ADVERTISEMENT

മൺവെട്ടിയിൽ മുറുകെ പിടിച്ചു മണ്ണിൽ ആഞ്ഞു വെട്ടാൻ ശ്രീധരനു കൈവിരലുകളില്ല. ചെടികൾക്കു വെള്ളം തളിക്കാൻ, കൈപ്പത്തികളുമില്ല... അറ്റുപോയ കൈപ്പത്തികൾക്കു പകരം തുണി ചുറ്റിയ ഇരുമ്പു പൈപ്പിൽ ഘടിപ്പിച്ച വളയങ്ങളിൽ, സ്വന്തമായി രൂപകൽപന ചെയ്ത പണിയായുധങ്ങൾ ഇറക്കി, ഇരുമ്പു കമ്പിയാൽ ഓരോ കൈകളിലും വരിഞ്ഞു കെട്ടി മൂന്നരയേക്കറുള്ള കൃഷിയിടത്തിൽ പൊന്നുവിളയിക്കുകയാണു തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ കൊമ്പിടി ആദിവാസി സെറ്റിൽമെന്റിലെ വി.ശ്രീധരൻ കാണി(45).

inspiring-farmer-2

സ്കൂൾ മുറ്റം കണ്ടിട്ടില്ല ശ്രീധരൻ. സ്വന്തം പേര് എഴുതാനറിയാമെന്നു മാത്രം. പക്ഷേ, കൃഷിയിടത്തിൽ ശ്രീധരന് അറിയാത്തതൊന്നുമില്ല. റബർ വെട്ടും, തെങ്ങിനു തടമെടുക്കും, തെങ്ങിൽ കയറും എത്ര ആഴമുള്ള കിണറ്റിൽനിന്നും വെള്ളം കോരി കൃഷിയിടം നനയ്ക്കും...

കാട്ടുപന്നികളെ തുരത്താൻ പടക്കം ഉപയോഗിച്ചു കെണിയൊരുക്കുന്നതിനിടയിലാണു ശ്രീധരനു കൈപ്പത്തികൾ നഷ്ടമായത്. 18 വർഷം മുൻപ്. മണ്ണിൽ ചിതറിത്തെറിച്ചു വീണ കൈപ്പത്തികൾ തുന്നിച്ചേർക്കാൻ കഴിയാത്തവണ്ണം ഛിന്നഭിന്നമായിപ്പോയിരുന്നു. തകർന്നു പോയി ശ്രീധരൻ. ആരും സഹായിക്കാനുണ്ടായിരുന്നില്ല. കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളും മുറിവുകൾ തീർത്ത വേദനപ്പാടുകളുമായി രണ്ടു വർഷം വീട്ടിൽ തന്നെയിരുന്നു. രാവും പകലും വിയർപ്പൊഴുക്കിയ കൃഷിയിടം കരിഞ്ഞു വാടിയപ്പോൾ ശ്രീധരൻ വീണ്ടും എഴുന്നേറ്റു.

inspiring-farmer-3

കൃത്രിമ കൈകൾ ഉപയോഗിച്ചു കൃഷിപ്പണികൾ ചെയ്യാൻ നോക്കിയെങ്കിലും വിജയിച്ചില്ല. അറ്റു പോയ കൈകളിൽ പണിയായുധങ്ങൾ കെട്ടി വച്ചു കൃഷിയിടത്തിൽ ഇറങ്ങി. അതും പരാജയപ്പെട്ടു. തന്റെ ശരീരത്തിന് ഇണങ്ങുന്ന രീതിയിൽ കാർഷിക ഉപകരണങ്ങൾ രൂപകൽപന ചെയ്യാൻ തീരുമാനിച്ചത് അങ്ങനെയാണ്. ഇരുമ്പു വളയങ്ങളിൽ തുണി ചുറ്റിയ ശേഷം കൈപ്പത്തിയില്ലാത്ത കൈകൾ അതിലേക്കിറക്കി. സ്വയം രൂപകൽപന ചെയ്ത മൺവെട്ടിയുടെ പ്ലാസ്റ്റിക്കു കൊണ്ടുള്ള കൈപ്പിടി ഇരുമ്പു വയറുകൾ ഉപയോഗിച്ചു മുറുക്കി കെട്ടി. മെല്ലെ മുന്നോട്ടാഞ്ഞു മണ്ണിൽ ചെറുതായി വെട്ടി. മണ്ണു കനിഞ്ഞില്ല. കൈത്തണ്ടകളിൽ നിന്നു പക്ഷേ, ചോര വാർന്നു. വേദന കടിച്ചമർത്തി. പതറാതെ ശ്രമം തുടർന്നു. ഒടുവിൽ മൺവെട്ടി വരുതിക്കു നിന്നു. മണ്ണും. പിക്കാസിലായിരുന്നു അടുത്ത പരീക്ഷണം. അതും വിജയിച്ചപ്പോൾ റബർ ടാപ്പിങ് തുടങ്ങി. എല്ലാം വിജയിച്ചു. ഒറ്റ വർഷം കൊണ്ടു ശ്രീധരൻ വീണ്ടും കൃഷിക്കാരനായി.

തോർത്തു കൊണ്ടു തളാപ്പു നിർമിച്ചു തെങ്ങിലും കമുകിലും കയറും ശ്രീധരൻ. നിലത്തിരുന്നു കാൽമുട്ടിൽ തോർത്തു കൊണ്ടു കെട്ടിട്ട ശേഷം ഒരറ്റം കടിച്ചു പിടിച്ചു കെട്ടു മുറുക്കിയാണു തളാപ്പുണ്ടാക്കുന്നത്. റബർ ടാപ്പിങ്ങിനുള്ള കത്തി, ചെറിയ മൺവെട്ടി, പിക്കാസ്, കൈക്കോടാലി, കാടു വെട്ടിത്തെളിക്കാൻ ചെറിയ വാൾ... ശ്രീധരന്റെ പരീക്ഷണപ്പുരയിലെ പണിയായുധങ്ങൾ അവസാനിക്കുന്നില്ല.

inspiring-farmer-4

600 റബർ, 30 തെങ്ങ്, വെറ്റില (6 പാത്തി), 100 വാഴ, 20 കമുക്... ഇതിനു പുറമേയാണു പച്ചക്കറിക്കൃഷി. ഭാര്യ എ.സിന്ധു, മക്കളായ ശ്രീരാജ്, സീതാലക്ഷ്മി, മരുമകൻ നന്ദു എന്നിവർ ശ്രീധരനെ സഹായിക്കാനുണ്ട്. രാവിലെ 9 മണിയോടെ കൃഷിയിടത്തിലെ ജോലികളെല്ലാം പൂർത്തിയാകും. പിന്നെ തൊഴിലുറപ്പു ജോലി. മടങ്ങി വന്നു വീണ്ടും രാത്രി 9 വരെ കൃഷിപ്പണി. കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടു വീടു പുതുക്കി പണിതു, മകളുടെ വിവാഹം നടത്തി. ശ്രീധരന് ഒരു മോഹമേയുള്ളൂ. മരണം വരെ കർഷകനായി തുടരണം.

സ്വന്തം കഥ സിനിമയായപ്പോൾ ശ്രീധരൻ അതിൽ നായകനുമായി. സിനിമ: ഒരില‍ത്തണലിൽ. കൃഷി വകുപ്പു പ്രത്യേക പുരസ്കാരം നൽകി ശ്രീധരന്റെ ശ്രമങ്ങളെ ആദരിച്ചിട്ടുണ്ട്.

ഫോൺ : 8547936784

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com