ADVERTISEMENT

കൃഷിയെയും കർഷകരെയും വിളവെടുപ്പിനെയും ജനങ്ങളുടെ ഉത്സവമാക്കി മാറ്റുന്ന ഹൃദ്യമായ ഒരു ദർശനത്തെക്കുറിച്ച് എന്റെ അമ്മു (മകളുടെ മകൾ അമ്മു മേധാ ശ്രീനിവാസൻ) ഈയിടെ പറഞ്ഞതോർക്കുന്നു. അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാലയിൽ പഠിക്കുകയാണ് അമ്മു. അവളുടെ ബിരുദദാനച്ചടങ്ങിൽ സംബന്ധിക്കാൻ അമ്മ സംഗീത ചെന്ന സമയത്ത് അവിടെ വലിയൊരു ഉത്സവം നടക്കുകയാണ്. 8500 ഏക്കർ വിസ്തൃതിയുള്ള ക്യാംപസിലെ സ്ട്രോബറിപ്പാടത്ത് ടിക്കറ്റ് വച്ച് വിളവെടുപ്പുത്സവം (Strawberry Picking). ടിക്കറ്റ് എടുത്ത ആർക്കും അകത്തു കടന്ന് ഇഷ്ടമുള്ളത്ര സ്ട്രോബറി പറിച്ചെടുക്കാം. ടിക്കറ്റിന്റെ വില കർഷകർക്കുളളതാണ്. ജനങ്ങളുടെ ആനന്ദവും ഇവിടെ കാർഷികവൃത്തിക്കുള്ള പ്രതിഫലം. ജനങ്ങളും കർഷകരും വിളവുകളും ഒന്നായിച്ചേർന്ന് കർഷകരുടെ അധ്വാനത്തെ ആഘോഷമാക്കുന്നു.   

നമ്മുടെ നാട്ടിലെ കർഷകരെക്കുറിച്ചാണ് ഇനി ഞാൻ പറയാനാഗ്രഹിക്കുന്നത്. കർഷകരെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, സഹായിക്കുന്ന ജനതയാണോ നമ്മള്‍? ഇവിടെ സർക്കാര്‍ നിലപാടുകൾ കൃഷിക്കും കർഷകർക്കും അനുകൂലമാണോ? വിളവെടുപ്പുകൾ ആഘോഷിക്കുകയൊന്നും വേണ്ട, കാർഷികോൽപന്നങ്ങൾക്ക് യഥാവിധി വില ലഭ്യമാക്കാനെങ്കിലും എന്തെങ്കിലും ചെയ്യേണ്ടേ? എത്ര കരഞ്ഞാലാണ്, സമരം ചെയ്താലാണ്, ഉൽപന്നങ്ങൾ സംഭരിക്കാന്‍പോലും സർക്കാർ തയാറാവുക! സേവന മേഖലയിലെ ജീവനക്കാർക്കു ശമ്പളത്തിനും പെൻഷനും പുറമേ യഥാകാലം ഡിഎയും മറ്റ് ആനുകൂല്യങ്ങളും നൽകി പരിപാലിക്കുന്ന സർക്കാർ കർഷകർക്ക് നൽകുന്നതെന്താണ്? അതിരാവിലെ കൃഷിപ്പണിക്കിറങ്ങിയാൽ അന്തിയാവോളം കഠിനാധ്വാനം ചെയ്യുന്ന കർഷകർ 8 മണിക്കൂർ ജോലിയെന്ന വ്യവസ്ഥയിലാണോ പണിയെടുക്കുന്നത്?

കായികവും മാനസികവും ബുദ്ധിപരവുമായ അധ്വാനങ്ങൾക്ക് തുല്യവിലയല്ല കൽപിക്കേണ്ടതെന്ന വാദം അംഗീകരിച്ചാൽത്തന്നെ കർഷകരുടെ അധ്വാനത്തിന് തുച്ഛവില മതിയെന്ന അലസ സമീപനമാണ് ഇവി ടെ നിലനില്‍ക്കുന്നതെന്നു കാണാം. കാർഷിക വ്യവസായം വികസിച്ചതോടെ ഇടത്തരം, ചെറുകിട കർഷകരുടെ ജീവിതം ദുരിതത്തിലായി. കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കാന്‍ നിര്‍ബന്ധിതരാവുകയാണ് അവര്‍. 

ഋതുദേദങ്ങൾക്കൊത്ത് നമ്മുടെ കർഷകർ കൃഷി ചെയ്തുണ്ടാക്കുന്ന വൈവിധ്യപൂർണമായ ഭക്ഷ്യവസ്തുക്കൾക്കു പകരം എക്കാലത്തും കിട്ടുന്ന, വിരലിലെണ്ണാവുന്ന ചില ഭക്ഷ്യോൽപന്നങ്ങൾകൊണ്ട് സൂപ്പർ മാർക്കറ്റുകൾ വൻകിട കാർഷികവ്യവസായികളെ ആഞ്ഞുപുൽകുകയാണ്. അതിന് അനുസരിച്ച് നമ്മുടെ ഭക്ഷ്യശീലങ്ങൾ മാറിമറിയുന്നു. നമ്മുടെ അടുക്കളകളെ ഉപഭോഗാർത്തിയിൽ മുക്കിക്കളഞ്ഞു. നമ്മുടെ കൃഷിയിടങ്ങള്‍ കാർഷികേതരങ്ങളായി വൻതോതിൽ മാറ്റപ്പെട്ടു. വെറും ക്രയവിക്രയ വസ്തുക്കളായി മാറിയ നെൽവയലുകൾ ചുരുങ്ങിയില്ലാതായി. കൃഷിഭൂമിയിൽനിന്ന് കർഷകരും കർഷകത്തൊഴിലാളികളും പുറത്താക്കപ്പെട്ടു. അവരാണ് തൊഴിലുറപ്പുകാരും മാലിന്യനിർമാർജന ഹരിതസേനയും മറ്റുമായി പരിവർത്തനപ്പെട്ടത്. ആഗോള മുതലാളിത്തത്തിനും ചങ്ങാത്ത മുതലാളിത്തത്തിനും ആവശ്യം പ്രാദേശിക കാർഷികവ്യവസ്ഥയുടെ തകര്‍ച്ചയാണ്. കുത്തകകൾക്കു മാത്രം അവകാശമുള്ള കാർഷികവ്യവസായം അരങ്ങുവാഴണമെന്ന അവരുടെ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. 

ഇന്ത്യ ഒരു കാർഷികരാജ്യമാണെന്നും ഇവിടത്തെ കർഷകരുടെ വികസനമാണ് അടിസ്ഥാനവികസനമെന്നും സങ്കൽപിക്കപ്പെട്ടിരുന്നു. അതിന് ആദ്യം വേണ്ടത് ഭൂമിയും കാർഷികോപകരണങ്ങളും വെള്ളവും കര്‍ഷകരുടെ അധീനതയിലാവുകയാണ്. എന്നാല്‍, ഒരു ഭൂപരിഷ്കരണം കൊണ്ടും കർഷകര്‍ക്കും കര്‍ഷകത്തൊഴിലാളികൾക്കും ഭൂമി ലഭിച്ചില്ലെന്നു മാത്രമല്ല, വികസനത്തിന്റെ പേരിൽ അവരില്‍ ഒട്ടേറെപ്പേർ സ്വന്തം കൃഷിയിടങ്ങളിൽനിന്നു പിഴുതുമാറ്റപ്പെടുകയും ചെയ്തു. ഈ പ്രക്രിയ വർധിതവീര്യത്തോടെ തുടരുന്നു. ചെറുകിട കർഷകർ, കർഷകത്തൊഴിലാളികൾ, ആദിവാസികൾ, ഗോത്രവർഗക്കാർ, കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന ദലിതർ തുടങ്ങിയ  ബഹുഭൂരിപക്ഷം ഭൂരഹിതരായതാണ് ഇന്ത്യൻ കാർഷികമേ ഖലയുടെ ‘പുരോഗതി!’ 

അല്ല, ഇന്ത്യ ഒരു കർഷകസൗഹൃദരാജ്യമല്ല. ഇത്രയേറെ ആത്മഹത്യകള്‍ നടക്കുന്ന മറ്റൊരു തൊഴിൽമേഖലയില്ല. അതിനു പരിഹാരമുണ്ടാക്കാൻ ആര്‍ക്കും സാധിക്കുന്നുമില്ല. ഞാനിതെഴുതുന്ന വേളയിലും കേരളത്തിൽ ഒരു കർഷകൻ കടബാധ്യതമൂലം ആത്മഹത്യ ചെയ്തതായി വാർത്ത വരുന്നു. മോദിസർക്കാരിനെ വിറപ്പിച്ച കർഷക സമരങ്ങൾ അതിജീവനത്തിനായി കർഷകർ നടത്തിയ ജീവന്മരണ പോരാട്ടങ്ങളാണെന്ന് നമുക്കറിയാമല്ലോ. 

English Summary:

From Festivals to Farmer Suicides: Understanding India's Agricultural Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com