച്ചക്കറികൾ ഉപയോഗിക്കില്ല. വില കൂടിയാലും ഗുണമേന്മയ്ക്കാണു പ്രാധാന്യം. ആഹാരസാധനമായതുകൊണ്ടു തന്നെ പായ്ക്കിങ് വരെ കൃത്യമായി ശ്രദ്ധിക്കും. നന്നായി ഉണ്ടാക്കിയാലും അവസാനം അതിലൊരു പ്രാണിയോ പൊടിയോ വീണാൽ തന്നെ അതുവരെ ചെയ്തതെല്ലാം പാഴാകും. അതിനാൽ തുടക്കം മുതൽ തന്നെ വളരെ ശ്രദ്ധിച്ചാണ് നിർമാണം.     

achar

അച്ചാർ

ലഭ്യമാകുന്ന, അച്ചാറിടാനുപയോഗിക്കുന്ന പച്ചക്കറികളുപയോഗിച്ചാണ് അച്ചാർ നിർമാണം. പെട്ടെന്ന് ഉടഞ്ഞുപോകുന്ന തരം  പച്ചക്കറികളുപയോഗിക്കാറില്ല. ഡ്രൈ അച്ചാറുകളും വെറ്റ് അച്ചാറുകളുമുണ്ട്. ഡ്രൈ അച്ചാറുകളിൽ അനാവശ്യമായി വിനാഗിരി ഉപയോഗിക്കില്ല. കൂടാതെ കഷണങ്ങളുടെ എണ്ണം കൂടുതലുണ്ടാവും. ഉണക്കിയെടുക്കുന്ന പച്ചക്കറികളും മാങ്ങ മുതലായ പഴങ്ങളും ഒരു വിഭാഗം. ജലാംശമധികമില്ലാതെ തയാറാക്കുന്നവ മറ്റൊരു വിഭാഗം.

രണ്ടിനും ആവശ്യക്കാരുണ്ട്. കണ്ണിമാങ്ങാ അച്ചാർ, ഉലുവ മാങ്ങാ, എണ്ണമാങ്ങാ അച്ചാറുകൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. പാരമ്പര്യ രീതിയിൽ തയാറാക്കുന്ന അച്ചാറുകൾക്കാണ് അന്വേഷണം കൂടുതൽ. 

achar-1

വ്യത്യസ്തവും വൈവിധ്യവുമായ അച്ചാറുകളാണ് ഉമ പുറത്തിറക്കുന്നത്. കടച്ചക്ക, കൂർക്ക, നാർത്താങ്ങായ്, വറുത്ത നെല്ലിക്ക, കായ നെല്ലിക്ക, കാന്താരി നെല്ലിക്ക, കരിനെല്ലിക്ക, വറുത്ത നാരങ്ങ (നാരങ്ങ നിറച്ചത് ), എണ്ണ നെല്ലിക്ക, എരുവടുകപ്പുളി, വാഴക്കൂമ്പ്, ഉലുവമാങ്ങ എന്നിവ അവയിൽ ചിലതു മാത്രം.      

 പപ്പടം

അനുകൂലമായ കാലാവസ്ഥ ഉള്ളപ്പോൾ മാത്രമാണ് പപ്പട നിർമാണം. ഡ്രയറിൽവച്ച് പപ്പടം ഉണക്കിയെടുക്കുന്നതിന് വലിയ വൈദ്യതിച്ചെലവാണ്. കപ്പ, ചക്ക, ചൗവ്വരി. അരി എന്നിവ കൊണ്ടുള്ള പപ്പടങ്ങൾ ലഭ്യമാണ്. അപ്പക്കാരം ചേർത്തുള്ള പപ്പടനിർമാണമില്ല. വേനൽക്കാലത്ത് നിർമിച്ച പപ്പടങ്ങൾ ഇപ്പോൾ തന്നെ തീരാറായി.

ചമന്തിപ്പൊടി 

സാധാരണ കണ്ടു പരിചയിച്ച ചമ്മന്തിപ്പൊടികളിൽ നിന്ന് വ്യത്യസ്തമായ രുചിഭേദങ്ങളാണ് ഉമയുടെ പ്രത്യേകത. മുതിര, കറിവേപ്പില, പുതിന, ജാതിക്ക, നെല്ലിക്ക  ചക്കകുരു, വാഴക്കൂമ്പ്, പാവയ്ക്ക, പിന്നെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന രീതിയിലും ചെയ്യാറുണ്ട്. 

കൊണ്ടാട്ടം, വേപ്പിലക്കട്ടി 

കുഞ്ഞുങ്ങൾക്ക് ആകർഷകമായ് രീതിയിലുൾപ്പെടെ പലതരം കൊണ്ടാട്ടങ്ങളുണ്ട്. കുമ്പളങ്ങ, കപ്പ, ചക്ക എന്നിങ്ങനെ എതുതരവും ഉണ്ടാക്കിക്കൊടുക്കും. വറവുകൾ ചെയ്തു കൊടുക്കാറുണ്ടെങ്കിലും അതെല്ലാം ഓർഡർ കിട്ടിയാൽ മാത്രമാണ് ചെയ്യാറ്. നാരകത്തിന്റെ ഇല കൊണ്ട് ഉണ്ടാക്കുന്ന ഉരുള രൂപത്തിലുള്ള വേപ്പിലക്കട്ടിയും തയാറാക്കുന്നു. ഇത് തൊട്ടു കൂട്ടാനുള്ള ഒരു പഴയ കാല വിഭവമാണ്. പുളിശ്ശേരികൂട്ട്, തീയ്യൽകൂട്ട്, കിച്ചടികൂട്ട് എന്നിവ രുചികരങ്ങളായ വിഭവങ്ങൾ തയാറാക്കാൻ സഹായിക്കുന്നു.

മത്സരം കടുപ്പം

പലരും കൈ വയ്ക്കുന്ന മേഖലയാണ് അച്ചാർ വ്യവസായം. അതുകൊണ്ടുതന്നെ കടുത്ത മത്സരം നേരിടേണ്ടി വരുന്നുണ്ട്. എങ്കിലും വേറിട്ട രുചികളിലൂടെയാണ് ഉപഭോക്താക്കളെ ലഭിക്കുന്നുണ്ട്. വിൽപന കൂട്ടാൻ വേണ്ടി തന്റെ ചിട്ടകളിൽനിന്ന് വ്യതിചലിക്കാൻ തയ്യാറല്ല ഉമ. രുചി കൂട്ടാനും കുറെക്കാലം കേടുകൂടാതെ നിലനിൽക്കാനും വേണ്ടി രാസവസ്തുക്കൾ ചേർക്കാതെ തന്നെ ആവശ്യക്കാരെ കിട്ടും എന്നതിന്റെ ഉദാഹരണമാണ് ഉമയുടെ ഈ സംരംഭം.  

ഫോൺ: 9846656608

ഫെയ്‌ബുക്ക്: www.facebook.com/umavinesh.homemadefoods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com