ADVERTISEMENT

ക്ഷീരോൽപാദന രംഗത്തെ ആദായപ്പുതുമകൾ 6

പാലുൽപാദനം പ്രത്യുൽപാദനത്തിന് അനുബന്ധമായി സംഭവിക്കുന്ന ശാരീരിക പ്രക്രിയയാണല്ലോ. ജീവശാസ്ത്ര പരമായി പശു പാൽ ചുരത്തുന്നത് കിടാവിനുവേണ്ടിയാണെങ്കിൽ മാനുഷിക നിർധാരണം വഴി കിടാവിന് ആവശ്യമായതിന്റെ എത്രയോ മടങ്ങാണ് അനുകൂല പരിചരണം ലഭ്യമാകുന്ന അത്യുൽപാദകരായ ഓരോ പശുവും ദിവസേന ചുരത്തുന്നത്! മാത്രമല്ല കിടാവിനു മൂന്നു മുതൽ ആറു മാസം വരെയാണ് പാൽ ലഭിക്കേണ്ടതെങ്കിൽ ഒന്നോ രണ്ടോ വർഷം വരെ പാൽ ചുരത്തുന്ന യന്ത്രങ്ങളാക്കി കറവപ്പശുക്കളെ മനുഷ്യൻ പരിവർത്തനം ചെയ്തിരിക്കുന്നു എന്നതാണല്ലോ വാസ്തവം. മാനുഷിക താൽപര്യം അനുസരിച്ച് ഏറ്റവും ആദായകരമായ പാലുൽപാദനത്തിന് അഭികാമ്യം 300 ദിവസം നീളുന്ന കറവക്കാലവും തുടർന്ന രണ്ടു മാസം നീളുന്ന വറ്റുകാലവും കഴിയുന്ന മുറയ്ക്ക് 365 ദിവസം കൊണ്ട് പശുവിന് അടുത്ത പ്രസവം സാധ്യമാകണം എന്നതാണ്. ഇതിനാകട്ടെ പ്രസവാനന്തരം ഓരോ പശുവും 45–50 ദിവസത്തിനകം പ്രജനനത്തിന് സജ്ജമാകുകയും ഒന്ന് മുതൽ മൂന്ന് മദിയിലെ ബീജാധാനം കൊണ്ട് ഗർഭംധരിക്കുകയും വേണം. എന്നാൽ കൂടിയ ഉൽപാദനമുള്ള പശുക്കളിൽ പ്രസവാന്തര മദിയും ഗർഭധാരണവും വൈകുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ സമയബന്ധിതമായ പ്രത്യുൽപാദന പരിപാലനം വാണിജ്യ ഫാമുകളിൽ അതീവ പ്രാധാന്യമർഹിക്കുന്നു. 

മദി നിരീക്ഷണം

സന്തുലിത പോഷണവും പരിചരണവും മദിപ്രകടനം ത്വരിതപ്പെടുത്തുന്നതോടൊപ്പം വ്യവസായിക ഫാമുകളിൽ പലതരം നൂതന രീതികൾ മദി നിരീക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. എന്നാൽ, ഞാൻ ജോലി ചെയ്തിരുന്ന ഹുഫൂഫിലെ വാണിജ്യ ഫാമിൽ രാത്രിയിലും പകലും തൊഴിലാളികളുടെ നിരീക്ഷണം വഴിയാണ് മദിയുള്ള പശുക്കളെ കണ്ടെത്തിയിരുന്നത്. കൂടാതെ, പ്രസവാനന്തര മദി വൈകുന്നത് തടയാൻ പ്രസവിച്ച് രണ്ടാഴ്ച കഴിയുമ്പോൾ ഓരോ പശുവിന്റെയും ഗർഭപാത്രത്തിന്റെ സങ്കോചനില പരിശോധിക്കുകയും ആവശ്യമായവയ്ക്ക് ചികിത്സകൾ നൽകുകയും ചെയ്യുന്ന പരിപാലന രീതി ശ്രദ്ധേയമാണ്. മദി കാണിക്കുന്നവയെ കുത്തിവയ്ക്കാൻ രാവിലെയും വൈകുന്നേരവുമായി രണ്ടു കൃത്രിമ ബീജാധാന ടീമുകൾ നിത്യേന പ്രവർത്തിക്കുന്നു. പ്രത്യുൽപാദന വിവരങ്ങൾ അതാത് ദിവസം തന്നെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുകയും മദി കാണിക്കാൻ വൈകുന്നവയെ കണ്ടു പിടിച്ച് പരിശോധിക്കുകയും ഹോർമോൺ ചികിത്സ നൽകി മദി ഉത്തേജിപ്പിക്കുന്നതും പതിവാണ്. തൊഴിലാളികൾ റിപ്പോർട്ട് ചെയ്ത മദിലക്ഷണമുള്ള പശുക്കളുടെ രേഖകൾ കുത്തിവയ്പ് ടീം പരിശോധിച്ച് കൃത്രിമ ബീജാധാനത്തിന് അനുയോജ്യമായവയെ മാത്രം ഓരോ ഷെഡ്ഡിലെയും തൊഴിലാളികളെ അറിയിക്കുകയും ഇവയെ തീറ്റ സമയത്ത് പുൽക്കൂട്ടിൽ ലോക്ക് ചെയ്ത് വയ്ക്കുകയും ചെയ്യുന്നു. തുടർന്ന് കുത്തിവയ്പ് ടീം ഓരോ ഷെഡ്ഡിലുമെത്തി ലോക്ക് ചെയ്തവയെ അതാത് സ്ഥലത്തുവച്ച് തന്നെ പരിശോധിച്ച് മദിയുടെ ശരിയായ സമയത്തുള്ളവയെ മാത്രമാണ് കുത്തിവയ്ക്കുന്നത്. ഇപ്രകാരം ദിവസേന 50 മുതൽ 100 പശുക്കളെയാണ് രണ്ട് ടീമും കൂടി കുത്തിവയ്ക്കാറുള്ളത്. ശരാശരി വിജയ ശതമാനം പശുക്കളിൽ 40–50ഉം കിടാരികളിൽ 70നു മുകളിലുമാണ്.

മരുഭൂമിയിലെ ഉഷ്ണകാലത്ത് പൊതുവെ കറവയിലുള്ള പശുക്കൾ മദി കാണിക്കുന്നതു കുറയും. മാത്രമല്ല കുത്തിവയ്‌പ്പിന്റെ വിജയശതമാനവും കുറവായിരിക്കും. എന്നാൽ, വർഷം മുഴുവനും പ്രസവവും പാലുൽപാദനവും കാര്യമായ വ്യതിയാനമില്ലാതെ നിലനിർത്തേണ്ടത് ഒരു വ്യവസായമെന്ന നിലയിൽ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകൾ കുറയ്ക്കാൻ അനിവാര്യമാണ്. ഇതിനായി കിടാരികളെയെല്ലാം കുത്തിവയ്ക്കുന്നത് ഉഷ്ണകാലത്താണ്. എത്ര കൊടും ചൂടു കാലത്തും കുത്തിവയ്ക്കുന്ന കിടാരികളിൽ 80–90 ശതമാനം വിജയിക്കാറുമുണ്ട്. അതേസമയം കറവപ്പശുക്കളിൽ ചൂടു കാലത്ത് കുത്തിവയ്‌പിന്റെ വിജയശതമാനം 15–20 മാത്രമാണ് ലഭ്യമാകുന്നത്. ഇക്കാരണം കൊണ്ട് താരതമ്യേന വില കുറഞ്ഞ ബീജമാത്രകൾ ഉപയോഗിച്ചാണ് ഇക്കാലങ്ങളിൽ കറവപ്പശുക്കളെ കുത്തിവയ്ക്കുന്നത്. ഈ മേഖലയിലുള്ള ചില വ്യാവസായിക ഫാമുകളിൽ അത്യുഷ്ണത്തിന്റെ രണ്ടോ മൂന്നോ മാസക്കാലം കറവപ്പശുക്കളുടെ പ്രജനനം നിർത്തിവയ്ക്കാറുണ്ട്. തന്മൂലം ഈ മാസങ്ങളിൽ കുത്തിവയ്പ് നടത്താതെ വിടുന്ന മദികൾ ഗർഭാശയത്തിന്റെ ആരോഗ്യം വർധിപ്പിക്കുകയും പിന്നീട് കുത്തിവയ്പ് പുനരാരംഭിക്കുമ്പോൾ മെച്ചപ്പെട്ട വിജയശതമാനത്തിനും സഹായിക്കുന്നു. 

Image credit: MAOIKO/ShutterStock
Image credit: MAOIKO/ShutterStock

ഭാഗം 1: 8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും 

ഭാഗം 2: 800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്‌മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ 

ഭാഗം 3: ലോകത്തിലെ മുൻനിര ഡെയറി ഫാമുകളെല്ലാം മരുഭൂമിയിൽ: മരുഭൂമിയിലെ ക്ഷീരസമൃദ്ധിക്കു പിന്നിൽ...

ഭാഗം 4: പച്ചപുല്ല് കഴിക്കാത്ത പശുക്കൾ; പാലുൽപാദനത്തിന് ഉണക്കപ്പുല്ല്: അറിയാം സൗദി മോഡൽ ഡെയറി ഫാമിങ് 

ഭാഗം 5: 22 മണിക്കൂറും പ്രവർത്തിക്കുന്ന മിൽക്കിങ് പാർലർ: വാണിജ്യ ഡെയറി ഫാമുകളിലെ കറവ വിശേഷങ്ങൾ

ഗർഭ പരിശോധന

കുത്തിവച്ച പശുക്കളിൽ ഗർഭ പരിശോധന നടത്തി ഗർഭം ധരിക്കാത്തവയെ എത്രയും നേരത്തെ തിരിച്ചറിയുന്നതിനും വന്ധ്യത നിവാരണത്തിനും രണ്ട് വെറ്ററിനറി ടീമുകൾ പ്രവർത്തിക്കുന്നു. നമ്മുടെ നാട്ടിൽ നിലവിലുള്ള പ്രാക്ടീസിൽ നിന്ന് വിഭിന്നമായി വ്യാവസായിക ഫാമുകളിൽ ഗർഭപരിശോധന നടത്തുന്നത് കുത്തിവച്ച് 35–40 ദിവസത്തിനകമാണ്. കൈകൊണ്ട് ഗർഭപാത്രം പരിശോധിച്ചാണ് ഗർഭനിർണയം സാധ്യമാകുന്നത്. അൾട്രാസൗണ്ട് മെഷീൻ പോലും ഉപയോഗിക്കുന്നില്ല. കാരണം പരിശീലനം നേടിയ വെറ്ററിനറി ഡോക്ടർമാർക്ക് കൈകൊണ്ട് തന്നെ 35–40 ദിവസത്തിനകം ഗർഭപരിശോധന സാധ്യമാക്കാൻ കഴിയും. അതിലും നേരത്തെയുള്ള ഗർഭപരിശോധനയ്ക്കു മാത്രമേ അൾട്രാസൗണ്ട് പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടതുള്ളൂ. എന്നാൽ, 35 ദിവസത്തിലും നേരത്തെ പശുക്കളിൽ ഗർഭപരിശോധന നടത്തുന്നതിനു പ്രായോഗിക പ്രസക്തി കുറവാണ് എന്നതിനാൽ വ്യാവസായിക ഫാമുകളിലൊന്നും 35 ദിവസത്തിനു മുൻപായി ഗർഭ പരിശോധന പതിവല്ല. ഇതിൽ നിന്നും വിപരീതമായി നമ്മുടെ നാട്ടിലെ മിക്ക ഫാമുകളിലും ഗാർഹിക സംരംഭങ്ങളിൽ പ്രത്യേകിച്ചും ഗർഭ പരിശോധന നടത്തുന്നത് മിക്കപ്പോഴും മൂന്നു മാസത്തിന് ശേഷവും അതുവഴി കർഷകർക്കുണ്ടാവുന്ന നഷ്ടം ഭീമവുമാണ്.   

പശുക്കളിൽ മദിചക്രത്തിന്റെ ദൈർഘ്യം 19 മുതൽ 21 വരെ ദിവസമാണല്ലോ. കുത്തിവയ്പ്പിനു ശേഷം ഗർഭധാരണം നടക്കാത്ത പശുക്കൾ സാധാരണ ഗതിയിൽ ഓരോ 19–21 ദിവസം കൂടുമ്പോഴും തുടർ മദി കാണിച്ച് കൊണ്ടിരിക്കും. എന്നാൽ പല കാരണങ്ങൾ കൊണ്ടും തുടർമദി കാണിക്കാത്തവയിലെല്ലാം ഗർഭധാരണം നടന്നു എന്ന് ഉറപ്പാക്കാൻ നേരത്തെയുള്ള ഗർഭ പരിശോധന വഴി ഗർഭം ധരിക്കാത്തവയെ എത്രയും നേരത്തെ കണ്ടു പിടിച്ച് വീണ്ടും കുത്തിവയ്പ്പിന് വിധേയമാക്കേണ്ടത് ആദായകരമായ പാലുൽപാദനത്തിന് അനിവാര്യമാണ്. ആദ്യത്തെ തുടർമദി കാണിക്കാവുന്ന 19-21 ദിവസത്തിന് മുൻപ് ഗർഭ പരിശോധന അഭികാമ്യമല്ല. അതേസമയം രണ്ടാമത്തെ തുടർമദി പ്രതീക്ഷിക്കാവുന്ന 38 മുതൽ 42 വരെ ദിവസത്തിനു മുൻപായി കൈകൊണ്ടു തന്നെ ഗർഭം പരിശോധിച്ച് അറിയാവുന്നതാണെന്നു മുൻപ് സൂചിപ്പിച്ചുവല്ലോ. ആയതിനാൽ ആദ്യത്തെ ഏതാനും ആഴ്ചകളിൽ ഭ്രൂണ നഷ്ടം സംഭവിക്കുന്നവയെയും ഗർഭം ധരിക്കാതെ ഒന്നാമത്തെ തുടർമദി ലക്ഷണങ്ങൾ കാണിക്കാത്തവയെയും രണ്ടാമത്തെ തുടർമദി പ്രതീക്ഷിക്കാവുന്ന സമയത്തിന് മുൻപ് തന്നെ തിരിച്ചറിയുന്നതും ഹോർമോൺ ചികിത്സയിലൂടെ മദി ഉത്തേജിപ്പിച്ച് കുത്തിവയ്ക്കുന്നതും അതീവ പ്രാധാന്യത്തോടെയാണ് വാവസായിക ഫാമുകളിൽ നടപ്പിലാക്കുന്നത്. അതുപോലെ തന്നെ നേരത്തെ ഗർഭധാരണം തിരിച്ചറിഞ്ഞവയിലെല്ലാം 90 ദിവസത്തിനു ശേഷം ഗർഭം വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തുന്നത് പതിവാണ്. കാരണം 90 ദിവസത്തിന് മുൻപായി 2 മുതൽ 5 വരെ ശതമാനം ഗർഭം പുറമെ ലക്ഷണങ്ങളൊന്നും കൂടാതെ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ അത്തരം പശുക്കളെ തിരിച്ചറിഞ്ഞ് വീണ്ടും കുത്തിവയ്ക്കുന്നതിനും അപ്രകാരം ചില പശുക്കളിലെങ്കിലും ഭ്രൂണ നഷ്ടം വഴി ഗർഭകാല പരിചരണം നഷ്ടമാകാതെ നോക്കുന്നതിനും സഹായിക്കുന്നു.

Image credit: Parilov/ShutterStock
Image credit: Parilov/ShutterStock

ഡെയറി ഫാമുകളിൽ എതാനും പശുക്കളുടെയെങ്കിലും ഗർഭം അലസിപ്പോകുന്നത് ഒഴിവാക്കാനാവില്ല. മൂന്നു മാസത്തിനു ശേഷം ഭ്രൂണ നഷ്ടം അഥവാ ഗർഭസ്ഥ ശിശുവിന്റെ മരണം സംഭവിക്കുന്ന പക്ഷം ഗർഭം അലസുന്ന ലക്ഷണങ്ങൾ (രക്തം കലർന്ന സ്രവങ്ങൾ, വിവിധ വളർച്ചാ ഘട്ടങ്ങളിലുള്ള ഗർഭസ്ഥ ശിശു, പ്ലാസന്റയുടെ ഭാഗങ്ങൾ എന്നിവ പുറന്തള്ളപ്പെടുന്നതായി) കാണാമെങ്കിലും ആയിരക്കണക്കായ പശുക്കളെ കൂട്ടത്തിൽ വളർത്തുന്ന ഫാമായതിനാൽ ചില പശുക്കളിലെങ്കിലും ഗർഭം അലസുന്നത് ശ്രദ്ധയിൽ പെടാതെ പോകാമല്ലോ. സംശയം തോന്നുന്നവയെ പരിശോധിച്ച് വീണ്ടും കുത്തിവക്കാറുണ്ടെങ്കിലും ശ്രദ്ധയിൽ പെടാതെ പോകുന്നവയെ പിടികൂടാൻ കറവ വറ്റിക്കുന്നതോടൊപ്പം വീണ്ടും ഗർഭ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് പതിവ്. വാണിജ്യ സംരംഭമെന്ന നിലയിൽ പരമാവധി പാലുൽപാദനമാണല്ലോ ഫാമിന്റെ പ്രാഥമിക ലക്ഷ്യം. അതുകൊണ്ടുതന്നെ കറവയിലുള്ള പശുക്കളുടെ ഗർഭം ഏഴു മാസം തികയുകയോ അല്ലെങ്കിൽ നിത്യേനയുള്ള പാലുൽപാദനം തുടർച്ചയായി ഒരാഴ്ചയോളം പത്തു ലീറ്ററിൽ കുറയുകയോ ചെയ്യുന്നതോടെ അത്തരം പശുക്കളെ കറവയിൽ നിന്ന് ഒഴിവാക്കുകയും വറ്റുകറവ ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. 

അക്കാലത്ത് ഫാമിൽ പശുക്കളുടെ ശരാശരി പാലുൽപാദനം നിത്യേന 23 ലീറ്റർ ആയിരുന്നു. ശരാശരി ഉൽപാദനം കുറയാതെ നിലനിർത്താനുള്ള മാനദണ്ഡമെന്ന നിലയിൽ 10 ലീറ്ററിൽ താഴെ ഉൽപാദനം താഴോട്ട് പോകുന്ന മുറയ്ക്ക് അത്തരം പശുക്കളെ കറവയിൽനിന്ന് ഒഴിവാക്കുകയും അപ്പോഴേക്കും ആ പശു ഗർഭിണി ആയിട്ടില്ലെങ്കിൽ ഉടനെ തന്നെ ഫാമിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. ഇപ്രകാരം എതൊരു പശുവിന്റെയും ഉൽപാദനം പത്തു ലീറ്ററിൽ താഴെ പോകുന്നതിനു മുൻപായി പശുവിനെ ഗർഭിണിയാക്കുക എന്നതാണ് ഫാമിലെ പ്രത്യുൽപാദന വിഭാഗത്തിന്റെ ഉത്തരവാദിത്തം. ആ വിഭാഗത്തിന് നേതൃത്വം നൽകിയിരുന്ന വ്യക്തി എന്ന നിലയിൽ ഫാമിലെ ത്വരിത ഗതിയിലുള്ള പ്രത്യുല്പ്പാദനം സാധ്യമാക്കുന്നതിന് അനുവർത്തിച്ചിരുന്ന ദൈനംദിന കാര്യങ്ങൾ പിന്നീട് വിവരിക്കാം. ഇത്രയും വിവരിച്ചതിൽനിന്ന് വാണിജ്യ ഫാമുകളിൽ പ്രത്യുൽപാദന തോത് കുറയാൻ കാരണമാകുന്ന ഓരോ ചെറിയ കാര്യങ്ങൾ പോലും ഒഴിവാക്കാനുള്ള മാർഗങ്ങൾ പരിപാലന മുറകളിൽ ശ്രദ്ധിച്ചാണ് ഉയർന്ന പ്രത്യുൽപാദന തോതും അതുവഴി കൂടിയ പാലുൽപാദനവും നില നിർത്തുന്നത്. അതേസമയം നമ്മുടെ സംസ്ഥാനത്ത് ആശാവഹമായ പ്രത്യുൽപാദന തോത് കൈവരിക്കാൻ അനുകൂലമല്ലാത്ത പരിപാലന മുറകളാണ് പാലുൽപാദന വർധന മന്ദഗതിയിലാവാനുള്ള മുഖ്യ കാരണം.

വിലാസം

ഡോ. സി.ഇബ്രാഹിം കുട്ടി

മൃഗ പ്രത്യുൽപാദന ശാസ്ത്ര വിദഗ്ധൻ, കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം
കേരള കാർഷിക സർവകലാശാല, കെസിഎഇടി ക്യാംപസ്, തവനൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com