ADVERTISEMENT

ഒരു രാജ്യത്തു വയസന്മാരുടെ എണ്ണം കൂടിയാൽ അതവിടുത്തെ കൃഷിയെയും ഭക്ഷ്യഭദ്രതയെയും ബാധിക്കുമോ? ജനസംഖ്യയിൽ വയസായവരുടെ എണ്ണം അതിവേഗത്തിൽ വർധിക്കുന്നതു സാമൂഹ്യ–സാമ്പത്തിക വികസനത്തെ ബാധിക്കുന്നതോടൊപ്പം കാർഷിക സുസ്ഥിരയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും കടുത്ത വെല്ലുവിളി ഉയർത്തുമെന്നും ചൈനയിൽ നിന്നുള്ള പുതിയ ഗവേഷണപഠനം വെളിപ്പെടുത്തുന്നു. സെഞ്ചിയാങ്ങ് സർവകലാശാലയിലെ കോളജ് ഓഫ് എൻവയേൺമെന്റൽ ആൻഡ് റിസോഴ്സ് സയൻസസിൽ നടത്തിയ പഠനമാണ് വയസാകുന്ന ജനസംഖ്യ കൃഷിയെ പ്രത്യേകിച്ച് ചെറുകിട കൃഷിയെ ബാധിക്കുന്നതെങ്ങനെയെന്ന് ഗവേഷണം നടത്തിയത്. കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന 15,000 ഗ്രാമീണ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഗവേഷണത്തിനായി ഉപയോഗിക്കപ്പെട്ടത്.

ഗ്രാമീണചൈനയ്ക്കു വയസാകുമ്പോൾ

ചൈനയിലെ ഗ്രാമങ്ങളിൽ 65 വയസിനുമേൽ പ്രായമുള്ളവരുടെ എണ്ണം 1990നും 2020നും ഇടയിൽ മൂന്നിരട്ടിയായി വർധിച്ചെന്നു കണക്കുകൾ പറയുന്നു. 2020ൽ ഗ്രാമീണ ജനതയുടെ 18 ശതമാനവും പ്രായമുള്ളവരായിത്തീർന്നിരുന്നു. വരും ദശകങ്ങളിൽ ഈ വയസാകൽ പ്രക്രിയയുടെ വേഗം കൂടുമെന്നാണ് കണക്കുകൂട്ടപ്പെട്ടിരിക്കുന്നത്. ആയുർദൈർഘ്യം വർധിക്കുക്കുകയും ജനതയുടെ പ്രത്യുൽപാദനത്തോത് കുറയുകയും ചെയ്യുന്നതോടെ ജനസംഖ്യ വയസായി വരുന്ന പ്രക്രിയ ആഗോളതലത്തിൽ ദൃശ്യമാണ്. ദാരിദ്യത്തെയും വിശപ്പിനെയും തുടച്ചുനീക്കുക, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുക, ലിംഗനീതി, മാന്യമായ തൊഴിലവസരങ്ങളും സാമ്പത്തിക പുരോഗതിയും, ഉത്തരവാദിത്തത്തോടെയുള്ള ഉൽപാദനവും ഉപഭോഗവും തുടങ്ങി ഐക്യരാഷ്ട്രസഭ മുൻപോട്ടു വച്ചിട്ടുള്ള സുസ്ഥിരവികസനലക്ഷ്യങ്ങൾ നേടുന്നതിലുള്ള വെല്ലുവിളികളിലൊന്നായി ജനതതിയുടെ വാർധക്യമെന്ന വിഷയം ഉയർന്നു വന്നിരിക്കുന്നു. ആളുകൾക്ക് പ്രായമേറുന്നതോടെ ഏതു മേഖലയിലായാലും തൊഴിലാളികളുടെ ലഭ്യതയും പുത്തൻ ആശയങ്ങൾ നടപ്പിലാക്കുന്നതിന്റെ തോതും കുറയുന്നു. തൊഴിലാളികൾ കൂടുതൽ ആവശ്യമായ കാർഷികമേഖലയെ ഇതു കൂടുതലായി ബാധിക്കും. ചൈന, ഇന്ത്യ തുടങ്ങി ചെറുകിട കൃഷിക്കാർ ബഹുഭൂരിപക്ഷമുള്ള രാജ്യങ്ങളിലാണ് ഈ വയസാകൽ പ്രക്രിയ കൂടുതൽ വെല്ലുവിളിയുയർത്തുക.

കൃഷിക്കാർക്ക് പ്രായമേറുന്നു, കൃഷി തളരുന്നു

ചൈനയിലെ സെഞ്ചിയാങ്ങ് സർവകലാശാല നടത്തിയ മേൽപ്പറഞ്ഞ പഠനത്തിൽ ഒരു കുടുംബത്തിലെ അംഗങ്ങളിൽ 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണവും അവരുടെ കൃഷിരീതികളുമായുള്ള ബന്ധവും വിശകലനം ചെയ്യപ്പെട്ടു. ഏറെ സുപ്രധാനമായ വിവരങ്ങളാണ് ഈ ഗവേഷണ പഠനം വെളിപ്പെടുത്തിയത്. ഗ്രാമീണജനതയ്ക്ക് വയസായതോടെ കൃഷി ചെയ്യപ്പെടുന്ന ഭൂമിയുടെ വിസ്തൃതിയിൽ നാലു ശതമാനത്തോളം കുറവുണ്ടായിരിക്കുന്നു. ജോലി ചെയ്യാൻ ആളില്ലാത്തതിനാൽ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുകയോ കൃഷി ചെയ്യാതിരിക്കുകയോ ചെയ്ത ഭൂമിയുടെ വിസ്തൃതി ഏകദേശം 40 ലക്ഷം ഹെക്ടർ വരുമെന്നാണ് കണക്ക്. കൃഷിക്കാർക്ക് പ്രായം കൂടുന്നതനുസരിച്ച് രാസവളങ്ങൾ, ചാണകം, കാർഷികയന്ത്രങ്ങൾ എന്നിവയുടെ ഉപയോഗം കുറയുന്നതായി പഠനത്തിൽ കണ്ടെത്തി. തന്മൂലം കാർഷികോൽപാദനത്തിലും തൊഴിലാളികളുടെ കാര്യക്ഷമതയിലും യഥാക്രമം അഞ്ച്, നാല് ശതമാനമാണ് ഇടിവുണ്ടായത്. ഇക്കാരണങ്ങൾ കൊണ്ട് കർഷകരുടെ വരുമാനത്തിൽ 15 ശതമാനമാണ് കുറവുണ്ടായത്. വളമിടീലിന്റെ ഫലപ്രാപ്തി കുറയുകയും വളത്തിന്റെ നഷ്ടം 3 ശതമാനം കൂടുകയും ചെയ്തതുമൂലം ഉണ്ടായ പരിസ്ഥിതി മലിനീകരണം നഷ്ട കണക്കിൽ വരുന്നു. പൊതുവേ വിദ്യാഭ്യാസനിലവാരം കുറവാണെന്നു കണ്ടെത്തപ്പെട്ട പ്രായമായ കർഷകരാകട്ടെ പുത്തൻ രീതികളും സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതിൽ വിമുഖരാണെന്നതും സ്വാഭാവികമായ കണ്ടെത്തലായി. പ്രായമുള്ളവരുടെ  അനുപാതം ഒരു ശതമാനം കൂടുമ്പോൾ കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയിൽ 0.29 ശതമാനം കുറവുണ്ടാകുന്നതായി പഠനം വെളിപ്പെടുത്തുന്നു. പ്രായമാകുന്നതോടെ സ്വയം കൃഷി ചെയ്യാൻ കഴിയുന്ന ചെറിയ സ്ഥലവിസ്തൃതിയിലേക്ക് കർഷകർ സ്വയം ഒതുങ്ങുന്നതായി കണ്ടെത്തി. ബാക്കിയുള്ള സ്ഥലം തരിശിടുകയോ വിൽക്കുകയോ ചെയ്യുകയാണ് പതിവെന്നതും പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വേണം പുതിയ മാതൃകകൾ

ഗ്രാമീണ കുടുംബങ്ങൾ കൃഷിയിറക്കുന്ന ചെറുകിട കൃഷിയിടങ്ങളാണ് ചൈനയിൽ ഭൂരിപക്ഷവുമുള്ളത്. തുണ്ടുതുണ്ടായിട്ടാണ് കൃഷിഭൂമിയുടെ കിടപ്പ്. 2010 മുതൽ പുതിയ കാർഷിക മാതൃകകൾ കൊണ്ടുവരാൻ ചൈനയിലെ സർക്കാർ ശ്രമിച്ചുവരുന്നുണ്ട്. ഫാമിലി ഫാമിങ്, കോ–ഓപ്പറേറ്റീവ്, വ്യാവസായിക കൃഷി രീതി തുടങ്ങിയവയ്ക്കാണ് മുൻഗണന നൽകുന്നത്. നിലവിലെ ചെറുകിട രീതിയെ മാറ്റിമറിച്ച് ഉൽപാദനക്ഷമത കൂട്ടാനുള്ള ശ്രമങ്ങളാണ് ചൈനയിൽ നടക്കുന്നത്. ഫാമിലി ഫാമിങ് ചെയ്യുന്നതും ഗ്രാമീണ കുടുംബങ്ങളാണെങ്കിലും കൃഷിഭൂമിയുടെ വിസ്തൃതി കൂടുതലായിരിക്കും. കോ–ഓപ്പറേറ്റീവ് രീതിയിൽ നിരവധി കുടുംബങ്ങൾ ഒത്തുചേർന്ന് കാർഷികയന്ത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചാണ് കൃഷി. വിപണിയും കച്ചവടവും ലക്ഷ്യം വയ്ക്കുന്ന വൻകിട വ്യവസായിക കൃഷിയും പ്രോത്സാഹിപ്പിക്കപ്പെടുന്നു. കൃഷിയിൽ ഒരു പ്രഫഷനൽ സമീപനം കൊണ്ടുവരുന്നതിനാണ് മുൻതൂക്കം. ഏതു മാതൃകയിലും മുഖ്യ പ്രാധാന്യം നൽകുന്നത് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ കാർഷിക മേഖലയിലേക്കു കൊണ്ടുവരുന്നതിനാണെന്ന കാര്യവും ശ്രദ്ധേയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com