ADVERTISEMENT

വയനാട്ടില്‍ വീണ്ടും ഉരുള്‍ പൊട്ടി, മരണം 300 കഴിഞ്ഞു. അത്ര തന്നെ ആളുകളെ കണ്ടെത്താനുണ്ട്. പതിനായിരത്തിലേറെ പേര്‍ ക്യാംപുകളിലാണ്. സര്‍വസ്വവും നഷ്ടമായ കുടുംബങ്ങള്‍. ഒന്നിരുണ്ട് വെളുത്തപ്പോഴേക്കും ഒരുപാടു പേര്‍ അനാഥരും നിരാലംബരുമായി. ഒരു രാത്രികൊണ്ട് അനാഥരായിപ്പോയ കുഞ്ഞുങ്ങളുണ്ട്. അവര്‍ക്ക് പ്രധാനമായി വേണ്ടത് സാമ്പത്തിക സഹായം അല്ല. അതു തുടങ്ങേണ്ടത് മുലപ്പാലില്‍നിന്നു തന്നെയാണ്. അശരണരായിപ്പോയ വൃദ്ധജനങ്ങള്‍ക്ക് അവരുടെ ഓര്‍മകളും വേദനകളും പങ്കിട്ട് ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെങ്കില്‍ നന്നാവും.

അവരവരുടെ മത, രാഷ്ട്രീയ, പാരിസ്ഥിതിക, ദാര്‍ശനീക കാഴ്ചപ്പാടുകള്‍ സാധൂകരിക്കാന്‍ ഈ ദുരന്തത്തെ ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് മറ്റൊരു പ്രധാന ദുരിതാശ്വാസ പ്രവര്‍ത്തനം. ഭാവിയില്‍ അപകടം സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി സംരക്ഷണവും ജാഗ്രതയും ഉറപ്പാക്കുക എന്നതും കൂട്ടത്തില്‍ നടക്കണം.

കാലാവസ്ഥ വലിയ രീതിയില്‍ മാറി. വേനലും വര്‍ഷവും തീഷ്ണമാകും, മലകള്‍ ഇടിയും, പുഴയില്‍ വെള്ളം കയറും, കടല്‍ അതിക്രമിച്ചു കയറും. ‌മുന്‍വിധികളും താല്‍പര്യങ്ങളും മാറ്റിവച്ചുകൊണ്ട് പ്രശ്നങ്ങളെ സമീപിക്കുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. എന്നാൽ, പരിഹാരങ്ങള്‍ ശാസ്ത്രീയമായാല്‍ മാത്രം പോര മാനവീകം കൂടി ആയിരിക്കണം. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി കൊണ്ടുവരുന്ന നിയന്ത്രണങ്ങളും നിരോധനങ്ങളും അതിനേക്കാള്‍ വലിയ കെടുതികള്‍ സൃഷ്ടിക്കരുത്. പ്രാധാന്യം പ്രതിരോധത്തിനായിരിക്കണം. 

45 ശതമാനത്തിലേറെ മലയോരവും, 10 ശതമാനത്തിലേറെ കടലോരവും, 44 നദികളും, 30 ശതമാനം വനവുമൊക്കെയുള്ള ഈ നാട്ടില്‍ അതിഥി തൊഴിലാളികളടക്കം നാലു കോടി മനുഷ്യര്‍ ജീവിക്കുന്നുണ്ട്. 2011ല്‍ വയനാട്ടില്‍ എട്ടു ലക്ഷവും പത്തനംതിട്ടയില്‍ 12 ലക്ഷവും ഇടുക്കിയില്‍ 10 ലക്ഷവും ആണ് ജനസംഖ്യ. ആലപ്പുഴ ഒഴികെയുള്ള ജില്ലകളുടെയെല്ലാം ഒരു ഭാഗം മലമ്പ്രദേശമാണ്. 

മല ഇടിയുമെന്നും പുഴ കവിയുമെന്നും കടല്‍ ആക്രമിച്ചു കയറുമെന്നും ഒന്നും അറിയാതെയല്ല മനുഷ്യര്‍ മലയോരത്തും പുഴയോരത്തും കടലോരത്തും താമസിക്കുന്നത്. വൃത്തിയില്ലാത്തതുകൊണ്ടാണ്. സമതലങ്ങളിലെ ഭൂമിയും ഫ്ലാറ്റുകളുമൊന്നും താങ്ങാനാവാത്തതുകൊണ്ടാണ്. അവിടെയും ഇപ്പോള്‍  പ്രകൃതി അത്ര അനുകമ്പയോടെയൊന്നുമല്ലല്ലോ പെരുമാറുന്നത്. തിരിച്ചു പിടിക്കുന്നില്ലേ പലതും? ഇതു മനസില്‍വച്ചുകൊണ്ടു വേണം നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്താന്‍.

ആഗോളതലത്തില്‍ വികസിത രാഷ്ട്രങ്ങളാണ് പരിസ്ഥിതിയെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്തത്. ഇന്നും അങ്ങനെ തന്നെ. ദേശീയ തലത്തില്‍ നാട്ടിലെ സമ്പന്ന വിഭാഗങ്ങളും. ഇവര്‍ക്കാണ് പരിസ്ഥിതിയെക്കുറിച്ച് കൂടുതല്‍ ഉത്ഖണ്ഠയും. പക്ഷേ, പ്രതിസ്ഥാനത്ത് എത്തുന്നതും നിയന്ത്രണങ്ങളുടെ ഭാരം താങ്ങേണ്ടതും സാധാരണക്കാരാണ്. അന്തര്‍ദേശീയ തലത്തില്‍ അവികസിത രാഷ്ട്രങ്ങളെയാണ് പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക. അതുകൊണ്ടാണ് പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുമെങ്കില്‍പോലും വികസനത്തിന്റെ കാര്യത്തില്‍ ലോകം അവര്‍ക്ക് ഇളവുകള്‍ നല്‍കുന്നത്. ‌‌‌ദേശീയ തലത്തില്‍ പാരിസ്ഥിതിക ആഘാതങ്ങളും അവയെ പ്രതിരോധിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണ മനുഷ്യരെയാണ്. അവര്‍ക്കു പക്ഷേ ഒരു ഇളവുകളും നല്‍കാന്‍ നമ്മുടെ പരിസ്ഥിതിക്കാര്‍ തയാറല്ല. ‌അപകടകാരിയായ ഒരാനയുടെ സ്വൈര്യ സഞ്ചാരത്തിനുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കണമെന്ന ആവശ്യവുമായി പരമോന്നത കോടതിയെ വരെ സമീപിക്കാന്‍ തയാറാണവര്‍. ആനയ്ക്കും അവകാശങ്ങളുണ്ട്. കുടുംബബന്ധങ്ങളുണ്ട്, ആനയും കരയും. 

ഒരു മാവ് സംരക്ഷിക്കാന്‍ വേണ്ടി റോഡ് മാറ്റിവിടാനോ, തടയാനോ തയാറാകുന്നവര്‍, മുറിവേറ്റ മാവിനെ ചികിത്സിക്കുന്നവര്‍, മരത്തെ മുറിവേല്‍പ്പിച്ചതിനു പൊലീസ് കേസ് കൊടുക്കുന്നവര്‍, പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വഴിയടയ്ക്കാനും വയനാടിനെ കടുവാ സങ്കേതമാക്കാനും നടക്കുന്നവര്‍, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നവര്‍... 

ഫോസില്‍ ഇന്ധനങ്ങള്‍ ഉപേക്ഷിക്കാന്‍ 2070 വരെയാണ് ഇന്ത്യ സമയം ചോദിച്ചിരിക്കുന്നത്. സമ്പന്ന രാജ്യമായ ചൈന 2060 വരെയും. ഐപിസിസി പറയുന്നത് 2030ല്‍  ഗ്ലോബല്‍ മീന്‍ സര്‍ഫസ് ടെംപറേച്ചറിലെ വര്‍ധന 1.2 ഡിഗ്രിയില്‍ അധികമാകാന്‍ അനുവദിക്കരുതെന്നാണ്. കാലാവസ്ഥ എത്ര രൂക്ഷമായാലും നമുക്ക് പെട്ടെന്നൊന്നും അതു സാധിക്കില്ല. നാട്ടില്‍ വലിയ മാളുകളും വലിയ തുറമുഖങ്ങളും എക്സ്പ്രസ് വേകളും വിമാനത്താവളങ്ങളും ഒക്കെ വരുന്നുണ്ട്. ഇതൊക്കെ വേണ്ടതു തന്നെയാണ് താനും.

നാലു കോടി മനുഷ്യര്‍ക്ക് പാര്‍പ്പിടം മാത്രം പോരല്ലോ, തൊഴിലും വിദ്യാഭ്യാസവും ഒക്കെ വേണ്ടെ? ഇന്ന് ലോകം പിന്‍തുടരുന്ന സാമ്പത്തിക ക്രമത്തില്‍ അങ്ങനെയൊക്കെയാണ് തൊഴിലും ജീവനോപാദികളും സൃഷ്ടിക്കപ്പെടുന്നത്. ഗവൺമെന്റ് അല്ല ഇവിടുത്തെ പ്രധാന തൊഴില്‍ ദാതാവ്. തുടക്കത്തില്‍ തടസം നില്‍ക്കുമെങ്കിലും നിലവില്‍ വന്നു കഴിഞ്ഞാല്‍ ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങള്‍ മുഴുവനും പരമാവധി ആസ്വദിച്ചു കൊണ്ടു തന്നെയാണ് പരിസ്ഥിതി വാദികള്‍ സാധാരണ മനുഷ്യരോട് പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ആഹ്വാനം നല്‍കുന്നതും. 

മാളുകളും മെട്രോകളും ആകാശപാതകളും എക്സ്പ്രസ് വേകളും സമതലങ്ങളില്‍ മതി. പക്ഷേ, മലയോരത്തെ സാധാരണ മനുഷ്യര്‍ എന്തൊക്കെയാണ് വേണ്ടെന്നു വയ്ക്കേണ്ടത്? വീടുകള്‍, റോഡുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, തൊഴിലിടങ്ങള്‍, സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍?

ഇതു മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് UN ജനറല്‍ അസംബ്ലി അജണ്ട 17ന്റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കണം പരിസ്ഥിതി സംരക്ഷണം എന്നു നിഷ്കര്‍ഷിച്ചത്. പാരീസ് എഗ്രിമെന്റും ഐപിസിസിയുമൊക്കെ ഇത് അംഗീകരിച്ചിട്ടുണ്ട്. അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ‘മാത്രമേ’ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാവൂ.  ഇവിടുത്തെ ഉപരിവര്‍ഗ/മധ്യവര്‍ഗ/അക്കാദമിക പരിസ്ഥിതി ബുദ്ധിജീവികളില്‍ ഒരാള്‍ പോലും ഈ കാര്യം മിണ്ടില്ല. 

ഭക്ഷണവും പാര്‍പ്പിടവും തൊഴിലും വിദ്യാഭ്യാസവും ആരോഗ്യവും മാത്രമല്ല അജണ്ട 17 നിര്‍ദ്ദേശിക്കുന്നത്. അന്തസായി ജീവിക്കാനുള്ള അവകാശവും കൂടിയാണ്.

“Promote sustained, inclusive and sustainable economic growth, full and productive employment and decent work for all” 

എട്ടാമത്തെ അജണ്ടയാണ് ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com