ADVERTISEMENT

എറണാകുളം ജില്ലിയിലെ വാരപ്പെട്ടി ഗ്രാമത്തിൽനിന്നുള്ള കപ്പയും ചക്കയും പൈനാപ്പിളുമൊക്കെ വിൽക്കുന്നത് എറണാകുളത്തോ ബെംഗളൂരോ ന്യൂഡൽഹിയിലോ മാത്രമല്ല, ദുബായിലും ലണ്ടനിലും ചിക്കാഗോയിലുമൊക്കെയാണ്. അതും ‘വാരപ്പെട്ടി’ എന്ന ബ്രാൻഡിൽ തന്നെ. കോതമംഗലത്തിനടുത്തുള്ള ഈ കാർഷിക ഗ്രാമത്തെയും ഇവിടുത്തെ കൃഷിയെയും രാജ്യാന്തര ബ്രാ‍ൻഡ് ആക്കുന്നത് ഇവിടത്തെ സർവീസ് സഹകരണ ബാങ്കാണ്. അമേരിക്ക, ന്യൂസിലൻഡ്, യുകെ എന്നീ രാജ്യങ്ങളിലേക്ക് ഇവർ കേരളത്തിന്റെ കാർഷികോൽപന്നങ്ങൾ സംസ്കരിച്ച് അയയ്ക്കുന്നു. ചക്കയും തേങ്ങയും കപ്പയുമൊക്കെ ന്യായവിലയ്ക്കു വിൽക്കാൻ കൃഷിക്കാർ ബാങ്കിന്റെ സംസ്കരണശാലയിലെത്തിക്കുകയേ വേണ്ടൂ. കിലോയ്ക്ക് 20 രൂപ നിരക്കിലാണ് ഇവർ കപ്പ സംഭരിക്കുന്നത്. നാളികേരം കിലോയ്ക്ക് 30 രൂപ നിരക്കിലും അരിഞ്ഞ ചക്ക 70 രൂപ നിരക്കിലും വാങ്ങും. 

കഴിഞ്ഞ വർഷം  മൂല്യവർധിത ഉൽപന്നങ്ങളുടെ വിൽപനയിലൂടെ 2.90 കോടി രൂപ നേടിയ ബാങ്ക് അതിൽ 2.60 കോടി രൂപയും കൃഷിക്കാർക്ക് വിലയായി നൽകിയെന്നത് ശ്രദ്ധേയം. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും നടത്തുന്ന ഗ്രാമീൺ മാർക്കറ്റാണ് ബാങ്കിന്റെ ശ്രദ്ധേയമായ മറ്റൊരു ഇടപെടൽ. പൈനാപ്പിൾ, ചക്ക, കപ്പ എന്നിങ്ങനെ എല്ലാ കാർഷികോൽപന്നങ്ങളും  വലിയ തോതിൽ ഇവിടെ വിൽക്കപ്പെടുന്നുണ്ട്. ഒരു ചക്കയ്ക്ക് 500 രൂപ വരെ ലേലത്തിൽ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് സെക്രട്ടറി ടി.ആർ.സുനിൽ പറഞ്ഞു. വെട്ടിയൊരുക്കാത്ത ചക്ക കിലോയ്ക്ക് 80 രൂപ നേടിയ അവസരങ്ങളുമുണ്ടായി. 

2020ൽ കപ്പയ്ക്കു വിലയില്ലാതെ കൃഷിക്കാർ വിഷമിച്ചപ്പോൾ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ സംഭരണമാണ് സംസ്കരണ സംരംഭങ്ങളുടെ തുടക്കം. അന്ന് കിലോയ്ക്ക് 15 രൂപ നിരക്കിൽ വാങ്ങിയ കപ്പ സംസ്കരിച്ച് വാട്ടുകപ്പയാക്കി മികച്ച പാക്കറ്റുകളിൽ വിപണിയിലെത്തിക്കുകയാണ് ആദ്യം ചെയ്തത്. യന്ത്രസഹായത്തോടെ ശുചിയായി സംസ്കരിച്ച വാട്ടുകപ്പ അതിവേഗം സ്വീകരിക്കപ്പെട്ടു.  അപ്പോഴാണ് പ്രവാസിമലയാളികൾക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന വാട്ടുകപ്പ കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചന വന്നത്. വിദേശസാഹചര്യങ്ങളിൽ വാട്ടുകപ്പ പാകം ചെയ്യുന്നതിനുള്ള പ്രായോഗികപ്രശ്നങ്ങൾ പരിഗണിച്ച് കപ്പപാക്കറ്റിൽ മസാലയുടെ ചെറുപാക്കറ്റ് കൂടി ചേർത്തതോടെ സംഗതി സൂപ്പർ ഹിറ്റായി. ഇൻസ്റ്റന്റ് നൂഡിൽസ് തയാറാക്കുന്ന അതേ ശൈലിയിൽ ഉണക്കക്കപ്പ കഴിക്കാമെന്നായതോടെ ‘ടപ്പിയോക്കാ വിത്ത് മസാല’ അമേരിക്കയിലേക്കും ന്യൂസീലൻഡിലേക്കും ഓസ്ട്രേലിയയിലേക്കുമൊക്കെ കപ്പൽ കയറി.

varappetty-1

പാതി വെന്ത വാട്ടുകപ്പ പാചകം ചെയ്യാൻ തുച്ഛമായ സമയം മതിയെന്നത് ഇതിനെ നഗരവാസികൾക്കു പ്രിയപ്പെട്ടതാക്കുന്നു. പാക്കറ്റിലെ ഉള്ളടക്കത്തിനൊപ്പം തക്കാളിയും സവോളയും ചേർക്കൂകയേ വേണ്ടൂ. മത്സ്യം, മാംസം എന്നിവ ചേർത്ത് കപ്പ ബിരിയാണിയുമാക്കാം.  ആകെ പത്ത് ടൺ വാട്ടുകപ്പയാണ് അന്ന് കയറ്റിയത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലൊക്കെ ‘ടപ്പിയോക്കാ വിത്ത് മസാല’ ലഭ്യമാണ്. കഴിഞ്ഞ വർഷം 2200 കിലോ  ‘ടപ്പിയോക്കാ വിത്ത് മസാല’ വിൽക്കാൻ കഴിഞ്ഞെന്നു സുനിൽ പറഞ്ഞു. 

varappetty-4
വെളിച്ചെണ്ണ കുപ്പിയിലാക്കുന്നു

ബാങ്കിന്റെ ആദ്യഉൽപന്നം പക്ഷേ വെളിച്ചെണ്ണയാണ്. കൃഷിക്കാരിൽനിന്ന്  സംഭരിക്കുന്ന പച്ചത്തേങ്ങ ബാങ്കിന്റെ സംസ്കരണശാലയിൽ ഉണങ്ങി കൊപ്രയാക്കിയശേഷം എണ്ണയെടുക്കുന്നു. ആട്ടിയെടുത്ത എണ്ണ ഡബിൾ ഫിൽറ്ററിൽ ശുദ്ധീകരിച്ചശേഷം കുപ്പികളിലും പാക്കറ്റുകളിലും നിറച്ചാണ് വിപണനം. കപ്പ വാട്ടിയുണങ്ങുന്നതിന് ഇലക്ട്രിക് ഡ്രയറും നേന്ത്രപ്പഴം ഉണങ്ങുന്നതിന് വാക്വം ഫ്രൈ ഡ്രയറുമാണ് ഉപയോഗിക്കുന്നത്.

കയറ്റുമതി രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി വിവിധ സഹകരണബാങ്കുകളെ കൂട്ടിയിണക്കി  ആരംഭിച്ച കോ–ഓപ്പറേറ്റീവ് മാർട്ടിൽ വാരപ്പെട്ടി ബാങ്കും പങ്കാളിയാണ്. കോ–ഓപ്പറേറ്റീവ് ഉൽപന്നങ്ങൾക്ക് ലോകവിപണിയിലുള്ള സ്വകാര്യത  പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനുസരിച്ച് ‘കോഓപ്പറേറ്റീവ് മാർട്ട് ’എന്ന പേരിൽ വിവിധ ബാങ്കുകളുടെ മൂല്യവർധിത ഉൽപന്നങ്ങൾ  കയറ്റുമതി ചെയ്യും. വാരപ്പെട്ടി ബാങ്കിന്റെ വെളിച്ചെണ്ണയും ‘ടപ്പിയോക്ക വിത്ത് മസാല’യുമാണ് ഇപ്പോൾ ഇതിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്

വിപുലമായ സംസ്കരണ സംവിധാനമുള്ളതിനാലാണ് നാളികേരം, കപ്പ, ചക്ക എന്നിവയൊക്കെ ന്യായവില നൽകി വാങ്ങാനാവുന്നതെന്ന് സുനിൽ ചൂണ്ടിക്കാട്ടി. കർഷകർക്കായി നാളികേര–ഫലവൃക്ഷ നഴ്സറിയും യന്ത്രോപകരണ സ്റ്റോറും കാർഷികോപാധി വിപണനകേന്ദ്രവും വളം ഡിപ്പോയും  നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പ്ലാവ്, തെങ്ങിൻതൈ, കാലിത്തീറ്റ, മഞ്ഞൾവിത്ത്, വാഴക്കന്ന്, ആട് എന്നിവ  കർ‌ഷകർക്കു  വിതരണം ചെയ്യുന്നുമുണ്ട്. 

ഫോൺ: 9446797728

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com