വാടകവീട്ടിലെ അടുക്കളയിൽനിന്നു വളർന്ന ‘നൈമിത്ര’: വീൽചെയറിലെ സംരംഭവിപ്ലവവുമായി ദീജ ഹാപ്പിയാണ്
Mail This Article
മുറിയിലടച്ചിരുന്ന ജീവിതത്തിൽനിന്ന് ഒരു സംരംഭകയിലേക്കു മാറിയ പ്രചോദാത്മകമായ ജീവിതമാണ് ദീജു സതീശന്റേത്. ജീവിതത്തിലെ പരാധീനതകളും പ്രശന്ങ്ങളും ഒരു സാധാരണ വ്യക്തിക്കു തന്നെ വിഷമഘട്ടമാണ്. എന്നാലത് അംഗവൈകല്യമുള്ള വ്യക്തി കൂടിയാകുമ്പോൾ ആദ്യം തരണം ചെയ്യേണ്ടത് സ്വന്തം ശാരീരിക വെല്ലുവിളികളെക്കൂടിയാണ്.
മൂന്നാം വയസിൽ പോളിയോ ബാധിച്ച് തളർന്ന ശരീരവുമായി ജീവിച്ച ദീജ സതീശൻ ഇന്ന് ഒരു സംരംഭകയാണ്. ‘നൈമിത്ര’ എന്ന സംരംഭത്തിന്റെ അമരക്കാരി. സ്കൂളിൽ പോയി ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിട്ടില്ല. സ്വന്തം താൽപര്യത്തിലാണ് വായിക്കാൻ പഠിച്ചത്. വർക്കലയാണ് സ്വദേശം. പക്ഷേ ‘നൈമിത്ര’ തുടങ്ങിയപ്പോൾ വ്യാപാരാവശ്യത്തിനായി കിളിമാനൂരിൽ ചേച്ചിയുടെ കുടുംബം താമസിക്കുന്നതിനടുത്ത് തന്നെയുള്ള വാടക വീട്ടിലേക്കു മാറി.
കൈമുതലായ കൈപ്പുണ്യം
ചായക്കടയും പിന്നെ ചെറിയ തോതിൽ ഹോട്ടലും നടത്തിയ ആളായിരുന്നു ദീജയുടെ അച്ഛൻ. പിതാവിന്റെ പാചകത്തിലുള്ള താൽപര്യമാണ് ദീജയ്ക്കു പകർന്ന് കിട്ടിയത്. കാൻസർ ബാധിതനായി 2020ൽ അദ്ദേഹം മരണമടഞ്ഞു.
വളരെ അടുത്ത സുഹൃത്തുക്കളുടെ ഒരു വാട്‌സാപ് കൂട്ടായ്മയിലാണ് ദീജയുടെ പ്രശ്നങ്ങളക്കുറിച്ചറിഞ്ഞ അഭ്യദയകാംക്ഷിയായ നൗഷാദ് ഖാൻ മൂലധനം കൊടുത്തു താൽപര്യമുള്ള മേഖലയായ പാചകം സംരംഭമാക്കി മാറ്റാനുള്ള ധൈര്യം കൊടുത്തത്. പ്രവാസിയായിരുന്ന നൗഷാദ് ഇന്നു നൈമിത്രയുടെ പ്രധാന ഭാഗമാണ്. ദീജ, നൗഷാദ്, ദീജയുടെ അമ്മ, ചേച്ചി, മാമി എന്നിവരടങ്ങുന്ന കൂട്ടായമയുടെ രുചിയാണ് ‘നൈമിത്ര’; കൂടാതെ വിശ്വാസപൂർവം കൂടെ നിൽക്കുന്ന ചിലരും. ദീജുവിന്റെ വാക്കുകളിൽ പറഞ്ഞാൽ കൂറെ നല്ല മനുഷ്യരുടെ കൂട്ടായ്മയിൽ മുന്നോട്ടു പോകുന്ന സംരംഭമാണിത്.
പാചകമാണ് തനിക്കേറ്റവും ഇഷ്ടമെന്ന് വളരെ ഇഷ്ടത്തോടെ തന്നെ ദീജ പറയുന്നു. പാചകം ചെയത് അതു മറ്റുള്ളവർ ഇഷ്ടത്തോടെ കഴിക്കുന്നതു കാണുമ്പോൾ തനിക്കു ലഭിക്കുന്ന സംതൃപ്തി തന്നെയാണ് സംരംഭമായി മാറിയതെന്നു ദീജ പറയുന്നു.
ഉൽപ്പന്നങ്ങൾ
അഞ്ചുതരം അച്ചാറുകളുമായി 2018ൽ തുടങ്ങിയ നൈമിത്ര ഇന്ന് വിവിധതരം അച്ചാറുകളും മറ്റ് ഉൽപ്പന്നങ്ങളുമായി സജീവമാണ്. അച്ചാറുകൾ, ഇടിയിറച്ചികൾ (പോത്ത്, കോഴി), ചമ്മന്തിപ്പൊടികൾ, അവലോസുപൊടി, സാമ്പാർ മസാല, രസം മസാല, ചിക്കൻ മസാല, ഫിഷ് മസാല, ഗരം മസാല എന്നിവയാണ് ഉൽപ്പന്നങ്ങൾ.
പ്രിസർവേറ്റീവുകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ അച്ചാറുകൾക്ക് രണ്ടു മാസത്തിൽ കൂടുതൽ സൂക്ഷിപ്പുകാലമില്ലെന്ന് ദീജ. നമ്മൾതന്നെയാണ് മറ്റൊരാൾ എന്ന ചിന്തയിലാണ് ഓരോ ഉൽപന്നവും നൈമിത്ര ബ്രാൻഡിൽ തയാറാക്കുന്നതെന്നും ദീജ പറയുന്നു.
നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളിലും ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധിക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ഫംഗസ് ബാധയുണ്ടാകുന്നതാണ് ബീഫ് അച്ചാറുകൾ. ഇതിനുപയോഗിക്കുന്ന കത്തി പോലും വളരെ വൃത്തിയോടെയാണ് ഉപയോഗിക്കുന്നത്. ചൂടുവെള്ളത്തിലാണ് കത്തി കഴുകുക. പച്ചവെളളം തട്ടിയാൽ ഇറച്ചി ഒരാഴ്ച കഴിയുമ്പോൾ തന്നെ കേടാകുമെന്ന് വൃത്തിയുടെ പ്രധാന്യത്തെക്കുറിച്ച് ഉദാഹരണ സഹിതം ദീജ വ്യക്തമാക്കുന്നു.
സ്ഥിരമായി വാങ്ങുന്ന ഉപഭോക്താക്കളുൾപ്പെടെ ഇന്ത്യയിൽ പലയിടത്തും നൈമിത്രയുടെ ഉൽപന്നങ്ങൾ വിശ്വാസപൂർവം വാങ്ങി ഉപയോഗിക്കുന്നവരുണ്ട്, മലയാളികളായ പട്ടാളക്കാരാണ് പ്രധാനപ്പെട്ട ഉപഭോക്താക്കൾ.
മുന്നിലുള്ള കടമ്പകൾ
ഉൽപ്പന്നങ്ങൾ വിൽക്കാൻ 2019ൽ കിളിമാനൂരിൽ തന്നെ ഒരു കട തുടങ്ങിയിരുന്നു. എന്നാൽ സ്വന്തമായി ഒരു നിർമാണ കേന്ദ്രം എന്ന ആഗ്രഹമുണ്ടായപ്പോൾ കട നിർത്തേണ്ടി വന്നു. സാമ്പത്തിക പ്രശ്നായിരുന്നു കാരണം. ഉൽപ്പന്നങ്ങളുടെ നിർമാണം വാടക വീട്ടിലാണ്. അതിനാൽ ഇതിനൊപ്പം കടയുടെ വാടക, പുതിയ കെട്ടിട നിർമാണം എന്നിവ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. പുതിയ കെട്ടിടത്തിന്റെ മുക്കാൽ ഭാഗം പണിയും കഴിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളിൽപ്പെട്ട് ബാക്കി പണി നിർത്തിവെച്ചിരുക്കുകയാണ്. ഇതാണിപ്പോഴത്തെ പ്രതിസന്ധി. ഇപ്പോഴത്തെ ചെറിയ വാടക വീടിന്റെ അടുക്കളയിൽ ഒതുക്കാൻ കഴിയാത്തത്ര ഓർഡറുകളാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. വീടിനകത്തുള്ള സംരംഭമായത് കൊണ്ടും സ്ഥല പരിമിതയുള്ളതു കൊണ്ടും പുറമെ നിന്ന് ആരേയും ജോലിക്കു വച്ചിട്ടില്ല. ഇതിനിടയിൽ മനസിലുള്ള സ്വപ്നമാണ് തനിക്ക് അനുയോജ്യമായ രീതിയിലുള്ള സ്വന്തം വീട്. വാടക വീട്ടിലെ സാഹചര്യങ്ങൾ വൈകല്യമുള്ളവർക്ക് അനുയോജ്യമല്ല.
2020ൽ നൈമിത്ര പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി. പിതാവിന്റെ മരണം, വിപണിയിലെ ഇടിവ് തുടങ്ങി കോവിഡ് കാലം കടുത്ത പ്രതിസന്ധിയായിരുന്നു. അതിനെ തരണം ചെയ്ത ആത്മവിശ്വാസമാണ് തുടർന്നും മുന്നോട്ട് നയിക്കുന്നത്.
കൂട്ടായ തീരുമാനത്തിലൂടെയാണ് പുതിയ ഉൽപ്പന്നങ്ങൾ തയാറാക്കുന്നത്. ‘കലർപ്പില്ലാത്ത രൂചിക്കൂട്ട്’ എന്നാണ് പരസ്യവാചകം. ‘മനുഷ്യരുടെ ആയുസ് കൂട്ടാൻ ഉൽപ്പന്നങ്ങളുടെ ആയുസ് കുറയ്ക്കുന്നു’ എന്നാണ് ദീജ പറയുന്നത്. പച്ചക്കറികളും ഇറച്ചിയും ഗുണമേന്മയുള്ളത് മാത്രമാണ് വാങ്ങുന്നത്. ഇതിൽ വിട്ടുവീഴ്ചയില്ല.
സംരംഭത്തെക്കുറിച്ച്
വൈകല്യം നിമിത്തം വീട്ടിൽ മാത്രമൊതുങ്ങിയ ജീവിതമയിരുന്നു തന്റേതെന്ന് ദീജ. 2010ലാണ് വീടിനടുത്തുള്ള ഒരു ഹെൽത്ത് ഇൻസ്പെക്ടറാണ് വീട്ടിൽ ചടഞ്ഞിരിക്കാതെ എന്തെങ്കിലും തൊഴിലിൽ ഏർപ്പെടണമെന്ന ചിന്ത പകർന്നു നൽകിയത്. അങ്ങനെ മാലയും വളയും ഉണ്ടാക്കി പരിചയക്കാർക്കിടയിൽ വിൽപന തുടങ്ങി. സഹതാപം കൊണ്ട് വാങ്ങിയവർ പിന്നെയത് ഇഷ്ടപ്പെട്ട് വാങ്ങാൻ തുടങ്ങിയതാണ് വിൽപന കൂടാൻ സഹായിച്ചത്.
സംരംഭത്തിലേക്കിറങ്ങിയത് വ്യക്തിത്വ വികസനത്തിന് സഹായിച്ചു. താൽപര്യമുള്ളവർ സംരംഭത്തെക്കുറിച്ച് പേടിക്കാതെ ധൈര്യപൂർവം ഇതിലേക്കിറങ്ങണം കാരണം സ്വന്തം സംരംഭം ഒരാൾക്ക് തരുന്നത് സ്വാതന്ത്ര്യമാണ്.
ഫോൺ: 79023 75735