ADVERTISEMENT

ക്ഷീരോൽപാദന രംഗത്തെ ആദായപ്പുതുമകൾ– ഭാഗം 8

പാലുൽപാദക ജനുസുകളിൽപ്പെടുന്ന പശുക്കളിൽ കൂടിയ ഉൽപാദനം കൈവരിക്കുന്നതിനും മാറി വരുന്ന പരിപാലന സാഹചര്യങ്ങളിലും ആദായകരമാകും വിധം ഉൽപാദനം നിലനിർത്തുന്നതിനും പ്രജനന നയം അതീവ പ്രാധാന്യമർഹിക്കുന്നു. നമ്മുടെ രാജ്യത്ത് ആദ്യമായി കന്നുകാലികളിൽ പ്രജനനനയം രൂപീകരിച്ച് നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയിൽ അഭിമാനിക്കുമ്പോഴും വർഗ സങ്കരണത്തിലധിഷ്ഠിതമായ പ്രജനന നയം വഴി നേടിയ പാലുൽപാദന വർധനയക്കാൾ പതിന്മടങ്ങ് ഉൽപാദനച്ചെലവ് വർധിച്ചതു മൂലമുണ്ടായ പ്രതിസന്ധി ദിനംപ്രതി സങ്കീർണമായിക്കൊണ്ടിരിക്കുന്നു. 

കേരളത്തിൽ നിലവിലുണ്ടായിരുന്ന പരിപാലന സാഹചര്യത്തിൽ ഉരുത്തിരിഞ്ഞു വന്ന ഉൽപാദനം കുറഞ്ഞ നാടൻ പശുക്കളെ അത്യുൽപാദകരായ വിദേശ ജനുസുകളുമായി ചേർത്തുണ്ടാക്കിയ സങ്കരയിനങ്ങളുടെ ആദ്യ തലമുറകളിൽ പാലുൽപാദനം കാര്യമായി വർധിച്ചുവെങ്കിലും തുടർന്നു വന്ന തലമുറകളിൽ ഉൽപാദന വർധന എളുപ്പമല്ലാതായി തീർന്നു. തീറ്റച്ചെലവ് ഗണ്യമായി വർധിച്ചതും രോഗ‌പ്രതിരോധ ശേഷിയുടെ കുറവും സംരംഭത്തിൽ നിന്നുള്ള ആദായം ഗണ്യമായി കുറയുന്നതിനും മാറിയ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തോടൊപ്പം മേഖലയുടെ വളർച്ച മുരടിക്കുന്നതിനും കാരണമായി. എന്നാൽ ക്ഷീരോൽപാദനം അഭിവൃദ്ധി പ്രാപിച്ച വിദേശ ഡെയറി ഫാമുകളി ലൊന്നും വർഗ സങ്കരണം നടപ്പിലാക്കുന്നില്ല എന്നതാണ് വസ്തുത. ജീവശാസ്ത്രപരമായി കേവലം കിടാങ്ങളെ വളർത്താൻ മാത്രം പാൽ ചുരത്തിയിരുന്ന പശുക്കളെ നിത്യേന 50 മുതൽ 100 ലീറ്റർ വരെ പാലുൽപാദിപ്പിക്കുന്ന വിധം മാറ്റിയെടുത്തതും, പാലുൽപാദനശേഷി  തുടർന്നും പുരോഗമിച്ച് കൊണ്ടിരിക്കുന്നതും വർഗസങ്കരണത്തിലൂടെയല്ല, മറിച്ച് എത്രയോ വർഷങ്ങളായി അത്യധികം ക്ഷമാപൂർവം തുടർന്നു വരുന്ന ശാസ്ത്രീയ നിർധാരണത്തിലധിഷ്ഠിതമായ  (Scientific selection) പ്രജനനം വഴിയാണ് എന്നത് വിസ്മരിച്ച് കൂടാ.

Representational Image. Image credit: mgstudyo/iStockPhoto
Representational Image. Image credit: mgstudyo/iStockPhoto

ലോകത്തിലെ വൻകിട ഡെയറി ഫാമുകളെല്ലാം കൂടിയ ഉൽപാദനം സാധ്യമാക്കുന്നതിന് ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് ശുദ്ധമായ ഹോൾസ്റ്റൈൻ ഫ്രീഷ്യൻ ജനുസിൽപ്പെട്ട പശുക്കളെയാണ്. വളരെയധികം പ്രതികൂലതകൾ നിലനിൽക്കുന്ന മരുഭൂ സാഹചര്യത്തിലെ വ്യാവസായിക ഫാമുകളിളെല്ലാം വളർത്തപ്പെടുന്നതും തനി ഹോൾസ്റ്റൈൻ ഫ്രീഷ്യൻ പശുക്കളെയാണ്. ഇവയുടെ ഉൽപാദനം തുടർന്നും മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ പ്രജനന നയമാണ് ഇത്തരം ഫാമുകളിൽ നടപ്പിലാക്കി വരുന്നത്. ഓരോ പരിപാലന സാഹചര്യത്തിലും നേരിയ തോതിലാണെങ്കിലും മെച്ചപ്പെട്ട  ഉൽപാദക ഗുണങ്ങൾ കാണിക്കുന്ന പശുക്കളെയും അവയിൽനിന്ന് ജന്മമെടുക്കുന്ന കാളകളെയും ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് പ്രജനനത്തിൽ മുൻഗണന നൽകുകയും ആശാവഹമല്ലാത്ത സ്വഭാവ സവിശേഷതകൾ ഉള്ളവയെ പ്രജനനത്തിൽ നിന്നൊഴിവാക്കുകയും ചെയ്യുന്നതാണ് സെലക്ഷൻ പ്രജനനത്തിന്റെ അടിസ്ഥാന തത്വം. ഇപ്രകാരം വർഗമേന്മ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതിന് കാളകൾ വഴിയുള്ള ജനിതക വ്യാപനത്തിനാണ് കൂടുതൽ പ്രാമുഖ്യം നൽകാറുള്ളത്. മെച്ചപ്പെട്ട സ്വഭാവ സവിശേഷതകൾ ഉള്ള കാളകളെ പ്രജനത്തിന് ലഭ്യമാക്കുന്നതിന് പ്രത്യേകം ഫാമുകളിൽ അതീവ ശ്രദ്ധയോടെ പശുക്കളെ പരിപാലിക്കുകയും പ്രോത്സാഹജനകമായ വിവിധ സ്വഭാവ സവിശേഷതകൾ സന്താനങ്ങളിലൂടെ വരും തലമുറകളിൽ ലഭ്യമാക്കുന്നതിന് അനുയോജ്യമായ കാളകളെ വളർത്തിയെടുക്കുകയും ചെയ്യുന്നു.

തനി ഹോൾസ്റ്റൈൻ ഫ്രീഷ്യ‌‌ൻ പശുക്കളെ മാത്രം വളർത്തുന്ന ഹുഫൂഫിലെ വ്യവസായ ഫാമിൽ അനുവർത്തിക്കുന്ന പ്രജനന രീതി അതേ ജനുസിൽപ്പെട്ട ജനിതക മേന്മ കൂടിയ കാളകളുടെ ബീജമാത്രകൾ അമേരിക്ക, യൂറോപ്, ന്യൂസിലൻഡ് പോലുള്ള ക്ഷീരോൽപാദന രംഗത്ത് അഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് പശുക്കളെ കുത്തിവയ്ക്കുയെന്നതാണ്. കേൾക്കുമ്പോൾ ലളിതമായി തോന്നാമെങ്കിലും ബീജമാത്രകൾ തിരഞ്ഞെടുക്കുന്ന പ്രക്രിയ വളരെ സങ്കീർണമാണ്. മുന്തിയ വിത്തുകാളകളുടെ ബീജം ലഭ്യമാക്കുന്ന ധാരാളം സ്ഥാപനങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നു. ഇവയിൽ മിക്ക കമ്പനികളും ഹോൾസ്റ്റൈൻ ഫ്രീഷ്യൻ ജനുസിൽപ്പെടുന്ന വിത്തുകാളകളുടെ ജനിതക വിവരങ്ങൾ ഉൾക്കൊള്ളുന്ന സയർ ഇൻഡക്സ് (Sire index) എന്ന വിവരണം മാസം തോറും പ്രസിദ്ധീകരിക്കാറുണ്ട്. ഓരോ വിത്തുകാളകളുടെയും സന്താനങ്ങളിൽ പ്രതീക്ഷിക്കാവുന്ന 20 മുതൽ 50 വരെ ആരോഗ്യപരവും ഉൽപാദന-പ്രത്യുൽപാദന സംബന്ധവുമായ വിവരങ്ങൾ സയർ ഇൻഡക്സിൽ ലഭ്യമായിരിക്കും. ഉദാഹരണമായി പാലിന്റെ ഉൽപാദനവുമായ ബന്ധപ്പെട്ട, കറവക്കാലത്ത് പ്രതീക്ഷിക്കാവുന്ന മൊത്തം പാലിന്റെ ലഭ്യത, പരമാവധി ഉൽപാദനം കൈവരിക്കാവുന്ന ദിവസം, ഉൽപാദനത്തിന്റെ സ്ഥിരത, കറവക്കാല ദൈർഘ്യം, പാലിലെ കൊഴുപ്പ്, മാംസ്യം, മൊത്തം ഖരാംശം തുടങ്ങിയ വിവിധ പോഷകങ്ങളുടെ അനുപാതം, എന്നിങ്ങനെ നിരവധി വിവരങ്ങൾ ലഭ്യമായിരിക്കും. ഇവയിൽനിന്ന് ഏറ്റവും അനുയോജ്യ ബീജമാത്രകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതിലൂടെ വരും തലമുറകളെ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുന്നു.

ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് വ്യാവസായിക ഫാമുകളിൽ ഓരോ പശുവിനെയും രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ മൊത്തം പശുക്കൾക്കും രോഗം വരാതെ സൂക്ഷിക്കാൻ വേണ്ട ശ്രദ്ധ പരിപാലനത്തിലും പ്രജനനത്തിലും നൽകുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾ പരമാവധി കുറയ്ക്കുന്ന തത്വം മുൻ ലേഖനത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. ഇപ്രകാരം അകിടുവീക്കം കുറയ്ക്കുന്നതിനും, കറവ എളുപ്പമാക്കുന്നതു പോലുള്ള പരിപാലന സൗകര്യത്തിനും ഭംഗി കൂട്ടുന്നതിനുമെല്ലാമായി അകിടിന്റെ വലുപ്പം, അകിടിനെ തൂക്കിനിർത്താൻ സഹായിക്കുന്ന പേശികളുടെ ദൃഢത, മുലക്കാമ്പുകളുടെ ആകൃതിയും പരസ്പര അകലവും, സുഷിരത്തിന്റെ വലുപ്പവും പാൽ ചോർന്നു പോകാതെ പിടിച്ചു നിർത്താനുള്ള കഴിവും, കറക്കാനുള്ള സൗകര്യം തുടങ്ങിയ വിവിധ ഘടകങ്ങൾ സയർ ഇൻഡക്സിൽ ഉണ്ടാവാറുണ്ട്. അതുപോലെ പ്രസവ തടസം കുറയ്ക്കുന്നതിനായി കിടാവിന്റെ ജനന തൂക്കം, പശുക്കളിൽ ഇടുപ്പെല്ലുകളുടെ ആകൃതിയും വലുപ്പവും, അനായാസം പ്രസവിക്കാനുള്ള സാധ്യത എന്നിവയും, കുളമ്പുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് കുളമ്പുകളുടെ വലുപ്പം, ആകൃതി, ഇടയ്ക്കുള്ള വിടവ്, പുറം കവചത്തിന്റെ കനം, കാലുകളുടെ ദൃഢത എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ ഭാവി തലമുറയിൽ ക്രമീകരിക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സയർ ഇൻഡക്സുകളിൽനിന്ന് ശ്രദ്ധാപൂർവം ബീജമാത്രകൾ തിരഞ്ഞെടുക്കുന്നതിലൂടെ സാധിക്കുന്നു. 

Image credit: Parilov/ShutterStock
Image credit: Parilov/ShutterStock

ഓരോ കാളയുടെയും ബീജം, അവ ഉപയോഗിക്കുന്നതിലൂടെ വരും തലമുറകളിൽ അനുകൂല മാറ്റങ്ങളുണ്ടാക്കാമെന്ന് തിരിച്ചറിഞ്ഞതായ ജനിതക ഘടകങ്ങളുടെ എണ്ണത്തിലും അനുപാതത്തിലും വ്യത്യസ്തമായിരിക്കും. അതുപോലെ തന്നെ ഓരോ ബാച്ചിൽപ്പെട്ട ബീജമാത്രയുടെ വില അതിൽനിന്ന് പ്രജനനത്തിലൂടെ പ്രതീക്ഷിക്കാവുന്ന ഗുണങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അന്താരാഷ്ട്ര തലത്തിൽ ലഭ്യമാക്കുന്ന ബീജമാത്രകൾക്ക് പൊതുവെ വില കൂടുതലായതിനാൽ കുത്തിവയ്ക്കുന്ന സമയത്തും അതീവ ശ്രദ്ധ അനിവാര്യമാണ്. ഗർഭധാരണ സാധ്യത കുറവുള്ള ഉഷ്ണകാലത്തും വന്ധ്യതാ ചികിത്സയോടനുബന്ധിച്ചും താരതമ്യേന വില കുറഞ്ഞ ബീജം ഉപയോഗിക്കുക. പെട്ടെന്ന് ഗർഭം ധരിക്കാവുന്ന കിടാരികളിൽ മുന്തിയ ബീജം ഉപയോഗിക്കുന്നതോടൊപ്പം പ്രസവ തടസം കുറയ്ക്കുന്നതിന് കിടാവിന്റെ ജനന തൂക്കം അധികമാകാതെ ക്രമീകരിക്കാൻ സഹായിക്കുന്ന ബീജം തിരഞ്ഞെടുക്കുക എന്നിവയെല്ലാം പ്രത്യുൽപാദന പരിപാലനത്തിൽ ശ്രദ്ധിക്കാറുള്ള കാര്യങ്ങളാണ്. എന്നാൽ, മൊത്തമായി ഫാമിലെ പ്രജനന കാര്യങ്ങൾ ആസൂത്രണം ചെയ്ത് തീരുമാനിക്കുന്നത് ഫാം മാനേജറോ അദ്ദേഹത്തിന്റെ കീഴിലുള്ള പ്രത്യുൽപാദന വിദഗ്ധരോ ആയിരിക്കും. ഇവർ  ഓരോ കാലത്തും ഫാമിന്റെ പ്രവർത്തനവും വിഭാവനം ചെയ്ത മാറ്റങ്ങളും വിലയിരുത്തി അനുയോജ്യമായ ബാച്ചുകളിൽപ്പെട്ട ബീജം സംഭരിച്ച് കൃത്രിമ ബീജാധാനത്തിന് ലഭ്യമാക്കുകയാണ് പതിവ്‌. അതുകൊണ്ട് തന്നെ കൃത്രിമ ബീജാധാനം ചെയ്യുന്ന വ്യക്തികൾക്ക് തീരുമാനം എളുപ്പമാകും വിധം ചുരുക്കം ബാച്ചുകളിൽപ്പെട്ട ബീജമാത്രകൾ മാത്രമേ ഓരോ സമയവും ഫാമിലെ ഉപയോഗത്തിലുണ്ടാവൂ എന്നത് പ്രജനന പ്രക്രിയ എളുപ്പമാക്കുന്നു

എൻഡിഡിബിയുടെ അലമാദി സെമൻ സ്റ്റേഷനിലുള്ള അറ്റ്‌ലസ്, തോർ എന്നീ കാളകൾ.
എച്ച്എഫ് ഇനം കാളകൾ

അതേസമയം നമ്മുടെ നാട്ടിലെ പശുക്കളിൽ കൃത്രിമ ബീജാധാനം സർവസാധാരണയായി ചെയ്യുന്നുണ്ടെങ്കിലും ബീജമാത്രകൾ തിരഞ്ഞെടുക്കുന്നത് വളരെ ലാഘവത്തോടെയാണ്. അതായത് ഏതു ജനുസിന്റെ ബീജമാണു വേണ്ടതെന്നും ശുദ്ധ ജനുസിന്റെ വേണോ അതോ സങ്കരയിനം മതിയോ എന്നിങ്ങനെയുള്ള തീരുമാനങ്ങളെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ബീജാധാന കേന്ദ്രങ്ങളിൽ നിക്ഷിപ്തമാണ്. ബീജമാത്രകൾ തിരഞ്ഞെടുക്കുന്നത് പ്രജനന നയം നടപ്പാക്കുന്നതിൽ ഏറ്റവും നിർണായക പ്രക്രിയ ആണെന്ന കാര്യം ബീജാധാനത്തിൽ ഇടപെടുന്നവരെ ബോധവൽക്കരിക്കേണ്ടതും ബീജമാത്രകളുടെ ലഭ്യത നിയന്ത്രിക്കുന്നതോടൊപ്പം ചെയ്യുന്ന കാര്യങ്ങൾ ഓരോ ഘട്ടത്തിലും വിലയിരുത്തി വിഭാവനം ചെയ്ത പ്രജനന നയത്തിന്റെ പുരോഗതി ഉറപ്പിക്കേണ്ടതുമായിരുന്നു. പക്ഷേ വ്യക്തമായ നിർദ്ദേശങ്ങളുടെയും നിയന്ത്രണങ്ങളുടെയും അഭാവത്തോടൊപ്പം ഒന്നിലധികം ജനുസുകളും, വിവിധ തലത്തിലുള്ള വിദേശ രക്താനുപാതവും പല അളവിൽ പാലുൽപാദന ശേഷിക്കു വേണ്ട ജനിതക മേന്മയും (ബ്രീഡിങ് വാല്യൂ) ഉള്ള വ്യത്യസ്ത ബാച്ചുകളിൽപ്പെട്ട ബീജ മാത്രകൾ ഓരോ കൃത്രിമ ബീജാധാന കേന്ദ്രങ്ങളിലും ലഭ്യമാക്കിയതിലൂടെ വിഭാവനം ചെയ്ത പ്രജനന ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കുകയും പല തവണ പ്രജനന നയം തന്നെ മാറ്റേണ്ടതായും വന്നു എന്ന വസ്തുത വിസ്മരിച്ച് കൂടാ. 

നമ്മുടെ നാട്ടിലെ ക്ഷീരോൽപാദന രംഗത്ത് വിവിധ തലങ്ങളിൽ പ്രത്യുൽപാദന വിദഗ്ധൻ എന്ന നിലയിൽ പതിനഞ്ചു വർഷത്തോളം പ്രവർത്തിച്ചതിനു ശേഷം മരുഭൂ സാഹചര്യത്തിൽ ആദായകരമായി നിലനിൽക്കുന്ന വ്യാവസായിക ഫാമിലെ പ്രത്യുൽപാദന പരിപാലനത്തിൽ നേരിട്ട് പ്രവർത്തിക്കാൻ അവസരം കിട്ടിയതിൽനിന്ന് ഞാൻ മനസിലാക്കിയ വസ്തുത; വളരെ പ്രതികൂല കാലാവസ്ഥയിൽ വളർത്തപ്പെടുന്ന ശുദ്ധ ഹോൾസ്റ്റീൻ ജനുസിൽപ്പെട്ട പശുക്കളിൽ പോലും രോഗങ്ങളും വന്ധ്യതയുടെ അനുപാതവും നമ്മുടെ സങ്കരയിനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതാണ്. അതായത് പാലുൽപാദനം വർധിപ്പിക്കാൻ നമ്മുടെ നാടൻ പശുക്കളെ മൂന്നു വിദേശ ജനുസുകളുമായി വർഗസങ്കരണം നടത്തി നിരവധി തലമുറയിൽപ്പെട്ട സന്താനങ്ങളെ വളർത്തിയിട്ടും പാലുൽപാദനം പ്രതീക്ഷിച്ച പോലെ വർധിക്കാൻ വേണ്ട ജനിതക പരിവർത്തനം സാധ്യമായില്ല എന്നതിനേക്കാളുപരി, അധികരിച്ച രോഗങ്ങളും വന്ധ്യതയും സൂചിപ്പിക്കുന്നത് വർഗസങ്കരണത്തിൽ ഉൾപ്പെട്ട നാലു ജനുസുകളുടെയും പ്രതികൂല ജനിതക ഘടകങ്ങളെല്ലാം സങ്കരവർഗസന്തതികളിൽ കുന്നുകൂടി എന്നതാണ്. ഇതാണ് വർഗസങ്കരണത്തിൽ അധിഷ്ഠിതമായ നമ്മുടെ കന്നുകാലി പ്രജനന നയത്തിന്റെ പരിണിത ഫലമെന്ന വസ്തുത ഗൗരവമായി കാണേണ്ടതാണ്. 

അവസാനിച്ചു

വിലാസം

ഡോ. സി.ഇബ്രാഹിം കുട്ടി
മൃഗ പ്രത്യുൽപാദന ശാസ്ത്ര വിദഗ്ധൻ, കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം
കേരള കാർഷിക സർവകലാശാല, കെസിഎഇടി ക്യാംപസ്, തവനൂർ

മുൻ ഭാഗങ്ങൾ വായിക്കാൻ

ഭാഗം 1: 8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും 

ഭാഗം 2: 800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്‌മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ 

ഭാഗം 3: ലോകത്തിലെ മുൻനിര ഡെയറി ഫാമുകളെല്ലാം മരുഭൂമിയിൽ: മരുഭൂമിയിലെ ക്ഷീരസമൃദ്ധിക്കു പിന്നിൽ...

ഭാഗം 4: പച്ചപുല്ല് കഴിക്കാത്ത പശുക്കൾ; പാലുൽപാദനത്തിന് ഉണക്കപ്പുല്ല്: അറിയാം സൗദി മോഡൽ ഡെയറി ഫാമിങ് 

ഭാഗം 5: 22 മണിക്കൂറും പ്രവർത്തിക്കുന്ന മിൽക്കിങ് പാർലർ: വാണിജ്യ ഡെയറി ഫാമുകളിലെ കറവ വിശേഷങ്ങൾ

ഭാഗം 6: കൃത്രിമ ബീജാധാനം രണ്ടു നേരം, ദിവസവും കുത്തിവയ്ക്കുന്നത് 100 പശുക്കളെ; അത്യുൽപാദനത്തിനൊത്ത പ്രത്യുൽപാദനം കറവപ്പശുക്കളിൽ

ഭാഗം 7: ചികിത്സയില്ല, മരണനിരക്ക് കൂടുതൽ, അകിടുവീക്കം ഇല്ലാത്ത പശുക്കൾ; വൻകിട ഡെയറി ഫാമുകളിൽ നടക്കുന്നത്

എൻഡിഡിബിയുടെ അലമാദി സെമൻ സ്റ്റേഷനിലുള്ള അറ്റ്‌ലസ്, തോർ എന്നീ കാളകൾ.
എൻഡിഡിബിയുടെ അലമാദി സെമൻ സ്റ്റേഷനിലുള്ള അറ്റ്‌ലസ്, തോർ എന്നീ കാളകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com