ADVERTISEMENT

ഭാഗം 1: 8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും 

ഭാഗം 2: 800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്‌മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ 

ക്ഷീരോൽപാദന രംഗത്തെ ആദായപ്പുതുമകൾ 3

ഉഷ്ണമേഖലാ പ്രദേശത്തെ കൂടിയ അന്തരീക്ഷോഷ്മാവ് ക്ഷീരോൽപാദനത്തെ കാര്യമായി സ്വാധീനിക്കുന്ന മുഖ്യപ്രതിബന്ധമാണ്. ഉൽപാദനം കൂടിയ കന്നുകാലികളുടെ ഉയർന്ന തോതിലുള്ള ഉപാപചയ പ്രവർത്തനങ്ങളോടൊപ്പം ശരീരത്തിനകത്ത് അമിതമായി ഉൽപാദിപ്പിക്കപ്പെടുന്ന ഊഷ്മാവിനെ പുറന്തള്ളാൻ കൂടിയ ബാഹ്യ താപനില നിമിത്തം മൃഗങ്ങളുടെ താപവിനിമയ സംവിധാനങ്ങൾക്ക് കഴിയാതെ വരുന്നതിലൂടെ ശാരീരിക ക്ലേശത്തിന് (stress) കാരണമാവുന്നു. തന്മൂലം പാൽ ഉൽപാദനം, വളർച്ചനിരക്ക്, രോഗ പ്രതിരോധ ശേഷി, പ്രത്യുൽപാദന തോത് എന്നിവ കുറയുകയും പല വിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കുന്ന അന്തരീക്ഷ പ്രതികൂലതകൾ പ്രത്യേകിച്ചും ആഗോള താപനം മൂലം വർധിക്കുന്ന ചൂട് പ്രശ്‍നം കൂടുതൽ സങ്കീർണമാക്കുന്നു. 

അതേസമയം, ലോകത്തിലെ തന്നെ മുൻനിരയിലുള്ള ഏതാനും വൻകിട ഡെയറി ഫാമുകളെല്ലാം സ്ഥിതി ചെയ്യുന്നത് മരുഭൂ രാജ്യമായ സൗദി അറേബ്യയിൽ ആണെന്നതും ഇവയിലെല്ലാം ഉയർന്ന പാലുൽപാദനം കാഴ്ചവയ്ക്കുന്നത് വളരെ പ്രതികൂലമായ അന്തരീക്ഷ വെല്ലുവിളികളെ പരിപാലനത്തിലൂടെ മാറി കടന്നാണെന്നതും നമ്മുടെ നാട്ടിൽ പാലുൽപാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വഴി കാട്ടേണ്ടതാണ്. വളരെ പ്രതികൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ മാറി വരുന്ന ദമാമിനടുത്ത് ഹുഫുഫ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യുണൈറ്റഡ്‌ നാഷണൽ ഡെയറിയിൽ ഞാൻ കണ്ട കാലാവസ്ഥ വേനൽ കാലത്ത് ഉച്ച സമയത്ത് അന്തരീക്ഷോഷ്മാവ് 50 ഡിഗ്രിക്ക് മുകളിൽ ഉയരുന്നതും ശൈത്യകാലത്ത് ചില രാത്രികളിലെങ്കിലും തണുപ്പ് പൂജ്യത്തിനു താഴെ വരെ എത്തുന്ന വലിയ അന്തരം ഉൾക്കൊള്ളുന്നതായിരുന്നു. എന്നിട്ടും ഈ പ്രദേശം വൻകിട ക്ഷീരോൽപാദന സംരംഭത്തിന് തിരഞ്ഞെടുത്തത് മരുഭൂ പ്രദേശത്തിന്റെ അനുകൂല ഘടകങ്ങൾ കണക്കിലെടുത്താണെന്ന് പറയാതെ വയ്യ. വിശാലമായ ഭൂലഭ്യത, പൊതുവെ വരണ്ട പരിതസ്ഥിതിയും അതുമൂലം എളുപ്പത്തിൽ സാധ്യമാകുന്ന ശുചീകരണം, മാലിന്യ സംസ്കരണം, രോഗാണുക്കളുടെയും രോഗവാഹകരായ കീടങ്ങളുടെയും കുറവ് എന്നിവ ഇതിൽ പെടുന്ന മുഖ്യ ഘടകങ്ങളാണ്. നമ്മുടെ നാട്ടിലെ ഡെയറി ഫാമുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ മേൽപറഞ്ഞ ഘടകങ്ങളും സുപ്രധാനമാണെന്നത് എടുത്തു പറയേണ്ടതില്ലല്ലോ.

Credit: BulentBARIS/iStockPhoto
Credit: BulentBARIS/iStockPhoto

താപ ക്രമീകരണം

ശൈത്യ കാലം പൊതുവേ പാലുൽപാദക കന്നുകാലി ജനുസ്സുകൾക്ക് നല്ല കാലമാണ്. ശൈത്യമേഖല രാജ്യങ്ങളിൽ അത്യുത്പാദക പശുക്കൾ ഏറ്റവും നല്ല ഉൽപാദനം കാഴ്ചവയ്ക്കുന്നത് അന്തരീക്ഷോഷ്മാവ് 10 ഡിഗ്രിയിലും താഴെ ആയിരിക്കുമ്പോൾ ആണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. അതുകൊണ്ടു തന്നെ മരുഭൂ പ്രദേശത്തും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് യാതൊരു വിധ താപക്രമീകരണവും ആവശ്യമില്ല. എന്നാൽ, മാർച്ച് മുതൽ വർധിക്കുന്ന അന്തരീക്ഷോഷ്മാവ് ശാരീരിക ക്ലേശത്തിനു കാരണമാവുകയും അത് വഴി പാലുൽപാദനത്തെയും  ആരോഗ്യത്തെയും ബാധിക്കുകയും ചെയ്യുന്നതിനാൽ മാർച്ച് മുതൽ തന്നെ പകൽ സമയത്ത് താപക്രമീകരണ / ശീതീകരണ സംവിധാനങ്ങൾ ഘട്ടം ഘട്ടമായി പ്രവർത്തിപ്പിച്ച് തുടങ്ങുകയും ചൂടിന്റെ കാഠിന്യം തീഷ്ണമാകുന്ന മേയ് മുതൽ സെപ്റ്റംബർ വരെ രാവും പകലും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. 

Credit: DedMityay/iStockPhoto
Credit: DedMityay/iStockPhoto

ശീതീകരണ സംവിധാനങ്ങൾ പ്രധാനമായും മേൽക്കൂരയുള്ള പാർപ്പിട ഭാഗങ്ങളിൽ വശങ്ങളിൽ ഘടിപ്പിച്ച വിവിധ തരത്തിൽപ്പെട്ട വലിയ ഫാനുകളാണ്. ഇവയോടു ചേർന്ന് വെള്ളം സ്പ്രേ ചെയ്യാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കും എന്നല്ലാതെ എയർ കണ്ടീഷണർ സാധാരണ ശീതീകരണ സംവിധാനങ്ങളിൽ ഉൾപ്പെടുത്താറില്ല. ഫാനിന്റെ വലുപ്പം അനുസരിച്ച് 30 മുതൽ 50 പശുക്കൾക്ക് ഒരു ഫാൻ വീതമാണ് ഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ ചില ഷെഡ്ഡുകളിൽ ഫാനിനോട് ചേർന്നല്ലാതെയുള്ള വെള്ളം സ്പ്രേ ചെയ്യുന്ന സംവിധാനവും അധികമായി  ഉച്ച സമയത്ത് ഉപയോഗിക്കാറുണ്ട്. താപ ക്രമീകരണത്തിനു യന്ത്ര സംവിധാനങ്ങളോടൊപ്പം ഷെഡ്ഡുകളുടെ നിർമാണവും പരിപാലന രീതിയും വളരെ പ്രധാനമാണ്. അതായത്, ഒരു ഷെഡ്ഡിനും വശങ്ങളിൽ മതിലുകളൊന്നും തന്നെയില്ല എന്നത് വായു സഞ്ചാരം ഉറപ്പാക്കുന്നു. കൂടാതെ പശുക്കളെ സ്വതന്ത്രമായി തുറന്നു വിട്ട് പരിപാലിക്കുന്നതിനാൽ അന്തരീക്ഷ വ്യതിയാനങ്ങൾക്കനുസരിച്ച് മേൽക്കൂരയ്ക്ക് ഉള്ളിലേക്കും ശീതീകരണ സംവിധാനങ്ങൾക്ക് അടുത്തേക്കും ഇഷ്ടാനുസരണം ചലിക്കാൻ കഴിയുന്നത് അന്തരീക്ഷ പ്രതികൂലതകളെ ഫലപ്രദമായി തരണം ചെയ്യാൻ പശുക്കളെ സഹായിക്കുന്നു. മാത്രമല്ല പശുക്കളുടെ സ്വതസിദ്ധമായ സാമൂഹിക പെരുമാറ്റം ശാരീരിക ക്ലേശം കുറയ്ക്കുന്നതിനും പ്രതികൂലതകളെ മേച്ചപ്പെട്ട നിലയിൽ തരണം ചെയ്യാനും സഹായിക്കുന്നു എന്നതും ആരോഗ്യ പരിപാലനത്തിൽ പ്രാധാന്യമർഹിക്കുന്നു.

Credit: zhangyuangeng/iStockPhoto
Credit: zhangyuangeng/iStockPhoto

നമ്മുടെ നാട്ടിലും ശീതീകരണ സംവിധാനങ്ങൾ പല ഡെയറി ഫാമുകളിലും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും പശുക്കളെ തുറന്നു വിട്ടുള്ള പരിപാലനം പ്രാവർത്തികമാക്കേണ്ടത്, പ്രത്യേകിച്ച് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ അതീവ പ്രാധാന്യമർഹിക്കുന്നു. പരമ്പരാഗത രീതിയിൽ ചുറ്റു മതിലുകളോടു കൂടി നിർമിച്ച തൊഴുത്തുകൾ മാറ്റി തുറസ്സായ തൊഴുത്തുകൾ പ്രചാരം നേടി വരുന്നത് ആശാവഹമാണ്. ഇതോടൊപ്പം മേൽക്കൂരയുടെ ഉയരം വർധിപ്പിക്കുക, കൂടുതൽ വായുസഞ്ചാരം ലഭിക്കാൻ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുക, നീർവാർച്ച ഉറപ്പാക്കുക എന്നിവയും പ്രധാനമാണ്. കൂടാതെ ഉൽപാദന ശേഷി കൂടിയ പശുക്കളുടെ ഫാമുകൾ ആസൂത്രണം ചെയ്യുമ്പോൾ പ്രത്യേകം കണക്കിലെടുക്കേണ്ട സുപ്രധാന കാര്യമാണ് അടിസ്ഥാന സൗകര്യങ്ങളുടെ, പ്രത്യേകിച്ച് വൈദ്യുതി, വെള്ളം എന്നിവയുടെ മുടങ്ങാതെയുള്ള ലഭ്യത. വിദേശത്ത് ഞാൻ കണ്ട ഫാമുകളിലൊന്നും വൈദ്യുതി മുടങ്ങുന്നതു മൂലം ഒരു സെക്കന്റ് പോലും ശീതീകരണ സംവിധാനങ്ങൾ നിലച്ചു പോകുന്നത് ശ്രദ്ധയിൽപെട്ടില്ല. തടസ്സം കൂടാതെ പ്രവർത്തിക്കുന്ന ശീതീകരണ സംവിധാനങ്ങൾ അത്യുഷ്ണം മൂലമുണ്ടാകുന്ന ശാരീരിക ക്ലേശം ഒഴിവാക്കുന്നതിന് വളരെ പ്രധാനമാണ്. അൽപ നേരത്തേക്കാണെങ്കിലും ശീതീകരണ യന്ത്രങ്ങൾ നിലയ്ക്കുന്നത് ശരീരോഷ്മാവ് കൂട്ടുകയും പിന്നീട് വീണ്ടും പൂർവസ്ഥിതി കൈവരിക്കുന്നതിലൂടെ ഉണ്ടാകുന്ന താപ വ്യതിയാനങ്ങൾ അത്യുൽപാദകരായ ഉരുക്കളിൽ കൂടുതൽ ശാരീരിക ക്ലേശത്തിന് കാരണമാകുന്നു എന്നതാണ് വസ്തുത. ആയതിനാൽ താപക്രമീകരണം അവലംബിച്ച് ക്ഷീരോൽപാദന സംരംഭം ആസൂത്രണം ചെയ്യുമ്പോൾ വൈദ്യുതി, വെള്ളം എന്നിവയുടെ മുടങ്ങാതെയുള്ള ലഭ്യത ഉറപ്പാക്കേണ്ടത് ആദായകാരമായ ഉൽപാദനത്തിന് വളരെ പ്രധാനമാണ്.

ഡെയറി ഫാമുകളിലെ ശീതീകരണവും കേരള കാലാവസ്ഥയും

കേരളത്തിലെ സുദീർഘമായ മഴക്കാലവും അതിനെ തുടർന്നുണ്ടാകുന്ന കൂടിയ അന്തരീക്ഷ ആർദ്രതയും (വായുവിലെ ജലാംശം) ഉള്ള കാലാവസ്ഥയിൽ ശീതീകരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അത്യുൽപാദന ക്ഷീര സംരംഭങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം കണക്കിലെടുക്കണം. കൂടിയ അന്തരീക്ഷ ആർദ്രത ബാഷ്പീകരണ തോത് കുറയ്ക്കുമെന്നതിനാൽ അത്തരം കാലാവസ്ഥയിൽ ശീതീകരണ സംവിധാനങ്ങളുടെ ഫലപ്രാപ്തി കുറയും. അതുകൊണ്ടുതന്നെ, അന്തരീക്ഷോഷ്മാവ് കൂടുമ്പോൾ വരണ്ട കാലാവസ്ഥയിൽ വളർത്തുന്ന പശുക്കളെ അപേക്ഷിച്ച് ശാരീരിക ക്ലേശം അഥവാ സമ്മർദ്ദം ഉയരുകയും ചെയ്യും. അതായത് മരുഭൂ കാലാവസ്ഥയെ അപേക്ഷിച്ച് കേരള സാഹചര്യത്തിൽ ശീതീകരണ സംവിധാനങ്ങളുടെ ഫലപ്രാപ്തി കുറവായിരിക്കുമെന്ന് സാരം. 

കടൽ തീരത്തുനിന്ന് അധികം അകലത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ഹുഫൂഫിലെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഡെയറി ഫാമിലും ചില മാസങ്ങളിൽ അന്തരീക്ഷ ആർദ്രത വില്ലനാവാറുണ്ട് എന്നതാണ് വസ്തുത. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഈ പ്രദേശത്തെ കൂടിയ ചൂടിനോടൊപ്പം അന്തരീക്ഷ ആർദ്രത ഉയരുന്നത്, ഇക്കാലയളവിൽ മുഴുവൻ സമയവും ശീതീകരണ സംവിധാനങ്ങൾ പ്രവർത്തിച്ചിട്ട് പോലും താരതമ്യേന കൂടുതൽ പശുക്കൾ ശാരീരിക ക്ഷീണം, തളർച്ച, വിവിധ രോഗങ്ങൾ എന്നിവ മൂലം നഷ്ടപ്പെടുന്നതും പാലുൽപാദനവും പ്രത്യുൽപാദന തോതും ഗണ്യമായി കുറയുന്നതും സാധാരണ പ്രതിഭാസമാണ്. ഇത് ആർദ്രത കൂടുതലുള്ള കേരളത്തിലെ പോലുള്ള അന്തരീക്ഷ സാഹചര്യത്തിൽ ഡെയറി ഫാമുകൾ ആസൂത്രണം ചെയ്യുമ്പോൾ പരിഗണിക്കണിക്കേണ്ട വിഷയമാണ്. കൂടാതെ അന്തരീക്ഷ ഊഷ്മാവും ആർദ്രതയും കൂടിയ മാസങ്ങൾക്കു ശേഷം തുടർന്ന് വരുന്ന ശൈത്യ കാലം പശുക്കളുടെ ശാരീരിക ക്ലേശം പൂർണമായും പരിഹരിച്ച് മെച്ചപ്പെട്ട ആരോഗ്യം കൈവരിക്കുന്നതിന് സഹായകമാണ്. എന്നാൽ ഹൈറേഞ്ചുകൾ ഒഴികെ കേരളത്തിൽ എവിടെയും കാര്യമായ ശൈത്യകാലം ഇല്ലാത്തതിനാൽ വർഷം  മുഴുവനും പശുക്കളിൽ ശാരീരിക ക്ലേശം നില നിൽക്കുന്നതിനും കൂടിയ തോതിൽ ആരോഗ്യ പ്രശ്നങ്ങൾക്കും പൂർണ്ണ തോതിൽ ഉൽപാദനക്ഷമത കൈവരിക്കാതിരിക്കുന്നതിനും കാരണമാകുന്നു എന്നതാണ് വസ്തുത. മരുഭൂ പ്രദേശങ്ങളെ അപേക്ഷിച്ച് അന്തരീക്ഷോഷ്മാവ് പൊതുവെ കുറവാണെങ്കിലും, ദീർഘകാലം ഉയർന്ന ആർദ്രത നില നിൽക്കുന്ന കേരളത്തിലെ കാലാവസ്ഥയിൽ, പ്രത്യേകിച്ചും ആഗോള താപനം മൂലം അന്തരീക്ഷോഷ്മാവ് വർധിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളുടേതിന് സമാനമായ വൻ തോതിലുള്ള ക്ഷീര വികസന സംഭങ്ങൾ തുടങ്ങുന്നതിന് പ്രതികൂല കാലാവസ്ഥ പ്രധാന വെല്ലുവിളി തന്നെയാണ്.

വിലാസം

ഡോ. സി.ഇബ്രാഹിം കുട്ടി

മൃഗ പ്രത്യുൽപാദന ശാസ്ത്ര വിദഗ്ധൻ, കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം
കേരള കാർഷിക സർവകലാശാല, കെസിഎഇടി ക്യാംപസ്, തവനൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com