ADVERTISEMENT

സ്വപ്‌നം സാക്ഷാൽകരിച്ചതിന്റെ ആവേശത്തിലാണ്‌ സംസ്ഥാനത്തെ ഓരോ റബർ കർഷകനും. ഇനി ഒരിക്കലും ആ പഴയ കാലം തിരിച്ചു വരില്ലെന്ന വിലയിരുത്തലുകളെ കാറ്റിൽ പറത്തി മികച്ചയിനം റബർ വില കിലോഗ്രാമിന്‌ 250 രൂപയ്‌ക്കു മുകളിൽ ഇടം പിടിച്ചു. അതേ ഒരു വ്യാഴവട്ടം മുന്നേ സഞ്ചരിച്ച പാതയിലേക്ക് വിപണി വീണ്ടും തിരിച്ചെത്തിയത്‌ കർഷകകുടുംബങ്ങളെ തെല്ലൊന്നുമല്ല ആവേശത്തിലാക്കുന്നത്‌. രാജ്യത്ത്‌ റബർ വില ഏറ്റവും ഉയർന്ന തലത്തിൽ നീങ്ങുമ്പോഴും വിപണിയുടെ ആവശ്യത്തിന്‌ അനുസൃതമായി ഷീറ്റ്‌ കൈമാറാനാവുന്നില്ലെന്ന നൊമ്പരത്തിലാണ്‌ ഉൽപാദകമേഖല. 

പിന്നിട്ട മാസങ്ങളിൽ പ്രതികൂല കാലാവസ്ഥ സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും പുതിയോരു സുപ്രഭാതത്തെ ഉറ്റുനോക്കുകയാണ്‌ കാർഷിക മേഖല. മാനം തെളിയുന്നതോടെ റബർ വെട്ട്‌ ഊർജിതമാക്കി ഉയർന്ന വിലയുടെ നേട്ടം നിക്ഷേപമാക്കി മാറ്റണം, 2011 കാലഘട്ടത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ്‌ വിലയിൽ മതിമറന്ന്‌ ചെലവഴിച്ചതിൽ സംഭവിച്ച പിഴവുകൾ ഇനി ആവർത്തിക്കാതെ കിട്ടുന്നതു മുഴുവൻ മിച്ചം വെക്കണം, അങ്ങനെ ഓരോരോ കണക്കു കൂട്ടലിലാണ്‌ ചെറുകിട കർഷകർ.    

സംസ്ഥനത്തെ വലിയോരു പങ്ക്‌ തോട്ടങ്ങളിലും റെയിൻ ഗാർഡ്‌ ഒരുക്കി പ്രതികൂല കാലാവസ്ഥയിലും ടാപ്പിങ്‌ പരമാവധി മുന്നോട്ട്‌ കൊണ്ടു പോകാനുള്ള മനക്കരുത്‌ തോട്ടം മേഖല കൈവരിച്ചു കഴിഞ്ഞു. അതേ ചിങ്ങം പിറക്കുന്നതോടെ മഴയുടെ അളവ്‌ ഇനിയും കുറയും അതോടെ ടാപ്പിങ്‌ ദിനങ്ങളുടെ എണ്ണം ഉയർത്താനാവും. 

ജനുവരിയിൽ കിലോ 190 രൂപയിൽ നീങ്ങിയ നാലാം ഗ്രേഡ് റബർ ഇതിനകം 250ലേക്ക്‌ ഉയർന്നത്‌ ചെറിയോരു പങ്ക്‌ കർഷകർക്കു മാത്രം നേട്ടമാക്കാനായുള്ളു. ഓഫ്‌ സീസണിലെ ഉയർന്ന വില സീസണിൽ നിലനിർത്താൻ റബറിനാവുമോ? പുതിയ ചോദ്യം ഉയരുകയാണ്‌ കർഷക മനസുകളിൽ. 

ഇന്ത്യൻ വിപണിയെ മാത്രം ആശ്രയിച്ച്‌ അധികനാൾ ഉയർന്ന തലത്തിൽ പിടിച്ചു നിൽക്കാൻ ഉൽപന്നത്തിനാവില്ല. അതേസമയം ഉൽപാദനം പ്രതീക്ഷയ്‌ക്കൊത്ത്‌ സെപ്‌റ്റംബറിലും ഉയരുമോയെന്ന കാര്യത്തിൽ വ്യക്തയില്ല. കാലാവസ്ഥ ഈ അവസരത്തിൽ നിർണായകമാവും. 

ഉൽപാദനത്തിലും കയറ്റുമതിയിലും മുന്നിൽ നിൽക്കുന്ന തായ്‌ലൻഡിലെ സംഭവ വികാസങ്ങൾ അതേ വേഗത്തിൽ ലോക വിപണിയിൽ പ്രതിഫലിക്കും. ജൂലൈ അവസാനം തുടങ്ങിയ ശക്തമായ മഴ മൂലം ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിങ്‌ മന്ദഗതിയിലായിരുന്നു. വാരമധ്യത്തോടെ കാലാവസ്ഥയിൽ മാറ്റം കണ്ടുതുടങ്ങി. തെളിഞ്ഞ കാലാവസ്ഥയ്‌ക്കൊപ്പം താപനില 32 ഡിഗ്രിയിൽ നിന്നും വെള്ളിയാഴ്‌ച്ച 36ലേക്ക്‌ ഉയർന്നതു കൂടി കണക്കിലെടുത്താൽ അടുത്ത വാരം മുതൽ ടാപ്പിങ്‌ പൂർണതോതിലാവും.

മാസാവസാനത്തിൽ റബർ ഉൽപാദനത്തിൽ കുറവ്‌ സംഭവിച്ചതോടെയാണ്‌ ബാങ്കോക്കിൽ നാലാം ഗ്രേഡിന്‌ തുല്യമായ ഷീറ്റ്‌ വിലയിൽ ഉണർവ്‌ അനുഭവപ്പെട്ടത്‌. ജൂലൈ അവസാനം കിലോ 185 രൂപയിൽ നിലകൊണ്ട റബർ ഇതിനകം 205 രൂപ വരെ കയറി. ഏകദേശം 20 രൂപയുടെ മുന്നേറ്റമുണ്ടായെങ്കിലും അവരുടെ കയറ്റുമതികളിൽ കാര്യമായ ഉലച്ചിലുകൾ സംഭവിച്ചില്ല. അതായത്‌ ജൂലൈ ഷിപ്പ്‌മെന്റുകളിൽ ഏറിയ പങ്കും തുറമുഖത്ത്‌ നിന്നും നീങ്ങിയെന്നാണ്‌ ലഭ്യമാകുന്ന സൂചന. 

കണ്ടെയ്‌നർ ക്ഷാമം മൂലം ജൂൺ ഷിപ്പ്‌മെന്റുകൾ പലതും യഥാസമയം പൂർത്തിയാക്കാനായില്ലെങ്കിലും കഴിഞ്ഞ മാസത്തെ വിദേശ ഓർഡറുകളിൽ കാര്യമായ വീഴ്‌ച്ച സംഭവിച്ചിട്ടില്ലെന്നു വേണം അനുമാനിക്കാൻ. ഔദ്യോഗിക കേന്ദ്രങ്ങൾ കയറ്റുമതി സംബന്ധിച്ച്‌ വ്യക്തമായ കണക്കുകൾ അടുത്ത ദിവസം പുറത്തുവിടും.   

ഇതിനിടെ രാജ്യാന്തര റബർ വിപണി നിയന്ത്രണം ഏഷ്യൻ അവധി വ്യാപാര കേന്ദ്രങ്ങളിലെ ഇടപാടുകരുടെ കരങ്ങളിൽ നിക്ഷിപ്‌തമാണ്‌. ജപ്പാനിലെ ഒസാക്ക എക്‌സ്‌ചേഞ്ചിൽ മുൻ നിരയിലെ അവധി വിലകൾ കിലോ 320 യെന്നിൽ നിന്നും 332‐335  യെന്നിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്‌. ക്രൂഡ്‌ ഓയിൽ വിപണി ചൂടു പിടിച്ചാൽ അതിന്‌ അനുസൃതമായി റബറും ചുവടുവയ്ക്കുമെന്ന നിഗമനത്തിലാണ്‌ നിക്ഷേപകർ. സിംഗപ്പുർ എക്‌ചേഞ്ചിലും റബർ കരുത്ത്‌ നിലനിർത്തി.

റബർ ഇറക്കുമതിയിൽ മുന്നിലുള്ള ചൈനയിൽ നിന്നും അത്ര ശുഭകരമായ വാർത്തകളല്ല പുറത്തുവരുന്നത്‌. പിന്നിട്ട മൂന്നു മാസങ്ങളിൽ അവരുടെ മൊത്തം ഇറക്കുമതി വർധിച്ചു. ജൂണിനെ അപേഷിച്ച്‌ ജൂലൈയിൽ ഇറക്കുമതി ഏഴു ശതമാനം ഉയർന്നെങ്കിലും കയറ്റുമതിയിൽ അതിന്റേതായ തിളക്കം പ്രകടമായില്ല. അതായത്‌ ചൈനീസ്‌ ഫാക്‌ടറികളിൽ ചരക്ക്‌ കെട്ടിക്കിടക്കാനുള്ള സാധ്യത അവരുടെ മാന്ദ്യം കൂടുതൽ രൂക്ഷമാക്കാൻ ഇടയുണ്ട്‌. ഇതിനിടെ സാമ്പത്തികനില ഭദ്രമാക്കാൻ ജപ്പാൻ യെന്നിന്റെ മൂല്യം ശക്തമാക്കാൻ നടത്തുന്ന നീക്കങ്ങളും റബറിൽ വൻ സ്വാധീനം ചെലുത്തും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com